UPDATES

വിപണി/സാമ്പത്തികം

വയനാടന്‍ കാപ്പി ആഗോള വിപണയിലേക്ക്; പുതുവിപ്ലവത്തിനു തയ്യാറെടുത്ത് കര്‍ഷകര്‍

കാപ്പി കര്‍ഷകര്‍ക്കുള്ള സബ്സിഡി കൂടി പുനരാരംഭിച്ചാല്‍ ഈ ലക്ഷ്യം ഒട്ടും അകലെയല്ലെന്നും കര്‍ഷകര്‍

കേരളത്തില്‍ കാപ്പിക്കൃഷിയുടെ തലസ്ഥാനം എന്നാണ് വയനാട് വിശേഷിപ്പിക്കപ്പെടുന്നത്. എങ്കിലും അതിന്റെ ആഗോള വിപണന സാധ്യതകളെക്കുറിച്ച് വയനാട്ടുകാര്‍ കാര്യമായി ചിന്തിച്ചിരുന്നില്ല ഇതുവരെ എന്നതാണു വാസ്തവം. എന്നാല്‍ കര്‍ഷകരുടെ തന്നെ നേതൃത്വത്തില്‍ വയനാടന്‍ കാപ്പി എന്ന ബ്രാന്‍ഡില്‍ കാപ്പിപ്പൊടി വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കം നടക്കുകയാണ്. കാപ്പി കൃഷിയിലെ നഷ്ടത്തിന്റയും ലാഭത്തിന്റെയും കണക്കുകളുടെ ആകെത്തുകയെടുത്താല്‍ കാലാവസ്ഥ വ്യതിയാനത്തിന്റ ഒറ്റ കാരണം കൊണ്ട് നഷ്ടത്തിന്റ തുലാസിനാവും ഭാരം കൂടുതല്‍. എങ്കിലും വയനാടിന് സ്വന്തമായി ഒരു കോഫി ബ്രാന്‍ഡ് വന്നാല്‍ അത് ലോകം തന്നെ കീഴടക്കിയേക്കുമെന്ന് കര്‍ഷകര്‍ കരുതുന്നു. വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരും സഹായം പ്രഖ്യാപിച്ചതോടെ കര്‍ഷകരും തികഞ്ഞ പ്രതീക്ഷയിലാണ്.

വയനാട് ജില്ലയിലെ പ്രധാന കൃഷികളില്‍ ഒന്നാണ് കാപ്പികൃഷി. സംസ്ഥാനത്ത് ആകെയുള്ള 85829 ഹെക്ടര്‍ കാപ്പികൃഷിയില്‍ 67705 ഹെക്ടറും വയനാട്ടില്‍ തന്നെയാണ് ഉള്ളത്. മേപ്പാടി പഞ്ചായത്തില്‍ മാത്രം 5562 ഹെക്ടര്‍ സ്ഥലത്ത് കാപ്പി തോട്ടമുണ്ട്. റോബസ്റ്റ, അറബിക്ക ഇനങ്ങളില്‍പെട്ട കാപ്പിയും വയനാട്ടില്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും റോബസ്റ്റ ഇനത്തില്‍ പെട്ട കൃഷിയാണ് ജില്ലയില്‍ കൂടുതല്‍.

ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയും നബാര്‍ഡും വയനാട് സോഷ്യല്‍ സര്‍വീസും അവരുടേതായ ഒരു കാപ്പി ബ്രാന്‍ഡ് കൊണ്ടു വരാനുള്ള ശ്രമത്തിലാണ്. വയനാട്ടിലെ കര്‍ഷകരെ സഹായിക്കുന്നതിനും കര്‍ഷകരുടെ കാപ്പി ഉത്പന്നങ്ങള്‍ ലോകത്താകമാനം എത്തിക്കുന്നതിനായി ഇവര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. കോഫി ബോര്‍ഡ് ഇതിനായി ഇവര്‍ക്ക് സാങ്കേതിക സഹായവും നല്‍കി വരുന്നുണ്ട്. ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഇപ്പോള്‍ തന്നെ നാടന്‍ കാപ്പി പൊടിയും രുചികാപ്പിയും വിപണിയില്‍ ഇറക്കിയിട്ടുണ്ട്. മസാലക്കാപ്പിയും ഉടന്‍ തന്നെ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പരീക്ഷണാടിസ്ഥാനത്തില്‍ വിപണനം ചെയ്തതിന്റ കണക്ക് എടുത്തപ്പോള്‍ വലിയ രീതിയിലുള്ള കച്ചവടവും സ്വീകാര്യതയുമാണ് സമൂഹത്തില്‍ നിന്ന് ലഭിച്ചതെന്ന് ബ്രഹ്മഗിരി അധികൃതര്‍ പറയുന്നു.

"</p

കര്‍ഷകരില്‍ നിന്ന് കാപ്പി ശേഖരിച്ച് പരിപ്പാക്കി അമേരിക്ക, ഓസ്‌ട്രേലിയ, യൂറേപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കു കയറ്റി വിടുകയാണ് വയനാട് മാനന്തവാടിയിലെ വയനാട് സോഷ്യല്‍ സര്‍വീസ് ചെയ്യുന്നത്. വയനാടന്‍ എന്ന പേരിലും ഇവര്‍ കാപ്പിപ്പൊടി ഇറക്കുന്നുണ്ട്. ഓര്‍ഗാനിക്, ഫെയര്‍ ട്രേഡ്, റെയിന്‍ ഫോറസ്റ്റ് സര്‍ട്ടിഫിക്കേഷനുള്ള കാപ്പിപ്പൊടിയാണ് കയറ്റുമതി ചെയ്യുന്നത്. ‘ഇപ്പോള്‍ ഞങ്ങള്‍ക്ക് കീഴില്‍ 15000 ല്‍ അധികം കര്‍ഷകരുണ്ട്. കിലോയ്ക്ക് 80 രൂപ നിരക്കിലാണ് ഞങ്ങള്‍ കര്‍ഷകരില്‍ നിന്ന് ഓര്‍ഗാനിക്ക് കാപ്പി എടുക്കുന്നത്. സാധാരണ മാര്‍ക്കറ്റിനേക്കാള്‍ 20 രൂപ അധികമാണ് ഇത്. അതിനാല്‍ തന്നെ കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള കാപ്പിയും ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ കോഫി എന്നുള്ള ഒരു ബ്രാന്‍ഡിനാണ് സ്വീകാര്യം. എന്നാല്‍ അതില്‍ നിന്ന് മാറി വയനാടിന് സ്വന്തമായി ഒരു ബ്രാന്‍ഡ് എന്ന തലത്തിലേക്ക് എത്തുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം.’ വയനാട് സോഷ്യല്‍ സര്‍വീസ് മാര്‍ക്കറ്റിംഗ് മാനേജര്‍ ബിനീഷ് മാത്യു പറയുന്നു.

നബാര്‍ഡിന് കീഴില്‍ രൂപീകരിച്ച പ്രൊഡ്യൂസര്‍ കമ്പനിയായ വേ വിന്‍ വയനാടിന്റ നേത്യത്വത്തില്‍ വേ വിന്‍ കോഫി എന്ന പേരില്‍ ഫില്‍ട്ടര്‍ കോഫി വിപണിയില്‍ എത്തിക്കുന്നുണ്ട്. മികച്ച സ്വീകാര്യതയാണ് ഇതിനും ലഭിച്ചത്. വയല്‍ എന്ന ബ്രാന്‍ഡില്‍ അറബിക്കയും റോബസ്റ്റും ബ്ലന്‍ഡ് ചെയ്ത ഫില്‍ട്ടര്‍ കോഫിയാണ് ബ്രാന്‍ഡ്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറു കര്‍ഷകര്‍ ഓഹരി ഉടമകളായ വേ വിന്‍ കമ്പനിയുടെ ആദ്യ ഉല്‍പ്പന്നം കൂടിയാണിത്.

ഉത്പാദന ചെലവിലെ വര്‍ദ്ധനവും വിലയിടിവുമെല്ലാം വയനാട്ടിലെ കര്‍ഷകരെ വളരെയധികം ബാധിക്കുന്നുണ്ട്. പൂര്‍ണമായും മഴയെ ആശ്രയിച്ചുള്ളതാണ് കാപ്പികൃഷി. വേനല്‍കാലത്ത് പൂമഴ എന്ന പേരിലാണ് കാപ്പിക്ക് ലഭിക്കുന്ന മഴ അറിയപ്പെടുന്നത്. അതായത് കാപ്പിയുടെ വിളവെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ മാര്‍ച്ച് ഏപ്രില്‍ മെയ് മാസങ്ങളില്‍ നല്ല വേനല്‍ മഴ ലഭിക്കേണ്ടതുണ്ട്. ഇങ്ങനെ പൂമഴ കൃത്യമായി പെയ്താല്‍ പോലും മൂന്നാഴ്ചക്ക് ശേഷം പിന്‍മഴ എന്ന പേരിലറിയപ്പെടുന്ന മഴയും ലഭിക്കണം.

മഴക്കാലത്ത് മഴ കുറഞ്ഞാലും കൂടുതല്‍ മഴ പെയ്താലും കാപ്പിയെ അത് ദോഷകരമായി ബാധിക്കും. വേനല്‍ക്കാലത്ത് പൂമഴ കുറഞ്ഞാല്‍ ജലസേചനത്തിലൂടെ ഇത് പരിഹരിക്കണം. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായാല്‍ കാപ്പിക്കുള്ള ജലസേചനം കൃത്യമായി നടക്കില്ല. പമ്പിംഗ് നടത്താന്‍ ആവശ്യമായ വെള്ളവും ഉണ്ടാകില്ല. ഏറെക്കാലമായി ജില്ലയില്‍ തുടരുന്ന മഴക്കുറവും ഉണക്കും കാപ്പികൃഷിയെ വളരെയധികം ബാധിക്കുന്നുണ്ട്. ഒപ്പം ജില്ലയിലെ കര്‍ഷകരില്‍ ഭൂരിഭാഗവും ചെറുകിട നാമമാത്ര കര്‍ഷകരുമാണ്. പ്രകൃതിദത്തമായ രീതിയിലുള്ള ജലലഭ്യത മാത്രമാണ് കാപ്പികൃഷിക്ക് അനുകൂലമായ ഘടകമായി ജില്ലയില്‍ ഇപ്പോള്‍ ഉള്ളത്.‘കൃത്യവും സൂഷ്മവുമായ ഓഡിറ്റിംഗ് നടത്തി ജില്ലയിലെ കാപ്പി കര്‍ഷകരെ തിരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ടതായ സബ്‌സിഡിയും മറ്റും ഗവണ്‍മെന്റും കോഫി ബോര്‍ഡും നല്‍കിയെങ്കില്‍ മാത്രമെ ജില്ലയിലെ കാപ്പി കര്‍ഷകരെ മികച്ച രീതിയിലേക്ക് എത്തിക്കാന്‍ കഴിയൂ. ഒപ്പം കര്‍ഷകര്‍ക്ക് ആവശ്യമായ ഏതു സഹായവും എല്ലാ കര്‍ഷകരിലും എത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ നടക്കുന്നത് ഉത്പാദനം സംബന്ധിച്ച ബോധവത്ക്കരണം മാത്രമാണ്. എന്നാല്‍ അതില്‍ നിന്ന് എല്ലാം മാറി അര്‍ഹതപ്പെട്ട കര്‍ഷകരെ സഹായിക്കാന്‍ കോഫി ബോര്‍ഡും മുന്നോട്ട് വരേണ്ടതുണ്ട്. എങ്കില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ നിലവിലുള്ള ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന ലേബല്‍ മാറി വയനാടിന് സ്വന്തമായ ഒരു കോഫി ബ്രാന്‍ഡ് എന്ന നിലയിലേക്ക് നമുക്ക് എത്താനാവും. എങ്കില്‍ അത് ജില്ലയിലെ കര്‍ഷകരെ സംബന്ധിച്ച് വലിയ നേട്ടവും ഗുണകരവുമായിരിക്കും‘; ജില്ലയിലെ പ്രധാന കാപ്പി കര്‍ഷകനും താരാ കോഫി ക്യൂയറിംങ് വര്‍ക്‌സ് ഉടമയുമായ അനന്തു നയനാന്‍ വില്ലോത്ത് പറയുന്നു.

കാപ്പിയും കുരുമുളകും മിശ്രവിളയായി കൃഷി ചെയ്യുന്ന രീതിയാണ് വയനാട്ടിലുള്ളത്. കാപ്പി ചെടികള്‍ക്ക് തണല്‍ ആവശ്യമുള്ളതിനാല്‍ കാപ്പിത്തോട്ടങ്ങളില്‍ മരങ്ങള്‍ വളര്‍ത്തുകയും ഈ മരങ്ങളില്‍ കുരുമുളക് വളര്‍ത്തുകയുമാണ് പതിവ്. രണ്ടില്‍ നിന്നുമുള്ള വരുമാനം ലഭിക്കുന്നതോടെ കര്‍ഷകര്‍ക്ക് കൃഷി ലാഭകരമാക്കി മാറ്റാനും പറ്റും. എന്നാല്‍ അടുത്തിടെയായി കുരുമുളകിന് വലിയ രീതിയില്‍ കീടബാധയും ഉണക്കും ഏറ്റതിനാല്‍ കുരുമുളക് കൃഷി ജില്ലയില്‍ ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്.

"</p

വയനാടിന് സ്വന്തമായി ഒരു കോഫി ബ്രാന്‍ഡ് എന്ന സ്വപ്‌നത്തിലേക്ക് എത്തുവാന്‍ കോഫി ബോര്‍ഡും കര്‍ഷകരെ സഹായിക്കേണ്ടതുണ്ട്. നിലവില്‍ കര്‍ഷകര്‍ക്കാവശ്യമായ ബോധവത്ക്കരണ പരിപാടികളും ഗവേഷണ പദ്ധതികളും കോഫി ബോര്‍ഡിന് കീഴില്‍ നടപ്പാക്കി വരുന്നുണ്ട്. എന്നാല്‍ കാപ്പി കര്‍ഷകര്‍ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കിയത് മറ്റൊരു വന്‍തിരിച്ചടിയും ആയിട്ടുണ്ട് ഒരു കോഫി ബ്രാന്‍ഡ് എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍. ‘വയനാടിന് സ്വന്തമായി ഒരു കോഫി ബ്രാന്‍ഡ് എന്ന ലക്ഷ്യത്തിന് ഒരുപാട് അകലെയല്ല നാം. എന്നാല്‍ മാര്‍ക്കറ്റിഗ് ഏറ്റവും പ്രധാനവുമാണ്. പ്രാദേശിക മാര്‍ക്കറ്റില്‍ നാം ചുവടുറപ്പിക്കുകയാണ് ആദ്യം വേണ്ടത്. കര്‍ഷകര്‍ക്കാവശ്യമായ ഏതു സഹായവും നല്‍കാന്‍ കോഫി ബോര്‍ഡ് തയ്യാറുമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന സബ്‌സിഡി അര്‍ഹതപ്പെട്ട കര്‍ഷകരില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ബോര്‍ഡിന്റ ഭാഗത്തു നിന്ന് ആവശ്യമായ എല്ലാവിധ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി വരുന്നുണ്ട്. നാം കൈ കോര്‍ത്താല്‍ നമുക്ക് സ്വന്തമായി ബുദ്ധിമുട്ടുണ്ടാവില്ല.’ കോഫി ബോര്‍ഡ് ജൂനിയര്‍ ലെയ്‌സണ്‍ ഓഫീസര്‍ വിഷ്ണു പൊറ്റക്കാട് പറയുന്നു.

മറ്റു കൃഷിക്കെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെങ്കിലും കാപ്പി കര്‍ഷകര്‍ക്ക് കാര്യമായി ഒന്നും ലഭിക്കുന്നില്ല.അതുകൊണ്ട് തന്നെ കോഫി ബോര്‍ഡ് പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെട്ട് ജലസേചന സൗകര്യം, വൈദ്യുതി സബ്‌സിഡി, സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ, പുതിയ തൈകളുടെ സൗജന്യ വിതരണം എന്നിവ അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍