UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

ഇത് ഇടതുമുന്നണിയുടെ ശവക്കുഴി

അരുവിക്കരയില്‍ മുക്കോണമത്സരത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് ഭൂരിപക്ഷം ലഭിച്ചു. അന്തരിച്ച ജി കാര്‍ത്തികേയന്റെ മകന്‍ കെ എസ് ശബരിനാഥ് നിയമസഭാംഗം ആയി. എന്നാല്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വിജയം ഉണ്ടായത് ബി ജെ പിക്ക് ആണെന്നു പറയണം. ദയനീയമായ തോല്‍വി നേരിട്ടത് ഇടതുപക്ഷത്തെ നയിക്കുന്ന സി പി എമ്മിനും.

ബി ജെ പി നേതാവ് ഒ രാജഗോപാലിന് അരുവിക്കര വഴി നിയമസഭയില്‍ എത്താന്‍ കഴിഞ്ഞില്ല. എങ്കിലും ഭരണമുന്നണിയെയും ഇടതുമുന്നണിയെയും ഞെട്ടിപ്പിക്കുന്ന മുന്നേറ്റമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി നടത്തിയിരിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ വേണ്ടവിധം തിരിച്ചറിഞ്ഞില്ലെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ നടക്കാന്‍ പോകുന്ന പ്രാദേശിക ഭരണസമിതി തെരഞ്ഞെടുപ്പിലും അതിനു പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ രാഷ്ട്രീയ അട്ടിമറികള്‍ സംഭവിക്കുമെന്ന് ഭരണപ്രതിപക്ഷകക്ഷികള്‍ ഭയക്കണം.

അരുവിക്കരയിലെ ജനവിധി യു ഡി എഫ് ഭരണത്തിന്റെ വിലയിരുത്തലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് അവകാശപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിക്കാന്‍ കഴിഞ്ഞതുകൊണ്ട് ജനങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് കരുതാമോ? സൂക്ഷ്മമായി നോക്കിയാല്‍ ശബരിനാഥ് ജയിച്ചെങ്കിലും അരുവിക്കരയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തോറ്റുപോയിരിക്കുന്നു. കാര്‍ത്തികേയന്‍ 2011 ല്‍ ഈ മണ്ഡലത്തില്‍ 48-79 ശതമാനം വോട്ട് നേടിയാണ് ജയിച്ചത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ശബരിനാഥിന് ഇപ്പോള്‍ 39 ശതമാനം വോട്ട് കിട്ടി. അതിന്റെ അര്‍ത്ഥം അരുവിക്കരയിലെ 61 ശതമാനം വോട്ടര്‍മാര്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായി നിലകൊണ്ടു എന്നാണ്. ഭൂരിപക്ഷവോട്ടുകള്‍ പല പല സ്ഥാനാര്‍ത്ഥികള്‍ക്കായി വിഭജിച്ചു പോയതുകൊണ്ട് ശബരിനാഥിന്റെ വോട്ട് എണ്ണത്തില്‍ കൂടിയെന്നു മാത്രം. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഭരണമുന്നണിക്ക് ജനങ്ങളില്‍ ബഹുഭൂരിപക്ഷവും എതിരാണെന്ന വസ്തുത മറച്ചുവച്ച് ഉമ്മന്‍ചാണ്ടിക്കും വി എം സുധീരനും പി കെ കുഞ്ഞാലിക്കുട്ടിക്കും പരസ്പരം അഭിനന്ദിക്കാം. യഥാര്‍ത്ഥത്തില്‍ അരുവിക്കരയില്‍ നിന്നു ലഭിക്കുന്ന സന്ദേശം യു ഡി എഫ് നേതാക്കളെ വിഷമിപ്പിക്കുന്നതാണ്. ഇടതുപക്ഷം അതിനേക്കാള്‍ ദയനീയമായി വീണുപോയതുകൊണ്ട് ഭരണമുന്നണിയുടെ അന്തരംഗത്തിലുണ്ടായിട്ടുള്ള പ്രഹരം അധികമാരും അറിയുന്നില്ലെന്നു മാത്രം.

ഇടതുമുന്നണി വളരെ കരുതലോടെ മത്സരത്തിനിറങ്ങിയ അരുവിക്കരയില്‍ ഇത്രയും പരിതാപകരമായ ഒരു തോല്‍വി ആരും പ്രതീക്ഷിച്ചിരുന്നില്ല. ആര്‍ എസ് പി പതിവായി മത്സരിച്ചുപോന്ന ആര്യനാട് മണ്ഡലമാണ് അരുവിക്കരയായത്. കാര്‍ത്തികേയന്‍ കഴിഞ്ഞതവണ തോല്‍പ്പിച്ചതും ആര്‍ എസ് പി സ്ഥാനാര്‍ത്ഥിയെ ആയിരുന്നു. അവിടെ ഇടതുമുന്നണിയെ നയിക്കുന്ന സി പി എമ്മിന്റെ പ്രമുഖനായ ഒരു നേതാവിനെ മത്സരത്തിനിറക്കി. മണ്ഡലത്തില്‍ വ്യക്തിബന്ധങ്ങളും സ്വാധീനവും ഏറെയുള്ള ആ നാട്ടുകാരന്‍. സി പി എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ മണ്ഡലത്തില്‍ ഉടനീളം സഞ്ചരിച്ച് പാര്‍ട്ടിപ്രവര്‍ത്തകരെ ഏകോപിപ്പിച്ചു. ഒരുപക്ഷേ പിണറായി വിജയന്‍ തന്റെ ഒരു തെരഞ്ഞെടുപ്പു മത്സരത്തിനും ഇത്രയും സജീവമായി മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകില്ല. പൊതുപ്രസംഗവേദികളിലൊന്നിലും പ്രത്യക്ഷപ്പെടാതെ അടിസ്ഥാന ഘടകങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ച പിണറായിക്ക് അരുവിക്കരയിലെ ഓരോ വോട്ടിന്റെയും ഗതി അറിയാനുള്ള വൈഭവവും അവസരവും ഉണ്ടായിരുന്നു. സി പി എമ്മിന്റെ ജനകീയ മുഖമെന്ന് കരുതുന്ന പ്രതിപക്ഷ നേതാവിന്റെ ശബ്ദമാണ് സ്ഥാനത്തും അസ്ഥാനത്തും അരുവിക്കരയില്‍ ഏറെ മുഴങ്ങിക്കേട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിഭരണത്തെ ഉപതെരഞ്ഞെടുപ്പു വേദികളിലെല്ലാം അച്യുതാനന്ദന്‍ എടുത്തിട്ട് അലക്കി. ബാര്‍ കോഴ അഴിമതി, സോളാര്‍ തട്ടിപ്പ് കേസ്, സലിം രാജിന്റെ ഭൂമി തട്ടിപ്പ് എന്നിവയെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ജനകീയ കോടതിയില്‍ പ്രതിക്കൂട്ടില്‍ നിറുത്തി വിചാരണ ചെയ്യാന്‍ ഫലപ്രദമായി ഉപയോഗിച്ചു. കഴിഞ്ഞതവണ യു ഡി എഫിന്റെ ഭാഗമായിരുന്ന വാചാലരായ ആര്‍ ബാലകൃഷ്ണപിള്ള, പി സി ജോര്‍ജ്, കെ ബി ഗണേശ്കുമാര്‍ എം എല്‍ എ തുടങ്ങിയ നേതാക്കള്‍ സര്‍ക്കാരിന്റെ വിമര്‍ശകരായി ഉപതെരഞ്ഞെടുപ്പുവേദികളില്‍ പ്രത്യക്ഷപ്പെട്ടു. ബി ജെ പിയുടെ എല്ലാ തെരഞ്ഞെടുപ്പുകളിലും കേരളത്തില്‍ പരീക്ഷിക്കുന്ന ഒ രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉയര്‍ത്തിയ ഭീഷണിയും പ്രത്യക്ഷത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ജനമധ്യത്ത് തുറന്നു കാട്ടുന്നതായിരുന്നു. എന്നിട്ടും സി പി എം സ്ഥാനാര്‍ത്ഥി വിജയകുമാറിന് തന്റെ ജന്മനാട് ഉള്‍പ്പെട്ട മണ്ഡലത്തില്‍ ജയിക്കാനായില്ല. ഇതാണ് സ്ഥിതിയെങ്കില്‍ അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ അവസ്ഥ എന്തായിരിക്കും?

വിജയങ്ങള്‍ ഭക്ഷിച്ച് ഉമ്മന്‍ ചാണ്ടി; കണക്ക് തെറ്റുന്ന പിണറായി
ഭരണവിരുദ്ധ വോട്ടുകള്‍ ബിജെപി കരസ്ഥമാക്കിയെന്ന് തോമസ് ഐസക്‌
മിസ്റ്റര്‍ പി സി ജോര്‍ജ്, യു ആര്‍ എ റോങ് നമ്പര്‍

അരുവിക്കര ഉപതെരഞ്ഞെടുപ്പുഫലം കേരളത്തില്‍ വലിയ രാഷ്ട്രീയ ധ്രൂവീകരണമുണ്ടാകുമെന്ന് നിരീക്ഷിച്ചവരുണ്ട്. ഇടതുമുന്നണിയില്‍ പ്രതീക്ഷ അര്‍പ്പിക്കാന്‍ ചെറിയ കക്ഷികള്‍ക്ക് ന്യായീകരണമില്ലാതായി. യു.ഡി.എഫില്‍ നിന്ന് ജനതാദള്‍ (യു), മന്ത്രി പി.ജെ. ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ്സ് വിഭാഗം, ആര്‍.എസ്.പി. എന്നീ കക്ഷികള്‍ ഇടതുപക്ഷത്തേക്ക് മടങ്ങിപ്പോയേക്കുമെന്ന് കരുതിയവര്‍ നിലപാട് മാറ്റുന്നു. പകരം ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ. മറുകണ്ടം ചാടാനുള്ള സാധ്യതയെക്കുറിച്ചാണ് മുസ്ലിം ലീഗ് പോലുള്ള കക്ഷികളുടെ നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നത്. കാരണം കേരളത്തിലെ മുഖ്യ പ്രതിപക്ഷപ്പാര്‍ട്ടിയായി ബി.ജെ.പി വളര്‍ന്നുവരുമെന്നുള്ള സൂചനയാണ് അരുവിക്കര നല്‍കുന്നത്. സി.പി.എം നേതാക്കളില്‍ ചിലരെങ്കിലും കോണ്‍ഗ്രസ്സുമായി സഖ്യമാകാമെന്ന് ചിന്തിക്കുമ്പോള്‍ സി പി ഐ നേതൃത്വം രാഷ്ട്രീയതന്ത്രത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ സാധ്യതയുണ്ട്. അണിബലം കുറഞ്ഞാലും ചിന്താബലം എന്നും സി പി എമ്മിനേക്കാള്‍ കൂടുതലാണ് സി പി ഐക്ക് എന്ന് നിരവധി അനുഭവങ്ങള്‍ നിരത്തി പറയാനാകും.

സി പി എമ്മിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലും പുതിയ വോട്ടര്‍മാരായ യുവാക്കളിലും ബി ജെ പി സ്വാധീനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒ രാജഗോപാലിന് അരുവിക്കരയില്‍ ലഭിച്ച 35,000 വോട്ടില്‍ മണ്ഡലത്തിലെ ആദ്യ വോട്ടര്‍മാരായ 19,000 പേരുടെ വിഹിതം ഒരുപക്ഷേ ശബരിനാഥ് എന്ന യുവസ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതിലും കൂടുതലാവാനാണ് സാധ്യത. എസ് എഫ് ഐ, യുവജന ഫെഡറേഷന്‍ എന്നീ ഇടതുപക്ഷ സംഘടനകളില്‍ അംഗബലം കുറയുന്നു എന്ന ആവലാതി പാര്‍ട്ടി സമ്മേളന വേദികളില്‍ മുഴങ്ങിക്കേട്ടിരുന്നു. നാലുവര്‍ഷം മുമ്പ് ആറര ശതമാനം വോട്ട് ലഭിച്ച ഒരു മണ്ഡലത്തില്‍ ബി ജെ പി ഇപ്പോള്‍ 30 ശതമാനം വോട്ട് നേടി. ഒരു കൊല്ലം മുമ്പ് അതേ മണ്ഡലത്തില്‍ കിട്ടിയതിലും ഇരട്ടിയിലേറെ ജനപിന്തുണ കൈവരിക്കുന്നു. സ്ഥാനാര്‍ത്ഥി രാജഗോപാലിന്റെ വ്യക്തിപരമായ ഗുണവിശേഷങ്ങള്‍ വോട്ടര്‍മാരെ ആകര്‍ഷിച്ചിരിക്കാം. അതേ സമയം അദ്ദേഹത്തിന്റെ പ്രായം ഒരു പ്രതികൂല ഘടകവും ആയെന്നു വരാം. ഇതിനെല്ലാം ഉപരി ഇടതുമുന്നണിയും ഭരണമുന്നണിയും ഭയപ്പെടേണ്ടതരത്തിലുള്ള രാഷ്ട്രീയ വളര്‍ച്ച കേരളത്തില്‍ ബി ജെ പി നേടിക്കൊണ്ടിരിക്കുന്നു. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ ചെറുക്കാന്‍ കോണ്‍ഗ്രസ്സ് – സി പി എം സഖ്യം വേണമെന്ന് ആവശ്യപ്പെടുന്ന മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ ഉയര്‍ന്നുവരുന്നു. കേരളത്തില്‍ സി പി എമ്മിനെ ബി ജെ പി കാര്‍ന്നുതിന്നാന്‍ തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ ന്യൂനപക്ഷ പ്രീണനം ചെറുക്കാന്‍ ഇടതുപക്ഷം പര്യാപ്തമല്ലാതായി. അങ്ങനൊരു വിഭാഗീയ പ്രീണനനയം ഭരണമുന്നണിക്കുണ്ടെന്ന് സി പി എം കാണുന്നുപോലുമില്ല. അതിനാല്‍ സി പി എമ്മില്‍ നിന്ന് ബി ജെ പിയിലേക്കുള്ള ഒഴുക്ക് വര്‍ദ്ധിക്കാന്‍ പോകുകയാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പുവേളയില്‍ കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ രണ്ടു സി പി എം പ്രവര്‍ത്തകര്‍ മരിച്ചു. അക്രമരാഷ്ട്രീയം എന്ന രഹസ്യപരിപാടി പാര്‍ട്ടി ഉപേക്ഷിക്കാന്‍ പോകുന്നില്ല. ജനങ്ങളില്‍ നിന്ന് ദിനംതോറും അകന്നുപോകുന്ന സി പി എം അരുവിക്കരയില്‍ ഇടതുമുന്നണിയുടെ ശവക്കുഴിയാണ് തോണ്ടിയത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍