UPDATES

വിപണി/സാമ്പത്തികം

വിജയ് മല്യ ചെറിയ മത്സ്യമാണ്; വലിയ സ്രാവുകള്‍ തീരത്ത് വട്ടംചുറ്റുകയാണിപ്പോഴും- മോഹന്‍ ഗുരുസ്വാമി എഴുതുന്നു

വിജയ് മല്യയെക്കുറിച്ച് നമുക്കെന്തെങ്കിലും ശരിയായി മനസ്സിലാക്കാം

ഗ്രന്ഥകാരനും കോളമിസ്റ്റും സെന്‍റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നെറ്റിവ്സിന്‍റെ അധ്യക്ഷനുമായ മോഹന്‍ ഗുരുസ്വാമി ബാങ്കിംഗ് മേഖലയെ ഗ്രസിച്ചിരിക്കുന്ന അഴിമതിയെ കുറിച്ചു തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.

വിജയ് മല്യയെക്കുറിച്ച് നമുക്കെന്തെങ്കിലും ശരിയായി മനസ്സിലാക്കാം.

ഇന്ത്യയിലും പുറത്തുമുള്ള തന്റെ സുഖലോലുപമായ ജീവിതരീതി പിന്‍തുടരാനായി വിജയ് മല്യ ബാങ്കുകളില്‍നിന്ന് 9000 കോടി രൂപ ഊറ്റിയെടുത്തുവെന്നും, കടബാധ്യത കൂടുകയോ കടങ്ങളെ ഇല്ലാതാക്കാനുള്ള പണത്തിന്റെ വരവ് നിലയ്ക്കുകയോ ചെയ്തപ്പോള്‍ മറുനാട്ടിലേക്ക് പറന്നു എന്നുമാണ് ജനപ്രിയ ആഖ്യാനം. പക്ഷേ, കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു എത്രയോ മുന്‍പേ തന്നെ അദ്ദേഹം സുഖലോലുപമായ ജീവിതരീതി ആസ്വദിച്ചിരുന്നു എന്നും വാരിവിതറാവുന്ന അത്ര പണം നേരത്തെ തന്നെ ഉണ്ടായിരുന്നു എന്നും നമ്മള്‍ മറക്കുന്നതായി തോന്നുന്നു.

കിങ്ഫിഷറിനു മുമ്പേതന്നെ അദ്ദേഹം ദേവഗൌഡയുടെയും രാമകൃഷ്ണ ഹെഗ്ഡെയുടെയും ജനതാദളിനും അടല്‍ ബിഹാരി വാജ്പേയിയുടെയും എല്‍ കെ അദ്വാനിയുടെയും ബിജെപിക്കും ധാരാളമായി പണം കൊടുത്തിട്ടുണ്ട്. ബിജെപി മാത്രം- പാര്‍ട്ടിയും എം എല്‍ എമാരും – അദ്ദേഹത്തിന്റെ രണ്ട് രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി 100 കോടി രൂപ വാങ്ങിയിട്ടുണ്ട്. ജനതാദളിനു വേണ്ടി ദേവഗൌഡ ഇതിലധികം വാങ്ങിയിട്ടുണ്ടാവണം. സീറ്റ് ബാക്കി വന്നാലും ഇല്ലെങ്കിലും, കോണ്‍ഗ്രസ് അദ്ദേഹത്തിന് ഒരിക്കലും സീറ്റ് നല്കിയിട്ടില്ല. പക്ഷേ അതിന്റെ അര്‍ത്ഥം കോണ്‍ഗ്രസ്സോ മറ്റു പാര്‍ട്ടികളോ മല്യയില്‍നിന്ന് ഒരു ആനുകൂല്യവും പറ്റിയിട്ടില്ല എന്നല്ല. അപ്പോള്‍ നമ്മള്‍ എം ജെ അക്ബറിനെ മറക്കാനും പാടില്ല.

PSU ബാങ്കുകള്‍ക്കും മറ്റുള്ളവയ്ക്കുമായി മല്യ കൊടുക്കേണ്ടതായി കണ്ടെത്തിയ 9000 കോടി, അദ്ദേഹത്തിന് കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ നഷ്ടം വന്നതാണ്. വായ്പാ തുക ഏതാണ്ട് 4000 കോടി ആണെന്ന് മനസ്സിലാക്കുന്നു, ബാക്കിയുള്ളത് പലിശയും പലിശയുടെ പലിശയുമാണ്. വായ്പ നിലനിര്‍ത്താന്‍ വേണ്ടി ബാങ്കുകള്‍ അദ്ദേഹത്തിന് പണം അനുവദിച്ചുകൊണ്ടേയിരുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥവൃന്ദ പിന്തുണ ഇല്ലാതെ ഇത് സാധ്യമാവില്ലായിരുന്നു. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കടങ്ങള്‍ കയറുന്നത് തടയാനായി ഏതെങ്കിലും ചെറിയ ജോയിന്റ് സെക്രട്ടറിയോ, ഒരു ചെറിയ എംപിയോ, അല്ലെങ്കില്‍ ഒരു ചെറിയ ബാങ്ക് മാനേജരോ ശ്രമിച്ചിരുന്നെങ്കില്‍ ആ ഒഴുക്കു തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞേനെ. കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെ പൊങ്ങിപ്പറപ്പിക്കാന്‍ മല്യ ബാങ്കുകളെ മാത്രമല്ല ചൂഷണം ചെയ്തത്, അദ്ദേഹത്തിന്റെ സ്വന്തം കമ്പനികളായ യുണൈറ്റഡ് ബ്രൂബെറീസിനെയും യുണൈറ്റഡ് സ്പിരിറ്റ്സിനെയും കിങ്ഫിഷര്‍ പറക്കാനായി ഊറ്റിയെടുത്തിട്ടുണ്ട്.

ദേ പോയി, ദാ വന്നു: വിജയ് മല്യയുടെ അറസ്റ്റും ജാമ്യവും – എല്ലാം വളരെ പെട്ടെന്നായിരുന്നു

ഒരു ബിസിനസ്സ് നഷ്ടത്തിലാവുമ്പോള്‍, ആ പൈസ മുഴുവന്‍ മോഷ്ടിച്ചതാവണമെന്ന് അര്‍ത്ഥമില്ല. മിക്കവാറും അതിന്റെ അര്‍ത്ഥം, സമ്പാദിച്ചതിനേക്കാള്‍ കൂടുതല്‍ ചെലവാക്കി എന്നതാണ്. ജോലിക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷമൊഴികെ എല്ലാ വര്‍ഷവും ശമ്പളം കിട്ടിയിട്ടുണ്ട്. വിമാനം പറക്കാത്ത അവസരങ്ങളിലും എണ്ണക്കമ്പനികള്‍ക്ക് വിമാനത്തിലെ എഞ്ചിനുവേണ്ട ഇന്ധനം വിതരണം ചെയ്തതിന്റെ പ്രതിഫലം കിട്ടിയിട്ടുണ്ട്. വാടകയ്ക്കെടുത്ത വിമാനങ്ങളുടെ കൃത്യമായ വാടക കമ്പനികള്‍ക്ക് കിട്ടിയിട്ടുണ്ട്. വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തിന് അത് തയ്യാറാക്കി വിതരണം ചെയ്തവര്‍ക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍ക്ക് ലാന്‍ഡിങ്ങിനും പാര്‍ക്കിങ്ങിനുമായുള്ള തുക ലഭിച്ചിട്ടുണ്ട്. നികുതിയും സര്‍ചാര്‍ജ്ജും മുക്കാല്‍പ്പങ്കും അടച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ കാലമത്രയും കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ചെലവുകള്‍ നേരിടാന്‍ ആവശ്യമായത്ര സീറ്റുകള്‍ വില്പന ചെയ്തില്ല, അല്ലെങ്കില്‍ വരുമാനത്തേക്കാള്‍ കൂടിയ തുക ചെലവു ചെയ്തു.

അപ്പോള്‍ ചോദ്യം ഇതാണ്, ധനസമ്പാദനത്തിന് തടസ്സമുണ്ടാക്കുന്ന ബിസിനസ്സ് മാതൃക മുന്നില്‍ത്തന്നെയുണ്ടെന്നത് വ്യക്തമായി കാണിച്ചിട്ടും എന്തിനാണ് മല്യ പൈസ കടം വാങ്ങിയത്? ഇതേ കാലയളവില്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും കൂടി 43,000 കോടി നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നത് മറന്നുകൂട. മല്യയുടെ മേല്‍നോട്ടത്തില്‍ നഷ്ടം വന്നത് ഏകദേശം 4000 കോടിയാണ്. പക്ഷേ നമ്മള്‍ അനന്ത് കുമാറിനെയും ശരത് യാദവിനെയും പ്രഫുല്‍ പട്ടേലിനെയും അജിത് സിംഗിനെയും ഈ നഷ്ടത്തിന്റെ കാരണത്തില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. എന്തുകൊണ്ട്? കഴിഞ്ഞ പതിറ്റാണ്ടില്‍ രണ്ട് പൊതുമേഖലാ എയര്‍ലൈന്‍സിന്റെ പേരില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എത്ര പൈസ ഉണ്ടാക്കി എന്നത് അറിയാന്‍പോലും നമ്മള്‍ ശ്രമിക്കുന്നില്ല.

മല്യയുടെ തുരുമ്പെടുക്കുന്ന ജെറ്റുകള്‍ക്ക് പറയാനുള്ളത്

ഹെര്‍ട്ഫോഡ്ഷെയറിലെ തണുത്തതും സുഖകരവുമായ കാലാവസ്ഥയിലേക്കുള്ള (ഹെര്‍ട്ഫോഡില്‍, ഹിയര്‍ഫോഡിലും ഹാംഷെയറിലും ചുഴലിക്കാറ്റുകള്‍ വിരളമാണ്) മല്യയുടെ അവസാന പറക്കലിനെക്കുറിച്ചുള്ള തിക്കിലും തിരക്കിലും കിങ്ഫിഷറിന് അതിന്റെ ബ്രാന്‍ഡ് നെയിമിനേപ്പോലെ പൊള്ളയായ ഒന്നിന് വായ്പ അനുവദിച്ച ബാങ്കര്‍മാരെ നമ്മള്‍ മറക്കുകയാണ്. ധനകാര്യ മന്ത്രാലയത്തിലെ ബാങ്കിങ്ങ് സര്‍വീസ് ഉദ്യോഗസ്ഥരെ നമ്മള്‍ മറക്കുകയാണ്. അവരില്‍ പലരും കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പകൊടുത്ത ബാങ്കിലെ ബോര്‍ഡംഗങ്ങളും വായ്പ അനുവദിച്ച ബോര്‍ഡ് ഡയറക്ടര്‍മാരുമാണ്. അത്തരം വായ്പകള്‍ അനുവദിക്കപ്പെടുന്നത് എല്ലാവര്‍ക്കും അല്പമെങ്കിലും പങ്ക് ലഭിക്കുമ്പോഴാണ്. തന്നെ പോഷിപ്പിച്ച കൂടുവിട്ട് മല്യ പറന്നപ്പോള്‍ മറ്റെല്ലാവരും പാപവിമുക്തരായതുപോലെ തോന്നുന്നു.

മല്യയെ മറന്നേക്കൂ. അദ്ദേഹം ഉടനെയൊന്നും തിരിച്ചുവരാന്‍ പോകുന്നില്ല. ബാങ്കുകള്‍ക്ക് അദ്ദേഹത്തിന്റെ ഇന്ത്യയിലെ വസതികളും കാറുകളും കണ്ടുകെട്ടാനാവും. പക്ഷേ അദ്ദേഹം തിരിച്ചുവരുന്നത് ആഗ്രഹിക്കാത്ത “അധികാരികളുടെ” പരിധിക്കപ്പുറമാണെന്ന് വ്യക്തമാണ്. അദ്ദേഹം കൂടുതല്‍ കാലം ജീവിക്കണം എന്നുപോലും അവര്‍ ആഗ്രഹിക്കുന്നുണ്ടാവില്ല, അദ്ദേഹത്തിന്റെ കല്ലറയില്‍ തങ്ങളുടെ രഹസ്യങ്ങള്‍ മൂടപ്പെടാനും ആഗ്രഹിക്കുന്നുണ്ടാവും. അദ്ദേഹത്തിന് ഇപ്പോള്‍ അറുപത് തികഞ്ഞതേയുള്ളൂ, പക്ഷേ അദ്ദേഹത്തിന്റെ പൊണ്ണത്തടി തീരെ ആരോഗ്യകരമായിട്ടല്ല കാണുന്നത്. പന്തയക്കാരനായ മല്യ സ്വന്തം ദീര്‍ഘായുസ്സിനുമേല്‍ പന്തയം വെക്കുമെന്ന് തോന്നുന്നില്ല.

എന്നെ തടഞ്ഞുവെച്ചവര്‍ മല്ല്യയെ പറത്തിവിട്ടു; ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ള സംസാരിക്കുന്നു

പക്ഷേ മല്യ അദ്ദേഹത്തിന്റെ പോക്കില്‍ ഉപകാരപ്രദമായ ഒരു ഉദ്ദേശം നിറവേറ്റുന്നുണ്ട്. മറ്റു “വ്യവസായികള്‍” അവരുടെ ധാരാളിത്തമുള്ള ജീവിതരീതിക്കുവേണ്ട പണം കണ്ടെത്തുന്നതും വിദേശത്ത് സ്വന്തമായ സാമ്രാജ്യം പടുത്തുയര്‍ത്തിയതും എങ്ങനെയെന്നതില്‍ നിന്ന് അത് ശ്രദ്ധ തിരിക്കുന്നു. അനില്‍ അഗര്‍വാളും ശശി, രവി എന്നീ റൂയ്യ സഹോദരന്മാരും ഇന്ത്യയിലേക്കാള്‍ വിദേശത്ത് വന്‍കിടക്കാരാണ്. കാന്‍സില്‍ നങ്കൂരമിട്ട എസ്സാര്‍ വിനോദനൌകയില്‍ നിതിന്‍ ഗഡ്കരി സഞ്ചരിച്ചിട്ട് അധികമായില്ല. നമ്മുടെ “വ്യവസായികള്‍”എല്ലാവരും അവരുടെ കമ്പനിയുടെ വസ്തുവകകള്‍ സ്വകാര്യ സന്തോഷത്തിന് ഉപയോഗിക്കുന്നു. കമ്പനി ജെറ്റുകളും കമ്പനിയുടെ ആഡംബര വസതികളും സ്വകാര്യ ആവശ്യങ്ങള്‍ക്കും മറ്റുള്ളവരുടെ സന്തോഷത്തിനും മാത്രമുള്ളതാണ്. കോര്‍പ്പറേറ്റുകളുടെ ഭണ്ഡാരത്തില്‍നിന്ന് പതിവായി പണം പിഴിഞ്ഞെടുക്കുന്നത്, കാമുകിമാര്‍ക്കോ വെപ്പാട്ടിമാര്‍ക്കോ വേണ്ടി മാത്രമല്ല, ഗവണ്‍മെന്റിലെയും രാഷ്ട്രീയത്തിലെയും അവരുടെ വേശ്യകള്‍ക്കും വേണ്ടിക്കൂടിയാണ്.

നമ്മുടെ ബിസിനസ്സ് ആസ്ഥാനങ്ങളില്‍നിന്ന് ബസ്തറിലെ നക്സലൈറ്റുകളും ആസാമിലെ ULFAയും അടക്കമുള്ള പൂര്‍ണ്ണ രാഷ്ട്രീയ വര്‍ഗ്ഗങ്ങളിലേക്ക് പണം ഒഴുകുന്നു. അത്ര ഉത്സാഹികളല്ലാത്ത PSU ബാങ്കില്‍നിന്ന് പണമുണ്ടാക്കിയ മിക്കവാറും “വ്യവസായികള്‍” നമ്മുടെ ഉന്നത വര്‍ഗ്ഗത്തിന്റെ സുഖലോലുപമായ ജീവിതരീതിയെ സാമ്പത്തികമായി പിന്തുണക്കുന്നുണ്ട്. എന്തുകൊണ്ടാണ് RBI ഇത് അവസാനിപ്പിക്കാനുള്ള വിസില്‍ വിളിക്കാത്തത്? കമ്പനികാര്യ വകുപ്പ് എന്തുകൊണ്ടാണ് മൌനം പാലിക്കുന്നത്? അരുണ്‍ ജെയ്റ്റ്‍ലി ഇതിന് മൌനാനുവാദം കൊടുത്തിട്ടുണ്ടെന്ന് ആര്‍ക്കും മനസ്സിലാവും, പക്ഷേ ബാങ്കുകള്‍ക്ക് കര്‍ശനമായ താക്കീത് നല്‍കുന്നതില്‍നിന്നും റിസര്‍വ്വ് ബാങ്കിനെ തടയുന്നതെന്താണ്?

ഒരിയ്ക്കലും വിമാനത്തില്‍ കയറാത്ത കര്‍ഷകന്‍ പക്ഷേ വിജയ് മല്ല്യയുടെ വിമാന കമ്പനിയില്‍ ഡയറക്ടറാണ്

കുഴപ്പം എന്താണെന്നുവെച്ചാല്‍, നമ്മള്‍ ഈ വ്യവസ്ഥയില്‍ വല്ലാതെ കീഴടങ്ങി നില്‍ക്കുകയാണ്. ബാങ്കുകള്‍ ഒന്നു പിടിമുറുക്കിയാല്‍, പത്ത് മുന്‍നിര ബിസിനസ് സ്ഥാപനങ്ങളില്‍ കുറഞ്ഞത് ആറണ്ണമെങ്കിലും ചുരുട്ടിക്കെട്ടുകയോ പൊളിച്ചുമാറ്റുകയോ വേണ്ടിവരും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പൂര്‍ണ്ണമായ പുനര്‍നിര്‍മ്മാണം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റയുടെയും ആദിത്യ ബിര്‍ളയുടെയും സ്ഥാപനങ്ങള്‍ എന്നിവയൊഴികെ എല്ലാ വലിയ ബിസിനസ് സ്ഥാപനങ്ങളും പരിധിക്കപ്പുറം ധനവിനിയോഗം ചെയ്തിട്ടുള്ളതും മാരകമായ കടബാദ്ധ്യതയുള്ളവയുമാണ്. മല്യ താരതമ്യേന ചെറിയ മത്സ്യമാണ്. വലിയ സ്രാവുകള്‍ തീരത്ത് വട്ടംചുറ്റുകയാണിപ്പോഴും. അനില്‍ അംബാനി, ഗൌതം അദാനി, GMR, GVK, ലാന്‍കോ ഇവരെല്ലാം അറിയപ്പെടുന്ന വന്‍സ്രാവുകളാണ്.

പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നിന്നുകൊണ്ട് അവര്‍ക്ക് വായ്പകൊടുത്ത എല്ലാ തുകയും കൃത്യമായ മാനദണ്ഡങ്ങള്‍ക്കും വിവേകപൂര്‍ണ്ണമായ ബാങ്കിങ് രീതികള്‍ക്കും അനുസൃതമായാണെന്നും അവ എഴുതിത്തള്ളില്ലെന്നും ദയവായി രാജ്യത്തിന് ഉറപ്പു‌നല്‍കുമോ? ഈ ഉറപ്പ് രാജ്യത്തിന് നല്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെടുമോ? എനിക്ക് തോന്നുന്നില്ല. പൊതുവായ ഓര്‍മ്മകള്‍ അല്പകാലത്തേക്കാണെന്നതില്‍ ഉറച്ചു വിശ്വസിക്കുകയാണ് രണ്ടുപേരും. നമുക്ക് മല്ലയുദ്ധങ്ങള്‍ ഇഷ്ടമാണ്, റോമന്‍ ചക്രവര്‍ത്തിമാര്‍ക്ക് ആള്‍ക്കൂട്ട മന:ശ്ശാസ്ത്രം അറിയാമായിരുന്നു. സിംഹങ്ങളെയും പൊതുസമൂഹത്തിന്റെ ഭ്രാന്തിനെയും പോറ്റാന്‍ നമുക്ക് ധാരാളം തീര്‍ത്ഥാടകരുണ്ട്.

വിജയ് മല്യയുടെ കടം എഴുതിത്തള്ളുന്ന ബാങ്ക് ലക്ഷംവീട് കോളനിയിലെ ഹമീദാ ബീവിയുടെ പെന്‍ഷന്‍ കാശ് കൊള്ളയടിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍