UPDATES

വിപണി/സാമ്പത്തികം

ആരുമില്ലേ ഈ കുപ്പിവെള്ള കൊള്ളക്കാരെ നിലയ്ക്കുനിര്‍ത്താന്‍?

മുഖ്യമന്ത്രിയേയും ധനകാര്യ മന്ത്രിയേയും ഫുഡ്&സിവിൽ സപ്ളൈസ് മന്ത്രിയേയും കണ്ട് വിഷയം സംസാരിച്ചിരുന്നു. നല്ല കാര്യമാണെന്ന് വര്‍ത്തമാനം പറയുന്നതല്ലാതെ യാതൊരു നടപടിയും ഇത് വരെ ഉണ്ടായിട്ടില്ലെന്ന് കുപ്പിവെള്ള നിര്‍മ്മാതാക്കള്‍

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

വേനലിന്‍റെ ചൂട് കൂടൂന്നതിനനുസരിച്ച് കുപ്പിവെള്ള വിപണിയും ചൂട് പിടിച്ച് വരികയാണ്. ആരോഗ്യപരമായുള്ള കരുതലും ഉപയോഗിക്കാനുള്ള സൗകര്യവുമൊക്കെ കൊണ്ട് സാധാരണക്കാർ വരെ മിനറൽ വാട്ടർ കുപ്പികളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഒരു കുപ്പി വെള്ളത്തിന് 20 രൂപ എന്നത് എതിർപ്പൊന്നും കൂടാതെ എല്ലാവരും അംഗീകരിച്ച സംഗതിയുമായി മാറി. 19 രൂപക്ക് കമ്പനി വിൽക്കുന്ന വെള്ളവും, 15 രൂപയുടെ റെയിൽനീരും വാങ്ങിയാലും ബാക്കി പൈസ കിട്ടാനുണ്ടെന്ന് പലരും ഓർക്കാറില്ല.

ഒരു ദിവസം പുറത്ത് ചിലവഴിക്കുന്ന നാലംഗ കുടുംബം നൂറിലധികം രൂപയാണ് കുപ്പി വെള്ളത്തിന് മാത്രം ചിലവഴിക്കേണ്ടി വരുന്നത്. വേനലിന്‍റെ കാഠിന്യമേറുന്നതോടെ അത് അത്യന്താപേക്ഷിതമായി മാറും. ഈ അവസ്ഥയിലേക്ക് വിപ്ളവകരമായ ഒരു നീക്കവുമായാണ് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ടേഴ്സ് അസ്സോസിയെഷന്‍ വന്നത്. ഏപ്രിൽ രണ്ട് മുതൽ ഒരു കുപ്പി വെള്ളത്തിന് ഇനി മുതല്‍ പന്ത്രണ്ട് രൂപ എം ആര്‍ പി ഈടാക്കിയാൽ മതിയെന്നായിരുന്നു അവരുടെ തീരുമാനം. എന്നാൽ വ്യാപാരികൾ ഈ നിർദ്ദേശം അംഗീകരിക്കാതിരിക്കുകയും സർക്കാർ വേണ്ട ഇടപെടലുകൾ നടത്താതിരിക്കുകയും ചെയ്തതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് കുടിവെള്ള നിർമ്മാതാക്കൾ. ജനങ്ങള്‍ക്ക് കുറഞ്ഞ വിലക്ക് കുടിവെള്ളം ലഭ്യമാകാനുള്ള അവസരമാണ് ഇല്ലാതാകുന്നത്.

നൂറോളം കുടിവെള്ളക്കമ്പനികൾക്ക് അംഗത്വമുള്ള സംഘടനയാണ് എ കെ ബി ഡബ്ല്യു എ. വില കുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടെടുപ്പിൽ 64 അംഗങ്ങളും അതിനെ പിന്തുണച്ചിരുന്നു. എതിർപ്പുയർത്തിയവർ വെറും ഇരുപത് ആയത് കൊണ്ട് തീരുമാനം നടപ്പിലാക്കാൻ പാകത്തില്‍ ഭൂരിപക്ഷം ലഭിച്ചു. ജനങ്ങൾക്ക് വലിയ ഉപകാരപ്രദമാകുമായിരുന്ന ഈ നടപടി, കുടിവെള്ള മാർക്കറ്റിലെ ബഹുരാഷ്ട്ര കുത്തകകളുടെ പിടിമുറുക്കലിനെ കൂടി നേരിടാൻ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. AKBWA ജനറൽ സെക്രട്ടറി സോമൻ പിള്ള പറയുന്നു.

“ഏപ്രില്‍ രണ്ട് മുതല്‍ ഏഴു വരെയുള്ള തിയ്യതികളിൽ ഇത് നടപ്പാക്കാനുള്ള മാർഗങ്ങൾ ഘട്ടം ഘട്ടമായി കൊണ്ട് വന്നിരുന്നു. കൊല്ലം, തിരുവനന്തപുരം, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലൊക്കെ പന്ത്രണ്ട് രൂപക്ക് വിൽക്കാനുള്ള സജ്ജീകരണങ്ങൾ നടത്തി. അതിൽ പതുക്കെ ഒരു റിസള്‍ട്ട് ഉണ്ടാക്കി കൊണ്ട് വരികയുമായിരുന്നു. പന്ത്രണ്ട് രൂപക്ക് വിൽക്കേണ്ട വെള്ളത്തിന് പകരം എം.ആർ.പി ഇരുപതിന്‍റെ വെള്ളം എടുത്താൽ മതിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസ്താവനയും വന്നതോടെ ഞങ്ങൾ പ്രതിസന്ധിയിലായി. സ്വതവേ എതിർപ്പുണ്ടായിരുന്ന കച്ചവടക്കാർ വെള്ളം എടുക്കാന്‍ വിസമ്മതിച്ചു. മുഖ്യമന്ത്രിയേയും ധനകാര്യ മന്ത്രിയേയും ഫുഡ്&സിവിൽ സപ്ളൈസ് മന്ത്രിയേയും കണ്ട് വിഷയം സംസാരിച്ചിരുന്നു. നല്ല കാര്യമാണെന്ന് വര്‍ത്തമാനം പറയുന്നതല്ലാതെ യാതൊരു നടപടിയും ഇത് വരെ ഉണ്ടായിട്ടില്ല. സർക്കാർ തലത്തില്‍ നിന്നുള്ള പിന്തുണ ഉണ്ടെങ്കിൽ നമുക്കിത് ഫലപ്രദമായി പ്രാവർത്തികമാക്കാമായിരുന്നു.” മഴവില്ല് എന്ന കുപ്പിവെള്ള കമ്പനി ഉടമ കൂടിയായ സോമൻ പിള്ള വിവരിച്ചു.

നികുതി ഉൾപ്പെടെ എട്ട് രൂപ അമ്പത് പൈസക്ക് ഉത്പാദകരിൽ നിന്ന് ലഭിക്കുന്ന കുപ്പിവെള്ളമാണ് ഇരുപത് രൂപ എം.ആർ.പി യിൽ വ്യാപാരികൾ വിറ്റു കൊണ്ടിരുന്നത്. ഈ ലാഭ വിഹിതത്തിൽ കുറവ് വരുത്തി വിൽക്കാനാണ് AKBWA ആവശ്യപ്പെടുന്നത്. നാൽപത് ശതമാനം ലാഭം അപ്പോഴും വ്യാപാരികൾക്കുണ്ട്. നൂറ്റി അൻപത് രൂപക്കാണ് ബഹുരാഷ്ട്ര കമ്പനികളിൽ നിന്ന് പന്ത്രണ്ട് കുപ്പികളടങ്ങുന്ന ഒരു പെട്ടി വ്യാപാരികൾ വാങ്ങുന്നത്. കേരളത്തിലെ ഉത്പാദകർ നൽകുന്നത് നൂറ് രൂപക്കും. പന്ത്രണ്ട് രൂപക്ക് വിറ്റാലും മൂന്നര-നാല് രൂപ ഓരോ കുപ്പിയിൽ നിന്നും ലാഭമുണ്ടാകും.

നിർമ്മാതാക്കൾ പ്രിൻറ് ചെയ്തിരിക്കുന്ന എം.ആർ.പിയിൽ നിന്ന് മാറ്റി വിൽക്കില്ലെന്നാണ് കേരള വ്യാപാരി വ്യവസായി സമിതിയുടേയും ഹോട്ടൽസ് & റസ്റ്റോറൻറ്സ് അസ്സോസിയേഷന്‍റെയും നിലപാട്.

കുപ്പിവെള്ള നിർമാതാക്കൾക്ക് താക്കീതുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ; ഈ നമ്പരുകൾ സേവ് ചെയ്യൂ!

“ഒരു ഉത്പന്നം ഏത് വിലക്ക് വിൽക്കണമെന്ന് ഞങ്ങൾ തീരുമാനിക്കില്ല. കമ്പനി പറയുന്ന വിലക്ക് ഞങ്ങൾ ഉൽപന്നങ്ങൾ വിൽക്കും. AKBWA പന്ത്രണ്ട് രൂപ പ്രിൻറ് ചെയ്താൽ ഞങ്ങൾ ആ വിലക്ക് വിൽക്കും. ഒരു കുപ്പി മിനറൽ വാട്ടർ വിൽക്കുന്നതിന് മുമ്പ് അത് തണുപ്പിക്കാനും, സൂക്ഷിക്കാനും വേസ്റ്റ് ബോട്ടിൽ സംസ്കരിക്കാനും സ്റ്റോറേജിനുള്ള വൈദ്യുതി ചാര്‍ജ്ജുമൊക്കെയായി ചിലവുണ്ട്. അതുകൊണ്ടൊക്കെ ഈ വില ഞങ്ങൾക്ക് നഷ്ടമാണ് ഉണ്ടാക്കുക.” ഹോട്ടൽസ് &റസ്റ്റോറൻസ് അസ്സോസിയെഷന്‍ സംസ്ഥാന ഭാരവാഹി മൊയ്ദിൻ കുട്ടി ഹാജി പ്രതികരിച്ചു.

ഇടതുപക്ഷാഭിമുഖ്യമുള്ള കേരള വ്യാപാരി വ്യവസായി സമിതിയുടെ പ്രസിഡന്‍റ് ബിന്നി ഇമ്മട്ടിയും സമാന നിലപാടാണ് പ്രകടിപ്പിച്ചത്. “പന്ത്രണ്ട് രൂപ പറഞ്ഞെങ്കിലും കടകളിൽ എത്തിയത് എം.ആർ.പി ഇരുപത് എന്ന് അച്ചടിച്ച കുപ്പികളാണ്. പന്ത്രണ്ടെന്ന് അടിച്ചത് വന്നാൽ അങ്ങനെ വിൽക്കും. എം.ആർ.പിയിൽ നിന്ന് മാറ്റില്ല.”

എന്നാൽ പന്ത്രണ്ട് രൂപ എം.ആർ.പി അടിച്ച് ആ വിലക്ക് വിൽക്കണമെന്ന് ആവശ്യപ്പെടുന്ന ഉത്പാദകരുടെ കുപ്പികൾ ഇപ്പോഴും ഫാക്ടറിയിൽ അടിഞ്ഞു കിടക്കുകയാണ്. ബഹുരാഷ്ട്ര ബ്രാൻഡുകളും, AKBWA വോട്ടെടുപ്പിൽ വില കുറയ്ക്കുന്നതിനെ പിന്തുണക്കാത്ത ഉത്പാദകരും പഴയ വിലക്ക് നൽകുന്നതിനാൽ വ്യാപാരികൾ അവരില്‍ നിന്നാണ് വെള്ളം വാങ്ങുന്നത്. നിലവിൽ കൊല്ലം ജില്ലയിൽ മാത്രമാണ് പന്ത്രണ്ട് രൂപക്ക് വെള്ളം കിട്ടുന്നത്. കച്ചവടക്കാർ കുറഞ്ഞ വില പ്രിൻറ് ചെയ്ത കമ്പനികളുടെ ഉൽപന്നങ്ങൾ എടുക്കാത്ത സാഹചര്യമാണ് വില ഇരുപതായി തന്നെ നിലനിർത്തുന്നത്. ജനങ്ങളെ സഹായിക്കാൻ കൂടി ഉന്നം വെച്ച് നടത്തിയ ഒരു നീക്കം കൊണ്ട് വർഷത്തിൽ ഏറ്റവും കൂടിയ വിൽപന ഉണ്ടാകുന്ന ഈ സീസണില്‍ ഭീമമായ നഷ്ടം പ്രതീക്ഷിക്കുകയാണിവർ.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സറ്റാൻഡേർഡിന്‍റെ അംഗീകാരമുള്ള എല്ലാ കുപ്പിവെള്ള കമ്പനികളും ഒരേ ഗുണനിലവാരം സൂക്ഷിക്കേണ്ടതുണ്ട്. അതിനാൽ പ്രാദേശിക നിർമ്മാതാക്കളും കുറഞ്ഞ വിലയും ആകുമ്പോള്‍ ഗുണനിലവാരം കുറയുമെന്ന ആശങ്ക ആവശ്യമില്ല. ISI മുദ്രയുള്ള എല്ലാ കുപ്പിവെള്ള ബ്രാന്‍ഡുകളും ഒരേ മാനദണ്ഡം പാലിക്കേണ്ടതുണ്ട്. ബഹുരാഷ്ട്ര ബ്രാൻഡുകളുടെ വെള്ളം കൂടുതല്‍ ശുദ്ധമായിരിക്കുമെന്ന ധാരണകൊണ്ട് ഉയർന്ന‍ വില നൽകി വാങ്ങേണ്ടതില്ലെന്ന് സാരം.

കുപ്പിവെള്ളം മുതല്‍ സ്വാശ്രയ കൂട്ടുകച്ചവടം വരെ; യുവാക്കളുടെ നാണംകെട്ട പ്രതികരണ ഷണ്ഡത്വം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍