UPDATES

വിപണി/സാമ്പത്തികം

ഫെയ്‌സ്ബുക്കിനും ഗൂഗിളിനും യൂണിലിവറിന്റെ ഭീഷണി; കുട്ടികളെ സംരക്ഷിക്കണം, സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തരുത്

കുട്ടികള്‍ക്ക് ദോഷകരമായ തരത്തില്‍ പ്രവര്‍ത്തിക്കുക, സമൂഹത്തില്‍ വെറുപ്പും വിഭജനവും ഉണ്ടാക്കുക തുടങ്ങിയവയെ നിങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്

സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തിയാല്‍ തങ്ങളുടെ പരസ്യങ്ങള്‍ പിന്‍വലിക്കുമെന്ന് ഫെയ്‌സ്ബുക്കിനെയും ഗൂഗിളിനെയും ഭീഷണിപ്പെടുത്തി യൂണിലിവര്‍. കുട്ടികള്‍ക്ക് ദോഷകരമായ തരത്തില്‍ പ്രവര്‍ത്തിക്കുക, സമൂഹത്തില്‍ വെറുപ്പും വിഭജനവും ഉണ്ടാക്കുക തുടങ്ങിയവയെ പ്രോത്സാഹിപ്പിച്ചാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലുള്ള തങ്ങളുടെ പരസ്യങ്ങള്‍ മുഴുവന്‍ മാറ്റുമെന്നാണ് നിത്യോപയോഗ വസ്തുക്കളുടെ നിര്‍മാതാക്കളായ ബഹുരാഷ്ട്രക്കമ്പനി യൂണിലെവറിന്റെ സി.ഇ.ഒ കെയത്ത് വീഡാണ് ഇന്ന് അറിയിച്ചത്.

കാലിഫോര്‍ണിയയില്‍ നടക്കുന്ന ആഗോളടിസ്ഥാനത്തിലെ പരസ്യ, മാധ്യമ, സാങ്കേതികവിദ്യ കമ്പനികളുടെ യോഗത്തിലാണ് വീഡിന്റെ പ്രസ്താവന. യൂണിലിവറിന്റെ ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിലുള്ള വിശ്വാസം സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് തന്നെ ഏറ്റവുമധികം ഉപഭോക്താക്കളുള്ള രണ്ടാമത്തെ ബ്രാന്‍ഡാണ് യൂണിലെവര്‍. 6.8 ബില്യണ്‍ പൗണ്ടാണ് കഴിഞ്ഞ വര്‍ഷം മാത്രം പരസ്യയിനത്തില്‍ കമ്പനി ചെലവാക്കിയിട്ടുള്ളത്. പി.ജി.ടിപ്‌സ്, മാര്‍മിറ്റ്, ഡവ് തുടങ്ങിയവയുടേതടക്കമാണിത്.

ഓണ്‍ലൈനില്‍ കാണുന്ന പരസ്യങ്ങളെ ഉപഭോക്താക്കള്‍ വിശ്വസിക്കാത്തൊരു സാഹചര്യമുണ്ടാകരുത്. സമൂഹത്തില്‍ നല്ല മാറ്റങ്ങളുണ്ടാക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ മാത്രം നിക്ഷേപം നടത്തുന്നതിനാണ് യൂണിലിവര്‍ മുന്‍ഗണന നല്‍കുന്നതെന്നും വീഡ് കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്ക് ദോഷകരമായ ഉള്ളടക്കമുള്ളവയും, വിദ്വേഷം പരത്തുന്നവയും, കൃത്രിമമായ രാഷ്ട്രീയാരോപണങ്ങളും ഓണ്‍ലൈന്‍ ആക്രമണങ്ങളുമൊക്കെ ഒഴിവാക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് ഇപ്പോഴേ സിലിക്കണ്‍ വാലിയിലെ ടെക്‌നിക്കല്‍ കമ്പനികള്‍. യു ട്യൂബില്‍ ബാലപീഢനവും മറ്റ് അനാവശ്യ വീഡിയോകളും വരുന്നത് തടയാന്‍ ആയിരത്തിലധികം വിദഗ്ദ്ധരെ നിയമിക്കുന്നതായി ഗൂഗിള്‍ കഴിഞ്ഞ ഡിസംബറില്‍ പറഞ്ഞിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍