UPDATES

ഉപതിരെഞ്ഞെടുപ്പ്: മധ്യപ്രദേശിലും ആസാമിലും ബിജെപി, ബംഗാളില്‍ തൃണമൂല്‍, തൃപുരയില്‍ സിപിഎം

അഴിമുഖം പ്രതിനിധി

അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നടന്ന ലോക്‌സഭാ – നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ഒട്ടുമിക്കയിടങ്ങളിലും പാര്‍ട്ടികള്‍ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി. നാല് ലോക്‌സഭാ മണ്ഡലങ്ങളിലും ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മദ്ധ്യപ്രദേശ്, പശ്ചിമബംഗാള്‍, തൃപുര, ആസാം, അരുണാചല്‍പ്രദേശ്, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

മദ്ധ്യപ്രദേശില്‍ നെപാനഗര്‍ നിയമസഭാ സീറ്റ് ബിജെപി നിലനിര്‍ത്തി. ബിജെപിയുടെ മഞ്ജു ദഡു 42,198 വോട്ടിനാണ് വിജയിച്ചത്. ആസാമില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ് സൊനോവാള്‍ രാജി വച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന ലഖിംപൂര്‍ ലോക്‌സഭാ സീറ്റ് ബിജെപി ജയിച്ചു. ബൈതലാംഗ്‌സോ നിയമസഭാ സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. മേയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇവിടെ ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. മദ്ധ്യപ്രദേശിലേയും ആസാമിലേയും ഉപതിരഞ്ഞെടുപ്പ് ജയം കേന്ദ്രസര്‍ക്കാരിന്‌റെ നോട്ട് പിന്‍വലിക്കലിനും കള്ളപ്പണ വേട്ടയ്ക്കുമുള്ള അംഗീകാരമാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ അവകാശപ്പെട്ടു.

തൃപുരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട്് നിയമസഭാ സീറ്റുകളില്‍ ഒരെണ്ണം ഇടതുമുന്നണി (സിപിഎം) നിലനിര്‍ത്തിയപ്പോള്‍ മറ്റൊന്ന് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. ബര്‍ജാല, ഖൊവായ് എന്നീ സീറ്റുകളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. ബര്‍ജാലയില്‍ സിപിഎമ്മിലെ ജുമു സര്‍ക്കാര്‍ 3374 വോട്ടിന് ബിജെപിയുടെ ഷിസ്താമോഹന്‍ ദാസിനെ തോല്‍പ്പിച്ചു. കോണ്‍ഗ്രസ് എംഎല്‍എ ജിതേന്ദ്ര സര്‍ക്കാര്‍ രാജി വച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഖൊവായിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‌റെ ബിശ്വജിത്ത് ദത്തയെ 16,047 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തി. സിപിഎമ്മിന്‌റെ സിറ്റിംഗ് എംഎല്‍എയായിരുന്ന സമിര്‍ ദേബ് സര്‍ക്കാരിന്‌റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. പുതുച്ചേരിയില്‍ കോണ്‍ഗ്രസിനാണ് ജയം. നെല്ലിത്തോപ്പ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി നാരായണ സ്വാമി ജയിച്ചു. മഹാരാഷ്ട്രയിലെ യവത്മലില്‍ ശിവസേനയുടെ താനാജി സാവന്ത് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പശ്ചിമബംഗാളില്‍ ഒരു നിയമസഭാ സീറ്റിലും രണ്ട് ലോക്‌സഭാ സീറ്റുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്നും തൃണമൂല്‍ കോണ്‍ഗ്രസിന്‌റെ സിറ്റിംഗ് സീറ്റുകളാണ്. മൊണ്ടേശ്വര്‍, കൂച്ച്ബിഹാര്‍, താംലുക്ക് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തമിഴ്‌നാട്ടില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റി വച്ച തഞ്ചാവൂര്‍, അരുവാക്കുറിച്ചി ഉപതിരഞ്ഞെടുപ്പുകളാണ് നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍