UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്മുടെ സുകുമാരകലാകാരന്മാര്‍

Avatar

വി കെ അജിത്‌ കുമാര്‍

തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന്‍റെ ഉത്സവപ്പറമ്പുകളാണ്. കൊടിയേറ്റവും കെട്ടുകാഴ്ചകളും പൂരപ്പാട്ടും അരങ്ങേറുന്ന ഉത്സവദിനങ്ങള്‍. ഭക്തന്മാരും കള്ളന്മാരും കച്ചവടക്കാരും  ഒരുപോലെ എത്തിച്ചേരുന്ന ഉത്സവദിനങ്ങള്‍…. ഉപതെരെഞ്ഞെടുപ്പില്‍ കെട്ടുകാഴ്ചകളും  അരങ്ങുവാണ തിരുമേനിമാരും ആരെല്ലാമെന്ന് നോക്കുമ്പോള്‍ ചില പദപ്രയോഗങ്ങള്‍ക്ക് സംഭവിക്കുന്ന അര്‍ത്ഥാന്തരങ്ങളും ചില ചൊല്‍ക്കാഴ്ചകളും ഇനിയും വിട്ടുമാറാതെ പിന്തുടരുന്നു.

ഒരു പരനാറി പ്രയോഗത്തില്‍ ഒരു സീറ്റുതന്നെ നഷ്ടപ്പെട്ടു എന്ന വിലയിരുത്തലില്‍ എത്തിയതുകൊണ്ടോ എന്തോ ഇടതു കണ്ണൂര്‍ പക്ഷക്കാരാരും പുതിയ പദങ്ങള്‍ സംഭാവന ചെയ്യാന്‍ അരുവിക്കരയില്‍ എത്തിച്ചേര്‍ന്നിരുന്നില്ല. ഒരുവിധത്തില്‍ അതൊരു ആശ്വാസമായി. പൊട്ടത്തരങ്ങള്‍ക്കൊണ്ട് ചിലര്‍ അധികപ്രസംഗം വിളമ്പിയപ്പോള്‍, അത് കലകാരന്‍മാരല്ലേ എന്ന് കരുതിയങ്ങ് ക്ഷമിച്ചു. എന്നാല്‍ ഗോദയില്‍ ആദ്യ വെടി പൊട്ടിയത് ഒരു അറവുമാടു പ്രയോഗത്തിലൂടെയായിരുന്നു. വിവിധ അര്‍ത്ഥതലങ്ങള്‍ നല്‍കിയ ആ പ്രയോഗം ശരിക്കും രംഗം വഷളാക്കുകയായിരുന്നു. ഇതിനുള്ള മറുപടിയുമായി വി എസ് സടകുടഞ്ഞെഴുന്നേല്‍ക്കുകയും ചെയ്തു.

അങ്ങനെ അധികമാരും പറഞ്ഞു പ്രചാരം നേടിയിട്ടില്ലാത്ത ഒരു പദം മലയാള രാഷ്ട്രീയരംഗത്തെക്ക് സംഭാവനയായും നല്‍കി. ആറാട്ട് മുണ്ടന്‍! എന്തോ സോഷ്യല്‍ മിഡിയയില്‍ ഇത് വലിയ ഉത്സവമായി (ഇപ്പോള്‍ പൊങ്കാല). തിരുവിതാംകൂര്‍ മഹാരാജാവ് എഴുന്നള്ളുന്ന (ഇതൊരു ഫ്യൂഡല്‍ പദമാണ്) നേരം അദ്ദേഹത്തിനു ദൃഷ്ടിദോഷം വരാതിരിക്കുവാന്‍ മുന്‍പേ നടത്തുന്ന ഒരു കുറിയ മനുഷ്യന്‍. വി എസ് ഈ വാക്ക് സൃഷ്ടിക്കുമ്പോള്‍  ഇതിനു ഇത്രമാത്രം അര്‍ത്ഥവ്യാപ്തി പ്രതിക്ഷിച്ചിരുന്നുവോ എന്നുള്ള ചോദ്യം തികച്ചും അസ്ഥാനത്താണ്. കാരണം ഒന്ന് മനസിലാലോചിക്കാതെ ചെയ്യുന്ന ആളല്ല അദ്ദേഹം. അതു നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വാക്കിലും പ്രവര്‍ത്തിയിലും അടിമുടി രാഷ്ട്രിയം നിലനിര്‍ത്തുന്ന ഒരാള്‍. അതിനുപരി വി എസ് നേടിയെടുത്ത ഒരു സംസാര ശൈലി സ്വാതന്ത്ര്യം. അതിനെ തുലനം ചെയ്യുവാന്‍ നമുക്ക് മുന്‍പില്‍ ഇ കെ നായനാര്‍ മാത്രമേയുള്ളൂ. നേരെമറിച്ച് ഈ വാക്ക് കണ്ണൂര്‍ സഖാക്കന്‍മാര്‍ ആരെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ പിന്നെ പൊങ്കാല അവര്‍ക്ക് നേരെ ആയിരുന്നേനെ.

എന്തായാലും അരുവിക്കരയില്‍ നിറഞ്ഞാടിയത് സംസ്ഥാന നേതാക്കളും സിനിമാതാരങ്ങളും മാത്രം ആയിരുന്നു. അന്യസംസ്ഥാന (വിദേശരാജ്യങ്ങള്‍ എന്ന് തിരുത്ത്) നേതാക്കള്‍ അധികം  പണിയുവാന്‍ എത്തിയില്ല എന്നതും  ഈ ഉപതെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി കാണേണ്ടിയിരിക്കുന്നു.

ശരിക്കും സുകുമാരകല പ്രത്യക്ഷമായത് വോട്ടെടുപ്പ് ദിവസവും സുരേഷേട്ടന്‍റെ ജന്മദിനവും ഒന്നിച്ചു വന്നതുകൊണ്ടാണ്. പലരേയും മടക്കിവിട്ട ചരിത്രമുള്ള പെരുന്നയില്‍ ഒന്നുപോയി പിറന്നാള്‍ മധുരം കഴിക്കാം എന്ന് കരുതിയ ആ വലിയ മനുഷ്യനെ ഷോ ഇവിടെ വേണ്ട എന്ന മറുപടിയില്‍ തിരിച്ചയച്ചത് മോശമായിപ്പോയി എന്നെ പറയാനുള്ളൂ.

പെരുന്ന എന്നത് ഇന്ത്യന്‍ ടെറിട്ടറിയില്‍ ഉള്‍പ്പെടുന്ന ഒരു സ്ഥലമാണെന്നാണ് നാട്ടുകാരുടെ വിശ്വാസം. എന്നാല്‍ അത് തെറ്റാണെന്നും ഒരു സ്വയംഭരണ സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യമാണെന്നും അവിടേക്ക് വിസാ നിയമങ്ങള്‍ ഉണ്ടെന്നും  സുകുമാരകലാ നിപുണനായ ഒരു സമുദായസ്നേഹി മനസിലാക്കിത്തന്നു. 

ഒരു കാര്യം മാത്രം അപ്പോഴും അലട്ടലായി നില്‍ക്കുന്നു. ഇതിലിപ്പോള്‍ ഹൃദയം പൊട്ടാന്‍ എന്തിരിക്കുന്നു. പണ്ട് കലാഭവന്‍ മണി അവാര്‍ഡു ലഭിക്കാതെ മയങ്ങിവീണതുപോലെ, എന്തൊക്കെയോ പ്രതിക്ഷിച്ചുകൊണ്ടാണ് അദ്ദേഹം അവിടേക്ക് ചെന്നതെന്ന് വ്യക്തമാകുന്നു. വെറും പിറന്നാള്‍ സന്ദര്‍ശനം മാത്രമായിരുന്നുവെങ്കില്‍ കഴിഞ്ഞ അരനൂറ്റാണ്ടുകളില്‍ ഒരു പിറന്നാളിനെങ്കിലും അദ്ദേഹം അവിടെ പോയിട്ടുണ്ടോ എന്നുകൂടി പരിശോധിക്കണം. യേശുദാസ് മുകാംബികയില്‍ പോകുന്നതുപോലെ.

എന്നാല്‍ മറ്റൊരു സമുദായ സ്നേഹി തൊഗാഡിയ തൊണ്ടയ്ക്ക് കുരുങ്ങിയതുകൊണ്ടോ എന്തോ കാര്യമായ പദസമ്പത്തൊന്നും ഈ കാലയളവില്‍ നല്‍കാതിരുന്നത് ഭാഷാപരമായ നഷ്ടമായി കരുതുന്നു. 

ഇനി നമുക്ക് സാധാരണക്കാരന്റെ പ്രതികരണ മാധ്യമമായി മാറിക്കൊണ്ടിരിക്കുന്ന നവമാധ്യമത്തിലേക്കൊന്നു നോക്കാം. 

ഫേസ്ബുക്ക് സുകുമാരകലാകാരന്മാരുടെ താവളമാകുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഒരു പോസ്റ്റില്‍ സുകുമാരകലയായ സിരിയല്‍ കാണുന്നവര്‍ മാത്രം നമുക്ക് വോട്ടു ചെയ്താല്‍ മതിയെന്ന പ്രസ്താവനയ്ക് മറുകുറിയുമായി വന്നത് ഒരു പ്രത്യേക ക്ലിപ്പ് കണ്ടവര്‍ മാത്രം വോട്ടു ചെയതാല്‍ മറ്റൊരു വിഭാഗം ജയിക്കുമെന്ന പ്രസ്താവനയാണ്.

പിന്നെ നിറഞ്ഞുനിന്നത് U D F പ്രചാരണ വാഹനം നേതാക്കളുമായി കടന്നു പോകുന്ന ഒരു റോഡിന്‍റെ ദയനിയ സ്ഥിതിയും ടി വി രാജേഷിന്‍റെ ഒരു കോര്‍ണര്‍ യോഗവും.

ഇതൊരു ട്രെയിലര്‍  മാത്രം ഇനി പടം വരാനിരിക്കുന്നതേയുള്ളൂ. നമുക്ക് പ്രതിക്ഷിക്കാം പുതിയ വാക്കുകള്‍ പ്രകടനങ്ങള്‍….

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍