UPDATES

വിപണി/സാമ്പത്തികം

ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 12, 13 തീയതികളില്‍

രാജ്യത്തെ ബാങ്കിങ്ങ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ഘടകമാണ് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍

ബാങ്ക് ലയനത്തിനുശേഷം നടക്കുന്ന ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഈ മാസം 12, 13 തീയതികളില്‍ നടക്കും. തിരുവനന്തപുരം രാജധാനി ഓഡിറ്റോറിയം, ഗാന്ധി പാര്‍ക്ക് എന്നിവിടങ്ങളിലാണ് സമ്മേളനം നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പ്രതിനിധികള്‍ അസോസിയേഷന്റെ ഇരുപത്തിയൊമ്പതാം സമ്മേളനത്തില്‍ പങ്കെടുക്കും.

രാജ്യത്തെ ബാങ്കിങ്ങ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ഘടകമാണ് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍.

മെയ് 12ന് രാവിലെ 8 മണിക്ക് ദീപശിഖാറാലിയോടെ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനം പത്ത് മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പത്തരയ്ക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം ഉദ്ഘാടനം ചെയ്യും. ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

വൈകുന്നേരം 4.45ന് പാളയം രക്തസാക്ഷി മണ്ഡപം മുതല്‍ ഗാന്ധിപാര്‍ക്ക് വരെ പ്രകടനം. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍ സ്വാഗതം പറയും. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. സി ഡി ജോസന്‍, എം ഡി ഗോപിനാഥ്, എസ് സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. രാത്രി എട്ട് മണിക്ക് ജീവനക്കാരുടെ നേതൃത്വത്തില്‍ സംഗീതനിശ.

രണ്ടാംദിവസം രാവിലെ മുതല്‍ പ്രതിനിധി സമ്മേളനവും ചര്‍ച്ചയും. എ.ഐ.ബി.ഇ.എ മുന്‍ വൈസ് പ്രസിഡന്റ് പി എസ് സുന്ദരേശന്‍, എ.കെ.ബി.ഇ.എഫ് സംസ്ഥാന വനിതാ കണ്‍വീനര്‍ പി ഗീത എന്നിവര്‍ ആശംസ അറിയിക്കും.

ആറ് പതിറ്റാണ്ടിലേറെയായി ട്രാവന്‍കൂര്‍ ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നീ ബാങ്കുകളില്‍ പ്രവര്‍ത്തിച്ച സംഘടന എസ്ബിടി-എസ്ബിഐ ലയനത്തിനുശേഷം ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്റെ ഘടകമായി പ്രവര്‍ത്തിക്കുകയാണ്. ബാങ്ക് ലയനത്തെ തുടക്കംമുതല്‍ തന്നെ എതിര്‍ത്ത് പോന്ന ടി.എസ്.ബി.ഇ.എ സംസ്ഥാന സമ്മേളനത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രതിനിധികള്‍ നോക്കി കാണുന്നതെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് അനിയന്‍ മാത്യു പറഞ്ഞു.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ചിത്രപ്രദര്‍ശനങ്ങള്‍, പ്രചരണജാഥകള്‍, കലാ-സാഹിത്യ- ലേഖന മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു.

എസ്.ബി.ഐയെ ആഗോള ബാങ്കായി മാറ്റാനുള്ള ശ്രമത്തിനിടയില്‍ ശാഖകള്‍ അടച്ചുപൂട്ടുക, സേവനനിരക്കുകള്‍ വര്‍ദ്ധിപ്പിക്കുക, നിക്ഷേപ പലിശനിരക്ക് കുറയ്ക്കുക, മിനിമം ബാലന്‍സ് നിബന്ധനകള്‍ ചുമത്തുക, ചെറുകിട ഇടപാടുകാരെ അവഗണിക്കുക തുടങ്ങിയ ജനവിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ടി.എസ്.ബി.ഇ.എ ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ വായ്പകള്‍ കിട്ടാക്കടങ്ങളായി മാറിയെന്നും കൃഷി, ചെറുകിട വ്യവസായം, സ്വയംതൊഴില്‍, ഗ്രാമവികസനം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് താങ്ങാവുന്ന പലിശനിരക്കുകളില്‍ വായ്പകള്‍ നല്‍കാന്‍ എസ്ബിഐയ്ക്ക് താത്പര്യമില്ലെന്നും കെ എസ് കൃഷ്ണ ആരോപിച്ചു.

ലയനാനന്തരം എസ്ബിഐ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജനവിരുദ്ധ ബാങ്കിങ്ങ് നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്‍ പ്രസിഡന്റ് അനിയന്‍ മാത്യു, ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ, സെക്രട്ടറി ആര്‍ ചന്ദ്രശേഖരന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എസ് സുരഷ്‌കുമാര്‍, സോണല്‍ സെക്രട്ടറി സയന്‍ ഡി ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

(ചിത്രം: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ടിഎസ്ബിഇഎ ഇന്റർക്ലബ്ബ് കാരംസ് ടൂർണമെന്റിലെ മത്സരവിജയികൾക്ക് പ്ലാനിങ്ങ് ബോർഡ് മെംബർ ഡോ. കെ എൻ ഹരിലാൽ സമ്മാനം നൽകുന്നു. കെ എസ് കൃഷ്ണ സമീപം)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍