UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതാഘോഷങ്ങളെ തിരിച്ചുപിടിക്കുന്നതിനും പച്ചക്കറിത്തോട്ടത്തിലെ സെല്‍ഫികള്‍ക്കുമപ്പുറം

Avatar

പ്രിയന്‍ അലക്‌സ്‌

കേരളത്തിലെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി മുഖം മിനുക്കുകയാണെന്ന് എല്ലാവരും പറയുന്നു. ചരിത്രം നിങ്ങളില്‍ പ്രതിഫലിക്കുന്നു എന്ന് വിളിച്ചുപറയുന്ന കണ്ണാടിയിലാണോ അവര്‍ മുഖം നോക്കുന്നത്? നിങ്ങളുടെ മുഖത്തെ കുട്ടിക്കാലത്തെ കളിക്കിടയില്‍ പറ്റിയ മുറിവുണങ്ങിയ പാട്, അങ്ങിങ്ങ് നരച്ച് താടിരോമങ്ങള്‍, കഷണ്ടി, നിങ്ങളുടെ കണ്ണാടിയില്‍ തെളിയുന്ന രൂപമെന്താണ്? നിങ്ങള്‍ക്ക് ചിരിക്കാനറിയില്ല എന്നുകേട്ട്, നിങ്ങള്‍ കണ്ണാടിക്കുമുന്നില്‍ ചിരിച്ച് ചിരിച്ച് വശം കെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് കഥയേതാണ് കെട്ടുകഥയേതാണ് എന്നു വിഷമിക്കേണ്ടിവരുന്നുണ്ടാവും. കണ്ണാടിയെ ഉപേക്ഷിക്കുക. സൗന്ദര്യം നിങ്ങളെത്തേടിവരും എന്ന ടി വി പരസ്യം ഓര്‍മ്മയുണ്ടല്ലോ.

സത്യം പറയാനുള്ള വ്യഗ്രത ഓരോ വാക്കിലുമുണ്ടാവുമ്പോഴും ഇതൊരു കെട്ടുകഥയാണെന്ന ആമുഖം ആവശ്യമായിവരും. കാരണം ഉറങ്ങാന്‍ വേണ്ടി കഥകളാവശ്യപ്പെടുന്നവരുടെ നാട്ടില്‍, ഉറക്കത്തിലാണ്ടുപോവുന്ന നാട്ടില്‍, വ്യാസന് സ്വന്തം പേരില്‍ ഒന്നുമെഴുതാനാവില്ല. അത് വിഘ്‌നേശ്വരന്‍, ദൈവം തന്നെ എഴുതണം. ദൈവം എഴുത്തുനിര്‍ത്തുകയും മനുഷ്യന്‍ എഴുതാന്‍ തുടങ്ങുകയും ചെയ്തു എന്ന് കരുതുമ്പോഴാണ്, വീണ്ടും വീണ്ടും ഏതു സാമൂഹിക മതേതര ഭ്രമത്തിന്റെ പേരിലായാലും, ചില ഏറ്റെടുക്കലുകള്‍ സംഭവിക്കുക. റാഡിക്കലായ, വേരിറക്കമാഗ്രഹിക്കുന്ന ഏതു ചിന്താധാരയും കടന്നുപോകുന്ന ഒരു ഘട്ടമാണത്. തെളിനീര്‍ അന്വേഷിച്ചുള്ള വേരിറക്കം.

ഇത് ഏറ്റെടുക്കലുകളുടെ കാലമാണ്. പച്ചക്കറി കൃഷി നടത്തുന്നവരുടെ തോട്ടത്തിലും, ഗണേശോത്സവത്തിലും, ശ്രീകൃഷ്ണജയന്തിയിലും മാത്രം അത് ഒതുങ്ങിയേക്കണമെന്നില്ല. ഏറ്റെടുക്കലുകളോടൊപ്പം ഒഴിവാക്കലുകളുമുണ്ടാവാം. ഇടപെടാത്തയിടങ്ങളിലേക്ക് ഇടപെടുമ്പോള്‍, പ്രയോഗത്തില്‍, സൈദ്ധാന്തികയുണ്ടെന്നും, അതിനെ റിവിഷനിസം എന്നുതന്നെയാണോ വിളിക്കപ്പെടുക എന്നും ആകുലതയുണ്ടാവാം. ഇ എം എസും ഒരു റിവിഷനിസ്റ്റായിരുന്നു. ഗ്രാംഷിയും അതേ. ലെനിനെത്തന്നെ അഴിച്ചുപണിഞ്ഞതാണ് ഗ്രാംഷി. പക്ഷെ ഗ്രാംഷിയെ ഒന്നുകൂടെ ആവര്‍ത്തിക്കേണ്ടിവരും. ഏറ്റെടുക്കലുകളുടെ ഈ താത്ത്വിക അവലോകനത്തിനിടയില്‍. ജൈവപ്പച്ചക്കറി നട്ടുവളര്‍ത്താനല്ല, വിശക്കുന്ന മനുഷ്യനോട് പുസ്തകം കയ്യിലെടുക്കാന്‍ പറഞ്ഞൊരു പഴയകാലമുണ്ടെന്നോര്‍ക്കാന്‍.

ബുദ്ധിജീവികള്‍ വര്‍ഗരഹിതരായ ഒരു വ്യത്യസ്ത സാമൂഹിക വിഭാഗമാണെന്ന് കരുതുന്നത് ഒരു സങ്കല്പം/മിത്ത് മാത്രമാണ് എന്ന് അന്റോണിയോ ഗ്രാംഷി പ്രിസണ്‍ നോട്ട്‌സില്‍ വിവരിക്കുന്നുണ്ട്. അധ്വാനവര്‍ഗത്തില്‍ത്തന്നെ ജൈവബുദ്ധിജീവികള്‍ ഉടലെടുക്കുമെന്നും, ഉടലെടുക്കേണ്ടതാണെന്നും അത് തിരുത്തല്‍ വാദമൊന്നുമല്ലെന്നും ഗ്രാംഷിയെ ഉദാഹരിച്ച് വിവരിക്കാനാവും. അതായത് ഇതാണ് പാര്‍ട്ടി, ഇതല്ല പാര്‍ട്ടി എന്നൊക്കെ പറയുന്നതിന്റെ സാംഗത്യമില്ലായ്മ നല്ലോണം അറിയുന്നോരാവണം ലെനിനിസ്റ്റുകള്‍. വര്‍ക്കിങ്ങ് ക്ലാസിന് അങ്ങനെതന്നെ നിലകൊള്ളാനാവില്ല. ചലനാത്മകമായിത്തന്നെ നമുക്ക് അതിനെ ചിത്രീകരിക്കേണ്ടതുണ്ട്. അതിനാലാണ് ജൈവബുദ്ധി ജീവിതം എന്നത് ഒരാവശ്യകതയായി മാറുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു സാധാരണ പാര്‍ട്ടിപ്രവര്‍ത്തകന്‍ അത്രയ്‌ക്കൊന്നും ആലോചിക്കേണ്ടതില്ല. ഒരു സാധാരണ അനുഭാവി എന്തിനിത്ര വ്യാകുലപ്പെടുന്നു? ഒരു വിമര്‍ശകന്‍ എന്തിന് എല്ലാത്തിലും പാര്‍ട്ടിയെ വിമര്‍ശിക്കുന്നു എന്നിങ്ങനെ അനേകം സംശയങ്ങളുണ്ടാവാം. എന്തെന്നാല്‍ ചിന്തിക്കുക, എന്നത് ഒരു മനുഷ്യ പ്രവൃത്തിയിലും ഒഴിവാക്കാനാവതല്ല. അതുകൊണ്ടാണ് ഉത്തമന്മാര്‍ ഉണ്ടാവുന്നത്. ഹോമോ ഫേബര്‍, ഹോമോ സേപ്പിയന്‍സില്‍നിന്ന് വേറിട്ട് നില്‍ക്കുന്നില്ല. പക്ഷെ ചിന്തിക്കുന്ന എല്ലാവര്‍ക്കും ബുദ്ധിജീവികളുടെ ധര്‍മ്മം നിറവേറ്റാനാവുന്നില്ല എന്നും ഗ്രാംഷി പറയുന്നുണ്ട്. മുട്ട പൊരിക്കാനറിയാമെന്നു കരുതി കുക്ക് എന്ന് വിളിക്കാനാവാത്തതുപോലെ എന്ന് വിവരിക്കുന്നു. അതുകൊണ്ട്, താത്വികമായി പാര്‍ട്ടി പിന്നെയും പിന്നെയും വിശദീകരിക്കേണ്ടിവരുന്നു. വല്ലപ്പോഴും മുട്ടപൊരിക്കാനിറങ്ങുന്ന നമ്മള്‍ അത് കേട്ടു, ഉപ്പോ കുരുമുളകോ പോരെന്നുപറയുന്നു. സംഗതി അത്രേയുള്ളൂ.

വളരെ വെര്‍ട്ടിക്കലായി മനുഷ്യജീവിതത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന മതത്തിന് രാഷ്ട്രീയ അധികാരമായി മാറാന്‍ എളുപ്പമാണ്. അതെപ്പോഴും ഒരു അധീശത്വമായി നിലനില്‍ക്കുന്നതാണ്. ഇതിന് യാന്ത്രികമായ ഒരു തലമാണുള്ളത്. ഇതിനെ ജൈവികമായി മാത്രമേ ചെറുക്കാനാവൂ. 

നട്ടുനനച്ചു വളര്‍ത്തിയ വാഴ കുലച്ചപ്പോള്‍ കായ വെട്ടിക്കൊണ്ടുപോയ ജന്മിയെ ഓര്‍മ്മിക്കാനാവുന്നുവെങ്കില്‍, അന്നും ദൈവങ്ങളുണ്ടായിരുന്നു. അമ്പലത്തില്‍ക്കേറി മണിയടിച്ചത്, അമ്പലത്തിന്റെ/ സവര്‍ണന്റെ അധികാരത്തെ വെല്ലുവിളിക്കാനാണ്, തൊഴാനല്ല. മാറ് മറയ്ക്കാഞ്ഞ സ്ത്രീകളെ, ഒരു ശ്രീരാമന്‍ വന്ന് മുല ഛേദിച്ച് വിമോചിപ്പിക്കുന്നതും കാത്ത് നമ്മള്‍ നിന്നില്ലെന്നോര്‍ക്കുക. നമ്മുടെ കൊടി ജന്മിക്ക് കൊടുത്തിട്ട് ആ കൊടി നാട്ടാനായി ഭൂമി തരാന്‍ പറഞ്ഞു. നമ്മള്‍ അന്നു കമ്മ്യൂണിസ്റ്റാക്കിമാറ്റിയ ജന്മി പല രൂപത്തില്‍ കറങ്ങിനടപ്പുണ്ട് നമ്മുടെയിടയില്‍. നാട്ടിലാകെ ക്ഷാമം മൂത്തപ്പോള്‍, കൂലി പിടിച്ചു വെച്ചപ്പോള്‍ പത്തായം തുറന്നു നെല്ലെടുത്ത് വിതരണം ചെയ്തു നമ്മള്‍ സോഷ്യലിസ്റ്റുകള്‍, ദാരിദ്ര്യത്തേയും വീതം വെച്ചു പകുത്തെടുത്തു. അമ്പലമുറ്റത്ത് തൊഴാന്‍ ചെന്നിട്ടില്ല. പക്ഷെ നാടകം കളിച്ചിട്ടുണ്ട് ആചാരങ്ങളെല്ലാം അനാചാരങ്ങളാണെന്ന് വാദിച്ചിട്ടുണ്ട്. ശാസ്ത്രം പോലും കലാജാഥയാക്കിയവര്‍ മറ്റെവിടെയുണ്ട്? അങ്ങനെയൊന്നും ചന്തുവിനെ തോല്‍പ്പിക്കാനാവില്ലെന്നറിയാം. എന്നാലും ചന്തു തോല്‍ക്കരുത്. ആരും തോല്പിക്കരുത് ഈ ചന്തുവിനെ.

ടോം സോയര്‍ എങ്ങനെയാണ് പോളിയമ്മായിയുടെ വേലി കൂട്ടുകാരെക്കൊണ്ട് വെള്ളയടിപ്പിച്ചത് എന്നറിയില്ലേ? പെയിന്റടിക്കുന്ന പണി വളരെ ആസ്വാദ്യകരമായ കളിയാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി. അങ്ങനെ എല്ലാവരും പോളിയമ്മായിയുടെ വേലി പെയിന്റടിക്കാന്‍ മത്സരിച്ചു. ടോം സോയറുടെ പണി എളുപ്പമായി. കൂടുതല്‍ക്കൂടുതല്‍ അനുസരണമുള്ള കുട്ടികളായി മതാത്മകതയെ തിരുകിക്കയറ്റുന്ന ഒരു കണ്ട്രോള്‍ സൊസൈറ്റിയെ അവരോടൊപ്പം നമ്മളും സ്വാഗതം ചെയ്യുന്നു. മതത്തിനെയും മതപരമായ ആഘോഷങ്ങളെയും, അതിന്റെ പരിവേഷത്തെ നഷ്ടപ്പെടുത്തി നമുക്ക് പൂര്‍ണ്ണമായി സ്വന്തമാക്കാന്‍ കഴിയില്ല. വെര്‍ട്ടിക്കലായി അതിന്റെ ഇടപെടലുകള്‍ തുടരും. അതുകൊണ്ടാണ് വൈലോപ്പിള്ളി എന്റെ പാട്ടുകളെല്ലാം ഓണപ്പാട്ടെന്ന് ഓര്‍മ്മിച്ചത്. ഭൂതകാലമധുരമോ പെരുമയോ ഉത്സവച്ഛായ പകരുന്ന ഒരു നിയോഫ്യൂഡല്‍ മടങ്ങിപ്പോക്കും ഈ വെര്‍ട്ടിക്കലായ അധീശത്വത്തിന്റെ മരണമില്ലാത്ത വാഴ്ച്ചയാണ്. ഇവിടെയൊരു ട്രാപ്പുണ്ട്. വൈരുധ്യം കൊണ്ട് നശിക്കുകയോ വൈരുധ്യം കൊണ്ട് വളരുകയോ ചെയ്യാം എന്ന് ആരാണിനി നമ്മോട് പറയുക എന്ന് എം എന്‍ വിജയന്‍ ഇ എം എസിന്റെ വേര്‍പാടില്‍ അനുശോചിച്ചുകൊണ്ട് എഴുതുകയുണ്ടായി. കൂടുതല്‍ക്കൂടുതല്‍ മതാഘോഷങ്ങളെ ഏറ്റെടുക്കുന്ന നമ്മുടെ വൈരുധ്യം നമ്മള്‍ നിശ്ചയിക്കുന്ന ഗതിക്കുതന്നെ പോയേക്കുമോ, അതോ ടോം സോയര്‍ നമ്മളെക്കൊണ്ട് അമ്മായിയുടെ വേലിക്ക് പെയിന്റടിപ്പിക്കുമോ?

എം മുകുന്ദന്റെ കേശവന്റെ വിലാപങ്ങളില്‍ അപ്പുക്കുട്ടന്റെയച്ചന്‍ പളനിസ്വാമിയുടെ ഭക്തനാണ്. അയാള്‍ ഒരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യില്ല. പാര്‍ട്ടി അനുഭാവിയായ അപ്പുക്കുട്ടന്‍ കൊലയാളിയായിത്തീരുന്ന കഥയില്‍ ഇപ്പോളാവശ്യപ്പെടുന്ന ട്വിസ്റ്റ് ഇതാണ്. അപ്പുക്കുട്ടനും അച്ഛന്റെയൊപ്പം പളനിസ്വാമിയോട് പ്രാര്‍ത്ഥിക്കുക. എന്നാല്‍ ആ കലുങ്കിലിരിക്കുന്ന മൂന്നു കുടിയന്മാര്‍ക്കും നല്ലതാണ്. ശരവണന് തന്റെ പ്രാണന്‍ രക്ഷപെട്ടു. ആമന്‍ സാര്‍ ഒരു പക്ഷെ കണ്ണാടിയില്‍നോക്കി പുഞ്ചിരിച്ചുകൊണ്ട് ജൈവ ബുദ്ധിജീവിയായി പരിണമിക്കട്ടെ. പക്ഷെ അപ്പുക്കുട്ടനില്‍ വെര്‍ട്ടിക്കലായി ഇടപെടുന്ന ഭക്തിയുടെ ഹെഗമോണിയെ ആണ് നമ്മള്‍ ഭയക്കേണ്ടത്. അതിന് കമ്മ്യൂണിസം വേണമെന്നില്ല. ഗൂഗിളില്‍ സോഷ്യലിസം എന്ന് സേര്‍ച്ച് ചെയ്താല്‍ ഒബാമ എന്ന വാക്ക് തെളിഞ്ഞുവരുന്ന പോലെയാണത്. നമ്മള്‍ വിചാരിക്കുന്ന പ്രതിരോധമൊന്നും സാധിച്ചേക്കില്ല. കാരണം ഭക്തിയെ നമുക്ക് ഭക്തി വഴിയല്ലാതെ യുക്തി വഴി occupy ചെയ്യാനാവില്ല. വിശ്വാസികള്‍ അതിന് സമ്മതിക്കില്ല. തങ്കുബ്രദറിന്റെ ധ്യാനയോഗത്തില്‍ നമുക്ക് അവകാശസമരത്തെക്കുറിച്ച് പറയാനാവില്ല. ശ്രീകൃഷ്ണജയന്തിയിലും ഈ occupy എന്നത് എത്ര നടപ്പാവും എന്ന് മനസിലാവുന്നില്ല.

‘ആമന്‍ സാര്‍ കണ്ണാടിയില്‍ നോക്കി കണ്ണുകള്‍ ചിമ്മി ചിരിച്ചു. മറ്റുള്ളവരുടെ ചിരി കണ്ട് മടുക്കുമ്പോള്‍ സ്വന്തം ചിരി കാണുവാനായി അയാള്‍ കണ്ണാടിയുടെ മുന്നില്‍ ചെന്നു നില്‍ക്കും. അയാളെ സംബന്ധിച്ചിടത്തോളം മുടിചീകുവാനും പൊട്ടുതൊടുവാനും കണ്ണെഴുതുവാനും ക്ഷൗരം ചെയ്യുവാനും മാത്രമല്ല സ്വന്തം ചിരി കാണുവാനുള്ളതു കൂടിയാണ് കണ്ണാടി. അങ്ങനെ ആമന്‍ മാസ്റ്റര്‍ കണ്ണാടിക്ക് ഒരു പുതിയ അര്‍ത്ഥം കൂടി നല്‍കി. അപ്പുക്കുട്ടന്റെ ജീവിതത്തിന് ഒരു പുതിയ അര്‍ത്ഥം നല്‍കിയ ആളല്ലേ ആമന്‍ മാസ്റ്റര്‍?’ looking glass self മാത്രം കാണുന്ന ഒരു ബുദ്ധിജീവിയാണിത്. ഇടത് വലതായി മാറുന്ന, വലത് ഇടതായി മാറുന്ന കണ്ണാടിയാണിത്. ആമന്‍ സാര്‍ ആമന്‍ സാറിനെക്കാണുന്ന കണ്ണാടിയില്‍, നമ്മള്‍ മറ്റുപലരെയും കാണേണ്ടതുണ്ട്. ഒരു പാടുനേരം കണ്ണാടിയില്‍ നോക്കുന്നയാള്‍ നാര്‍സിസ്റ്റാവാം. അത് തരുന്ന ലിബിഡോ, ജയിക്കാത്തതെല്ലാം ജയിപ്പിക്കും. സ്വയം അപരവത്ക്കരിക്കാന്‍ കൂടി കഴിയും. കാണുന്നവരെല്ലാം ഒരാളുടെ മുഖം മൂടികളാവും. കണ്ണാടിക്കുമുന്നില്‍ കൃഷ്ണനോ മാര്‍ക്‌സോ, ഗാന്ധിജിയോ ആയി വേഷം കെട്ടാമല്ലോ.

അപ്പോള്‍ വേഷം കെട്ടുന്നത് ആമന്‍ സാര്‍ മാത്രമാണ്. ജൈവബുദ്ധിജീവിമാത്രം. പക്ഷെ ഒരു സാധാരണ ഹോമോ ഫേബറിന് അതൊന്നും അറിയണമെന്നില്ല. അയാള്‍ക്ക് വല്ലപ്പോഴും മുട്ടപൊരിച്ചുള്ള പരിചയമല്ലേയുള്ളൂ. അയാളോട് ഗള്‍ഫ് യുദ്ധം നടന്നിട്ടില്ലെന്ന് പറഞ്ഞാല്‍ അയാളത് വിശ്വസിക്കും. dare to know എന്ന് കാന്റ് ആക്രോശിച്ചത് അയാളോടായിരുന്നെന്ന് പറയുമ്പോഴാണ് അയാളുടെ അത്താഴപ്പട്ടിണിക്കലം നിലത്ത് വീണുപൊട്ടുക. അയാള്‍ക്കതറിയാന്‍ നേരമില്ല. എല്ലാം അയാള്‍ പാര്‍ട്ടിയെ വിശ്വസിച്ചേല്‍പ്പിച്ചിരുന്നു. പാര്‍ട്ടി ദൈവത്തെ ഏല്‍പ്പിക്കാന്‍ തുടങ്ങും മുമ്പേ. എന്നിട്ടും അയാള്‍, ഒരു സാധാരണ പാര്‍ട്ടി പ്രജ വന്നു നില്‍പ്പുണ്ട്. താനാരുവ്വാ എന്ന് സീസറിനെ കൊന്ന (ഗാന്ധിയെ മുതല്‍ ഗുല്‍ബര്‍ഗിയെ വരെ) ജനം അലറുമ്പോള്‍, ശ്രീകൃഷ്ണജയന്തി ആഘോഷിക്കുമ്പോള്‍ താനൊരാളെ കുഴിച്ചിടാന്‍ വന്നതെന്ന് മാര്‍ക്കാന്റണിയുടെ പ്രസ്താവമാണുണ്ടാവേണ്ടത്. അല്ലാതെ റബ്ബറിന്റെ രാഷ്ട്രീയം പച്ചക്കറിയിലുണ്ടാവുമെന്ന സ്ലാക്ടിവിസമല്ല. ഈ സ്ലാക്ടിവിസ്റ്റുകള്‍ക്കും മുമ്പാണ് മുകുന്ദന്‍ കേശവന്റെ വിലാപങ്ങള്‍ എഴുതിയത്. അന്ന് ഇ എം എസിനെപ്പോലെ വേഷം ധരിക്കുന്ന, അനുകരിച്ച് മുടിചീകുന്ന, അപ്പുക്കുട്ടന്‍, കുട്ടിക്കാലം മുതലേ ഇ എം എസിനെ ആരാധിക്കുന്നയാള്‍ പുസ്തകം പിടിച്ച കൈകൊണ്ട് ശരവണന്റെ കഴുത്തുഞെരിക്കുന്നു. അതുകൊണ്ടാണ് കേശവനും കൊല്ലപ്പെടുന്നത്. നമ്മള്‍ ശവമടക്കുകള്‍ ആഘോഷിക്കുന്നത്. ജനങ്ങള്‍ ഓരോരുത്തരായി കമ്മ്യൂണിസ്റ്റാവുമെന്നാണോ അതോ ഒറ്റരാത്രികൊണ്ട് കമ്മ്യൂണിസ്റ്റാവുമെന്നാണോ? രണ്ടുമല്ല, ജൈവബുദ്ധികളെ നമ്മളൊരു താക്കോല്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അവരത് മറന്നാല്‍ ഒരലാറവും മുഴങ്ങില്ല. മാധ്യമങ്ങള്‍ വിഴുങ്ങുന്ന ഭൂതകാലത്തില്‍ നിങ്ങള്‍ക്കൊരു സ്ഥാനമുണ്ട്. അത് നിങ്ങള്‍ തന്നെ നഷ്ടമാക്കരുത്. ആഴമില്ലാത്ത അസഹിഷ്ണുത മാത്രം നമുക്ക് സമ്മാനിക്കുന്ന ഒരു ടിവി ചര്‍ച്ചയ്ക്കപ്പുറം, മതാഘോഷങ്ങളെ തിരിച്ചുപിടിക്കുന്നതിനപ്പുറം, പച്ചക്കറിത്തോട്ടത്തിലെ സെല്‍ഫികള്‍ക്കപ്പുറം, നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന് കടമ്മനിട്ട പാടുന്നുണ്ട്.

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍