UPDATES

വിപണി/സാമ്പത്തികം

ലോകത്തിലെ ഏറ്റവും പണക്കാരനായ മുതലാളിയുടെ തൊഴിലാളികള്‍ ഭീതിയിലാണ്

ഈ സമ്പത്തെല്ലാം കൂടി ആമസോണ്‍ മുതലാളി എന്തു ചെയ്യും?

ഈ സമ്പത്തെല്ലാം കൂടി ജെഫ് ബസോസ് എന്തു ചെയ്യുമെന്നു അമ്പരക്കുകയാണ് ലോകം. ശതകോടികള്‍ ആസ്തിയുള്ള ലോകത്തെ ഒന്നാം നമ്പര്‍ സമ്പന്നന്‍ ആയി ഈയിടെ പ്രഖ്യാപിക്കപ്പെട്ട ആമസോണ്‍ ഷോപ്പിംഗ്‌ ശൃംഖലയുടെ അധിപന്‍ ജെഫ് ബസോസ് മുന്‍ഗാമികളായ ബില്‍ ഗേറ്റ്സിനെ പോലുള്ളവരുടെ പാത പിന്തുടര്‍ന്ന് ലോകോപകാര സേവനങ്ങള്‍ക്കായി തന്‍റെ സമ്പത്ത് വിനിയോഗിക്കുമോ എന്ന് ഉറ്റുനോക്കുന്നവര്‍ ഏറെയാണ്‌.

പക്ഷേ ലോകത്തെ ഏറ്റവും പണക്കാരനായ മുതലാളിയുടെ തൊഴിലാളികള്‍ സന്തോഷത്തിനു പകരം ഭീതിയിലാണ് ജീവിക്കുന്നത്. അധികം വൈകാതെ അവരുടെ തൊഴില്‍ തന്നെ പോയേക്കാം. അവര്‍ക്ക് പകരം യന്ത്രങ്ങള്‍ ആ സ്ഥാനം കയ്യടക്കിയേക്കാം. മാത്രമല്ല തൊഴിലാളികളില്‍ നിന്ന് അങ്ങേയറ്റം മികച്ച പ്രകടനം എപ്പോഴും പ്രതീക്ഷിക്കുന്ന ബസോസിനെ കുറിച്ച് ഒരു തൊഴിലാളി പറയുന്നു. “പണിക്കു കൊള്ളില്ലെങ്കില്‍ ജെഫ് നിങ്ങളെ ചവച്ചു തുപ്പും. കൊള്ളാമെന്നു കണ്ടാലോ നിങ്ങളുടെ മുതുകില്‍ കയറി വേണ്ട പോലെ പായിക്കും”. സഹ വ്യവസായ പ്രമുഖരെ പോലെ ജീവനക്കാരെ ആവശ്യം കഴിഞ്ഞാല്‍ പുറന്തള്ളപ്പെടാനുള്ള വസ്തുക്കളെ പോലെ കണക്കാക്കുന്നു എന്ന ആരോപണവും ബസോസിനെ കുറിച്ചുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്ഥാപനമായ ആമസോണിനു രൂപം നല്‍കുക വഴി ഇന്നുള്ള എല്ലാ ഓണ്‍ലൈന്‍ കടകള്‍ക്കും മാതൃകയായതിനു പുറമേ ബ്ലൂ ഒറിജിന്‍ എന്ന റോക്കറ്റ് ബിസിനസ് സ്ഥാപനം, 2013 ല്‍ സ്വന്തമാക്കിയ വാഷിംഗ്‌ടണ്‍ പോസ്റ്റ് പത്രവും ഈയിടെ സ്വന്തമാക്കിയ വാഷിംഗ്‌ടണ്‍ ഡിസിയിലെ ടെക്സ്റ്റയില്‍ മ്യൂസിയവും, സിയാറ്റിലിലും ബവര്‍ലി ഹില്‍സിലുമുള്ള ആഡംബര വസതികള്‍ ഉള്‍പ്പടെ നാലു ലക്ഷം ഏക്കര്‍ ഭൂസ്വത്ത് ഇങ്ങനെ ബസോസിന്‍റെ സമ്പത്ത് കുന്നു കൂടിക്കൊണ്ടേയിരിക്കുന്നു. ഏറ്റവും അധികം ഭൂമിയുള്ള അമേരിക്കാരില്‍ 28 -ആം സ്ഥാനത്താണ് ബസോസ്.

ക്ലൌഡ് സേവനങ്ങളില്‍ സ്വന്തം വഴി അവതരിപ്പിച്ചു മൈക്രോ സോഫ്റ്റും ഗൂഗിളും അടക്കം ടെക് ലോകത്തെ അതികായന്മാരെ അതിശയിപ്പിച്ച ആമസോണ്‍ നാസയോടും എലന്‍ മസ്ക്കിന്റെ സ്പേസ് എക്സിനോടും മത്സരിച്ചു ബഹിരാകാശ യാത്രയിലും മുന്നേറ്റം നടത്തുകയാണ്.

അസാധാരണമായ സംരംഭകനും സ്വപ്നതുല്യമായ പദ്ധതികളുള്ള പ്രതിഭയുമായി ബസോസിനെ വിശേഷിപ്പിക്കാം. 15 കൊല്ലം മുന്‍പ് സ്ഥാപിച്ച ബ്ലൂ ഒറിജിന്‍ കമ്പനി സത്യത്തില്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ത്യമാക്കാനുള്ള സ്ഥാപനം തന്നെയാണ്. ബഹിരാകാശ ടൂറിസം വൈകാതെ യാഥാര്‍ത്ഥ്യം ആവും. 2020 ആവുമ്പോഴേക്കും ചന്ദ്രനിലെ മനുഷ്യ കോളണിയിലേക്ക് ചരക്ക് കയറ്റി അയയ്ക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോവുകയാണ് ബ്ലൂ ഒറിജിന്‍. ഇതിനായി ചന്ദ്രനിലെ ദക്ഷിണ ധ്രുവപ്രദേശത്തെ ഷാക്ക്‌ ലെറ്റണ്‍ ക്രേറ്റര്‍ പാര്‍ക്കിങ്ങിനായി പോലും കണ്ടു വച്ചിട്ടുണ്ട്. ഒരു യാത്രയില്‍ 4500 കിലോ ചരക്കു വരെ എത്തിക്കുകയാണ് ലക്‌ഷ്യം. സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യമുള്ള ഈ പ്രദേശത്തു നിന്ന് ജലാംശം ഉപയോഗിച്ച് റോക്കറ്റ് ഇന്ധനമായ ഹൈഡ്രജന്‍ നിര്‍മിക്കാം എന്നാണു കണക്കാക്കുന്നത്. ഇനി ഈ ഭാഗം സ്ഥിരമായി ഉപയോഗിച്ച് ആ പ്രദേശവും ആമസോണ്‍ സ്വന്തമാക്കുമെന്ന് വരെ കരുതുന്നവരുണ്ട്.

ഇന്റര്‍നെറ്റ് വഴിയുള്ള വ്യാപാര രംഗത്ത് തുടക്കക്കാരന്‍ ആയിട്ടും ആദ്യകാലത്ത് ഡോട്ട്.കോം ബൂമിനെ നയിച്ചിട്ടും 1994-ല്‍ ഓണ്‍ലൈന്‍ പുസ്തക വില്പന തുടങ്ങിയപ്പോള്‍ മാത്രമാണ് ബസോസിന് വിജയം നേടാന്‍ തുടങ്ങിയത്.

ആദ്യ കാലത്തെ തകര്‍ച്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു കൊണ്ട് കഡാബ്ര.കോം എന്ന പേരിലൊരു കമ്പനി. ആദ്യ നാലഞ്ച് വര്‍ഷത്തേക്ക് ലാഭം പ്രതീക്ഷിക്കാതെ വിചിത്രമായ ഒരു വാണിജ്യ മാതൃകയോടെ ഒരു പുസ്തക വില്പന ശാല. എത്ര വലിയ പുസ്തക വില്പന പ്രസ്ഥാനങ്ങള്‍ക്കും രണ്ടു ലക്ഷത്തില്‍ കൂടുതല്‍ പുസ്തകങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസം ഉള്ളപ്പോള്‍ ഓണ്‍ലൈന്‍ പുസ്തക വില്പനയുടെ അനന്ത സാധ്യതകള്‍ ആണ് ബസോസിനു തുറന്നു കിട്ടിയത്. അതുകൊണ്ടു തന്നെ പുരോഗതിയിലേക്ക് മുന്നേറിയപ്പോള്‍ തന്റെ പ്രസ്ഥാനത്തിന് ലോകത്തിലെ ഏറ്റവും വലിയ നദിയുടെ പേരായ ആമസോണ്‍ എന്ന് പുതിയ പേരിടുകയായിരുന്നു ബസോസ്. ആദ്യം ലാഭം രേഖപ്പെടുത്തിയ 2003 മുതല്‍ ആമസോണിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ തലതൊട്ടപ്പന്‍ ആയി മാറിയ ബസോസിനെ ടൈം മാഗസിന്‍ 1999 ലെ വ്യക്തിയായി തിരഞ്ഞെടുത്തു. പുതിയ നൂറ്റാണ്ടിന്‍റെ പടിവാതിലില്‍ തികച്ചും ആ നേട്ടത്തിന് ഇതിലും അര്‍ഹനായ വ്യക്തി വേറെയില്ലല്ലോ.

ട്രംപിന്റെ അപ്രതീക്ഷിത വിജയം സാമ്പത്തിക മേഖലയെ ഞെട്ടിച്ചപ്പോഴും ആമസോണ്‍ കൂടുതല്‍ ശക്തമായി മുന്നേറ്റമാണ് നടത്തിയത്. ഓഹരി വിപണിയില്‍ ആമസോണിന്റെ വില 1500 ഡോളര്‍ കടന്നപ്പോള്‍ ജെഫ് ബസോസിന്റെ ആസ്തി 130 ബില്യണ്‍ ഡോളറായി.ചരിത്രത്തില്‍ ഏറ്റവും വേഗത്തിലുള്ള ആസ്തി വളര്‍ച്ചയായിട്ടാണ് ന്യൂയോര്‍ക്ക് ടൈംസ്‌ ഇതിനെ വിശേഷിപ്പിച്ചത്‌.
ഇപ്പോള്‍ വാഷിംഗ്ടണിലെ സിയാറ്റില്‍ ആസ്ഥാനമായ കമ്പനി ഒരു രണ്ടാം ആസ്ഥാനം തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ നൂറു കണക്കിന് നഗരങ്ങളാണ് അപേക്ഷിച്ചത്. അതില്‍ നിന്ന് തിരഞ്ഞെടുത്ത ഇരുപതില്‍ നിന്ന് ആര്‍ക്കു നറുക്ക് വീഴുമെന്നു കാത്തിരിക്കുകയാണ്‌ അമേരിക്ക. കാരണം അമ്പതിനായിഒരം മികച്ച തൊഴില്‍ അവസരങ്ങള്‍ കൊണ്ട് വരുമെന്നാണ് ബസോസിന്റെ വാഗ്ദാനം. അതുകൊണ്ട് തന്നെ നികുതിരഹിത സേവനങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ട് തങ്ങളുടെ മുനിസിപ്പാലിറ്റിക്ക് ആ ഭാഗ്യം ലഭിക്കാന്‍ മത്സരിക്കുകയാണ് നഗരങ്ങള്‍.

വില കുറഞ്ഞ വീട്ടുഫര്‍ണിച്ചറുകളുടെ ഈ കച്ചവടക്കാരന്‍ ബ്ലൂംബര്‍ഗ് കോടീശ്വര പട്ടികയില്‍ എട്ടാമനായിരുന്നു

മിടുക്കനും തന്ത്രശാലിയും ഒരേ ലക്ഷ്യത്തില്‍ പൂര്‍ണ വിശ്വാസത്തോടെ മുന്നേറുകയും ചെയ്യുന്ന ബസോസിനെയാണ് അഭിമുഖങ്ങളിലും കാണാന്‍ കഴിയുക. ദി എവരിതിംഗ് സ്റ്റോര്‍ എന്നാ ബ്രാഡ് സ്ടോണിന്‍റെ പുസ്തകത്തില്‍ ആമസോണിനെയും ബസോസിനെയും വിമര്‍ശനാത്മക കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നു. അധികം മുതല്‍ മുടക്കില്ലാത്ത ഒരു പുത്തന്‍ സ്റ്റാര്‍ട്ട്‌ അപ്പ് കമ്പനിയുടെ മാതൃകയില്‍ വലിയ ലക്ഷ്യങ്ങളോടെ മുന്നേറുന്ന ആമസോണില്‍ ജീവനക്കാരുടെ സാഹചര്യം അത്ര പന്തിയല്ലെന്നാണ് സ്ടോണ്‍ പറഞ്ഞു വച്ചിരിക്കുന്നത്. കാര്യക്ഷമതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത ബസോസിന്റെ നിലപാട് ജീവനക്കാരോട് കടുത്ത നിലപാടുകള്‍ എടുക്കാന്‍ ഇടയാക്കുന്നു. അവരെ നിരന്തരം വീക്ഷിച്ചു കൊണ്ട് അവരുടെ കാര്യക്ഷമത അളന്നു കൊണ്ട് നിതാന്ത ജാഗ്രതയോടെ ബസോസ് നിലകൊള്ളുമ്പോള്‍ ഒടുങ്ങാത്ത ഭീതിയില്‍ ജീവിക്കേണ്ടി വരുന്നവരാണ് ആമസോണിന്‍റെ ഫുള്‍ഫില്‍ സെന്ററുകള്‍ തോറും നിങ്ങളുടെ ഓര്‍ഡറുകള്‍ കൃത്യ സമയത്ത് എത്തിക്കാന്‍ പണിയെടുക്കുന്ന ആയിരങ്ങള്‍ എന്ന് സ്ടോണ്‍ ഓര്‍മിപ്പിക്കുന്നു.

തൊഴിലാളികളുടെ ചലനങ്ങള്‍ സോഫ്റ്റ് വെയര്‍ വഴി നിയന്ത്രിക്കുന്ന വെയര്‍ ഹൌസുകളില്‍ അവരെ യന്ത്ര സമാനമായാണ് കാണുന്നത്. അടുത്ത കാലത്ത് തൊഴിലാളികളുടെ കരചലനങ്ങള്‍ പിന്തുടര്‍ന്നു നിരീക്ഷിക്കാനുള്ള ഉപകരണത്തിന്‍റെ പേരില്‍ ഒരു പേറ്റന്‍റിനു ശ്രമിക്കുക വരെ ചെയ്തിരുന്നു ആമസോണ്‍.

സമ്മര്‍ദഭരിതമെങ്കിലും ഉയര്‍ന്ന നേട്ടം കൊയ്യുന്ന അന്തരീക്ഷത്തിന്റെ ഉറവിടം എന്താണെന്ന് നോക്കിയാല്‍ കിട്ടുന്ന ഉത്തരം ബസോസ് എന്ന വ്യക്തി തന്നെയാണെന്ന് കാണാമെന്നു സ്ടോണ്‍ പറയുന്നു. ആമസോണിന്റെ മൂല്യങ്ങള്‍ എന്നത് ബസോസ് രണ്ടു പതിറ്റാണ്ട് കൊണ്ടുണ്ടാക്കിയ വാണിജ്യ തന്ത്രങ്ങള്‍ തന്നെയാണ്. നേരിയ ലാഭത്തില്‍ പ്രവര്‍ത്തിച്ച കാലത്ത് വിമര്‍ശനം ഉയര്‍ത്തിയവര്‍ക്കെല്ലാം മറുപടി പറയുന്ന ബസോസിന്റെ സവിശേഷ ശൈലി. ആമസോണ്‍ എന്ന പ്രസ്ഥാനവും ബസോസ് എന്ന വ്യക്തിയും ഒന്ന് തന്നെയാണ് എന്നു പോലും പറയേണ്ട അവസ്ഥ. ജെഫിസം എന്നു കമ്പനിയില്‍ പറയപ്പെടുന്ന ആമസോണിന്റെ വിജയ മന്ത്രങ്ങള്‍ കമ്പനി വെബ് സൈറ്റില്‍ പറഞ്ഞിരിക്കുന്ന 14 മൂല്യങ്ങള്‍ തന്നെയാണ്.

അവയില്‍ മുഖ്യമായ കസ്റ്റമര്‍ ഒബ്സെഷന്‍ എന്നത് തന്നെയാണ് ആമസോണിന്റെ യുഎസ്പി അഥവാ തുറുപ്പുചീട്ട്. കുറഞ്ഞ വില, കൂടുതല്‍ വൈവിധ്യമുള്ള വിഭവ ശേഖരം, സൌകര്യപ്രദമായ വിതരണ സംവിധാനം എന്നീ സൌകര്യങ്ങള്‍ മറ്റു കടകളില്‍ നിന്ന് ആളുകളെ വലിച്ചിറക്കി ആമസോണില്‍ എത്തിക്കുന്നു. റീട്ടെയ്ല്‍ വ്യാപാരം ആദായകരവും ആയാസരഹിതവുമാക്കുക എന്ന ബസോസ് തന്ത്രം ജനത്തിനു നന്നേ ബോധിച്ചു കഴിഞ്ഞു.

കാശ് നിരോധനം ഇയാളെ കോടീശ്വരനാക്കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍