UPDATES

വിപണി/സാമ്പത്തികം

റിസര്‍വ് ബാങ്കും ഒടുവില്‍ സമ്മതിക്കുന്നു; നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം തന്നെ

കേന്ദ്ര റിസര്‍വ് ബാങ്ക് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99 ശതമാനവും ബാങ്കിലേക്ക് തിരിച്ചെത്തി എന്നുവേണം കരുതാന്‍

രാജ്യത്തിന്റെ ചരിത്രത്തില്‍ കൈക്കൊള്ളപ്പെട്ട ഏറ്റവും വിപ്ലവകരമായ സാമ്പത്തിക നടപടിയെന്നും കള്ളപ്പണത്തെ തുരത്തിയോടിക്കാനുള്ള ഒറ്റമൂലിയെന്നും പാടിപ്പുകഴ്ത്തപ്പെട്ട നോട്ട് നിരോധനം വലിയ പരാജയമായിരുന്നുവെന്ന് അരിച്ചരിച്ച് പുറത്തുവരുന്ന സര്‍ക്കാര്‍ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. കേന്ദ്ര റിസര്‍വ് ബാങ്ക് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99 ശതമാനവും ബാങ്കിലേക്ക് തിരിച്ചെത്തി എന്നുവേണം കരുതാന്‍. ഒന്നുകില്‍ ആയിരം രൂപ നോട്ടുകളായല്ല രാജ്യത്ത് കള്ളപ്പണം സൂക്ഷിച്ചിരുന്നതെന്നോ അല്ലെങ്കില്‍ കള്ളപ്പണം നിയമപരമായ ശൃംഖലയിലേക്ക്‌ വിദഗ്ധമായി തിരുകിക്കയറ്റാന്‍ തട്ടിപ്പുകാര്‍ക്ക് സാധിച്ചുവെന്നോ ആണ് ഇതിന്റെ അര്‍ത്ഥം എന്ന് newsclick.in-ല്‍ എഴുതിയ ലേഖനത്തില്‍ നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം 2016 നവംബര്‍ എട്ടിനാണ് റിസര്‍വ് ബാങ്ക് പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. കള്ളപ്പണത്തിനെതിരായ ചരിത്രപരമായ നടപടിയെന്ന് അന്ന് രാത്രി ഔദ്യോഗിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി തന്നെ ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം നടന്ന ഒരു പൊതുറാലിയില്‍ നോട്ട് നിരോധനം പരാജയമാവുകയാണെങ്കില്‍ രാജ്യം നല്‍കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി വികാരവിക്ഷുബ്ദനായി പറയുകയും ചെയ്തു.

എന്നാല്‍ നിരോധിച്ച നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള അവസാന അവസരമായിരുന്ന ഈ ജനുവരി കഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും എത്രമാത്രം നിരോധിത നോട്ടുകള്‍ ബാങ്കുകളിലേക്ക് മടങ്ങിയെത്തി എന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ നിന്നുതന്നെ നീക്കം പരാജയമായിരുന്നുവെന്ന് വ്യക്തമാണ്. നട്ടാല്‍ കുരുക്കാത്ത നുണയാണ് കണക്കുകള്‍ വെളിപ്പെടുത്താതിരിക്കാനുള്ള കാരണമായും കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പാര്‍ലമെന്റും സുപ്രീം കോടതിയും, വിവരാവകാശത്തിലൂടെ പൊതുജനങ്ങളും ആവശ്യപ്പെട്ടതിന് ശേഷവും മടങ്ങിയെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ല എന്ന മറുപടിയാണ് റിസര്‍വ് ബാങ്ക് പറയുന്നത്. മടങ്ങിയെത്തിയതില്‍ കള്ളനോട്ടുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നും അതിനാലാണ് സമയമെടുക്കുന്നതെന്നും ഉള്ള വിചിത്രമായ ന്യായമാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മുന്നോട്ട് വെക്കുന്നതും.

മടങ്ങിയെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ എട്ടുമാസം കൊണ്ടു സാധിക്കുന്നില്ല എന്നത് ഒരു വലിയ നുണയാണെന്ന് വ്യക്തമാണ്. പുറത്തുവരുന്ന മറ്റു ചില കണക്കുകളില്‍ നിന്നും ഇക്കാര്യം പകല്‍പോലെ വ്യക്തമാവുകയാണ്. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 2016-17 സാമ്പത്തികവര്‍ഷത്തിന്റെ അവസാന ദിവസമായ 2017 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം 8925 കോടി രൂപയുടെ മൂല്യമുള്ള 1000 രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. അതായത് നോട്ട് നിരോധനത്തിന് ശേഷവും ഇത്രയും കോടി രൂപയുടെ ആയിരം രൂപ നോട്ടുകള്‍ മടങ്ങിയെത്തിയിട്ടില്ല എന്ന് സാരം. 2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍, 2017, 6858 ദശലക്ഷം ആയിരം രൂപ നോട്ടുകള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു എന്നാണ് കേന്ദ്ര ധനസഹമന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. അതായത് 6.86 ലക്ഷം കോടി രൂപ മൂല്യമുള്ള ആയിരം രൂപ നോട്ടുകളാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ മടങ്ങിവരാതിരുന്ന 8925 കോടി രൂപയുടെ നോട്ടുകള്‍ എന്നത് മൊത്തം നോട്ടുകളുടെ 1.3 ശതമാനം മാത്രമാണ്. അതായത് 98.96 ശതമാനം ആയിരം രൂപ നോട്ടുകളും ബാങ്കില്‍ മടങ്ങിയെത്തിയെന്ന് സാരം.


2016 നവംബര്‍ എട്ടിന് നിരോധിക്കപ്പെട്ട നോട്ടുകളുടെ മൊത്തം മൂല്യം 15.44 ലക്ഷം കോടി രൂപയാണ്. ഇതിന്റെ ഏകദേശം 44 ശതമാനം ആയിരം രൂപ നോട്ടുകളും 56 ശതമാനം 500 രൂപ നോട്ടുകളുമാണ്. എന്നാല്‍ ആയിരം രൂപ നോട്ടുകളുടെ കാര്യത്തില്‍ നടത്തിയ കണക്കുകൂട്ടലുകള്‍ അഞ്ഞുറ് രൂപ നോട്ടുകളുടെ കാര്യത്തില്‍ സാധ്യമല്ല. കാരണം, പിന്‍വലിച്ച അഞ്ഞൂറു രൂപ നോട്ടുകളുടെ സ്ഥാനത്ത് പുതിയ അഞ്ഞൂറ്‌ രൂപ നോട്ടുകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. അതിനാല്‍ തന്നെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31ന് പ്രചാരത്തില്‍ ഉണ്ടായിരുന്നവയില്‍ ഏറെയും പുതിയ നോട്ടുകളാണ്. എന്നാല്‍ ആയിരം രൂപ നോട്ടുകള്‍ക്ക് സംഭവിച്ച അതേ സ്ഥിതി തന്നെയാണ് നിരോധിച്ച അഞ്ഞൂറ്‌ രൂപ നോട്ടുകള്‍ക്കും ഉണ്ടായതെന്ന് വേണം അനുമാനിക്കാനെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

നിരോധിച്ച നോട്ടുകളുടെ 98.8 ശതമാനവും ബാങ്കുകളില്‍ തിരികെ എത്തിയിട്ടുണ്ടെന്ന് ഇന്ത്യയിലെ കള്ളപ്പണത്തെ കുറിച്ച് ഏറ്റവും ആധികാരിക പഠനം നടത്തിയിട്ടുള്ള ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ പ്രൊഫ. അരുണ്‍ കുമാര്‍ കഴിഞ്ഞ ജൂണില്‍ എക്കണോമിക്ക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലിയില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. അതായത് നരേന്ദ്ര മോദിയുടെ ചരിത്രപരമായ മണ്ടത്തരത്തിലൂടെ ഒരു കള്ളപ്പണവും പിടിക്കാന്‍ സാധിച്ചില്ലെന്ന് സാരം. നോട്ട് നിരോധനത്തിലൂടെ ഭീകരപ്രവര്‍ത്തനവും കള്ളനോട്ടുകളും നിയന്ത്രിക്കപ്പെടുമെന്നും കേന്ദ്ര സര്‍ക്കാരും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും പാടിനടന്നിരുന്നു. എന്നാല്‍ ഇതൊന്നും സംഭവിച്ചില്ല.

ലോകത്തെമ്പാടുമുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിച്ച അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തു. രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞതായി കേന്ദ്ര ധനമന്ത്രിക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. അസംഘടിത നിര്‍മ്മാണ മേഖല തകര്‍ന്ന് തരിപ്പണമായതായി രാജ്യത്തെമ്പാടും നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ദശലക്ഷക്കണക്കിന് ദിവസക്കൂലിത്തൊഴിലാളികള്‍ക്ക് തൊഴിലും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ടു. ഉത്പ്പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞത് മൂലം കര്‍ഷകര്‍ പാപ്പരാവുകയും ആത്മഹത്യകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. സാധാരണ ജനങ്ങള്‍ ഇപ്പോഴും നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്നും മോചനം നേടിയിട്ടില്ല. ക്യൂവില്‍ നിന്ന് കുഴഞ്ഞ വീണുമരിച്ചവരുടെ ജീവനുകള്‍ക്ക് ആരും ഉത്തരം പറഞ്ഞില്ല. പേറ്റിഎം, മോബിക്വക് തുടങ്ങിയ ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്കള്‍ക്കും മാത്രമാണ് തീരുമാനം കൊണ്ട് നേട്ടമുണ്ടായത്. ബിനാമികളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ച വ്യാജന്മാര്‍ക്കും നേട്ടമുണ്ടായി എന്നുവേണം കരുതാന്‍.

നോട്ട് നിരോധനത്തിന്റെ വിജയപരാജയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യധാര പത്രമാധ്യമങ്ങളോ ടെലിവിഷന്‍ ചാനലുകളോ ഇപ്പോള്‍ തയ്യാറാവുന്നില്ലെന്നതും ശ്രദ്ധേയമാണ്. തീരുമാനത്തിന്റെ വിപ്ലവകരമായ വശങ്ങളെ കുറിച്ച് വാതോരാതെ പ്രസംഗിച്ചിരുന്ന സംഘപരിവാര്‍ വക്താക്കളും ഇക്കാര്യത്തില്‍ തന്ത്രപരമായ മൗനമാണ് പ്രകടിപ്പിക്കുന്നത്. അതായത് രാജ്യത്തിന്റെ ഭാവിയെയും വളര്‍ച്ചയെയും മുരടിപ്പിച്ച ഈ തീരുമാനത്തെ കുറിച്ച് പൊതുമണ്ഡലത്തില്‍ ക്രിയാത്മകമായ ഒരു സംവാദങ്ങളും നടക്കുന്നില്ല എന്ന അവസ്ഥയും രാജ്യത്ത് നിലനില്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍