UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഗള്‍ഫുകാരുടെ ചങ്ങായി ടൈഗര്‍ ബാം സര്‍വ്വവേദന സംഹാരിയായ കഥ

1924ല്‍ എ ഡബ്ളിയു ബ്രദേഴ്സ് റംഗൂണില്‍ പുറത്തിറക്കിയ, ഷഡ്ഭുജാകൃതിയിലുള്ള ജാറിലുള്ള ഈ ലേപനം, ചൈനീസ് കുടുംബങ്ങളുടെ മരുന്നലമാരിയിലെ മുഖ്യ ഉത്പന്നമായിരുന്നു; ഇന്ന് ലേഡി ഗാഗ അടക്കമുള്ള നിരവധി ആരാധകര്‍ ലോകമെമ്പാടും ടൈഗര്‍ ബാമിനുണ്ട്.

കാണുംമുമ്പേ നിങ്ങള്‍ക്കതിന്റെ ഗന്ധം കിട്ടും. സിംഗപ്പൂരിലെ ഗ്രാമീണപ്രാന്തത്തിലെ സാധാരണ തൊഴില്‍ശാലയിലേക്ക് അടുക്കുമ്പോള്‍, മെന്‍ഥോളിന്റെയും കര്‍പ്പൂരത്തിന്റെയും ഉന്മേഷദായകമായ പരിമളം നിങ്ങളെ പൊതിയും. നിങ്ങളുടെ സൈനസസ് തെളിയുന്നു. കണ്ണുകള്‍ തരിക്കുന്നു.

“ഇവിടെ ജോലി ചെയ്യുന്ന ആരും അസുഖബാധിതരാവുമെന്ന് പേടിക്കണ്ട” ഫാക്ടറിയുടെ പുറത്ത് നിന്ന്, ഹാന്‍ ആഹ് ക്വോന്‍ തമാശ പറഞ്ഞു.

ശക്തിയേറിയ ആ പരിമളത്തിന് ഉത്തരവാദികളായ ഹ്വാ പാര്‍ കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹാന്‍. ഉലഞ്ഞുകിടക്കുന്ന വെളുത്ത മുടിയുള്ള, അലസമായ പെരുമാറ്റമുള്ളയാളാണ് ഹാന്‍. അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും കാറിലും കുറച്ചു ടൈഗര്‍ ബാം കുപ്പികള്‍ കാണാം. ഒരു നൂറ്റാണ്ടോളമായി ഏഷ്യയിലും ചുറ്റുവട്ടത്തുമുള്ള നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ കമ്പനിയുടെ ഉത്പന്നം പേശിവേദനയില്‍നിന്നും ജലദോഷത്തിന്റെ ലക്ഷണങ്ങളില്‍നിന്നും തലവേദനയില്‍നിന്നും ആശ്വാസത്തിനായി ഉപയോഗിക്കുന്നു.

തന്റെ മുത്തശ്ശി അടിപ്പാവാടയുടെ പോക്കറ്റില്‍ ചെറിയ ചുവന്ന പാത്രം സൂക്ഷിച്ചിരുന്നത് ഹോങ്കോങ്ങിലെ മുന്‍നിവാസിയായ ആന്‍ഡ്രിയ ടാം ഓര്‍ത്തെടുക്കുന്നു. “അക്ഷരാര്‍ത്ഥത്തില്‍ എന്തിനും അവരത് ഉപയോഗിച്ചിരുന്നു – ഏതു മുറിവിനും വേദനയ്ക്കും” അവര്‍ പറയുന്നു.

ബ്രിട്ടീഷ് വംശജനായ വിക്കി വോങ്ങിനും സമാനമായ കഥയാണ് പങ്കുവെക്കാനുള്ളത്. “അതെന്നെ അമ്മൂമ്മയെ ഓര്‍മ്മിപ്പിക്കുന്നു” അവര്‍ പറയുന്നു. “എന്ത് അസുഖമായാലും ശരി – തൊണ്ടവേദന, ജലദോഷം, മൂക്കില്‍നിന്നുള്ള രക്തസ്രാവം, കൊതുകുകടി – അമ്മൂമ്മ ടൈഗര്‍ ബാം പുരട്ടിത്തരും ”.

25വര്‍ഷത്തിനു മുമ്പ് കമ്പനിയില്‍ ചേര്‍ന്നതു മുതല്‍, ടൈഗര്‍ ബാമിനെ ഗൃഹാതുരതയുടെ നിഴലിലേക്ക് മടങ്ങിപ്പോകാന്‍ ഹാന്‍ സമ്മതിച്ചിട്ടില്ല. കായികതാരങ്ങള്‍ മുതല്‍ സ്നാപ്ചാറ്റില്‍ രമിക്കുന്ന കൌമാരക്കാര്‍ വരെ എല്ലാവര്‍ക്കും ഒഴിവാക്കാനാവാത്ത ഒന്നായി ഇത് മാറണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

“ഞങ്ങളുടെ ഉപഭോക്താക്കള്‍ എല്ലാ ജനവിഭാഗങ്ങളിലും പെട്ടവരാണെന്ന് ഞാന്‍ പറയും. എല്ലാ പ്രായത്തിലും വര്‍ഗ്ഗത്തിലും, സ്ത്രീകളും പുരുഷന്മാരും ” അദ്ദേഹം പറയുന്നു. “അതിന്റെ അര്‍ത്ഥം ഞങ്ങള്‍ പല തലമുറയില്‍പ്പെട്ട വിവിധതരം ഉപയോക്താക്കള്‍ക്കായുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ്”.

ദക്ഷിണ ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയില്‍ പല തലമുറകള്‍ക്കു മുമ്പേ ആരംഭിച്ചതാണ് ടൈഗര്‍ ബാമിന്റെ കഥ.1860കളുടെ അവസാനത്തില്‍, ഒരു പച്ചമരുന്നുകടക്കാരന്റെ മകനായ ഔ ചു കിന്‍ തന്റെ അമ്മാമന്റെ കൂടെ ചേരാനായി റംഗൂണിലെ ബര്‍മീസ് നഗരത്തിലേക്ക് തിരിച്ചപ്പോഴാണ് അത് തുടങ്ങുന്നത്.

സിംഗപ്പൂര്‍, പെനാംഗ്, മലയ തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള നീണ്ട യാത്രയായിരുന്നു അത്. ആ യാത്രയില്‍ നാട്ടില്‍ ഒരുമാസംകൊണ്ട് സമ്പാദിക്കുന്നതിലുമധികം കപ്പല്‍ തൊഴിലാളികള്‍ക്ക് പച്ചമരുന്ന് വിറ്റുകൊണ്ട് ഒരു ദിവസത്തില്‍ അദ്ദേഹം ഉണ്ടാക്കി.

1870ഓടെ ഔ റംഗൂണിലെത്തി. എങ് ഊ തോങ് (നിത്യസമാധാനശാല) എന്നു പേരുള്ള ഒരു മരുന്നുവില്പനകേന്ദ്രം തുടങ്ങി. അദ്ദേഹത്തിന് മൂന്നു മക്കളായിരുന്നു : ഔ ബൂണ്‍ ലിയോങ് (സൌമ്യനായ വ്യാളി), ഔ ബൂണ്‍ ഹൌ ( സൌമ്യനായ കടുവ), ഔ ബൂണ്‍ പാര്‍ (സൌമ്യനായ പുലി).

ബൂണ്‍ ലിയോങ് ചെറുപ്പത്തിലേ മരിച്ചു. 1908ല്‍ അച്ഛനായ ഔ മരിച്ചതോടെ കുടുംബവ്യാപാരം ബൂണ്‍ പാറിന്റെയും ബൂണ്‍ ഹൌന്റെയും കൈവശമായി. അവര്‍ രണ്ടാളും ചേര്‍ന്ന് അച്ഛന്റെ ഔഷധക്കൂട്ടുകളില്‍ ഗവേഷണം നടത്തി, അവയില്‍നിന്ന് ഏതുതരം രോഗത്തിനും ചികിത്സിക്കാവുന്ന വേദനസംഹാരി ഉണ്ടാക്കിയെടുത്തു. 1924ല്‍ വില്പനക്കായി പുറത്തിറക്കിയപ്പോള്‍ ബൂണ്‍ ഹൌ അതിന് സ്വന്തം പേരിട്ടു : ടൈഗര്‍ ബാം.

ലോകത്തിലെ ചൈനീസ് സമൂഹങ്ങളിലൂടെ ഈ ഉത്പന്നം വേഗം പ്രചരിച്ചു. കച്ചവടം നിയന്ത്രിക്കുന്നതില്‍ ബൂണ്‍ പാര്‍ ശ്രദ്ധിച്ചപ്പോള്‍ ബൂണ്‍ ഹൌ, ആള്‍ക്കാരില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതില്‍ ലക്ഷ്യം വെച്ചു. അദ്ദേഹം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ധനസഹായം നല്കി. സിംഗപ്പൂര്‍, മലയ, ഹോങ്കോങ് എന്നിവിടങ്ങളിലായി സിങ് തൌ ഡെയ്‍ലിയും ഹോങ്കോങ് ടൈഗര്‍ സ്റ്റാന്‍ഡേഡും (ഇന്നത്തെ ദ സ്റ്റാന്‍ഡേഡ്) അടക്കം ചില വര്‍ത്തമാനപ്പത്രങ്ങളും തുടങ്ങി.

സിംഗപ്പൂരിലും ഹോങ്കോങ്ങിലും ഫ്യൂജിയാനിലും അദ്ദേഹം മാളികകള്‍ പണിതു. അവയോട് ചേര്‍ന്ന് ടൈഗര്‍ ബാം ഗാര്‍ഡന്‍സ് എന്ന പേരിലുള്ള തീം പാര്‍ക്കുകളും ഉണ്ടായിരുന്നു. അവയുടെ നടപ്പാതയില്‍ വിചിത്രവും വിരൂപവുമായ കോണ്‍ക്രീറ്റ് പ്രതിമകള്‍ ചൈനീസ് പുരാണങ്ങളിലെ രംഗങ്ങളിലേതുപോലെ നിരത്തിയിരുന്നു.

ലി കാ-ഷിങ്ങിന്റെ ച്യൌങ് കോങ് ഹോളിഡേയ്സിന് ബൂണ്‍ ഹൌവിന്റെ ദത്തുപുത്രി സാലി ഔ സിയാന്‍ ഹോങ്കോങ് പാര്‍ക്ക് 2004ല്‍ വിറ്റ ശേഷം അത് നശിപ്പിക്കപ്പെട്ടു. സിംഗപ്പൂര്‍ പാര്‍ക്ക് നഗരത്തിലെ അധികാരികള്‍ക്ക് കൈമാറി. അതൊരു ചരിത്രസ്മാരകമായി നിലനില്ക്കുന്നു.

ബൂണ്‍ പാര്‍ 1944ലും ബൂണ്‍ ഹൌ 1954ലും മരിച്ചതോടെ ടൈഗര്‍ ബാം വ്യാപാരം സംഘര്‍ഷങ്ങളുടെ കാലഘട്ടത്തിലൂടെ കടന്നുപോയി. വൈകാതെ തന്നെ, 1969 ല്‍ സിംഗപ്പൂര്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ കമ്പനിയുടെ ഓഹരികള്‍ പൊതുവില്പനക്കെത്തി. ബ്രിട്ടീഷ് സംയുക്തബാങ്കായ സ്ലേറ്റര്‍ വാക്കര്‍ ടൈഗര്‍ബാം കമ്പനി ഏറ്റെടുത്തെങ്കിലും അധികം താമസിയാതെ ബാങ്കിങ് പ്രതിസന്ധിയില്‍ അത് തകര്‍ന്നുവീണു.

അനിശ്ചിതത്വത്തിന്റെ ഒരു കാലഘട്ടത്തിനുശേഷം, ഹൌ പാറിന്റെ നിയന്ത്രണം 1981ല്‍ സിംഗപ്പൂര്‍ സ്വദേശിയായ ബാങ്കര്‍ ഡോ. വീ ചോ യൌ ഏറ്റെടുക്കുകയും കമ്പനി പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങുകയും ചെയ്തു. സ്ലേറ്റര്‍ വാക്കര്‍ കാലഘട്ടത്തില്‍ 20 കൊല്ലത്തേക്ക് വില്പനാധികാരത്തിലായിരുന്ന ടൈഗര്‍ബാം കമ്പനി 1992ല്‍, ഹൌ പാര്‍ തിരിച്ചെടുത്തു. അപ്പോഴേക്കും, ടൈഗര്‍ പഴയതിന്റെ വെറും നിഴല്‍ മാത്രമായി മാറിയിരുന്നു.

“ഞങ്ങള്‍ തിരിച്ചെടുത്തപ്പോഴേക്കും ഈ ഉത്പന്നത്തിന് ഏതാണ്ട് ഒരു തലമുറയിലെ ഉപയോക്താക്കളെ നഷ്ടമായിരുന്നു” ഹാന്‍ പറയുന്നു. ടൈഗര്‍ബാമിന്റെ നേര്‍ എതിരാളികളില്‍ ഒരാളായ വിക്സ് വേപോറബില്‍ ജോലിചെയ്യവേ, കൂടുതല്‍ മെച്ചപ്പെട്ട പദവി വാഗ്ദാനം ചെയ്തപ്പോള്‍, 1992ല്‍ കമ്പനിയില്‍ ചേര്‍ന്നതാണ് അദ്ദേഹം.

കാശ് നിരോധനം ഇയാളെ കോടീശ്വരനാക്കി

മലേഷ്യയില്‍ ജനിച്ച ഹാന്‍ വളര്‍ന്നത് സിംഗപ്പൂരാണ്. നഗരത്തിലെ ഭൂരിഭാഗം ആള്‍ക്കാരെയുംപോലെ ടൈഗര്‍ബാം ചെറുപ്പം മുതലേ അദ്ദേഹത്തിനും സുപരിചിതമായിരുന്നു. പക്ഷേ തൊഴില്‍പരമായ വീക്ഷണത്തിലൂടെ അദ്ദേഹം ഈ ഉത്പന്നം പിടിച്ചുനില്ക്കാന്‍ പ്രയാസപ്പെടുന്നത് കണ്ടറിഞ്ഞു.

ഉത്പന്നത്തിലല്ല, അതിന്റെ വാണിജ്യമുദ്രണത്തിലാണ് പ്രശ്നമെന്ന് ഹാന്‍ തിരിച്ചറിഞ്ഞു. ചൂടും തണുപ്പും സംവേദനം ചെയ്ത്, സിരാഗ്രത്തെ ആശയക്കുഴപ്പത്തിലാക്കി, പേശിവലിവിന്റെ വേദനയുടെയോ പ്രാണി കടിച്ചതിന്റെ ചൊറിച്ചിലിന്റെയോ സന്ദേശങ്ങളെ തടഞ്ഞുകൊണ്ടാണ് ടൈഗര്‍ബാം പ്രവര്‍ത്തിക്കുന്നത്.

മാര്‍ക്കറ്റിലുള്ള സമാനമായ പല ഉത്പന്നങ്ങളേക്കാള്‍ വീര്യമേറിയതാണിത്. വിക്സില്‍ 8.6% സജീവചേരുവകളുണ്ട്: കൃത്രിമകര്‍പ്പൂരം, യൂക്കാലിപ്റ്റസ് എണ്ണ, മെന്‍ഥോള്‍ എന്നിവ. ടൈഗര്‍ ബാമില്‍ ഇത് പ്രകൃതിദത്ത കര്‍പ്പൂരം, പുതിന എണ്ണ, കാജുപുറ്റ് എണ്ണ, മെന്‍ഥോള്‍, കരയാമ്പൂ എണ്ണ എന്നിവയടക്കം 60%ആണ്.

പക്ഷേ ഈ ലേപനത്തിന് പരിമിതികളുണ്ടായിരുന്നു. ചിലര്‍ക്ക് ഓഫീസിലിരിക്കുമ്പോള്‍ തങ്ങള്‍ക്ക് ടൈഗര്‍ബാം വാസന ഉണ്ടാവുന്നത് ഇഷ്ടപ്പെട്ടില്ല; ചിലര്‍ക്ക് അതിന്റെ പശപശപ്പും ഇഷ്ടമായില്ല. പോരാത്തതിന്, ഒരു കുപ്പി ലേപനം ഒരു വര്‍ഷമല്ലെങ്കില്‍ മാസങ്ങളെങ്കിലും നിലനില്‍ക്കും, അത് വരുമാനം കൂടാന്‍ നല്ല വഴിയുമല്ല.

ടൈഗര്‍ ബാമിന്റെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ വ്യാപ്തി കൂട്ടുക എന്നതാണെന്ന് ഹാന്‍ മനസ്സിലാക്കി. അതുകൊണ്ട് കമ്പനിയുടെ ഔഷധക്കൂട്ടിനനുസൃതമായി പുതിയ ഉത്പന്നങ്ങള്‍ കൂടി നിര്‍മ്മിച്ചു. ആദ്യത്തേത് 1993ല്‍ പുറത്തിറക്കിയ, ഉപയോഗശേഷം കളയാവുന്ന പ്ലാസ്റ്റര്‍ ആയിരുന്നു. “നിങ്ങള്‍ക്ക് ധരിക്കാവുന്ന ടൈഗര്‍ ബാം ആണിത്” ഹാന്‍ പറയുന്നു.

അന്നു മുതല്‍, ടൈഗര്‍ബാം ആക്റ്റീവ് എന്ന പേരില്‍ കായികതാരങ്ങള്‍ക്കു വേണ്ടിയുള്ള വാംഅപ് ക്രീമുകള്‍, കൊതുകുനിവാരണ തുണിത്തുണ്ടുകള്‍, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോഴത്തെ ശരീരഘടനമൂലമുണ്ടാകുന്ന പേശിവലിവിനുള്ള ലാവന്‍ഡര്‍ പരിമളമുള്ള കഴുത്ത്-തോള്‍ ലേപം തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ കമ്പനി പുറത്തിറക്കി.

ടൈഗര്‍ബാം എന്ന ബ്രാന്‍ഡില്‍ പത്തു പുതിയ ഉത്പന്നങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്.

പുതിയ മാര്‍ക്കറ്റുകളിലേക്ക് കമ്പനിയെ വികസിപ്പിക്കാനും ഹാന്‍ പ്രയത്നിച്ചു. “എനിക്ക് തോന്നുന്നത് സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും തായ്‍ലന്റിലെയും ഓരോരുത്തരും ടൈഗര്‍ബാം ഉപയോഗിച്ചാണ് വളര്‍ന്നതെന്നാണ് – അവിടെത്തന്നെയാണ് പ്രശ്നവും” അദ്ദേഹം പറയുന്നു.

കാടറിവുകളുടെ അമ്മ, കല്ലാറിലെ ലക്ഷ്മിക്കുട്ടിയമ്മ ഇനി പത്മശ്രീ

പാശ്ചാത്യന്‍ മാര്‍ക്കറ്റുകള്‍ താരതമ്യേന കാലിയായ പുറമാണ്. “അവര്‍ക്ക് പിതാമഹന്മാരുടെ ഉത്പന്നമാണെന്ന ഭാരമില്ല”

1990കളില്‍ അമേരിക്കന്‍ ഫുട്ബോള്‍ താരങ്ങളായ ജോ മൊണ്‍ടാനയെയും ജെറി റൈസിനെയും ടൈഗര്‍ബാം കമ്പനി വക്താക്കളായി നിയമിച്ചു. കായികതാരങ്ങള്‍ക്കിടയില്‍ പ്രീതിയാര്‍ജ്ജിക്കാന്‍ ഇത് സഹായിച്ചു. “ചിലരുടെ കയ്യുകള്‍ എന്റെ തുടയേക്കാള്‍ വലുതാണ്” ഹാന്‍ പറയുന്നു “അവര്‍ ഒരുപാട് ടൈഗര്‍ബാം ഉപയോഗിക്കും”.

ഈയടുത്ത്, ലേഡി ഗാഗ അടക്കമുള്ള ചില പ്രശസ്തരില്‍നിന്ന് അപ്രതീക്ഷിത സാക്ഷ്യപത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ടൈഗര്‍ബാമിന് കിട്ടി. പാരമ്പര്യം നിലനിര്‍ത്തുകയും പ്രതിച്ഛായ പുതുക്കുകയും ചെയ്യുന്ന സന്തുലനാവസ്ഥയിലൂടെ കമ്പനി അവരുടെ ബ്രാന്‍ഡിങ് മെച്ചപ്പെടുത്തി.

ഔ സഹോദരന്മാര്‍ ഈ ഉത്പന്നം ആദ്യം പുറത്തിറക്കിയപ്പോള്‍ അവതരിപ്പിച്ച ഷഡ്ഭുജാക‌ൃതിയിലുള്ള കുപ്പിയും അവരുടെ കുത്തകയായിരുന്ന ഓറഞ്ച് നിറവും നിലനിര്‍ത്തി. (ഹാന്‍ പറയുന്നത് ഷഡ്ഭുജം “ഒരു ശുഭകരമായ ആകൃതിയായതിനാലാണ്” അത് തെരഞ്ഞെടുത്തത് എന്നാണ് – വൃത്തത്തിലുള്ള കുപ്പിയേക്കാള്‍ സുഖമായി പിടിക്കാനും കഴിയും).

പ്രധാന ചിഹ്നത്തിന് പക്ഷേ പുതിയ രൂപം നല്കി. “വിശ്രമിക്കുന്ന കടുവയ്ക്കു പകരം ചാടുന്ന കടുവയാക്കി മാറ്റി” ഹാന്‍ പറഞ്ഞു.

മാറ്റങ്ങള്‍ ഫലം കണ്ടു എന്നുവേണം കരുതാന്‍. കഴിഞ്ഞ വര്‍ഷം, ടൈഗര്‍ ബാം ഉത്പന്നങ്ങളുടെ 66മില്യണ്‍ യൂണിറ്റുകളാണ് വിറ്റത്. 2016നെ അപേക്ഷിച്ച് 16%വര്‍ദ്ധനവ്. ടൈഗര്‍ബാം ഇപ്പോള്‍ 100 രാജ്യങ്ങളില്‍ ലഭ്യവുമാണ്, 145 രാജ്യങ്ങളില്‍ ട്രേഡ്‍മാര്‍ക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്.

ആള്‍ക്കൂട്ടത്തിന്റെ പ്രിയപ്പെട്ടവന്‍; ഓള്‍ഡ് മങ്കിന്റെ ചരിത്രത്തിലൂടെ

ലിയോപാഡ് ബാം പോലുള്ള പല അനുകരണങ്ങളെയും കമ്പനി അവഗണിക്കുകയാണ് പലപ്പോഴും പതിവെന്ന് ഹാന്‍ പറയുന്നു – “നിയമാനുസൃത ഫീസുതന്നെ ഞങ്ങള്‍ ധാരാളം അടയ്ക്കുന്നുണ്ട് ” അദ്ദേഹം ചിരിച്ചു.

കാര്യമായി മാറ്റം വരാത്തത് മൂല-ഉത്പന്നത്തിനാണ്. അതിന്റെ രണ്ടു വകഭേദങ്ങള്‍ – പേശിവേദനയ്ക്കുള്ള ചുവന്നതും, ജലദോഷത്തിനും പനിയ്ക്കുമുള്ള വെള്ളയും – ഔ സഹോദരന്മാര്‍ കണ്ടുപിടിച്ച അതേ ഫോര്‍മുലയെയാണ് ആശ്രയിക്കുന്നത്.

ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി അവശ്യഎണ്ണകള്‍ ലാബില്‍ പരിശോധിക്കുന്നു. പിന്നീടവ ഒരു വലിയ റഫ്രിജറേറ്ററിന്റെ വലിപ്പമുള്ള സ്റ്റീല്‍ ടാങ്കുകളില്‍വെച്ച് പാരഫിന്‍ പെട്രോളിയവുമായി കലര്‍ത്തുന്നു. പെട്രോളിയത്തിന്റെ ഉപോത്പന്നമാണ് പാരഫിന്‍ പെട്രോളിയം. അത് ടൈഗര്‍ബാമിനെ സാധാരണതാപനിലയില്‍ അര്‍ദ്ധഖരാവസ്ഥയില്‍ നിലനിര്‍ത്താനും ശരീരത്തില്‍ പുരട്ടുമ്പോള്‍ മൃദുവായിരിക്കാനും സഹായിക്കുന്നു.

പിന്നീട്, ചൂടുള്ള ഈ ഫോര്‍മുല ഗ്ലാസ് ജാറുകളില്‍ നിറച്ച് തണുപ്പിക്കുന്നു. അതിനുശേഷം, ബാമിന്റെ ഷഡ്ഭുജാകൃതിയായ കടലാസുപെട്ടികള്‍ കൈകാര്യം ചെയ്യുന്നതിന് രൂപകല്പന ചെയ്യപ്പെട്ട മെഷീനുകള്‍ ഉപയോഗിച്ച് പായ്ക്ക് ചെയ്യുന്നു. മനുഷ്യരുടെ മേല്‍നോട്ടം ഉണ്ടെങ്കിലും, ഏതാണ്ട് പൂര്‍ണ്ണമായും തന്നെ മെഷീനുകളാല്‍ നിയന്ത്രിക്കപ്പെടുന്ന, കിലുങ്ങുന്ന കുപ്പികളുടെ ശബ്ദമുഖരിതമായ ഘോഷയാത്രയാണത്. സിംഗപ്പൂര്‍ ഫാക്ടറിയില്‍ത്തന്നെ നൂറോളം ജോലിക്കാരുണ്ട്. കൂടുതല്‍ സൌകര്യങ്ങളുള്ള മലേഷ്യയിലെയും ചൈനയിലെയും ഫാക്ടറികളില്‍ അതില്‍ക്കൂടുതല്‍ ജോലിക്കാരുണ്ട്.

വരിയുടെ അറ്റത്ത്, ടൈഗര്‍ ബാമിന്റെ ചെറിയ പെട്ടികള്‍ കുറേക്കൂടി വലിയ പെട്ടികളിലേക്ക് കൈകൊണ്ട് എടുത്തുവെക്കുന്നു. അത് പിന്നീട് വലിയ കാര്‍ഡ്ബോര്‍ഡ് പെട്ടികളിലാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിയയക്കുന്നു.

അത് ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍, ഒരു മുത്തശ്ശിയോ ഒരു കായികതാരമോ അല്ലെങ്കില്‍ കഴുത്തനങ്ങാത്ത ഒരു ഓഫീസറോ കുപ്പി തുറക്കുന്നതോടെ മറക്കാനാവാത്ത ആ പരിമളം അവരുടെ ശ്വാസത്തില്‍ നിറയും.

കടപ്പാട്: സൌത്ത് ചൈന മോണിംഗ് പോസ്റ്റ്

വില കുറഞ്ഞ വീട്ടുഫര്‍ണിച്ചറുകളുടെ ഈ കച്ചവടക്കാരന്‍ ബ്ലൂംബര്‍ഗ് കോടീശ്വര പട്ടികയില്‍ എട്ടാമനായിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍