UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയങ്ങള്‍ ഭക്ഷിച്ച് ഉമ്മന്‍ ചാണ്ടി; കണക്ക് തെറ്റുന്ന പിണറായി

Avatar

സാജു കൊമ്പന്‍

ഒടുവില്‍ അവസാന ചിരി ഉമ്മന്‍ ചാണ്ടിയുടേത് തന്നെ. പാര്‍ട്ടിക്ക് അകത്തും വെളിയിലും തന്ത്രങ്ങളില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ഉമ്മന്‍ ചാണ്ടി വീണ്ടും തെളിയിച്ചിരിക്കുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിക്കൊണ്ട് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത് ഇത് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നാണ്. എല്ലാ വഴിയും അടഞ്ഞ് പ്രതിച്ഛായ നഷ്ടത്തിന്റെ പടുകുഴിയില്‍ വീണുകിടക്കുമ്പോള്‍ ഇറക്കിയ തുരുപ്പ്ചീട്ടാണ് ഈ പ്രസ്താവന എന്ന് എല്ലാവരും വിലയിരുത്തി. എന്നാല്‍ അരുവിക്കര തെരഞ്ഞെടുപ്പില്‍ യു ഡി എഫ് പരാജയപ്പെട്ടാല്‍ അത് തന്റെ മാത്രം പരാജയമായിരിക്കില്ലായെന്ന്‍ പറയാതെ പറയുകയായിരുന്നു ഉമ്മന്‍ ചാണ്ടി. എന്തായാലും അതേറ്റു എന്നുതന്നെയാണ് കെ എസ് ശബരീനാഥന്റെ തിളക്കമാര്‍ന്ന വിജയം തെളിയിക്കുന്നത്. ശബരീനാഥന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഘട്ടത്തില്‍ പറഞ്ഞതുപോലെ ഒരു കേഡര്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് പോലെ എണ്ണയിട്ട യന്ത്രം പോലെ തന്നെ കോണ്‍ഗ്രസുകാരും യു ഡി എഫ് പ്രവര്‍ത്തകരും പ്രവര്‍ത്തിച്ചു. അതിന്റെ വിളവ് പ്രതീക്ഷിച്ചതിലും അധികമായി തന്നെ അവര്‍ കൊയ്യുകയും ചെയ്തു. 

എന്തുകൊണ്ടും കേരളത്തിന്റെ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന വിധിയായി അരുവിക്കര തെരഞ്ഞെടുപ്പ് ഫലം മാറിയിരിക്കുന്നു. കേവലം സഹതാപ തരംഗ വിജയം എന്നോ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പിണറായി വിജയനും വി എസ് അച്ചുതാനന്ദനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞതുപോലെ ചട്ടങ്ങളും ക്രമങ്ങളും കാറ്റില്‍ പറത്തി ഭരണം ദുരുപയോഗപ്പെടുത്തി മദ്യവും പണവും ഒഴുക്കി നേടിയ വിജയം എന്നോ പറഞ്ഞു തള്ളിക്കളയാന്‍ പറ്റുന്നതല്ല ഈ തെരഞ്ഞെടുപ്പ് ഫലം. മറിച്ച് കേരളത്തിന്റെ വോട്ടര്‍ മനസ് എങ്ങോട്ട് ചിന്തിക്കുന്നു എന്നതിന്റെ കൃത്യമായ സൂചനയായി ഇതിനെ വിലയിരുത്തേണ്ടിയിരിക്കുന്നു. 

ഉമ്മന്‍ ചാണ്ടിയുടെ അപ്രമാദിത്വം
തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന്റെ സ്റ്റാര്‍ പ്രചാരകനായി എത്താറുള്ള ആന്റണിയെ പോലും അപ്രസക്തനാക്കിക്കൊണ്ടാണ് പ്രചാരണ തന്ത്രങ്ങളില്‍ ഉമ്മന്‍ ചാണ്ടി മുന്നിട്ട് നിന്നത്. നിയമസഭ സമ്മേളനം പുനക്രമീകരിച്ചത് മുതല്‍ പൊതുയോഗങ്ങള്‍ ഒഴിവാക്കി കൂടുതല്‍ കുടുംബയോഗങ്ങളില്‍ കേന്ദ്രീകരിച്ചത് വരെ നീണ്ടു നില്ക്കുന്നു  ഈ തന്ത്രങ്ങള്‍. ജനസമ്പര്‍ക്ക പരിപാടിയുടെ ചെറുമാതൃകകള്‍ ഈ കുടുംബയോഗങ്ങളിലൂടെ സൃഷ്ടിക്കാന്‍ ഉമ്മന്‍ചാണ്ടിക്കായി എന്നതാണ് സത്യം. വിഴിഞ്ഞം തുറമുഖം വികസനത്തിന്റെ അവസാന വണ്ടിയാണ് എന്ന പ്രചരണത്തിനൊപ്പം സഹായ വിതരണങ്ങളിലൂടെ നടത്തുന്ന കാരുണ്യത്തിന്റെ കരുതലിനെയും ഉമ്മന്‍ ചാണ്ടിക്ക് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞു. ഒരു പുരട്ട്ച്ചി തലൈവി തമിഴ്നാട് മാതൃക. ഒപ്പം അഴിമതിയല്ല പ്രധാന പ്രശ്നമെന്നും മറിച്ച് ജനങ്ങളുടെ ജീവിതത്തിന് അടുത്തെത്തുന്നു എന്ന തോന്നലുണ്ടാക്കുന്ന വികസനമാണ് പ്രധാന വിഷയമെന്നും എന്ന ചിന്ത അരുവിക്കരയില്‍ സൃഷ്ടിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കായി. യു ഡി എഫ് രാഷ്ട്രീയത്തിലും ജനങ്ങള്‍ക്കിടയിലും തന്റെ അപ്രമാദിത്വം തെളിയിക്കാനും വരാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വീണ്ടും യു ഡി എഫ് വരാന്‍ പോകുന്നു എന്ന തോന്നലുണ്ടാക്കാനും കഴിഞ്ഞിരിക്കുന്നു. കൂടാതെ ഇനി ഒരു 5 വര്‍ഷത്തേക്ക് തനിക്ക് മുകളില്‍ ആരും കയറിയിരിക്കാന്‍ നോക്കേണ്ടെന്ന വ്യക്തമായ സൂചനയും.  

സുനിത ദേവദാസിനോട് കോണ്‍ഗ്രസ്സുകാര്‍ക്ക് പറയാനുള്ളത്

തെറ്റുന്ന പിണറായിയുടെ കണക്കുകള്‍
അരുവിക്കരയില്‍ ഭരണ വിരുദ്ധ വികാരമുണ്ട് എന്നത് സത്യമായിരുന്നു. യു ഡി എഫിന് എതിരായി വീണ 80,000 വോട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണ്. പക്ഷേ കോടിയേരി ബാലകൃഷ്ണന്‍ വിലയിരുത്തിയത് പോലെ ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോയതുകൊണ്ടല്ല എല്‍ ഡി എഫ് തോറ്റത് . ഭരണ വിരുദ്ധ വോട്ടുകളെ സ്വാധീനിക്കാനുള്ള ഇടതുപക്ഷത്തിന്റെ കഴിവ് ചോര്‍ന്നു പോയിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. വി എസ്-പിണറായി പോരിലൂടെ സി പി എമ്മിന്റെ സംഘടനാ സംവിധാനം തകര്‍ന്നിരിക്കുന്നു. അരുവിക്കര തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ കണ്‍വന്‍ഷനില്‍ നിന്ന് വി എസ് ഒഴിവാക്കപ്പെട്ടു എന്ന വിവാദവും പിന്നീട് എം വിജയകുമാര്‍ നേരിട്ട് പോയി വി എസിനെ പ്രചരണത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതും പിണറായി വിജയനെ പ്രചരണത്തിന്റെ മുന്‍ നിരയില്‍ കാണാതിരുന്നതും സി പി എമ്മിനുള്ളിലെ പോര് അടിത്തട്ടിനെ ബാധിക്കും എന്ന് ഉറപ്പാക്കിയിരുന്നു. അത് മൂര്‍ഛിപ്പിക്കാന്‍ യു ഡി എഫും ബി ജെ പിയും അവസാന നിമിഷം വരെ കിണഞ്ഞു ശ്രമിക്കുകയും ചെയ്തു.

വി എസിന്റെ പ്രചാരണങ്ങള്‍ ആളെക്കൂട്ടിയെങ്കിലും അത് സി പി എം /വി എസ് ആരാധകര്‍ മാത്രമാണ് എന്ന് തെളിയിക്കുന്നതായിരിക്കുന്നു ഫലം. മറിച്ച് മുന്‍ തെരഞ്ഞെടുപ്പുകളില്‍ വി എസ് ഉണ്ടാക്കിയ ജനസ്വാധീനം അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെ ഇത്തവണ ഉണ്ടാക്കാന്‍ സാധിച്ചില്ല. വി എസ് പല ഘട്ടങ്ങളില്‍ എടുത്തിട്ടുള്ള നിലപാടുകളും നിലപാട് മാറ്റങ്ങളും അദ്ദേഹത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിച്ചിട്ടുണ്ട് എന്ന് തന്നെ വേണം കരുതാന്‍.

പിണറായി വിജയന്‍ ബൂത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാണ് പറയുന്നത്. അത് വെറും കണക്കപ്പിള്ളയുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു എന്നാണ് ഈ ഫലം സൂചിപ്പിക്കുന്നത്. അടിത്തട്ടിലെ ജനങ്ങളുടെ പള്‍സ് മനസിലാക്കി പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്താനും കാലിനടിയിലെ മണ്ണ് ഒഴുകിപ്പോകുന്നത് തിരിച്ചറിയാനും പിണറായിക്ക് ആയിട്ടില്ല എന്ന് അടിവരയിടുന്നുണ്ട് എല്‍ ഡി എഫിനുണ്ടായിട്ടുള്ള വന്‍ പരാജയം.

യഥാര്‍ത്ഥ വിജയം ബി ജെ പിക്ക്
ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ ഈ തെരഞ്ഞെടുപ്പ് ഫലം ഏറ്റവും സന്തോഷിപ്പിക്കുക ബി ജെ പിയെ ആയിരിക്കും. ഓ രാജഗോപാലിന് ലഭിക്കുന്ന വ്യക്തിപരമായ വോട്ട് എന്നതിനപ്പുറം ബി ജെ പിയോടുള്ള അസ്പൃശ്യത കേരളത്തിലെ വോട്ടര്‍മാര്‍ ഉപേക്ഷിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ബി ജെ പി നേടിയ 34,000 വോട്ട്. അതിനുമപ്പുറം  ഇടതുപക്ഷത്തിന് പരമ്പരാഗതമായി ലഭിച്ചിരിക്കുന്ന വോട്ടുകള്‍, പ്രത്യേകിച്ചും പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലകളിലും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലും ബി ജെ പി വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്നത് വ്യക്തമായിരിക്കുകയാണ്. അത് കേവലം മോദി എഫക്റ്റ് എന്നതിനപ്പുറം കഴിഞ്ഞ കുറച്ചു കാലങ്ങളിലായി ബി ജെ പിയും സംഘ പരിവാര്‍ സംഘടനകളും അടിത്തട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളുടെയും വര്‍ഗ്ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങളുടെയും ഫലം തന്നെയാണ്. കൂടാതെ ചാനല്‍ ചര്‍ച്ചകളില്‍പ്പോലും സി പി എമ്മിനെ ഹിന്ദു പാര്‍ട്ടിയായി ബ്രാന്‍ഡ് ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതും തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളില്‍ ബി ജെ പി രണ്ടാമതെത്തും  എന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയും സ്വാധീനം ഉണ്ടാക്കി എന്നു തന്നെയാണ്  ബി ജെ പിക്ക് കിട്ടിയ വോട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലകളില്‍. വോട്ടുകളുടെ എണ്ണത്തില്‍ ജയിച്ച യു ഡി എഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാര്‍ത്തികേയന് കിട്ടിയതിനേക്കാള്‍ കുറവാണെന്നതും എല്‍ ഡി എഫിന് വളരെ നേരിയ വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഇടതു വലതു മുന്നണികളുടെ നിലവിലുള്ള വോട്ടില്‍ നിന്ന് ഒരു പങ്കും ഒപ്പം പുതിയ വോട്ടില്‍ നിന്ന് ഗണ്യമായ ഭാഗവും ബി ജെ പിയുടെ പെട്ടിയിലേക്ക് വീണിട്ടുണ്ട്. ഇതൊരു അരുവിക്കര പ്രതിഭാസമായി മാത്രം അവസാനിക്കുമെന്ന് കരുതാന്‍ വയ്യ.

തിരിച്ചറിവ് സി പി എമ്മിന് മാത്രമല്ല കോണ്‍ഗ്രസിനും നല്ലതാണ്!

   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍