UPDATES

വിപണി/സാമ്പത്തികം

ചെലവു ചുരുക്കാന്‍ ജീവനക്കാരെ പിരിച്ചുവിടുന്ന ടെക് മഹീന്ദ്ര സിഇഒയ്ക്ക് മൂന്ന് മടങ്ങ് ശമ്പള വര്‍ദ്ധനവ്

ഫെബ്രുവരിയില്‍ ആറ് വര്‍ഷത്തിന് മുകളില്‍ അനുഭവസമ്പത്തുള്ള ജീവനക്കാരെയെല്ലാം ടെക് മഹീന്ദ്ര പിരിച്ചുവിട്ടിരുന്നു

ചെലവ് ചുരുക്കലിന്റെ പേരില്‍ ജീവനക്കാരെ പിരിച്ചുവിടുന്ന ഐടി ഭീമന്‍ ടെക് മഹീന്ദ്ര സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സി പി ഗുര്‍നാനിയ്ക്ക് ഈ വര്‍ഷം ശമ്പളം വര്‍ദ്ധിപ്പിച്ചത് മൂന്നിരട്ടി. 150.7 കോടി രൂപയാണ് ഗുര്‍നാനിയുടെ ഈ വര്‍ഷത്തെ ശമ്പളം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയാണ് ഇതെന്നും ഇന്ത്യന്‍ ഐടി മേഖലയില്‍ ഇതോടെ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന വ്യക്തിയായി ഗുര്‍നാനി മാറിയെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പറയുന്നു.

അടുത്തിടെ കമ്പനിയിലെ ഒരു ജീവനക്കാരനെ എച്ച്ആര്‍ മാനേജര്‍ നിര്‍ദാക്ഷിണ്യം പിരിച്ചുവിടുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. തന്നെ പിരിച്ചുവിടുന്നത് ചെലവ് ചുരുക്കലിന്റെ ഭാഗമാണെന്നതിന് രേഖ വേണമെന്നാണ് 6.45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോയില്‍ ജീവനക്കാരന്‍ ആവശ്യപ്പെടുന്നത്. ഫെബ്രുവരിയില്‍ ആറ് വര്‍ഷത്തിന് മുകളില്‍ അനുഭവസമ്പത്തുള്ള ജീവനക്കാരെയെല്ലാം ടെക് മഹീന്ദ്ര പിരിച്ചുവിട്ടിരുന്നു. ശമ്പളവും കമ്മിഷനും കൂടാതെ ഗുര്‍നാനിയുടെ മുപ്പത് ലക്ഷത്തോളം വരുന്ന ഓഹരികളില്‍ നിന്നാണ് അദ്ദേഹത്തിന് പ്രധാനമായും വരുമാനം ലഭിക്കുന്നത്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നീ ഐടി സ്ഥാപനങ്ങളിലെ മുഴുവന്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ലഭിക്കുന്നതിനേക്കാള്‍ കൂടുതലാണ് ഗുനാനിക്ക് ലഭിക്കുന്ന ശമ്പളം. മുന്‍ ടിസിഎസ് സിഇഒയായിരുന്ന ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖറിനും ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഈവര്‍ഷം 30.15 കോടിയാണ് അദ്ദേഹത്തിന്റെ ശമ്പളം. ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക കഴിഞ്ഞ വര്‍ഷത്തെ ശമ്പളമായ 45.11 കോടിയില്‍ തന്നെ ഈ വര്‍ഷവും തുടരും.

ആഗോളതലത്തില്‍ ഐടി മേഖല നേരിടുന്ന അനിശ്ചിതത്വത്തിന്റെ ഫലമായി പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യന്‍ ഐടി മേഖല ഒറ്റ അക്ക വളര്‍ച്ച നിരക്കിലാണ് ഇപ്പോള്‍. ഈ സാഹചര്യത്തിലും സ്ഥാപനങ്ങളുടെ സുപ്രധാന പദവികളിലിരിക്കുന്നവരുടെ ശമ്പളം വര്‍ദ്ധിക്കുന്നത് ബിസിനസിനെ ബാധിക്കുമെന്ന് റോമിത മജുംദാര്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡിലെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഐടി മേഖലയിലെ യുവാക്കളുടെ തൊഴില്‍ സംരക്ഷിക്കാന്‍ ഉയര്‍ന്ന പദവിയിലിരിക്കുന്നവര്‍ തങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തയ്യാറാകണമെന്ന് നേരത്തെ ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി ആവശ്യപ്പെട്ടിരുന്നു.

ഏപ്രിലില്‍ ഇന്‍ഫോസിസ് സിഇഒ യു ബി പ്രവീണ്‍ റാവുവിന്റെ വരുമാനം വര്‍ദ്ധിപ്പിച്ചതിനെ അദ്ദേഹം എതിര്‍ത്തിരുന്നു. ഭൂരിഭാഗം ജീവനക്കാരുടെയും വരുമാനത്തില്‍ 6-8 ശതമാനം മാത്രം വര്‍ദ്ധനവുണ്ടാകുമ്പോള്‍ ഉയര്‍ന്ന പദവിയിലിരിക്കുന്നവരുടെ വരുമാനത്തില്‍ 60-70 ശതമാനം മാത്രം വര്‍ദ്ധനവുണ്ടാകുന്നത് ശരിയായ രീതിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍