UPDATES

വിപണി/സാമ്പത്തികം

റബര്‍ മേഖലയ്ക്ക് പിന്തുണയുമായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍

കയറ്റുമതി പ്രോത്സാഹിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക തുടങ്ങി ബജറ്റില്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്നാണ് നയത്തില്‍ വ്യക്തമാക്കുന്നത്

റബര്‍ മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ട്.കയറ്റുമതി പ്രോത്സാഹിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക തുടങ്ങി ബജറ്റില്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്നാണ് നയത്തില്‍ വ്യക്തമാക്കുന്നത്. നിര്‍ദ്ദിഷ്ട നയം, നൈപുണ്യ വികസനത്തിന് പിന്തുണയും നല്‍കുന്നു. ചെറുകിട ഉടമകള്‍ക്കും, തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നതിനൊടൊപ്പം ഗുണമേന്മയും നിലവാരവും ഉറപ്പുവരുത്താന്‍ ചില നിയന്ത്രണങ്ങളും നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.

കേന്ദ്ര കാര്‍ഷിക, കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രാലയവുമായി കൂടിയാലോചിച്ചതിനു ശേഷം റബര്‍ ഉല്‍പ്പാദനത്തില്‍ നിന്നുള്ള വരുമാനം കാര്‍ഷിക വരുമാനമായി കണക്കാക്കുന്നതിനുള്ള സാധ്യതയും നയത്തില്‍ പറയുന്നുണ്ട്. റബര്‍ കൃഷി ചെയ്യുന്നവര്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്ന കാര്യവുമാണിത്. പുതിയ പ്ലാന്റേഷന്‍, റീപ്ലാന്റിംഗ് തുടങ്ങിയവയും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് നയത്തില്‍ പറയുന്നു. എല്ലാ പ്രായോഗിക, നിയമ വശങ്ങളും അനുസരിച്ച് പ്രകൃതിദത്ത റബറിനെ കാര്‍ഷിക വിളയാക്കി അല്ലെങ്കില്‍ ഉല്‍പ്പന്നമാക്കി പരിഗണിക്കാനുള്ള സാധ്യതയും നയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രകൃതി ദത്ത റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. 2017-18 കാലഘട്ടത്തില്‍ 6,94,000 ടണ്‍ റബറാണ് ഇന്ത്യയില്‍ നിന്നും ഉല്‍പ്പാദിപ്പിച്ചത്. റബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിച്ചാല്‍ റബര്‍ ഇറക്കുമതിക്ക് കൂടുതല്‍ നികുതി ചുമത്താം. ഇത് കര്‍ഷകര്‍ക്കും സര്‍ക്കാരിനും പ്രയോജനപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. മാത്രവുമല്ല, മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കുള്ള സബ്സിഡി, താങ്ങുവില, ഇന്‍ഷുറന്‍സ് എന്നിവ റബറിനും നല്‍കാന്‍ സാധിക്കും. നിലവില്‍ വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുവായാണ് റബറിനെ കണക്കാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍