UPDATES

എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത്‌വര്‍ഗീയവാദികളല്ല: പിണറായി വിജയന്‍

Avatar

അഴിമുഖം പ്രതിനിധി

ഉത്തരേന്ത്യന്‍ ശൈലിയില്‍ കേരളത്തെ വര്‍ഗീയ വല്ക്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമാണ് തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ സംഭവങ്ങളെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മാട്ടിറച്ചിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തി ദാദ്രിയില്‍ അഖ്‌ലാക്ക് എന്ന ഗൃഹനാഥനെ പൈശാചികമായി കൊലപ്പെടുത്തി തുടക്കമിട്ട വര്‍ഗീയസംഘര്‍ഷങ്ങള്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സംഘപരിവാര്‍ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. 

കേരള വര്‍മ്മ കോളേജിലെ വിദ്യാര്‍ഥികള്‍ എന്താഹാരം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് വര്‍ഗീയ വാദികള്‍ അല്ല. അവിടെ മാംസാഹാരം വിതരണം ചെയ്ത വിദ്യാര്‍ഥികളെ ആക്രമിക്കുകയും കോളേജ് യൂണിയന്‍ ഓഫീസ് തകര്‍ക്കുകയും ചെയ്ത ആര്‍എസ്എസ്, എബിവിപി സംഘം ഒടുവില്‍ അധ്യാപകര്‍ക്കുനേരെയും തിരിഞ്ഞിരിക്കുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച അധ്യാപിക ദീപ നിശാന്തിനും അച്ചടക്കസമിതി ചെയര്‍മാന്‍ ജോണ്‍സ് കെ മംഗലം, അധ്യാപകന്‍ അരുണ്‍ എന്നിവര്‍ക്കുമെതിരെ പരസ്യമായ ഭീഷണിയും ആക്ഷേപവും നടത്തുന്നു.

വര്‍ഗീയതയ്‌ക്കെതിരെ സംസ്‌കൃത സര്‍വകലാശാലയിലെ റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്‍ സര്‍വകലാശാലാ ക്യാന്റീന്‍ പരിസരത്ത് സംഘടിപ്പിച്ച വിദ്യാര്‍ഥി-ഗവേഷക സംഗമത്തിന് സര്‍വകലാശാലാ അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതാണ് മറ്റൊരു സംഭവം. 

വര്‍ഗീയതയ്‌ക്കെതിരെ പ്രതികരിക്കുന്നവരെ തകര്‍ത്തുകളയും എന്ന ധാര്‍ഷ്ട്യം വകവെച്ചു കൊടുക്കാന്‍ മതനിരപേക്ഷ സമൂഹത്തിനു കഴിയില്ല. വിദ്യാലയത്തെ ക്ഷേത്രമാണെന്ന് പ്രചരിപ്പിച്ച് മാംസം അകറ്റാന്‍ ശ്രമിക്കുന്നവര്‍ നാളെ സ്ത്രീകളെയും അവര്‍ണരേയും അകറ്റുമെന്ന് ആശങ്കപ്പെടുന്ന അധ്യാപികയുടെ ശബ്ദം ഒറ്റപ്പെട്ടതല്ല.

കേരളം വര്‍ഗീയ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റാനുള്ള ഏതു നീക്കത്തെയും ചെറുത്തു തോല്‍പ്പിക്കാനുള്ള മുന്നേറ്റം ഉണ്ടാകണമെന്നും പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍