UPDATES

വിപണി/സാമ്പത്തികം

രാംദേവിന്റെ പുതിയ ഹിറ്റ് ലിസ്റ്റ്; മക്ഡൊണാള്‍ഡ്, കെ എഫ് സി, സബ് വെ..

ഇനി പതഞ്ജലി ഹോട്ടലുകളും; ആനാരോഗ്യകരമായ ഭക്ഷണരീതികളില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കുക ലക്ഷ്യം

സൗന്ദര്യവര്‍ദ്ധക സാധനങ്ങളുടെ വിപണനത്തിലൂടെ യൂണിലിവര്‍ പോലുള്ള കമ്പനികള്‍ക്ക് ശക്തമായ എതിരാളിയായി തീര്‍ന്ന പതഞ്ജലി ഇനി ഭക്ഷ്യവിതരണ രംഗത്തേക്കും പ്രവേശിക്കുന്നു. മക്‌ഡൊണാള്‍ഡ്, കെന്റുകി ഫ്രൈഡ് ചിക്കന്‍, രാജ്യത്തെ മറ്റ് റസ്റ്റോറന്റ് ശൃംഖലകള്‍ എന്നിവയ്ക്ക് വെല്ലുവിളിയായിരിക്കും പതഞ്ജലിയുടെ ഈ രംഗത്തേക്കുള്ള പ്രവേശനം എന്ന് വിലയിരുത്തപ്പെടുന്നു.

രാജ്യത്ത് ഒരു റസ്റ്റോറന്റ് ശൃംഗല ആരംഭിക്കുന്നതിനുള്ള ഒരു വിശാല പദ്ധതി ആവിഷ്‌കരിച്ചു വരികയാണെന്ന് ബാബ രാംദേവ് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. മനസിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സന്തുലിതാവസ്ഥയിലൂടെ മാത്രമേ ആരോഗ്യം നിലനിറുത്താനാവൂ എന്നാണ് ആയൂര്‍വേദം പഠിപ്പിക്കുന്നതെന്നും അതിനാലാണ് ഭക്ഷ്യവിതരണത്തിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതെന്നുമാണ് യോഗ ഗുരുവിന്റെ പക്ഷം. പച്ചമരുന്നുകളും പ്രത്യേക വിഭവങ്ങളും അടങ്ങിയ ഭക്ഷ്യശൃംഖലയാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്.

പതഞ്ജലിയുടെ പ്രവേശനത്തോടെ ഇതിനകം തന്നെ നിരവധി പേര്‍ മത്സരിക്കുന്ന രാജ്യത്തെ ഭക്ഷ്യകമ്പോളത്തിലെ മത്സരം വര്‍ദ്ധിക്കും. ഇന്ത്യയിലെ ചില്ലറ വ്യാപാരത്തിന്റെ 57 ശതമാനവും ഭക്ഷ്യോല്‍പന്നങ്ങളാണ്. 2025 ഓടെ മൊത്തം വ്യാപാരം 7.1 ട്രില്യണ്‍ രൂപയായി ആയി വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നുത്. നിലവില്‍ ഇത് 1.1 ട്രില്യണ്‍ രൂപയാണ്. ആഗോള ഭക്ഷ്യഭീമനായ ഡോമിനോസിനെ പോലെയുള്ള കമ്പനികള്‍ ഇന്ത്യന്‍ കമ്പോളത്തില്‍ ചുവടുറപ്പിക്കാന്‍ മത്സരിക്കുകയാണ്.

അനാരോഗ്യകരമായ ഭക്ഷണരീതികളില്‍ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് രാംദേവ് പറയുന്നു. ഉപഭോക്തൃ, സൗന്ദര്യവര്‍ദ്ധ ഉല്‍പന്നങ്ങളില്‍ തങ്ങള്‍ കൈവരിച്ച വിജയം ഭക്ഷ്യവിപണനത്തിലും ആവര്‍ത്തിക്കാനാവും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. ഒരു ദശാബ്ദം മുമ്പ് ആരംഭിച്ച കമ്പനിക്ക് രാജ്യത്തെ സൗന്ദര്യവര്‍ദ്ധക സാധന കമ്പോളത്തില്‍ 2011ല്‍ 0.2 ശതമാനം വിഹിതമാണുണ്ടായിരുന്നത്. എന്നാല്‍ 2015ല്‍ ഇത് 1.2 ശതമാനമായി വര്‍ദ്ധിച്ചു. 2016-17ല്‍ കമ്പനിയുടെ മൊത്തം വിറ്റുവരവ് 105 ബില്യണ്‍ രൂപയാണെന്ന് രാംദേവ് പറയുന്നു. നിലവില്‍ 300 ബില്യണ്‍ രൂപയുടെ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി കമ്പനിക്കുണ്ടെന്നും അടുത്ത വര്‍ഷം ഉല്‍പാദനം ഇരട്ടിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. വസ്ത്രനിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കാനും കമ്പനി ആലോചിക്കുന്നു. കൊല്ലപ്പെടുന്ന പട്ടാളക്കാരുടെ മക്കള്‍ക്ക് മാത്രമായി ഒരു സ്‌കൂള്‍ തുടങ്ങാനുള്ള പദ്ധതിയുമുണ്ട്.

താന്‍ കമ്പനിയുടെ വേതനം വാങ്ങാത്ത അംബാസിഡര്‍ ആണെന്നും ബാല്യകാല സുഹൃത്ത് ആചാര്യ ബാലകൃഷ്ണയ്ക്കാണ് പതഞ്ജലിയുടെ 97 ശതമാനം ഓഹരികളെന്നും രാംദേവ് പറയുന്നു. ബഹുരാഷ്ട്ര കമ്പനികളുടെ കുത്തക പ്രദേശങ്ങളില്‍ കടന്നുകയറാന്‍ പതഞ്ജലിയുടെ ഉല്‍പന്നങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും വിദേശ കമ്പനികളുടെ പിടിയില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കുകയാണ് അന്തിമ ലക്ഷ്യമെന്നും രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍