UPDATES

വിപണി/സാമ്പത്തികം

ഓണ്‍ലൈന്‍ വില്‍പനയ്ക്ക് നിയന്ത്രണവുമായി സര്‍ക്കാര്‍

ഇ-കോമേഴ്സ് കമ്പനികള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെയോ അനുബന്ധ സ്ഥാപനങ്ങളുടെയോ ഉല്‍പന്നങ്ങള്‍ സ്വന്തം പ്ലാറ്റ് ഫോമിലൂടെ വില്‍പന നടത്താന്‍ പാടില്ല.

ഓണ്‍ലൈന്‍ വില്‍പന ഇനി പണ്ടത്തെപ്പോലെ ആയിരിക്കില്ല. ഉപഭോക്താക്കളെയും ഇ-കോമേഴ്സ് കമ്പനികളേയും സംബന്ധിച്ച് വന്‍ മാറ്റങ്ങളാണ് ഉടന്‍ വരാന്‍ പോകുന്നത്. വിദേശ നിക്ഷേപ (FDI) ചട്ടങ്ങളിലെ ചില പഴുതുകള്‍ അടക്കാന്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ വഴിയുള്ള വില്‍പനയ്ക്ക് കൃത്യമായ നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി & പ്രൊമോഷന്‍ (ഡിഐപിപി).ഫെബ്രുവരി ഒന്നുമുതല്‍ പുതിയ നയങ്ങള്‍ നടപ്പില്‍ വരും. ഇവയാണ് നിര്‍ദേശങ്ങള്‍.

ഒരു കമ്പനിയുടെ പുതിയതായി പുറത്തിറക്കിയ ഉല്‍പന്നം ഏതെങ്കിലും ഒരു ഇ-കോമേഴ്സ് സൈറ്റില്‍ മാത്രമായി വില്‍പന (എക്‌സ്‌ക്ലൂസിവ് സെയില്‍) നടത്താന്‍ പാടില്ല. ഉദാഹരണത്തിന് കഴിഞ്ഞ മാസം ആമസോണ്‍ വണ്‍ പ്ലസ് 6ടി യുടെ എക്‌സ്‌ക്ലൂസിവ് വില്‍പന നടത്തിയിരുന്നു. ഇതുപോലെ എല്ലാ പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളും എക്‌സ്‌ക്ലൂസിവ് വില്‍പന നടത്താറുണ്ട്. എന്നാല്‍ ഇനി അത് സാധിക്കില്ല. പുതിയ ചട്ടമനുസരിച്ച്, ഇ-കോമേഴ്സ് കമ്പനികള്‍ ഇനിമുതല്‍ വളരെ വലിയ ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ പാടില്ല.

ഇതുകൂടാതെ, ഇ-കോമേഴ്സ് സൈറ്റുകള്‍ ഏതെങ്കിലും ഒരു ഉല്പാദകന്റെ 25 ശതമാനത്തിലധികം പ്രൊഡക്ടുകള്‍ വാങ്ങാനും പാടില്ല. ഇ-കോമേഴ്സ് കമ്പനികള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെയോ അനുബന്ധ സ്ഥാപനങ്ങളുടെയോ ഉല്‍പന്നങ്ങള്‍ സ്വന്തം പ്ലാറ്റ് ഫോമിലൂടെ വില്‍പന നടത്താന്‍ പാടില്ല. ചുരുക്കത്തില്‍ ഇ-കോമേഴ്സ് കമ്പനികളുടെ സ്വകാര്യ ലേബലുകള്‍ ഇനി അവര്‍ക്ക് തന്നെ വില്‍ക്കാന്‍ കഴിയില്ലെന്നര്‍ത്ഥം. ഇ-കോമേഴ്സ് കമ്പനിയെന്നാല്‍ ബിസിനസ്-ടു-ബിസിനസ് വ്യാപാരമായിരിക്കണമെന്നും ബിസിനസ്-ടു-കണ്‍സ്യൂമര്‍ അല്ലെന്നും ഡിഐപിപി വ്യക്തമാക്കി.

രാജ്യത്ത് നിലവിലുള്ള മാര്‍ക്കറ്റ്‌പ്ലെയ്സ് മോഡലില്‍ 100 ശതമാനം എഫ്ഡിഐ (automatic route) അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ബിസിനസ്-ടു-കണ്‍സ്യൂമര്‍ വ്യാപാരം നടത്തിയാല്‍ ഇത് ഇന്‍വെന്ററി മോഡല്‍ ആയി മാറും. ഇതില്‍ മേല്‍പറഞ്ഞ 100 ശതമാനം എഫ്ഡിഐ അനുവദനീയമല്ല. എല്ലാ പ്രമുഖ കമ്പനികള്‍ക്കും പ്രൈവറ്റ് ലേബല്‍ ഉല്‍പന്നങ്ങള്‍ ഉണ്ട്. ആമസോണിന്റെ ആമസോണ്‍ ബേസിക്സ്, ഫ്‌ലിപ്കാര്‍ട്ടിന്റെ പെര്‍ഫെക്ട് ഹോംസ്, മാര്‍ക്യൂ തുടങ്ങിയവ പ്രൈവറ്റ് ലേബലുകളാണ്.

ഇന്ത്യയില്‍ ഇത്തരത്തിലുള്ള പ്രൈവറ്റ് ലേബലുകളുടെ മാര്‍ക്കറ്റ് വിഹിതം വെറും ആറ് ശതമാനം മാത്രമാണ്. എന്നിരുന്നാലും, ഇ-കോമേഴ്സ് കമ്പനികള്‍ക്ക് വിലയിലും ഉല്‍പ്പന്നങ്ങളുടെ ലഭ്യതയിലും ഉള്ള വിടവ് നികത്താനും മറ്റ് കമ്പനികളേക്കാളും ഉയര്‍ന്ന മാര്‍ജിന്‍ നേടാനും പ്രൈവറ്റ് ലേബലുകള്‍ സഹായിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍