UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജേക്കബ് തോമസിന്റേത് ബിസിനസ് തന്ത്രം: സി ദിവാകരന്‍

ജേക്കബ് തോമസ് അഴിമതിക്കെതിരായ പോരാട്ടം നടത്തിയെന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല

തനിക്കെതിരെ ആത്മകഥയിലൂടെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റേത് പുസ്തകം വിറ്റ് പോകാനുള്ള തന്ത്രമാണെന്ന് മുന്‍ മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരന്‍. തന്നെപ്പോലുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ പുസ്തകം ആളുകള്‍ വായിക്കുമെന്നായിരിക്കും അദ്ദേഹം കരുതുന്നതെന്നും ദിവാകരന്‍ ആരോപണളെക്കുറിച്ച് പ്രതികരിച്ചു.

താന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്നപ്പോള്‍ ശുപാര്‍ശ ചെയ്ത സിബിഐ അന്വേഷണം അന്ന് സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന സി ദിവാകരന്‍ തള്ളിക്കളഞ്ഞെന്നും തന്നെ സ്ഥാനത്ത് മാറ്റിയെന്നുമാണ് ജേക്കബ് തോമസ് ആരോപിക്കുന്നത്. അതേസമയം ഒരു വര്‍ഷമാണ് ജേക്കബ് തോമസ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ഉണ്ടായിരുന്നതെന്നും ഏതൊരു മന്ത്രിസഭയും അധികാരമേല്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥന്മാരെ സ്ഥാനം മാറ്റുന്ന പതിവുണ്ടെന്നും എന്നിട്ടും താന്‍ അദ്ദേഹത്തെ ഒരു വര്‍ഷം വകുപ്പില്‍ നിലനിര്‍ത്തിയെന്നും ദിവാകരന്‍ പറയുന്നു.

അതിന് ശേഷം രണ്ടാമത്തെ സര്‍ക്കാരാണ് ഇപ്പോള്‍ നിലവിലുള്ളത്. പത്ത് വര്‍ഷത്തിന് ശേഷം ഈ വെളിപാട് നടത്തിയതിന്റെ ഉദ്ദേശം മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില രാഷ്ട്രീയ പാര്‍ട്ടിയുടെ ഗൂഢ ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് താന്‍ സംശയിക്കുന്നതായും സിപിഎമ്മിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ അദ്ദേഹം ആരോപിച്ചു. റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ച് ഇത്തരം വെളിപാടുകള്‍ നടത്താന്‍ ജേക്കബ് തോമസിനെ കയറൂരി വിട്ടിരിക്കുകയാണ്.

ജേക്കബ് തോമസ് അഴിമതിക്കെതിരായ പോരാട്ടം നടത്തിയെന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന കേസ് ക്യാബിനറ്റില്‍ മുന്നോട്ട് വച്ച് സിബിഐയെക്കൊണ്ട് അന്വേഷണം നടത്താന്‍ ശ്രമിച്ചത് താനാണ്. ആ സമയത്ത് അദ്ദേഹം സിവില്‍ സപ്ലൈസിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍