UPDATES

വിപണി/സാമ്പത്തികം

ഏഞ്ചല്‍ഫിഷ് ഒരു ചെറിയ മീനല്ല അഥവാ ഇന്ത്യയിലെ ചെറുകിടക്കാര്‍ ഒരു ചെറിയ മീനാണ്

അമേരിക്കയിലേത് മാത്രം ഇപ്പോള്‍ തന്നെ 2500 കോടി രൂപയുടെ കൗതുക മത്സ്യ വിപണിയാണ്

വേറെ പണിയൊന്നും ഇല്ലാത്തവരാണ് കണ്ണാടിക്കൂട്ടില്‍ മീന്‍വളര്‍ത്തുന്നത് എന്ന എന്റെ തെറ്റിദ്ധാരണ മാറിയത് അടുത്തിടെ ഒരു മീന്‍കൂട് സമ്മാനം കിട്ടിയപ്പോഴാണ്. മകളുടെ കൂട്ടുകാരി സമ്മാനം തന്നതായിരുന്നു ആ സ്വര്‍ണമീനുകളെ. മീനുകള്‍ പൂച്ചയെയോ നായയെയോ പോലെ കൂട്ടാവുമെന്നും അവ നമ്മെ കാണുമ്പോള്‍ കൂട്ടത്തോടെ ചില്ലിനരികിലേക്ക് ഓടി വരുമെന്നും എനിക്ക് ഇതുവരെ അറിയുമായിരുന്നില്ല. ഒരുപാട് മനുഷ്യരുടെ മീന്‍വളര്‍ത്തല്‍ കൗതുകത്തിന്റെ രഹസ്യാനന്ദം എനിക്ക് ഇപ്പോള്‍ മനസ്സിലാവുന്നുണ്ട്; എനിക്കല്ല പലര്‍ക്കും.

വെറും 300 കോടിയുടേത് മാത്രമാണ് ഇപ്പോള്‍ ഇന്ത്യയിലെ അലങ്കാര മത്സ്യ വിപണി. പക്ഷെ, അടുത്ത കുറച്ചു കൊല്ലത്തിനകം അത് 1200 കോടിയെങ്കിലുമായി വളരുമെന്നാണ് കണക്കുകള്‍. ചെറിയ വഴിയോര കച്ചവടക്കാര്‍, മീനിനെ ഇടുന്ന കണ്ണാടിപ്പെട്ടിയും ഭംഗിക്ക് അതില്‍ വെയ്ക്കുന്ന കൗതുക സാധനങ്ങളുമൊക്കെ ഉണ്ടാക്കി വില്‍ക്കുന്ന കുറച്ചു പേര്‍. അങ്ങനെ അസംഘടിതമായ ഒരു തൊഴില്‍ മേഖലയാണത്. റോഡുസൈഡിലൊക്കെ ചെറിയ കടമുറികളില്‍ അക്വേറിയം വിറ്റു ജീവിക്കുന്ന കുറച്ചു പേര്‍ നിലനിര്‍ത്തുന്ന ഒരു മാര്‍ക്കറ്റ്. ആയിരം രൂപയൊക്കെ ഉണ്ടെങ്കില്‍ അഞ്ചാറു കൊച്ചു ഗോള്‍ഡ്ഫിഷ് ഒക്കെയുള്ള ഒരു കുഞ്ഞു ഗ്ലാസ്പെട്ടി വാങ്ങി വീട്ടില്‍ കൊണ്ടുവച്ച് ഭംഗി കാണാവുന്നത്ര ചെറിയ മേഖല.

പക്ഷെ, ആഗോള മാര്‍ക്കറ്റില്‍ ഇതല്ല അവസ്ഥ. ലോകത്തെവിടെയും ഇത് പണമുള്ളവന്റെ വലിയ കൗതുകമാണ്. നമ്മുടെ വീട്ടിലെ ജനാലയരികിലെ നാല് സ്വര്‍ണമീനുകളല്ല അക്വേറിയം. കൂറ്റന്‍ മാളികകളിലെയും മാളുകളിലെയും വമ്പന്‍ ദൃശ്യാത്ഭുതങ്ങളുടെ വര്‍ണ്ണപ്പകിട്ടാണത്. വര്‍ഷം ഒന്നര ലക്ഷം കോടി രൂപ ഒഴുകുന്ന ഗ്ലോബല്‍ ഹോബി വിപണി. അമേരിക്കയിലേത് മാത്രം ഇപ്പോള്‍ തന്നെ 2500 കോടി രൂപയുടെ കൗതുകമല്‍സ്യ വിപണിയാണ്. 150 കോടി ‘ഉന്നതകുല’ മീനുകളാണ് ഒരു വര്‍ഷം അമേരിക്കന്‍ സമ്പന്നര്‍ വാങ്ങുന്നത്. യൂറോപ്പില്‍ കമ്പം അതിലും കൂടും. ചൈനയില്‍ നന്നായി വളര്‍ന്നുവരുന്നുണ്ട്.

ഈയൊരു മാര്‍ക്കറ്റില്‍ വമ്പന്മാര്‍ക്കു കളിക്കാന്‍ കളമൊരുക്കുന്ന പണി ഏറെ നാളായി ഇന്ത്യയിലും സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. വന്‍തോതില്‍ അലങ്കാരമത്സ്യങ്ങളെ ഉത്പ്പാദിപ്പിക്കാന്‍ പത്തു കോടിയുടെ പാര്‍ക്ക് ചെന്നൈയില്‍ വന്നുകഴിഞ്ഞു. രാജസ്ഥാനില്‍ മറ്റൊന്ന് വരുന്നു. മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റി (MPEDA) അടുത്തിടെ, വന്‍കിട അലങ്കാര മത്സ്യ ഉത്പാദന സൗകര്യങ്ങള്‍ ഒരുക്കുന്നവര്‍ക്ക് സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തു വില്‍ക്കുന്ന കൗതുക മീനുകളുടെ ഒരു ശതമാനം മാത്രമേ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളൂ; അത് പത്തെങ്കിലുമാക്കി ഉയര്‍ത്തലാണ് ലക്ഷ്യം.

അങ്ങനെ വളരെ കളര്‍ഫുള്ളായ ഒരു ആഗോളവിപണിയില്‍ ചെറുകിടക്കാര്‍ക്കു സ്ഥാനമില്ല. ആഗോളവല്‍ക്കരണത്തിന് ശേഷം ഒട്ടനവധി തൊഴില്‍ മേഖലകളില്‍ സംഭവിച്ചതുപോലെ ഈ മാര്‍ക്കറ്റിലും സാധാരണക്കാര്‍ തുടച്ചുമാറ്റപ്പെടുകയാണ്. ‘അടച്ചുപൂട്ടി വീട്ടില്‍ പോകാന്‍’ പറഞ്ഞാല്‍ ഈ അത്താഴപ്പട്ടിണിക്കാര്‍ കേള്‍ക്കുമോ? അതുകൊണ്ട് ഒരു കര്‍ശന നിയമം വെച്ച് പൂട്ടിക്കണം. ലംഘിച്ചാല്‍ കട സീല്‍ ചെയ്ത്, മീന്‍ ഭരണികള്‍ അടിച്ചുപൊട്ടിച്ച്, ഉടമസ്ഥനെ കയ്യാമംവെച്ചു ജയിലില്‍ അടയ്ക്കാവുന്നത്ര ശക്തമായ നിയമംകൊണ്ടു പൂട്ടിക്കണം. അതാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

ഫുള്‍ ടൈം ഡോക്ടര്‍, വിശാലമായ ഷോറൂം… ‘നിയമം അനുസരിച്ച്’ വേണ്ടതെല്ലാം ഒരുക്കി ഭീമന്മാര്‍ കാത്തുനില്‍പ്പുണ്ട്, ഇന്ത്യന്‍ ഭംഗിമീന്‍ വിപണിയിലേക്ക് വരാന്‍. ഈ ‘ഐശ്വര്യംകെട്ട ചെറുകിടക്കാരെ’ ഒഴിപ്പിച്ച് ശുദ്ധീകരിച്ച മാര്‍ക്കറ്റില്‍ കോടികള്‍ കൊയ്യാന്‍ മാര്‍ക്കറ്റ് സ്റ്റഡികള്‍ അവര്‍ എന്നേ തുടങ്ങിക്കഴിഞ്ഞു. Swallow Aquatics എന്നൊരു വമ്പനാണ് ബ്രിട്ടീഷ് വിപണിയിലെ കേമന്‍. മീന്‍ മുതല്‍ തീറ്റ വരെ എല്ലാം അവര്‍ പല പേരില്‍ ഇറക്കുന്നുണ്ട്. അമേരിക്കയില്‍ Aqua Nautic Specialist (ANS) കമ്പനി ഉണ്ട്. ഇപ്പോള്‍ ചൈനവരെ എത്തിയ അവരുടെ വലിയൊരു നോട്ടം ഇന്ത്യയിലേക്കാണ്. വേറെയുമുണ്ട് രണ്ടു ഡസന്‍ ഗ്ലോബല്‍ ലീഡേഴ്സ്.

ഇതൊക്കെ പറഞ്ഞു എന്ന് മാത്രം. ഒരു കാര്യവും ഇല്ല. ഈ എഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളുമൊക്കെതന്നെ നാളെ വമ്പന്‍ കമ്പനികളുടെ അക്വേറിയങ്ങള്‍ ഇപ്പോഴത്തേതിന്റെ പത്തിരട്ടി വിലയ്ക്കു വാങ്ങി സ്വീകരണമുറിയില്‍ വെയ്ക്കും. അത് വൃത്തിയാക്കാന്‍ എല്ലാ മാസവും ബ്രാന്‍ഡഡ് കമ്പനിയുടെ സര്‍വീസ് ബോയ് വരും. നമ്മളുതന്നെ അവനു സന്തോഷത്തോടെ സര്‍വീസ് ചാര്‍ജും കൊടുക്കും. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ അക്വേറിയം ഒരു മണിക്കൂറിനുള്ളില്‍ വീട്ടില്‍ വരും, വൈകാതെ.

ആഴ്ചയില്‍ ഒന്നോ രണ്ടോ അക്വേറിയം വിറ്റു ജീവിക്കുന്ന ഇപ്പോഴത്തെ പാവങ്ങള്‍ക്ക് എത്രയും വേഗം അടച്ചുപൂട്ടി പോകാം. അല്ലെങ്കില്‍ വേറെ തൊഴില്‍ നോക്കാം. മറ്റു വഴിയൊന്നും ഇല്ലേല്‍ കെട്ടിത്തുങ്ങി ചാവാം. ഈ ‘വളരുന്ന സമ്പദ്വ്യവസ്ഥയില്‍’ സത്യത്തില്‍ നിങ്ങളൊക്കെ ഒരു അഭംഗിയാണ്! നമുക്ക്, കാഴ്ചക്കാര്‍ക്ക് തത്ക്കാലം കുഴപ്പമില്ല. പക്ഷെ ഓര്‍ക്കണേ, ബ്രാന്‍ഡ് ആക്കി വില്‍ക്കാവുന്ന തൊഴില്‍ മേഖലകളുടെ എണ്ണം അലങ്കാര മല്‍സ്യത്തില്‍ തീരുന്നില്ല. അവര്‍ നാളെ നമ്മളെയും തേടിവരികതന്നെ ചെയ്യും..!

(അബ്ദുള്‍ റഷീദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍