UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

എം ബി സന്തോഷ്

ന്യൂസ് അപ്ഡേറ്റ്സ്

അരുവിക്കരയിലെ ‘പ്രതിക്രിയാവാദി’കള്‍

ഉപതിരഞ്ഞെടുപ്പിനുമുമ്പ് അരുവിക്കര നിയമസഭാ നിയോജകമണ്ഡലത്തിലെ വിജയി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആയിരുന്നെങ്കില്‍ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ താരമായി മാറിയത് അദ്ദേഹത്തെക്കാള്‍ ആറുവയസ് ഇളപ്പമുള്ള ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലാണ്. ഇത് ഒരു കാര്യം ഉറപ്പിക്കുന്നു – തിരുവനന്തപുരത്തെ ഒരു മണ്ഡലത്തില്‍നിന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ മത്സരിക്കും. അദ്ദേഹത്തിലൂടെ അടുത്ത നിയമസഭയില്‍ ബി ജെ പി അക്കൗണ്ട് തുറക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും യു ഡി എഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ എസ് ശബരീനാഥന്‍ അരുവിക്കരയിലെ എം എല്‍ എ ആയി എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ ഭരണ – പ്രതിപക്ഷ മുന്നണികള്‍ക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1,16,418 പേരാണ് വോട്ടുചെയ്തത്. അത്തവണ 56,797 വോട്ടുനേടി 10,654 ന്റെ ഭൂരിപക്ഷത്തോടെ കാര്‍ത്തികേയന്‍ വിജയിച്ചു. അതിനുശേഷം അവിടെ മുന്‍ തിരഞ്ഞെടുപ്പുകളിലെല്ലാം കാര്‍ത്തികേയനെ എതിര്‍ത്ത ആര്‍ എസ് പി യു ഡി എഫ് ഘടകകക്ഷിയായി. അവര്‍ അവകാശപ്പെട്ടത് അവിടെ പതിനായിരം വോട്ടുണ്ടെന്നാണെങ്കിലും അതിന്റെ പകുതി കണക്കുകൂട്ടിയാല്‍ മതി.

ഇത്തവണ വോട്ടുചെയ്തവരുടെ എണ്ണം 1,42,496 ആണ്. അതായത് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ 26078 വോട്ട് അധികം.

ഇനി നോക്കാം – ശബരീനാഥന്‍ ഇത്തവണ നേടിയത് 56,448 വോട്ട്. അതായത്, കഴിഞ്ഞ തവണ കാര്‍ത്തികേയന് കിട്ടിയതിനെക്കാള്‍ 349 വോട്ട് കുറവ്. ആര്‍ എസ് പി അവകാശപ്പെട്ട ‘സ്വന്തം’ വോട്ട് എങ്ങോട്ടുപോയി? ഇതിനുപുറമേ, പുതിയ വോട്ടര്‍മാരിലേയും പോളിംഗ് കൂടിയതിന്റെയും ഏറ്റവും ആനുകൂല്യം ലഭിക്കേണ്ടത് ചെറുപ്പക്കാരനായ ശബരീനാഥനല്ലേ? അതുണ്ടായിട്ടില്ല. അതിനര്‍ത്ഥം ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു എന്നാണ്. കാര്‍ത്തികേയന്റെ മകന്‍ എന്ന സഹതാപതരംഗം അരുവിക്കര കടക്കാന്‍ ശബരീനാഥിനെ തുണച്ചു.

മറുവശത്തോ? എല്‍ ഡി എഫിന്റെ ആര്‍ എസ് പി സ്ഥാനാര്‍ത്ഥി അമ്പലത്തറ ശ്രീധരന്‍നായര്‍ കഴിഞ്ഞ തവണ നേടിയത് 46,123 വോട്ടാണ്. ഇത്തവണ സി പി എമ്മിന്റെ എം വിജയകുമാര്‍ 197 വോട്ട് വര്‍ദ്ധിപ്പിച്ച് 46,320 വോട്ട് നേടി. ആര്‍ എസ് പിയുടെ വോട്ടു വിഹിതം യു ഡി എഫിനുപോയ ശേഷവും കഴിഞ്ഞ തവണത്തെ വോട്ടിനെക്കാള്‍ പെട്ടിയില്‍ വീഴ്ത്താന്‍ സി പി എമ്മിനായി. എന്നാല്‍, സി പി എം തന്നെ കണക്കാക്കിയിരുന്നത് അരുവിക്കരയില്‍ ആര്‍ എസ് പിക്ക് രണ്ടായിരത്തില്‍ താഴെ വോട്ടുകളേ വരൂ എന്നാണ്. അപ്പോള്‍, പുതിയ വോട്ടര്‍മാരും ഈ തിരഞ്ഞെടുപ്പില്‍ അധികമായി ഉയര്‍ന്ന വോട്ടും സി പി എമ്മിനെ തീരെ തുണച്ചില്ല എന്നല്ലേ അര്‍ത്ഥം?

ജി കാര്‍ത്തികേയനോടൊപ്പം മത്സരിച്ച ബി ജെ പിയുടെ യുവനേതാവ് സി ശിവന്‍കുട്ടി 2011ല്‍ നേടിയത് 7,694 വോട്ടാണ്. ഈ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് കിട്ടിയത് 34,145. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 26,451 വോട്ട് അധികം. അതായത്, അധികമായി പോള്‍ചെയ്തതില്‍ 26,078 വോട്ടും രാജഗോപാലിന് കിട്ടിയിരിക്കുന്നു എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

ഫലപ്രഖ്യാപനത്തിന് തലേന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഭരണവിരുദ്ധവോട്ടുകള്‍ വിഭജിക്കപ്പെട്ടു എന്ന് പരസ്യമായി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചപ്പോഴേ സി പി എം പരാജയം തിരിച്ചറിഞ്ഞു എന്ന് വ്യക്തമായി. അതില്‍നിന്നും അരുവിക്കര പരാജയം പാര്‍ട്ടി കണക്കുകൂട്ടിയില്ല എന്ന ആക്ഷേപത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞു.

അഴിമതി, അശ്‌ളീലം,വിലക്കയറ്റം,കെടുകാര്യസ്ഥത,സ്വജനപക്ഷപാതം,ഭരണപരാജയം എന്നിങ്ങനെ ഒരുപാട് വിഷയങ്ങളില്‍ യു ഡി എഫ് പ്രതിക്കൂട്ടിലായിരുന്നു. എന്നാല്‍, മറുവശത്തോ? അഴിമതിക്കേസില്‍ വി എസ് അച്യുതാനന്ദന്‍ വ്യക്തിപരമായി കോടതിയില്‍ പോയി ശിക്ഷിപ്പിച്ച ആര്‍ ബാലകൃഷ്ണപിള്ള ഏറ്റവും വലിയ ഇടതുപ്രചാരകനായി. കോണ്‍ഗ്രസ് മന്ത്രിമാരില്‍ പലരും അഴിമതിയില്‍ പ്രതിക്കൂട്ടിലായപ്പോള്‍ കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരിക്കേ അഴിമതി നടത്തി എന്ന ആരോപണം നേരിടുന്ന എളമരം കരീം സി പി എം കേന്ദ്രക്കമ്മിറ്റി അംഗമായി ഉയര്‍ത്തപ്പെട്ടു. സെക്രട്ടേറിയറ്റ് വ്യഭിചാരശാലയായി അധഃപതിപ്പിച്ചു എന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ സി പി എമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ വ്യഭിചാരശാലയായി അധഃപതിപ്പിച്ച നേതാക്കളെ അദ്ദേഹം സെക്രട്ടറിയായിരിക്കെ സംരക്ഷിക്കാന്‍ ശ്രമിച്ചത് യു ഡി എഫ് നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.

സി പി എം വിഭാഗീയത  ഈ തിരഞ്ഞെടുപ്പില്‍പോലും പ്രതിഫലിച്ചു. നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് ഉദ്ഘാടനം വി എസ്സിനെ നിശ്ചയിച്ചശേഷം മാറ്റി കോടിയേരി എത്തിയത് ജനം കണ്ടുകൊണ്ടിരിക്കുകയായിരുന്നല്ലോ. പിന്നീട് വി എസ് എത്തിയപ്പോള്‍ പിണറായി അണിയറയിലേക്കൊതുങ്ങിയതും വോട്ടര്‍മാര്‍ക്ക് നല്ല സന്ദേശമല്ല നല്‍കിയത്. അത് വിവാദവും ചര്‍ച്ചയും ആയിട്ടുപോലും നിലപാട് മാറ്റാത്തത് പാര്‍ട്ടിക്ക് ഗുണം ചെയ്തില്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയുമോ ആവോ!പാര്‍ട്ടി വിരുദ്ധനെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവര്‍ത്തിച്ച് കുറ്റപത്രം ചുമത്തിയ വി എസ്സിനെ പ്രചാരണം സമാപിക്കുന്നതിന്റെ തലേന്ന് റോഡ്‌ ഷോയില്‍നിന്ന് വിലക്കിയതും മറ്റ് ഗതിയില്ലാതെ അവസാനദിവസം കൊണ്ടുവരേണ്ടിവന്നതും പാര്‍ട്ടി അംഗങ്ങളിലും നല്ല സന്ദേശമല്ല ലഭിച്ചത്. ഇത്രയും നിര്‍ണായകമായ തിരഞ്ഞെടുപ്പ് വേളയില്‍പോലും പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ നേതൃത്വത്തിനാവുന്നില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളായി ഇവ മാറി.എരിതീയില്‍ എണ്ണ ഒഴിക്കുംപോലെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വി എസ് വിരുദ്ധപ്രമേയം ബി ജെ പി എല്ലാ വോട്ടര്‍മാരിലും എത്തിക്കുകയും ചെയ്തു.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ടി പി ചന്ദ്രശേഖരന്‍ വധമായിരുന്നു സി പി എമ്മിന്റെ വിധി നിര്‍ണയിച്ചതെങ്കില്‍ ഇത്തവണ കണ്ണൂരില്‍ ബോംബുനിര്‍മ്മാണത്തിനിടയില്‍ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് വലിയൊരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ യു ഡി എഫിന് സാധിച്ചു. ബി ജെ പിയും അക്കാര്യം വോട്ടര്‍മാര്‍ക്ക് മുന്നിലെത്തിച്ചു. അഴിമതിയേക്കാള്‍ അക്രമത്തെ വെറുക്കുന്നവരാണ് കേരള ജനത എന്ന് അടിയന്തരാവസ്ഥക്കുശേഷമുള്ള തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാക്കിയത് തിരിച്ചറിയാന്‍ സി പി എമ്മിന് സാധിക്കാത്തത് അരുവിക്കരയിലെ മുഴുത്ത തോല്‍വിക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അഴിമതി, അക്രമത്തെക്കാള്‍ സ്വീകാര്യമെന്ന നിലപാടിലേക്ക് അരുവിക്കരക്കാരെ എത്തിക്കാന്‍ കണ്ണൂരിലെ ബോംബ്‌ സ്ഫോടനം വഹിച്ച പങ്ക് ചെറുതല്ല.

ജൈവപച്ചക്കറി, ചവര്‍ സംസ്‌കരണം, പാലിയേറ്റീവ് കെയര്‍ എന്നിവയിലൊക്കെ മുന്നേറ്റമുണ്ടാക്കാന്‍ സി പി എം ശ്രമിക്കുന്നത് അരുവിക്കര ഉള്‍പ്പെടുന്ന തിരുവനന്തപുരത്തുകാരെ സംബന്ധിച്ചിടത്തോളം വാര്‍ത്ത മാത്രമാണ്. അതുകൊണ്ടുതന്നെ അത്തരം വിഷയങ്ങളിലൂടെ നിഷ്പക്ഷ സമൂഹത്തെ ആകര്‍ഷിക്കാമെന്ന സി പി എം കണക്കുകൂട്ടല്‍ കുറഞ്ഞപക്ഷം ഇവിടെയെങ്കിലും വിജയിക്കില്ല. തിരുവനന്തപുരം നഗരസഭ ഉള്‍പ്പെടെ ഇവിടെ സി പി എം നേതൃത്വം നല്‍കുന്ന ഭരണസമിതികള്‍ ചവര്‍സംസ്‌കരണം ഉള്‍പ്പെടെയുള്ളതില്‍ വലിയ പരാജയവുമാണ്.

വിജയങ്ങള്‍ ഭക്ഷിച്ച് ഉമ്മന്‍ ചാണ്ടി; കണക്ക് തെറ്റുന്ന പിണറായി
ഇത് ഇടതുമുന്നണിയുടെ ശവക്കുഴി
മിസ്റ്റര്‍ പി സി ജോര്‍ജ്, യു ആര്‍ എ റോങ് നമ്പര്‍
അരുവിക്കര; തുടര്‍ ഭരണത്തിന്റെ ഗ്രീന്‍ സിഗ്നലോ?

എന്നാല്‍, ജനത്തെ ഏറ്റവും കൂടുതല്‍ വലക്കുന്ന വിലക്കയറ്റം തടയാന്‍ സര്‍ക്കാരിനെ രംഗത്തിറക്കാനോ സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങള്‍ ഉപയോഗിച്ച് ബദല്‍ മാര്‍ഗങ്ങള്‍ കാട്ടിക്കൊടുക്കാനോ സി പി എമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അരുവിക്കര മണ്ഡലത്തിലെ പാവപ്പെട്ടവര്‍ പഠിക്കുന്ന പള്ളിക്കൂടങ്ങളിലൊന്നും പാഠപുസ്തകമെത്താത്തതുപോലുള്ള വിഷയങ്ങള്‍ നന്നായി ഉപയോഗപ്പെടുത്താന്‍ എസ് എഫ് ഐക്ക് കഴിയേണ്ടതായിരുന്നു. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് നടത്തിയ പോരാട്ടങ്ങള്‍ നേട്ടമുണ്ടാക്കി എന്നതിന്റെ തെളിവാണ് അരുവിക്കര പഞ്ചായത്തിലെ തകര്‍ന്ന റോഡുകളുടെ പേരിലുള്ള സമരം അവിടെ വന്‍ഭൂരിപക്ഷം പ്രതീക്ഷിച്ച യു ഡി എഫിന് തിരിച്ചടിയായത്.

ബി ജെ പിയുടെ ഏറ്റവും ജനകീയ മുഖമായി ഒ രാജഗോപാല്‍ മാറി. നെയ്യാറ്റിന്‍കരയില്‍ ആറായിരം വോട്ട് മുപ്പതിനായിരമാക്കിയ അദ്ദേഹം അരുവിക്കരയിലും ആ ‘നാലിരട്ടി’ മാജിക് ആവര്‍ത്തിച്ചു. ഈ നാട്ടുകാരിയും വിപുലബന്ധുബലമുള്ള ഗിരിജാകുമാരി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായപ്പോള്‍പോലും അരുവിക്കരക്കാര്‍ പതിനയ്യായിരത്തിലേറെ വോട്ടുനല്‍കിയില്ല. ഈ തിരഞ്ഞെടുപ്പോടെ ഒരു കാര്യം രേഖപ്പെടുത്തേണ്ടിവരുന്നു – സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വോട്ടുവിഹിതത്തിലെ സിംഹഭാഗവും കൈക്കലാക്കാന്‍ ബി ജെ പി പ്രാപ്തമായിരിക്കുന്നു. അതിന് 140 മണ്ഡലത്തിലും ഒ രാജഗോപാല്‍ മത്സരിക്കേണ്ടിവരുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അധികാരത്തിലെത്തിയില്ലെങ്കിലും സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ ഉള്‍പ്പോരുള്ള കക്ഷിയായി ബി ജെ പി മാറി കേരളത്തിലെ പ്രമുഖ പാര്‍ട്ടികളുടെ നിലവാരത്തില്‍തന്നെയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്! അതെന്തായാലും തല്‍ക്കാലത്തേക്കെങ്കിലും സി പി എമ്മിന്റെ അടുത്ത ഭരണസാദ്ധ്യതകള്‍ അട്ടിമറിക്കാന്‍ ബി ജെ പിക്ക് കഴിയുമെന്നതാണ് യാഥാര്‍ത്ഥ്യം.

ഈ തിരഞ്ഞെടുപ്പുഫലത്തില്‍ ഏറ്റവും വലിയ ലാഭം ഉണ്ടായിരിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ്. കേരളത്തിലെ കോണ്‍ഗ്രസിലും സര്‍ക്കാരിലും ചോദ്യം ചെയ്യാനാവാത്തവിധം ഉമ്മന്‍ചാണ്ടിയുടെ വിജയമുറപ്പിക്കാന്‍ ശബരീനാഥന്റെ പതിനായിരം വോട്ടിന്റെ ഗംഭീര വിജയം കരുത്തുപകരും. സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് തുറന്നുപറഞ്ഞ് ആദ്യം മുതലേ മണ്ഡലം നിറഞ്ഞു കളിച്ച് തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി പയറ്റി നേടിയ വിജയമാണിത്. സോഷ്യലിസ്റ്റ് ജനതയും ആര്‍ എസ് പിയുമൊന്നും ഇനി മുന്നണിമാറ്റമെന്ന ‘പേക്കിനാവ്’ കാണാനിടയില്ല. കെ എം മാണി എന്ന എക്കാലത്തേയും വലിയ ഭീഷണി ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോട്ടയത്തുപോലും ഉമ്മന്‍ചാണ്ടിയുടെ ഔദാര്യം കാക്കുന്ന ദയനീയ അവസ്ഥയില്‍ കേരളാകോണ്‍ഗ്രസിനെ കൊണ്ടുചെന്നെത്തിച്ച കുശാഗ്രബുദ്ധിതന്നെയാണ് അരുവിക്കരയിലും വിജയം കണ്ടത്. നേതൃമാറ്റ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കുപ്പായം തുന്നിയിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് ‘മോഹപ്പൂങ്കുരുവി പറന്നേ’ എന്നുപാടി കടാപ്പുറത്ത് അലഞ്ഞുനടക്കാനേ കഴിയൂ. അല്ലെങ്കില്‍ പൊലീസിലെ ചില ഉന്നതരുടെ കൈവശമുള്ള ‘രഹസ്യ’ങ്ങള്‍ പുറത്തുവരണം. പൊലീസിലെ അത്തരക്കാര്‍ ഇപ്പോള്‍ ചെന്നിത്തലയെക്കാള്‍ വിശ്വസിക്കുന്നത് ഉമ്മന്‍ചാണ്ടിയെ ആയതിനാല്‍ ആ സാദ്ധ്യതയും വളരെ വിദൂരതയിലാണ്.

‘നോട്ട’ക്കും പിന്നില്‍ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥി 1197 വോട്ടുനേടി നാണംകെട്ടപ്പോള്‍ എസ് ഡി പി ഐ, വിഷ്ണുപുരം ചന്ദ്രശേഖരന്റെ വി എസ് ഡി പി എന്നിവയുടെ ഉടുതുണി നഷ്ടപ്പെട്ടതിനൊപ്പം ‘പവനായി ശവമായി ‘ എന്ന അവസ്ഥയിലാണ് പി സി ജോര്‍ജ്. മുസ്ലിങ്ങള്‍ക്ക് നിര്‍ണായകസ്ഥാനമുള്ള മണ്ഡലത്തില്‍ മഅദ്‌നിക്ക് ആയിരംവോട്ടിന്റെ പിന്തുണപോലുമില്ലെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ ബന്ധുകൂടിയായ പൂന്തുറ സിറാജിന് സാധിച്ചതും എടുത്തുപറയേണ്ടതുണ്ട്.

സത്യന്‍ അന്തിക്കാടിന്റെ   ‘സന്ദേശ’ത്തില്‍ ശങ്കരാടിയുടെ കഥാപാത്രത്തിന്റെ ആ പ്രശസ്തമായ വാചകങ്ങളിലൊന്നിന് പ്രസക്തിയേറുകയാണ് – ‘വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും ഉണ്ടായിരുന്ന അന്തര്‍ധാര സജീവമായിരുന്നു എന്നുവേണം കരുതാന്‍’ ! സമാനമായ വിലയിരുത്തലുകളുമായി ‘റാഡിക്കലായ മാറ്റം’ പ്രതീക്ഷിക്കുന്ന ഇക്കൂട്ടര്‍ ഇത്തവണയും രംഗത്തെത്തിയിട്ടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുമോ അതോ കാര്യങ്ങള്‍ കണ്ണുതുറന്നുകാണാന്‍ തയ്യാറാവുമോ എന്നയാന്‍ കാത്തിരുന്നേ മതിയാവൂ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍