UPDATES

വിപണി/സാമ്പത്തികം

ഇടതു തൊഴിലാളി സമരം; കേരളം വിടാനൊരുങ്ങി സുഗന്ധവ്യഞ്ജന ഭീമന്‍ സിന്തൈറ്റ്

മാസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ കേരളം വ്യവസായങ്ങള്‍ക്ക് അനുകൂല പ്രദേശമാണെന്ന പറഞ്ഞ തനിക്ക് ഇപ്പോള്‍ അതു മാറ്റിപ്പറയേണ്ടി വന്നിരിക്കുന്നു എന്നു മാനേജിങ്ങ് ഡയറക്ടര്‍ വിജു ജേക്കബ്

ലോകത്തെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന സംസ്കരണ കമ്പനിയായ സിന്തെറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇടതുപക്ഷ സംഘടനകളുടെ ഇടപെടലുകളാണ് 1972 മുതല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ കേരളം വിടാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് മാനേജ്മെന്റിന്‍റെ പ്രതികരണം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നിക്ഷേപരുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് ഉയര്‍ന്നില്ലെന്നും സിന്തെറ്റ് ഇന്‍ഡസ്ട്രീറ്റ് മാനേജിങ്ങ് ഡയറക്ടര്‍ വിജു ജേക്കബ് ആരോപിക്കുന്നു.

കഴിഞ്ഞ ഡിസംബറില്‍ സിപിഎം പോഷക തൊഴിലാളി സംഘടയായ സിഐടിയു കമ്പനിയില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും, തൊഴിലാളികളെ സ്ഥലം മാറ്റാനുള്ള കമ്പനി പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നതായും എംഡി ആരോപിക്കുന്നതായി ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ ചൊല്ലി കഴിഞ്ഞ പത്തു ദിവസമായി കമ്പനിയില്‍ സമരം നടക്കുകയാണ്. ഇത് തങ്ങളെ പ്രവര്‍ത്തനത്തെ ബാധിച്ചതായും പുതിയ പ്രവണത തങ്ങള്‍ക്ക് സംസ്ഥാനത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നും ജേക്കബ് പ്രതികരിച്ചു.

എന്നാല്‍ ജീവനക്കാരുടെ വേതനം 240 രൂപയില്‍ നിന്നും 315 രൂപയിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയന്‍ ഇടപെട്ട് കമ്പനിയിയുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും ഇതിന് നേതൃത്വം നല്‍കിയ ഏഴുപേരെ പ്രതികാര നടപടിയെന്നോണമാണ് സ്ഥലം മാറ്റിയതെന്നും സിഐടിയു യൂണിറ്റ് പ്രസിഡന്റ് അരുണ്‍ കുമാര്‍ പ്രതികരിച്ചു. ഇത്തരം സ്ഥലമാറ്റുന്ന രീതി കമ്പനിയില്‍ നിലവിലില്ലെന്നും നടപടി തൊഴിലാളി നിയമങ്ങളുടെ ലംഘനമാണന്നുമാണ് അരുണ്‍കുമാറിന്റെ വാദം.

എന്നാല്‍ സ്ഥലം മാറ്റം തീര്‍ത്തും സ്വാഭാവികമാണെന്നും കമ്പനിക്ക് ഫാക്ടറികളുള്ള ആന്ധ്രപ്രദേശിലെ ഒങ്കോളിലേക്കും ചൈനയിലും വരെ തൊഴിലാളികളെ വിട്ടിരുന്നു. 45 വര്‍ഷമായി കമ്പനിയില്‍ തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കാതിരുന്നപ്പോള്‍ ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ ഉണ്ടാവുന്നത് ഗൂഡലക്ഷ്യം വച്ചാണെന്നുമാണ് മാനേജ്‌മെന്റിന്റെ പ്രതികരണം.

തൊഴിലാളി സമരത്തെകുറിച്ച് സംസ്ഥാന മുഖ്യമന്ത്രിയെ പിണറായി വിജയനെ അറിയിച്ചിരുന്നു. കമ്പനിക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുമെന്ന് അറിയിച്ച അദ്ദേഹം വിഷയത്തില്‍ തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താന്‍ നിര്‍ദേശിക്കുമെന്നും വ്യക്തമാക്കിരുന്നു. പാര്‍ട്ടി പരിപാടികളുമായി ഇവരെല്ലാം കേരളത്തിന് പുറത്തായതിനാല്‍ ചര്‍ച്ച ഇതുവരെ നടന്നില്ലെന്നും ജേക്കബ് ആരോപിച്ചു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് തുടരാന്‍ കഴിയില്ല. മാസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ കേരളം വ്യവസായങ്ങള്‍ക്ക് അനുകൂല പ്രദേശമാണെന്ന പറഞ്ഞ തനിക്ക് ഇപ്പോള്‍ അതു മാറ്റിപ്പറയേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം കമ്പനിയിയുടെ പ്രതികരണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ യുനിയന്‍ നേതാവ് മുന്‍പ് തൊഴിലാളികളെ സംസ്ഥാനത്തിന് പുറത്തേക്ക് വിട്ടത് ഡെപ്യൂട്ടേഷന്‍ പ്രകാരമായിരുന്നെന്നും ഇതിന് സംഘടന ഏതിരല്ലെന്നും പ്രതികരിച്ചു.

1972ല്‍ 10 തൊലിലാളികളും 5 ലക്ഷം രൂപ മുതല്‍ മുടക്കിലും ഇപ്പോഴത്തെ എംഡി വിജു ജേക്കബിന്റെ പിതാവ് സി വി ജേക്കബ് എറണാകുളത്തെ കൊലഞ്ചേരിയില്‍ ആരംഭിച്ച കമ്പനിയായ സിന്തെറ്റ് ഇന്ന് 2500 തൊഴിലാളികളും 1800 കോടി ആസ്തിയുമുള്ള കമ്പനിയാണ്. ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ 50 ശതമാനവും സിന്തെറ്റിന് കീഴിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍