UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമേരിക്ക അറിയാന്‍; സ്ഥലം എം.എല്‍.എ വരുന്നില്ല

Avatar

ജേക്കബ് സുധീര്‍

അമേരിക്ക എന്ന് കേട്ടാൽ ചെവി പൊത്തണം,  അമേരിക്കൻ പ്രസിഡന്‍റിനെ ടെലിവിഷനിൽ കാണുമ്പോൾ പോലും കണ്ണ് പൊത്തണം, അമേരിക്ക എന്ന് ഉരുവിടുന്നവന്റെ വായ പൊത്തണം എന്ന നിലയിലേക്ക് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പോയ്ക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇടതു എം.എല്‍.എമാരുടെ അമേരിക്കൻ യാത്ര ബഹിഷ്ക്കരണം.

കമ്മ്യൂണിസ്റ്റ്‌ പാർട്ടികള്‍ക്ക്, പ്രത്യേകിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് അമേരിക്കാ ഫോബിയ ഇന്നും ഇന്നലെയും തുടങ്ങിയതല്ല; അതിനു പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. ജനത്തിന് ആ വിരോധം ദഹിക്കാറില്ല എന്നത് നിരവധി തവണ തെളിഞ്ഞതുമാണ്. അമേരിക്കയുമായുള്ള സിവില്‍ ആണവ കരാറിനെ എതിര്‍ത്ത ഇടതുപക്ഷത്തെ തുടർന്ന്‌ നടന്ന തിരഞ്ഞെടുപ്പിൽ ജനം കൈവിട്ടത് നാം ഓര്‍ക്കണം.  

നമ്മുടെ മാധ്യമങ്ങൾ നെഗറ്റീവ് ജേര്‍ണലിസത്തിന് അമിത പ്രാധാന്യം നൽകുന്നു എന്ന മുൻ രാഷ്ട്രപതി ഡോ. അബ്ദുൽ കലാമിന്റെ വിമർശനത്തെ സാധൂകരിക്കുന്നതായിരുന്നു ഇക്കാര്യത്തില്‍ മലയാള മാധ്യമങ്ങളുടെ ഇടപെടലുകളും. മാർട്ടിൻ ലൂതർ കിങ്ങിന്റെ പോരാട്ട വീര്യ ഓർമ്മകൾ സൂക്ഷിക്കുന്ന മലയാളിക്ക് മുന്നിൽ അമേരിക്കൻ ജനാധിപത്യത്തിന്റെ ഊഷ്മളതയും ഭംഗിയും വിവരിച്ചു ലേഖന പരമ്പരകൾ ഉണ്ടായത് അമേരിക്കൻ ചരിത്രം മാറ്റി മറിച്ച തിരഞ്ഞെടുപ്പ് വിധി ഉണ്ടാവുകയും കറുത്ത വർഗക്കാരനായ ബരാക് ഒബാമ അവിടെ പ്രസിഡന്റ്‌ ആയപ്പോഴാണ്. എന്നാല്‍ ഇതിന് പിന്നാലെ അമേരിക്കയെക്കുറിച്ചുള്ള സ്റ്റാറ്റസ്ക്കോയിലേക്ക് നമ്മുടെ മാധ്യമങ്ങളും തിരിച്ചെത്തി. അതിനു സഹായമെന്നോണം അമേരിക്കയുടെ പശ്ചിമേഷ്യൻ ഇടപെടലുകളായിരുന്നു അതിനു പ്രധാന കാരണം. മാധ്യമങ്ങളുടെ നിലപാടുകള്‍ മാറുന്നത് പോലെ രാഷ്ട്രീയ പാര്‍ട്ടികളും മാറണമെന്നാണോ?ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം പൊതുവെ മെലിഞ്ഞുണങ്ങി ഇരിക്കുന്ന അവസ്ഥയിൽ അമേരിക്കന്‍ ബഹിഷ്കരണം കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ഗുണം ചെയ്യും എന്ന് കരുതിയായിരിക്കും ഇപ്പോഴത്തെ നടപടി. എന്നാല്‍ മാറിയ ലോക സാഹചര്യത്തിൽ വിനാശകാലേ വിപരീത ബുദ്ധി എന്ന തരത്തിൽ പരിണമിക്കാനേ ഈ ബഹിഷ്ക്കരണം എന്ന അടവ് നയം കൊണ്ട് സാധ്യമാകൂ.  

ഓരോ യാത്രയും ഓരോ അനുഭവം ആണ്; യാത്രാ വിവരണങ്ങളിൽ വായിച്ച അറിവുകൾ ആയിരിക്കില്ല നേരിട്ട് കാണുമ്പോൾ. നേരിട്ടുള്ള അറിവുകൾ ചിലപ്പോൾ അമേരിക്ക സന്ദര്‍ശിക്കുന്നഎം.എല്‍.എമാര്‍ക്ക് പുത്തൻ ചിന്തകൾക്കുള്ള സാഹചര്യം ഒരുക്കിയേക്കാം. യുവ എം.എല്‍.എമാരുടെ പ്രതീക്ഷകൾ അനന്തവും പൊതുസമൂഹത്തിൽ നിന്നും അവർ നേരിടുന്ന ചോദ്യങ്ങൾ അനവധിയുമാണ്. അതിനൊക്കെ മറുപടി പാർട്ടി ചട്ടക്കൂടിൽ നിന്നാവണം എന്ന് പാർട്ടിക്ക് നിർബന്ധം ഉണ്ടെങ്കിലുംകണ്ണും കാതും തുറന്നു വിദേശങ്ങളിൽ പോയി വന്നാൽ എം.എല്‍.എമാര്‍ ചട്ടക്കൂടിൽ നിന്ന് പറയും എന്ന് ഉറപ്പിക്കാൻ പാർട്ടിക്ക് ആയേക്കില്ല. അബ്ദുള്ളക്കുട്ടിയുടെയും സിന്ധു ജോയിയുടെയും ഡോ. മനോജിന്റെയുംശിവരാമന്‍റെയുമൊക്കെ നിലപാട് മാറ്റങ്ങളും തുടർന്നു പാർട്ടിയിൽ നിന്നുള്ള പുറത്താക്കലുമൊക്കെ യുവജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ച് അവമതിപ്പുണ്ടാക്കി എന്ന കയ്പേറിയ യാഥാർത്ഥ്യം അംഗീകരിക്കുന്നതിലും ഭേദം അമേരിക്കൻ യാത്രക്ക് ഭ്രഷ്ട് കൽപ്പിക്കലാണ് എന്ന് തീരുമാനിച്ചുറപ്പിച്ചതിൽ തെറ്റില്ല! 

നായനാർ സർക്കാരിന്റെ കാലത്ത് നായനാരും ഗൌരിയമ്മയും അമേരിക്കയിൽ പോയി അവിടുത്തെ ഐ ടിതൊഴിലിടങ്ങൾ കണ്ടതിനെ തുടർന്നാണ്‌ തിരുവനന്തപുരത്ത് ടെക്നോപാർക്ക്‌ എന്ന സ്ഥാപനം സ്ഥാപിക്കാനുള്ള ആശയം ഉദിച്ചതും തുടർന്ന്‌ അത് നിലവിൽ വരാനും കാരണമായതെന്ന് ടെക്നോപാർക്ക്‌ മുൻ സി.ഇ.ഒ ആയ വിജയരാഘവൻ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞതായി ഓർക്കുന്നു. കേവല വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഇടത് എം.എല്‍.എമാര്‍ അമേരിക്കൻ സന്ദർശനം ബഹിഷ്ക്കരിച്ചാൽ അമേരിക്കയ്ക്ക് ഒന്നും സംഭവിക്കാനില്ല; പക്ഷെ ഇടത്എം.എല്‍.എമാർക്ക് പലതും നേരിട്ട് കാണാനും അറിയാനുമുള്ള അവസരമാണ് ഇല്ലാതാകുക. പല യാത്രകളും കൂടിക്കാഴ്ചകളും പുതിയ അനുഭവങ്ങളും അറിവുകളും നൽകും. എറണാകുളത്ത് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് കെ വി തോമസ്‌ ഏതോ ഇസ്രായേല്‍ മന്ത്രിയുമായി ഷേക്ക്‌ ഹാൻഡ്‌ ചെയ്യുന്ന ഫോട്ടോ വച്ച് പ്രചരണം നടത്തിയിട്ടും തോമസ്‌ മാഷ്‌ സിന്ധു ജോയിയെക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കുക തന്നെ ചെയ്തു. ഇസ്രായേൽ-പലസ്തീന്‍ സംഘര്‍ഷം നിലനിൽക്കുന്ന അവസരത്തിൽ പാര്‍ടി വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരുന്ന അമേരിക്കൻ ബഹിഷ്ക്കരണം മെലിഞ്ഞുണങ്ങിയ പാർട്ടിക്ക് “അച്ഛാ ദിൻ” ഉണ്ടാക്കും എന്ന് കരുതുന്നവർ സമകാലിക കേരളത്തിന്റെ സ്പന്ദനങ്ങൾ അറിയാത്തവർ ആണെന്ന് പറയാതെ വയ്യ.

അമേരിക്ക എന്നത് അമേരിക്കക്കാർ പോലും ആവര്‍ത്തിക്കുന്നതിലും കൂടുതൽ തവണ നമ്മൾ കൊച്ചു കേരളത്തിൽ ആവര്‍ത്തിച്ചുച്ചരിക്കുന്നുണ്ട്. അമേരിക്കക്കാർ രാഷ്ട്രീയം പറയുകയും ചർച്ച ചെയ്യുകയും ചെയ്യുക തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണെങ്കിൽ അമേരിക്കൻ രാഷ്ട്രീയം ദിനേനെ ചർച്ച ചെയ്യുന്നവരാണ് മലയാളികൾ. പത്രപാരായണം ശീലമുള്ളത് കൊണ്ടും എല്ലാ പ്രമുഖ മലയാള പത്രങ്ങളിലും വിദേശ വാർത്തകൾ വരുന്നത് കൊണ്ടും അമേരിക്കൻ വിദേശ നയത്തെകുറിച്ചും ആയുധ ഇടപാടുകളെ കുറിച്ചും എന്തിനേറെ റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രെറ്റുകളും തമ്മിലുള്ള കെമിസ്ട്രി വരെ ഉദാഹരണങ്ങളും ഉപമകളും വഴി ഒരു ശരാശരി മലയാളിക്ക് തടസ്സം കൂടാതെ പത്തുപതിനഞ്ചു മിനിറ്റ് പറയാനായേക്കും.

പഴയ കാലത്ത് കടത്തിണ്ണകളിലും കവലകളിലും ചായക്കട, ബാർബർ ഷോപ്പ് എന്നിവിടങ്ങളിലുമൊക്കെ വിദേശ വിചാരങ്ങളടക്കം ചര്‍ച്ച ചെയ്തിരുന്നവരുടെ പിൻതലമുറ ഇപ്പോള്‍ സോഷ്യൽ മീഡിയകളിലാണ്.അത് കൊണ്ട് തന്നെ ഇടതുപക്ഷം ഭരിക്കുന്ന സമയത്ത്,തിരുവനന്തപുരത്ത് നവജാത ശിശുക്കൾ മരിച്ചു വീഴുമ്പോൾ  ഇ പി ജയരാജനെ പോലുള്ളവർ അത് അമേരിക്കൻ സാമ്രാജ്യത ഇടപെടൽ ആണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനുള്ളത്രയും ‘സാമ്രാജ്യത്വ തിയറി’കൾ സ്വായത്തമാക്കിയവരാണ് പിന്നീട് സോഷ്യൽ മീഡിയയിൽ തുടർ ചർച്ചകളുംകൈകാര്യം ചെയ്യുന്നത് എന്നും നാം ഓര്‍ക്കണം.

വികസനം എങ്ങനെ വേണം എപ്പോൾ വേണം എന്നതിൽ കണ്‍ഫ്യൂഷൻ ഉള്ളവര്‍ക്ക് ഗുജറാത്ത് മോഡൽ വികസനം വേണം എന്ന് പാർട്ടിയുടെ കണ്ണൂർ എം പി ആയിരുന്ന അബ്ദുള്ളക്കുട്ടി പറഞ്ഞപ്പോൾ ഉണ്ടായ പ്രത്യാഘാതങ്ങളെക്കാൾ വലുതായിരിക്കും ഇനിയൊരു ഇടതുപക്ഷ എം.എല്‍.എഅമേരിക്കയിൽ പോയി കാണുന്ന എന്തെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ വിവരിച്ചാൽ എന്ന്‍ പാര്‍ട്ടിക്ക് എങ്കിലും അറിയാം. അവരിൽ പലരും സാമ്രാജ്യത്വ,അമേരിക്കൻ വിരുദ്ധ സന്ദേശങ്ങൾ അമേരിക്കൻ നിര്‍മിതിയായ ഐ ഫോണിൽ ഷെയർ ചെയ്യുന്നവരുമാണ്; അത്ര ഉന്നതമായ സാമ്രാജ്യത്വ വിരുദ്ധത മനസ്സിൽ സൂക്ഷിക്കുന്നവർ ആണ് പല ഇടതുപക്ഷ യുവജന എം.എ.മാരും. അവരിങ്ങനെ തുടരുന്നതാണ് പാർട്ടിക്ക് നല്ലത്; മാറാനും മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും സമ്മതിക്കരുത്.

* Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍