UPDATES

വിപണി/സാമ്പത്തികം

ബാങ്ക് പണിമുടക്കിന്റെ കാണാപ്പുറങ്ങള്‍

വന്‍ പ്രവര്‍ത്തന ലാഭമുണ്ടാക്കുന്ന ബാങ്കുകളെ മൂലധന അപര്യാപ്തതയിലേക്കും നഷ്ടക്കണക്കിലേക്കും തള്ളി വിടുന്ന ഏകഘടകം ബാങ്കുകളിലെ പെരുകുന്ന കിട്ടാക്കടം മാത്രമാണ്

മെയ് 30-31 ദിവസങ്ങളില്‍, രാജ്യമാസകലം പത്തു ലക്ഷം ബാങ്ക് ജീവനക്കാര്‍ ദ്വിദിന ദേശീയ പണിമുടക്കിലേക്കിലാണ്. എ.ടി.എം, ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുമെങ്കിലും സാമ്പത്തിക മേഖല സ്തംഭിക്കും. ഇതൊരു രാഷ്ട്രീയ സമരമല്ല. ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ദേശീയ ഐക്യവേദി ആഹ്വാനം ചെയ്ത ഈ സമരം, പ്രധാനമായും കാലാവധി കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണ കരാര്‍ സമയബന്ധിതമായി പുതുക്കണം എന്നാവശ്യപ്പെട്ടാണ്. മറ്റ് പല മേഖലകളില്‍ നിന്നും വ്യത്യസ്തമായി, സമരദിവസങ്ങളിലെ ശമ്പളവും ആനുകൂല്യങ്ങളും സ്വയം ത്യജിച്ചു കൊണ്ടാണ് ബാങ്ക് ജീവനക്കാര്‍ സമരം ചെയ്യുന്നത്. സാധാരണ ജനജീവിതത്തെയും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍, ഈ സേവനരംഗത്തെ 48 മണിക്കൂര്‍ നിശ്ചലമാക്കാന്‍ ബാങ്ക് ജീവനക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സാധാരണ ഇടപാടുകാരുടെ അതൃപ്തി സമ്പാദിച്ചും ഇത്തരമൊരു സമരത്തിലേക്ക് നീങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നത് ബാങ്കുകളും ജീവനക്കാരും നേരിടുന്ന ഭീദിതമായ ചില യാഥാര്‍ത്ഥ്യങ്ങളാണ്.

ബാങ്കുകളില്‍ ഏറെക്കാലമായി സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതും പരിഷ്‌ക്കരിക്കുന്നതും മാനേജ്‌മെന്റുകളും ജീവനക്കാരുടെ യൂണിയനുകളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഒപ്പിടുന്ന കരാറുകളിലൂടെയാണ്. ഈ കരാറുകള്‍ വ്യാവസായിക തര്‍ക്കപരിഹാര നിയമം അനുസരിച്ച് പരിരക്ഷയുള്ളവയാണ്. ശമ്പള പുനര്‍ നിര്‍ണ്ണയ പ്രക്രിയയില്‍ തങ്ങള്‍ക്ക് പങ്കാളിത്തവും കൂട്ടായ വിലപേശലിന് അവസരവും ലഭിക്കുന്ന ഈ സംവിധാനം ഒരു അമൂല്യ നേട്ടമായാണ് തൊഴിലാളി സമൂഹം കണക്കാക്കുന്നത്. 1966 മുതല്‍ പത്തു കരാറുകളാണ് നടപ്പില്‍ വന്നത്. 2012 മുതല്‍ പ്രാബല്യത്തില്‍ വന്ന പത്താമത് കരാറിന്റെ അഞ്ചു വര്‍ഷ കാലാവധി ഇക്കഴിഞ്ഞ ഒക്ടോബറില്‍ അവസാനിച്ചെങ്കിലും, പതിനൊന്നാം കരാര്‍ സമയബന്ധിതമായി പുതുക്കാനും നടപ്പിലാക്കാനും മാനേജ്‌മെന്റുകളും സര്‍ക്കാരും തയ്യാറാകാത്തതാണ് ജീവനക്കാരെ സമരത്തിലേക്ക് തള്ളി വിട്ടിരിക്കുന്നത്.

കഴിഞ്ഞ 6 മാസങ്ങളില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നു. വിവിധ സേവന വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും നല്‍കാന്‍ ഉദ്ദേശിക്കുന്ന ശമ്പള വര്‍ദ്ധന മാനേജ്‌മെന്റുകള്‍ വെളിപ്പെടുത്തിയത് ഇക്കഴിഞ്ഞ മെയ് 5നാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2 ശതമാനം വര്‍ദ്ധനവാണ് വാഗ്ദാനം. കഴിഞ്ഞ കരാറില്‍ 15 ശതമാനമായിരുന്നു വര്‍ദ്ധന. ഇക്കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും വിലക്കയറ്റം കാരണം ജീവിതച്ചിലവ് പലമടങ്ങ് വര്‍ദ്ധിച്ചിരിക്കുമ്പോഴാണ് കേവലം 2 ശതമാനം മാത്രം വര്‍ദ്ധനവ് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നോര്‍ക്കണം. ഇനി ഒരു കരാര്‍ പരിഷ്‌കരണം 5 വര്‍ഷങ്ങള്‍ക്ക് അപ്പുറമേ ഉണ്ടാകൂ. മാത്രവുമല്ല, ജീവനക്കാരുടെ ജോലിഭാരവും ഉത്തരവാദിത്തങ്ങളും ഇക്കാലയളവില്‍ ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. ഇടപാടുകളുടെ വ്യാപ്തിയും ഇടപാടുകാരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. സര്‍ക്കാര്‍ നയങ്ങളാലും സാങ്കേതിക പരിഷ്‌കാരങ്ങളാലും ജോലിയുടെ സ്വഭാവം അനുദിനം ദുരിതപൂര്‍ണ്ണമാവുകയാണ്. മിക്ക ബാങ്കുകളിലും അപ്രഖ്യാപിത നിയമന നിരോധനത്താല്‍ ജീവനക്കാരുടെ ഗണ്യമായ അഭാവവും അമിതജോലി ഭാരവും നിലനില്ക്കുന്നു. മാത്രവുമല്ല, പതിവിനു വിപരീതമായി, സ്‌കെയില്‍ 4 മുതല്‍ സ്‌കെയില്‍ 7 വരെയുള്ള ഓഫീസര്‍മാരെ ഇത്തവണ കരാറിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ല എന്ന വാദവും സര്‍ക്കാര്‍ ഉയര്‍ത്തുന്നു.

സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന പ്രധാന കാരണം ബാങ്കുകളുടെ പക്കല്‍ പണമില്ല, ബാങ്കുകള്‍ നഷ്ടത്തിലാണ് എന്നതാണ്. ഈ ‘നഷ്ട’വാദമാണ് ഈ സമരത്തിലെ സുപ്രധാന വിഷയം. വേതനപരിഷ്‌കരണം എന്ന ആവശ്യത്തിനപ്പുറം, രാജ്യത്തെ ബാങ്കുകളുടെ നിലനില്പിനെ സംബന്ധിച്ച വിഷയം കൂടിയാണത്. 2017 മാര്‍ച്ച് മാസം അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ നേടിയ പ്രവര്‍ത്തന ലാഭം 1,59,000 കോടി രൂപയ്ക്കടുത്താണ്. ഇതിന്മേല്‍ കിട്ടാക്കടങ്ങള്‍ക്കായി മാറ്റിയിരുത്തിയത് 1,70,000 കോടി രൂപ. ഫലത്തില്‍ അറ്റനഷ്ടം 11,000 കോടി രൂപ. മുന്‍ വര്‍ഷങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. 2018 മാര്‍ച്ച് മാസം അവസാനിച്ച ത്രൈമാസിക കാലത്ത് എസ്.ബി.ഐ.യുടെ മാത്രം പ്രവര്‍ത്തന ലാഭം 15,883 കോടി രൂപയാണ്. കിട്ടാക്കടങ്ങള്‍ക്കായി നീക്കി വച്ചത് 23,601 കോടി. അറ്റ നഷ്ടം 7,718 കോടി. ഏതാനും ചിലത് ഒഴിച്ചാല്‍ മറ്റ് മിക്ക ബാങ്കുകളും ഇതേ പാതയിലാണ്. ചുരുക്കത്തില്‍ വന്‍ പ്രവര്‍ത്തന ലാഭമുണ്ടാക്കുന്ന ബാങ്കുകളെ മൂലധന അപര്യാപ്തതയിലേക്കും നഷ്ടക്കണക്കിലേക്കും തള്ളി വിടുന്ന ഏകഘടകം ബാങ്കുകളിലെ പെരുകുന്ന കിട്ടാക്കടം മാത്രമാണ്. മാന്യമായി ബിസിനസ് ചെയ്ത് ഉണ്ടാക്കുന്ന ലാഭം, കിട്ടാക്കടങ്ങളും തട്ടിപ്പുകളും മൂലമുണ്ടാകുന്ന നഷ്ടം നികത്താന്‍ വക മാറ്റുന്നതു കൊണ്ട് ബാങ്കുകളില്‍ പണമില്ല. വേതനം വര്‍ദ്ധിപ്പിക്കാനാവുന്നില്ല എന്ന് മാത്രമല്ല, പല ബാങ്കുകളും തകര്‍ച്ചയുടെ വക്കിലുമാണ്.

കിട്ടാക്കടം എന്ന പകല്‍ക്കൊള്ള വരുത്തി വയ്ക്കുന്നത്, രാജ്യത്തെ മുതലാളിമാരും സര്‍ക്കാര്‍ സംവിധാനങ്ങളും ചില ബാങ്ക് തലവന്‍മാരും ചേര്‍ന്നുള്ള കൂട്ടായ ഒത്തുകളികളിലൂടെയാണെന്ന് ഇതിനകം രാജ്യത്തെ ജനങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ടാകുമല്ലോ. മനപൂര്‍വം കിട്ടാക്കടം വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കണം എന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. സാധാരണക്കാരന്റെ കൃഷിവായ്പയോ വിദ്യാഭ്യാസ വായ്പയോ കുടിശ്ശിക ആയാല്‍ കണ്ണില്‍ ചോരയില്ലാതെ നടപടിയെടുക്കുന്ന അധികാരികള്‍ വന്‍കിടക്കാരുടെ തട്ടിപ്പിനെതിരെ ശക്തമായ നടപടികളെടുക്കാനും നിയമനിര്‍മ്മാണം നടത്താനും തയ്യാറാകാത്തതാണ് ബാങ്കുകളെ ഈ നിലയില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്.

ബാങ്ക് പണിമുടക്ക് എന്തിന്? ആരെ എങ്ങനെ ബാധിക്കും? അറിയേണ്ടതെല്ലാം!

ഇതേ ‘നഷ്ട’വാദം തന്നെയാണ് അന്യായമായ സേവനഫീസുകളും പിഴകളും ചാര്‍ജുകളും സാധാരണക്കാരില്‍ നിന്ന് ഈടാക്കാന്‍ ബാങ്ക് മുതലാളിമാര്‍ ആയുധമാക്കുന്നത്. കുത്തകകളായ കാട്ടുകള്ളന്‍മാര്‍ക്ക് യഥേഷ്ടം പൊതുപണം തരപ്പെടുത്തിക്കൊടുത്തിട്ട് ആ നഷ്ടം നികത്താന്‍ പാവപ്പെട്ടവനെ പിഴിഞ്ഞ് വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന സാമ്പത്തിക തത്വമാണ് ബാങ്കുകള്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഈ പിടിച്ചു പറിയെ ന്യായീകരിക്കാന്‍ കൗണ്ടറുകളില്‍ നിയുക്തരായിരിക്കുന്ന ജീവനക്കാര്‍, സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ദൈന്യതയ്ക്കും രോഷത്തിനുമിടയില്‍ നിസ്സഹായരാവുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ‘നോട്ട് നിരോധന’ അഭ്യാസത്തിന് ശേഷമുള്ള കാലഘട്ടത്തില്‍ വലിയ വെല്ലുവിളികളാണ് ബാങ്ക് ജീവനക്കാര്‍ക്ക് നേരിടേണ്ടി വന്നത്. കറന്‍സി ക്ഷാമം ഇന്നും രാജ്യത്തിന്റെ പല ഭാഗത്തും പ്രകടമാണ്. വേണ്ടത്ര മുന്നൊരുക്കമില്ലാതെ ജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പ്രസ്തുത പരിപാടിയുടെ ഭാരം പേറേണ്ടി വന്നത് രാപകലില്ലാതെ കഷ്ടപ്പെട്ട ബാങ്ക് ജീവനക്കാരാണ്. അക്കാലയളവിലെ സേവനത്തിന് ന്യായമായ അധികവേതനം നല്‍കാന്‍ പോലും മിക്ക ബാങ്കുകളും വിസമ്മതിച്ചത് വാര്‍ത്ത ആയിരുന്നു. ഇതു കൂടാതെ സര്‍ക്കാര്‍ പദ്ധതികളായ ജന്‍ ധന്‍, സബ്‌സിഡികള്‍, ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍, വിവിധ സാമൂഹ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികള്‍, മുദ്രാ യോജന തുടങ്ങി ആധാര്‍ വരെ നടപ്പിലാക്കാന്‍ ചുമതലപ്പെട്ടിരിക്കുന്നതും ബാങ്ക് ജീവനക്കാരാണ്. വന്‍കിട തട്ടിപ്പുകളുടെ ഈ കാലഘട്ടത്തില്‍ ബാങ്കുകളുടെ ജനവിശ്വാസത്തിന് കാതലായ കോട്ടം തട്ടിയിട്ടും, സാധാരണക്കാരന്റെ നിക്ഷേപത്തിന്റെയും താത്പര്യങ്ങളുടെയും വിശ്വസ്തരായ കാവല്‍ക്കാര്‍ എന്ന ചുമതല ഭംഗിയായി നിര്‍വ്വഹിച്ച് ജനപക്ഷത്ത് നില്ക്കാന്‍ ശരാശരി ബാങ്ക് ജീവനക്കാരനും അവരുടെ സംഘടനകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന ബാങ്കിംഗ് സൗകര്യം സൗജന്യമായി, മൗലികാവകാശമാക്കണം എന്നത് സംഘടനകളുടെ ഏറെക്കാലമായ ആവശ്യമാണ്.

മൂന്നു വര്‍ഷം കൊണ്ട് എസ്ബിഐ എഴുതിത്തള്ളിയത് 40,000 കോടി രൂപ, വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിശ്വാസ്യതയെ ബാധിക്കുമെന്നും വാദം

ബാങ്ക് ജീവനക്കാരുടെ ഇന്നത്തെ ശമ്പളം സര്‍ക്കാര്‍ മേഖലയിലും സമാനമായ ഇതര സേവന മേഖലകളിലും സ്വകാര്യ മേഖലയിലും പോലും ഇന്നുള്ളതിനേക്കാള്‍ താരതമ്യത്തില്‍ ഏറെ പിന്നിലാണ്. ഉത്തരവാദിത്വവും റിസ്‌കും ഏറെയുള്ള ബാങ്കിംഗ് മേഖലയില്‍ ഇന്നുള്ള വേതനക്രമം അത്ര ആകര്‍ഷകമല്ല എന്നു തന്നെ പറയാം. ജോലി കമ്പോളത്തില്‍ സമീപകാലത്ത് ബാങ്ക് ഉദ്യോഗത്തിന് ഇടിവ് സംഭവിച്ചിരിക്കുന്നു. പ്രതിഭാധനരായ ഉദ്യോഗാര്‍ത്ഥികളെ ഈ സുപ്രധാന രംഗത്തേക്ക് ആകര്‍ഷിക്കാന്‍ ഇന്നത്തെ പാക്കേജുകള്‍ പര്യാപ്തമല്ല. ആഗോള വത്കരണത്തിന്റെ തുടക്കം മുതല്‍ ലാഭം വര്‍ദ്ധിപ്പിക്കാനായി ബാങ്കുകള്‍ നടത്തിയ അമിത പ്രയത്‌നം മൂലം, കഴിഞ്ഞ ഏതാനും കരാറുകളില്‍ ന്യായമായ വര്‍ദ്ധനവ് ലഭിക്കാത്തതാണ് ഇതിന് കാരണമായി ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ബാങ്കുകളെ സ്വകാര്യവത്കരിക്കാനും അനിയന്ത്രിത വിദേശനിക്ഷേപം അനുവദിക്കാനും ഉള്ള നീക്കങ്ങളും രാജ്യത്ത് സജീവമാണ്. കിട്ടാക്കടം വരുത്തി ബാങ്കുകളെ തകര്‍ക്കുന്ന അതേ സ്വകാര്യ മുതലാളിമാരെത്തന്നെയൊ അവരുടെ ബിനാമികളെയോ ഈ ബാങ്കുകള്‍ ഏല്പിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നില്‍. ‘ജനസമ്പാദ്യം ജനനന്മയ്ക്ക്’, ‘പൊതുപണം പൊതുമേഖലയില്‍’ എന്ന മുദ്രാവാക്യങ്ങളുമായി ഇത്തരം ശ്രമങ്ങള്‍ക്കെതിരായ ജനകീയ പ്രതിരോധത്തിന് മുന്‍കൈ എടുക്കുന്ന ജീവനക്കാരുടെ സംഘടനകളെ ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് വേതന കരാര്‍ അട്ടിമറിക്കല്‍ എന്നും ജീവനക്കാര്‍ കരുതുന്നു. ബാങ്കിംഗ് മേഖലയിലെ സംഘടിത തൊഴിലാളി ശക്തിയെ തകര്‍ക്കാതെ ഈ മേഖലയില്‍ കൈവിട്ട കളികള്‍ സാധ്യമാവില്ല എന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടാവാം.

ബാങ്കുകള്‍ നാടിന്റെ സ്വത്താണ്. അതിന്റെ നിലനില്പ് നമ്മുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനവും. ബാങ്കുകളുടെ നിലനില്പിനായി ജീവനക്കാര്‍ നടത്തുന്ന ദേശസ്‌നേഹപരമായ ഈ ചെറുത്തുനില്പിന് പൊതുസമൂഹം നല്കുന്ന പിന്തുണ, ഏറെ നിര്‍ണ്ണായകമാവും.

വിജയ് മല്യയുടെ കടം എഴുതിത്തള്ളുന്ന ബാങ്ക് ലക്ഷംവീട് കോളനിയിലെ ഹമീദാ ബീവിയുടെ പെന്‍ഷന്‍ കാശ് കൊള്ളയടിക്കുന്നു

സന്തോഷ് സെബാസ്റ്റ്യന്‍

സന്തോഷ് സെബാസ്റ്റ്യന്‍

സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ ജീവനക്കാരനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമാണ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍