UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊലിയുകയാണോ മോദിയുടെ അച്ചേ ദിന്‍?

Avatar

ടീം അഴിമുഖം

പ്രകൃത്യാ തിരകള്‍ നൈമിഷികമാണ്. ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തിന് ‘അച്ചെ ദിന്‍’ വന്നതോടെ ബിജെപിയ്ക്ക് അത് മനസിലായി തുടങ്ങിക്കാണും.

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി വെറും നാല് മാസത്തിന് ശേഷം പാര്‍ട്ടി സംസ്ഥാനത്ത് വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 80 മണ്ഡലങ്ങളില്‍ 71 ലും വിജയിച്ച ബിജെപിയ്ക്ക് ഉപതിരഞ്ഞെടുപ്പ് പതിനൊന്ന് മണ്ഡലങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രമല്ല, 2012 ലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സമാജ് വാദി പാര്‍ട്ടിയ്ക്കും ബഹുജന്‍ സമാജ് പാര്‍ട്ടിയ്ക്കും പിന്നില്‍ മുന്നാം സ്ഥാനത്ത് എത്തിയ ഫലങ്ങളെക്കാള്‍ വലിയ തിരിച്ചടിയാണ് ബിജെപിയ്ക്ക് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വിജയം ആവര്‍ത്തിയ്ക്കാനായില്ല എന്ന് മാത്രമല്ല, അതിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങള്‍ പോലും എസ് പിയ്ക്ക് അടിയറവയ്‌ക്കേണ്ട അവസ്ഥയിലേക്കാണ് ബിജെപി പോയിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തവിടുപൊടിയായി പോയ എസ് പി ഈ ഉപതിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ നേടി. ഇതെല്ലാം ബിജെപിയുടെ ചിലവിലായിരുന്നു എന്നതാണ് കൗതുകകരം.

രാജസ്ഥാനില്‍ നിന്നുള്ള ഫലങ്ങളും ബിജെപിയ്ക്ക് ആഹ്ലാദത്തിനുള്ള വക നല്‍കുന്നില്ല. സംസ്ഥാനത്തെ നാല് സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് ബിജെപിയ്ക്ക് ജയിക്കാനായത്. മൂന്ന് സീറ്റ് നേടി കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് സംസ്ഥാനം നല്‍കിയിരിയ്ക്കുന്നത്. മേയിലെ തിരഞ്ഞെടുപ്പില്‍ ‘സംപൂജ്യ’രായിരുന്ന അവര്‍ക്ക് സംസ്ഥാനത്ത് ഒരു തിരിച്ചുവരവിന് കളമൊരുങ്ങിയിരിയ്ക്കുന്നു എന്ന് വിശ്വസിയ്ക്കാവുന്ന ഫലങ്ങളാണ് ഉപതിരഞ്ഞെടുപ്പ് നല്‍കുന്നത്. ഗുജറാത്തില്‍ ഒമ്പത് സീറ്റുകളില്‍ ആറും ബിജെപി നേടി. എന്നാല്‍ 2013 ലെ നിയമസഭ തിരഞ്ഞെടുപ്പാണ് അളവുകോലെങ്കില്‍ അവര്‍ക്ക് മൂന്ന് സീറ്റുകള്‍ നഷ്ടമായി. നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇപ്പോഴും പിന്നില്‍ നിന്നും ഓടിക്കയറാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് നല്‍കുന്ന സൂചനകള്‍ വ്യക്തമാണ്: രാജ്യത്തിന്റെ ഇതര ഭാഗങ്ങള്‍ക്കുള്ള വികസന മാതൃകയായി ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്തില്‍ അവര്‍ക്ക് കാലിടറിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ മേയ് മാസത്തിന് ശേഷം യുപിയിലെ രാഷ്ട്രീയ കാലാവസ്ഥയിലും സാഹചര്യങ്ങളിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ദേശീയ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് ശേഷം മറ്റ് രാഷ്ട്രീയ കക്ഷികളുടെ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടുകയും പ്രചാരണങ്ങളുടെ ഊര്‍ജ്ജം ചോരുകയും ചെയ്തു. പോളിംഗ് ശതമാനത്തില്‍ തന്നെ വലിയ കുറവാണ് സംഭവിച്ചത്. നിയമസഭ മണ്ഡലങ്ങളില്‍ 53.18 ശതമാനവും മെയിന്‍പുരി ലോക്‌സഭ മണ്ഡലത്തില്‍ 56.4 ശതമാനവും മാത്രമായിരുന്നു പോളിംഗ്. മൊറാദാബാദിലെ താക്കൂര്‍ദുവാര നിയമസഭ മണ്ഡലത്തില്‍ മാത്രമാണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയത്. അവിടെ 69 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കിഴക്കന്‍ ലഖ്‌നൗവും നോയിഡയും പോലുള്ള നഗര മണ്ഡലങ്ങളില്‍ പോളിംഗ് വെറും 34 ശതമാനത്തില്‍ താഴെയായിരുന്നു.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ബിഎസ്പി തീരുമാനിച്ചത് അമ്പരപ്പിയ്ക്കുന്നു ഒന്നായിരുന്നില്ല. ഉപതിരഞ്ഞെടുപ്പില്‍ നിന്നും പൊതുവില്‍ വിട്ടുനില്‍ക്കുന്ന രീതിയാണ് അവര്‍ അനുവര്‍ത്തിച്ചു വരുന്നത്. രണ്ട് പാര്‍ട്ടികളും തമ്മിലുള്ള ശത്രുത കണക്കിലെടുക്കുമ്പോള്‍, പിന്നോക്ക, ദളിത് വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് എസ്പിയുമായി ഒരു സഹകരണം ഉണ്ടാക്കാന്‍ ബിഎസ്പി ആഗ്രഹിച്ചിട്ടുണ്ടാവില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം നിരവധി സംഭവവികാസങ്ങള്‍ യുപിയില്‍ അരങ്ങേറിയിട്ടുണ്ട്. പ്രേമവും വിവാഹവും വാഗ്ദാനം ചെയ്തുകൊണ്ട് മുസ്ലീം യുവാക്കള്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നു എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ‘ലൗ ജിഹാദും’ ചില ഇടത്തരം നേതാക്കള്‍ മതപരിവര്‍ത്തനത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളും ഒക്കെ ഇതില്‍ പെടുന്നു.

മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഒന്നാണ് ‘ലൗ ജിഹാദ്.’ ജാതി വിഭാഗീയതയെ ഊട്ടിയുറപ്പിച്ചുകൊണ്ടും യുപിയുടെ സാംസ്‌കാരിക പ്രകൃതിയില്‍ സ്ഥായിയായ സ്വാധീനം ചെലുത്തിക്കൊണ്ടും തിരഞ്ഞെടുപ്പുകള്‍ ജയിക്കാനുള്ള ആസൂത്രിത പ്രചാരണങ്ങളുടെ ഭാഗമായിരുന്നു ഇതെന്നു വേണം അനുമാനിക്കാന്‍. ‘ലൗ ജിഹാദ്’ എന്ന ആശയത്തെ കുറിച്ച് ഒരു അറിവുമില്ലെന്ന് രാജ്‌നാഥ് സിംഗിനെ പോലെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ യുപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ നിന്നും ഇക്കാര്യം നീക്കം ചെയ്യുകയും ചെയ്തു. യുവാക്കള്‍ ജാഗ്രത പാലിക്കണം എന്ന ഉദ്ദേശത്തോടെ സംസ്ഥാന ബിജെപി അധ്യക്ഷന്‍ തന്റെ ആമുഖ പ്രസംഗത്തില്‍ നടത്തിയ ഒരു പരാമര്‍ശം മാത്രമാണ് അതെന്നാണ് സൂചനകള്‍. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും ഈ പദം പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണ്. അങ്ങേയറ്റം തീവ്ര നിലപാടുകളുള്ള കുട്ടിനേതാക്കന്മാരായിരുന്നു കഴിഞ്ഞ കാലങ്ങളിലും സദാചാര പോലീസായതും വിഭാഗീയത സൃഷ്ടിച്ചതും. എന്നാല്‍ ഇത്തരം ഒരു ആശയത്തെ കുറിച്ച് ഇത്രയും ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുന്നത് ഇത് ആദ്യമാണ്. മന്ത്രിമാരുള്‍പ്പെടുയുള്ള പാര്‍ട്ടിയില്‍ സഹപ്രവര്‍ത്തകര്‍ ഇത് പ്രചരിപ്പിയ്ക്കുന്നത് തടയാന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ തയ്യാറായില്ല എന്നുള്ളതാണ് ദൗര്‍ഭാഗ്യകരം.

മാറ്റത്തിന് വേണ്ടിയുള്ള, മെച്ചപ്പെട്ട ഭരണനിര്‍വഹണത്തിനും വികസനത്തിനും വേണ്ടിയുള്ള വോട്ടാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത്. വിഭാഗീയതയുടെ രാഷ്ട്രീയത്തിലേക്ക് പാര്‍ട്ടി തിരിച്ചു പോകുമെന്ന് തീര്‍ച്ചയായും ആരും പ്രതീക്ഷിച്ചിരുന്നില്ല. നേരത്തെ ഉപതിരഞ്ഞെടുപ്പ് നടന്ന ബിഹാറിലെയും കര്‍ണാടകത്തിലെയും പാര്‍ട്ടിയുടെ പ്രകടനം ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ല. അതോടൊപ്പം ഇപ്പോള്‍ സംഭവിച്ചിരിയ്ക്കുന്ന തിരിച്ചടികളും പാര്‍ട്ടി നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിയ്ക്കുമെന്നും ജാതീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതില്‍ വിദഗ്ധരായ യോഗി ആദിത്യനാഥിനെ പോലെയുള്ള പ്രതിഭകളെ അകറ്റി നിറുത്തുമെന്നും പ്രതീക്ഷിയ്ക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. വോട്ടര്‍മാര്‍ എല്ലാക്കാലത്തും കൂടെ നിന്നുകൊള്ളും എന്ന് വിശ്വസിക്കാന്‍ ബിജെപി നേതൃത്വത്തിന് സാധിയ്ക്കില്ല എന്ന വലിയ സന്ദേശമാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. വികസനത്തെയും വളര്‍ച്ചയെയും കുറിച്ചുള്ള മോദിയുടെ വാഗ്ദാനങ്ങളോട് വളരെ വേഗം അനുഭാവം പ്രകടിപ്പിച്ചവരാണ് ഇന്ത്യയിലെ വോട്ടമാര്‍. എന്നാല്‍ അദ്ദേഹം തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അദ്ദേഹത്തിന്റെ പാര്‍ട്ടി സാമുദായിക വിഭാഗീയതയുടെ രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോയാല്‍, പാര്‍ട്ടിയോട് അനുഭാവം പ്രകടിപ്പിച്ചതിനേക്കാള്‍ വേഗത്തില്‍ വോട്ടര്‍മാര്‍ അകന്നുപോകും എന്നുകൂടി ബിജെപി നേതൃത്വം മനസിലാക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍