UPDATES

വിപണി/സാമ്പത്തികം

പ്രവാസി വ്യവസായി രവി പിള്ള ട്രംപ് ടവേഴ്‌സിലെ ആദ്യ താമസക്കാരന്‍

താമസക്കാര്‍ക്ക് പൂനെ നഗരത്തിന്റെ 360 ഡിഗ്രിയിലുള്ള കാഴ്ചയാണ് ട്രംപ് ടവേഴ്‌സ് വാഗ്ദാനം ചെയ്യുന്നത്

നിര്‍മ്മാണ രംഗത്തെ അതികായനും പ്രവാസി വ്യവസായിയുമായ ഇന്ത്യയിലെ ആദ്യ ട്രംപ് ബ്രാന്‍ഡ് റസിഡന്‍സിലെ ആദ്യ താമസക്കാരനാകുന്നു. പൂനെയിലെ ട്രംപ് ടവേഴ്‌സ് ആണ് ഇന്ത്യയിലെ ആദ്യ ട്രംപ് ബ്രാന്‍ഡ് റസിഡന്‍സ്. ഈ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ടവര്‍ ബിയിലാണ് രവി പിള്ള താമസമുറപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 21ന് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ആണ് ട്രംപ് ടവേഴ്‌സ് ഉദ്ഘാടനം ചെയ്തത്.

ഇന്ത്യന്‍ കമ്പനിയായ പഞ്ച്ശീല്‍ റിയാലിറ്റിയുമായി ചേര്‍ന്നാണ് ട്രംപ് ടവേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. 23 നിലകളുള്ള രണ്ട് ടവറുകളാണ് ട്രംപ് ടവേഴ്‌സില്‍ ഉള്‍പ്പെടുന്നത്. 23 ലക്ഷം ഡോളര്‍ മുതലാണ് ഇവിടുത്തെ ഓരോ ഫ്‌ളാറ്റിനും വില. പൂനെയിലെ കല്യാണി നഗറിലാണ് ട്രംപ് ടവേഴ്‌സ് സ്ഥിതിചെയ്യുന്നത്. പ്രമുഖ ഇറ്റാലിയന്‍ ആര്‍കിടെക്ടായ മെറ്റിയോ നുന്‍സിയാറ്റിയാണ് ഇതിന്റെ ഇന്റീരിയല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇവിടുത്തെ താമസക്കാര്‍ക്ക് പൂനെ നഗരത്തിന്റെ 360 ഡിഗ്രിയിലുള്ള കാഴ്ചയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം എത്രരൂപയ്ക്കാണ് രവി പിള്ള ഇവിടുത്തെ ആദ്യ താമസക്കാരനായതെന്ന് ഇനിയും വ്യക്തമായിട്ടില്ല.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിര്‍മ്മാണ ബിസിനസുകളാണ് രവി പിള്ള ചെയര്‍മാനായ ആര്‍പി ഗ്രൂപ്പിന്റെ മുഖ്യ അടിത്തറ. 2016ല്‍ ഈ കമ്പനിയുടെ വിറ്റുവരവ് 5.36 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഒരു ലക്ഷത്തിലേറെ തൊഴിലാളികളുള്ള രവി പിള്ളയാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവ്. നിര്‍മ്മാണത്തെ കൂടാതെ ഹോട്ടല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം തുടങ്ങിയ വ്യവസായങ്ങളും ഇദ്ദേഹത്തിനുണ്ട്. ആര്‍പി ഗ്രൂപ്പിന് കീഴില്‍ ഇരുപതിലേറെ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയില്‍ മുഖ്യമായും റാവിസ് ഗ്രൂപ്പ് ഓഫ് ഹോട്ടലുകളാണ് ഇവര്‍ക്കുള്ളത്. കേരളത്തില്‍ നാല് ആഡംബര ഹോട്ടലുകളാണ് ആര്‍പി ഗ്രൂപ്പിന് കീഴിലുള്ളത്. 2017 ജൂലൈയില്‍ 4.21 ഏക്കര്‍ വരുന്ന ഭൂമി ഉള്‍പ്പെടെ കോവളം കൊട്ടാരത്തിന്റെ കൈവശാവകാശവും രവി പിള്ള സ്വന്തമാക്കിയിരുന്നു. 2002 വരെ ഇന്ത്യന്‍ ടൂറിസം ഡെവലപ്‌മെന്റ് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന കോവളം കൊട്ടാരം പിന്നീട് ഗള്‍ഫാര്‍ ഗ്രൂപ്പും അടുത്തിടെ ലീല വെഞ്ച്വേഴ്‌സ് ലിമിറ്റഡും സ്വന്തമാക്കി.

രവി പിള്ളയ്ക്ക് 4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് ഫോബ്‌സ് കണക്കാക്കുന്നത്. അറബ് ലോകത്തെ നൂറ് പ്രമുഖ ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടികയില്‍ 2017ല്‍ ഫോബ്‌സ് ഇദ്ദേഹത്തെയും ഉള്‍പ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍