UPDATES

News

മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് സിപിഐഎം

അഴിമുഖം പ്രതിനിധി

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനത്തില്‍ കവിയാത്ത സംവരണം നല്‍കണമെന്നും ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംവരണം സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ഇടയില്‍ നില്‍ക്കുന്ന സംശയങ്ങളുടെ ദൂരീകരണത്തിനായി കോടിയേരി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വിശദീകരണത്തിലാണ് സിപിഐഎമ്മിന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

“സംവരണ കാര്യത്തില്‍ പാര്‍ട്ടിക്ക് മൂന്ന് അടിസ്ഥാന നിലപാടുകളാണ് ഉള്ളത്. പട്ടികജാതിവര്‍ഗക്കാര്‍ക്ക് നിലവിലുള്ള സംവരണം അതുപോലെ തുടരണം, പിന്നോക്കവിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്ക് പ്രഥമ പരിഗണന ഉണ്ടാകണം. അവരില്ലെങ്കില്‍ അതിലെതന്നെ സമ്പന്നവിഭാഗത്തെ പരിഗണിക്കണം, മുന്നോക്കത്തിലെ പിന്നോക്കവിഭാഗങ്ങള്‍ക്ക് 10 ശതമാനത്തില്‍ കവിയാത്ത സംവരണം നല്‍കണം. ഇതിനായി ഭരണഘടന ഭേദഗതിചെയ്യണം. ഈ നിലപാട് നടപ്പാക്കണമെന്നതാണ് പാര്‍ടിയുടെ അഭിപ്രായം.

മറ്റ് പാര്‍ട്ടികളില്‍ നിന്നും വിഭിന്നമായി സംവരണ പ്രശ്‌നത്തെ സിപിഐ എം വര്‍ഗസമരത്തിന്റെ ഭാഗമായാണ് കാണുന്നത്. ആ മനോഭാവം ഞങ്ങള്‍ക്കുള്ളതുകൊണ്ടാണ് പിന്നോക്ക ദളിത് വിഭാഗങ്ങളെ മുന്നോട്ടുനയിക്കുന്നതിന് ഭൂപരിഷ്‌കരണം ആവശ്യമാണെന്ന് കണ്ട് ഇടപെടല്‍ നടത്തിയത്. 1957ലെ സര്‍ക്കാര്‍ അത് നടപ്പിലാക്കി. അതോടൊപ്പം ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന വിലയിരുത്തലും പാര്‍ട്ടി നടത്തി.

കേരളത്തിലുള്ളതുപോലെ കേന്ദ്രസര്‍വീസിലും പിന്നോക്കവിഭാഗത്തിന് സംവരണം ആവശ്യമാണെന്ന നിലപാടിനൊപ്പം പാര്‍ടി ഉറച്ചുനിന്നു. പിന്നോക്കവിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജനങ്ങളുടെ പുരോഗതിക്ക് എല്ലാ ജാതിയിലുംപെട്ട പാവപ്പെട്ടവരുടെ ഐക്യനിര കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് പാര്‍ടി കണ്ടു. അതിനാല്‍, മുന്നോക്കവിഭാഗത്തിലെ പാവപ്പെട്ടവരെ പിന്നോക്കവിഭാഗത്തോടൊപ്പം അണിനിരത്തുന്നത് അനിവാര്യമാണെന്നും പാര്‍ടി വിലയിരുത്തി. സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമ്പോള്‍ പിന്നോക്കത്തിലെ പാവപ്പെട്ടവര്‍ക്ക് ആദ്യ പരിഗണന ലഭിക്കണം എന്ന സമീപനം സ്വീകരിച്ചു. പാര്‍ടി മുന്നോട്ടുവച്ച ഈ നയത്തെയാണ് സുപ്രീംകോടതി പില്‍ക്കാലത്ത് അംഗീകരിച്ചത്. സുപ്രീംകോടതി വിധിയില്‍ ഉണ്ടായ ഒരു പ്രധാന ദൗര്‍ബല്യം പാര്‍ടി എടുത്തുപറഞ്ഞു. പിന്നോക്കവിഭാഗത്തിന് ജാതീയമായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി സംവരണം ലഭിക്കുമ്പോള്‍ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്ക് പ്രഥമ പരിഗണന ലഭിക്കുക എന്നത് ഏറെ പ്രധാനമാണ്. എന്നാല്‍, ആ വിഭാഗത്തില്‍ പാവപ്പെട്ടവര്‍ ഇല്ലെങ്കില്‍ ആ ഉദ്യോഗം പൊതു ക്വോട്ടയിലേക്ക് പോകുന്ന സ്ഥിതിയാണുണ്ടാവുക. ഇത് പിന്നോക്കവിഭാഗത്തിന്റെ അവകാശം നഷ്ടപ്പെടുത്തുന്നതാണ്. അതിനാല്‍, പിന്നോക്കത്തിലെ പാവപ്പെട്ടവര്‍ ഇല്ലെങ്കില്‍ സംവരണസമുദായത്തില്‍പ്പെട്ട മേല്‍ത്തട്ടുകാര്‍ക്ക് നല്‍കണമെന്ന കാഴ്ചപ്പാട് സ്വീകരിച്ചു. അതായത്, പാവപ്പെട്ടവര്‍ക്ക് പ്രഥമപരിഗണന. അതേസമയം, സംവരണവിഭാഗങ്ങള്‍ക്ക് ആനുകൂല്യം നഷ്ടപ്പെടാത്ത അവസ്ഥ ഇതാണ് ഈ നിലപാടിന്റെ രത്‌നച്ചുരുക്കം. ഇത് സാധാരണനിലയ്ക്ക് ശാസ്ത്രീയമാണെന്ന് ആരും അംഗീകരിക്കും.

മറ്റൊരു പ്രധാനപ്രശ്‌നവും പാര്‍ടി മുന്നോട്ടുവച്ചു മുന്നോക്ക വിഭാഗത്തിലെ ഒരുവിഭാഗം വര്‍ത്തമാനകാലത്ത് ഏറെ പുറകോട്ട് പോയിട്ടുണ്ട്. അതിനാല്‍, 10 ശതമാനത്തില്‍ കവിയാത്ത സംവരണം മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കണമെന്ന നിലപാട്. മുന്നോക്കത്തിലെ പിന്നോക്കത്തിന് സംവരണം നല്‍കുമ്പോള്‍ നിലവിലുള്ള പിന്നോക്കവിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള സംവരണത്തില്‍ ഒരു കുറവും ഉണ്ടാകരുത് എന്നും വ്യക്തമാക്കി. പൊതുവിഭാഗത്തില്‍നിന്നാണ് ഭരണഘടനാ ഭേദഗതിയിലൂടെ ഇതിനുള്ള ക്വോട്ട കണ്ടെത്തേണ്ടത് എന്നും എടുത്തുപറഞ്ഞു.

സംവരണം സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് സുവ്യക്തമാണ്.

സംവരണത്തിന്റെ പ്രശ്‌നം ഉയര്‍ത്തി ഇപ്പോള്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുന്നത് നിലവിലുള്ള സംവരണത്തെ ഇല്ലാതാക്കാനാണ്. നിലനില്‍ക്കുന്ന ബൂര്‍ഷ്വാ ഭൂപ്രഭു ഭരണവര്‍ഗത്തിന്റെ കീഴില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു എന്നതുകൊണ്ടാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് ഇത്തരം അവസ്ഥയ്‌ക്കെതിരെ എല്ലാ വിഭാഗത്തിലെയും പാവപ്പെട്ടവരുടെ ഐക്യനിരയാണ് ഉയര്‍ന്നുവരേണ്ടത്, എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍