UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹി മോഡലല്ല; ഒരു പരീക്ഷണമാണ്: അഭിമുഖം-സി.ആര്‍ നീലകണ്ഠന്‍

Avatar

സി ആര്‍ നീലകണ്ഠന്‍. ആം ആദ്മി പാര്‍ട്ടിയുടെ ഇപ്പോഴത്തെ സംസ്ഥാന കണ്‍വീനര്‍. ഏറെക്കാലം സിപിഐ-എമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ലാവ്ലിന്‍ അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയുമായി തെറ്റി പുറത്തായി. തുടര്‍ന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമായല്ലാതെ വര്‍ഷങ്ങളോളം കേരളീയ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇടത് രാഷ്ട്രീയം മുതല്‍ ജൈവ കൃഷിയും ഭൂമി ഏറ്റെടുക്കലും ഒക്കെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഷയങ്ങളാണ്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള അദ്ദേഹം ഇന്ത്യയിലെ തന്നെ ശിശുവായ രാഷ്ട്രീയ പാര്‍ട്ടിയുടെ കേരളത്തിന്റെ തലവനായിരിക്കുന്നു. ആം ആദ്മിയുടെ സംസ്ഥാനത്തിലെ യഥാര്‍ത്ഥ അവസ്ഥയെ കുറിച്ചും പരിമിതികളെ കുറിച്ചും അദ്ദേഹം അഴിമുഖം അസിസ്റ്റന്റ് എഡിറ്റര്‍ കെ സി അരുണുമായി സംസാരിക്കുന്നു.

വിവിധ അഴിമതി കേസുകളില്‍ ആം ആദ്മി പാര്‍ട്ടി ഒപ്പുശേഖരണം നടത്തിയിരുന്നു. എന്നാല്‍ മറ്റു ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടായില്ല. കേരളത്തിലെ ആം ആംദ്മി പാര്‍ട്ടിയില്‍ സംഭവിക്കുന്നത് എന്താണ്?
ആം ആദ്മി പാര്‍ട്ടി കുറെ ഒപ്പ് ശേഖരണം നടത്തിയിരുന്നു. വലിയൊരു രീതിയില്‍ സമരം നടത്താന്‍ കഴിയാതെ പോകുന്നത് നമ്മുടെ സംഘടനാപരമായ കുറവാണ്. ഞങ്ങള്‍ക്ക് ഇതുവരെ ഒരു ഉറച്ച സംഘടന രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. താഴേത്തട്ടില്‍ നിന്ന് തെരഞ്ഞെടുപ്പ് നടത്തി ഉണ്ടാക്കി വരുന്ന സംഘടനയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതാണ് എന്റെ മുന്നിലെ ആദ്യത്തെ കടമ.

രണ്ട് വര്‍ഷമായി ആം ആദ്മി രൂപീകരിച്ചിട്ട്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പല കാരണങ്ങളുണ്ട്. അതിലൊന്ന്, ഈ പാര്‍ട്ടി എന്താണെന്നും ആ പാര്‍ട്ടിയുടെ രാഷ്ട്രീയം എന്താണെന്നും നമ്മുടെ വോളന്റിയര്‍മാര്‍ക്കുപോലും വേണ്ടത്ര ബോധ്യം വന്നിട്ടില്ല എന്നതാണ്. ഡല്‍ഹിയില്‍ വന്നിട്ടുണ്ട്. അതുകൊണ്ടാണ് ഓഡ് – ഈവന്‍ വന്നപ്പോല്‍ 15,000 വോളന്റിയര്‍മാര്‍ അതിനായി ഇറങ്ങിയത്. ഡല്‍ഹിയില്‍ ഓഡ് – ഈവന്‍ വിജയിച്ചത് അരവിന്ദ് കെജ്രിവാളിന്റെ കഴിവ് മാത്രമല്ല. നിയമം കൊണ്ടുമല്ല. എന്നാല്‍ അത് നടപ്പാക്കിയതില്‍ വോളന്റിയര്‍മാര്‍ വലിയൊരു ഘടകമാണ്. അങ്ങനെയൊരു വോളന്റിയര്‍ സേനയെ കേരളത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. നമ്മുടെ പല ജില്ലാ ഘടകങ്ങള്‍ പോലും വേണ്ടത്ര ഫങ്ഷണല്‍ ആയിട്ടില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്. അത് ഏതെങ്കിലും ഒരു ലീഡറുടെ കുറവ് കൊണ്ടോ ഗുണം കൊണ്ടോ അല്ല.

എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?
ആം ആദ്മി പാര്‍ട്ടിയുടെ പൊളിറ്റിക്‌സ് കേരളത്തില്‍ പഠിക്കാനും പഠിപ്പിക്കാനും കഴിഞ്ഞിട്ടില്ല. കേരളത്തില്‍ വടക്കേയിന്ത്യന്‍ പാര്‍ട്ടികള്‍ ധാരാളം വരും. അത്തരം പാര്‍ട്ടികള്‍ വരുമ്പോള്‍ അതിന്റെ പ്രാദേശിക നേതാക്കള്‍ ധാരാളം വരും. അങ്ങനെ കുറെ ആളുകള്‍ ഒരു ഘട്ടത്തില്‍ ഇതില്‍ വന്നു. അവരെ സംബന്ധിച്ചിടത്തോളം ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുക, അതിനൊരു ചിഹ്നം കിട്ടുക എന്നതാണ് പ്രാഥമിക ലക്ഷ്യം.

യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ആം ആദ്മിയില്‍ വരേണ്ട ആളുകള്‍ വന്നില്ല. ആദ്യം കുറച്ചു പേര്‍ വന്നു, അവര്‍ക്കും ആദ്യത്തെ എട്ടൊമ്പതു മാസം ഗൈഡന്‍സ് കൊടുക്കാന്‍ ആരുമുണ്ടായില്ല. ഒന്നാമത്തെ പ്രശ്‌നം ആദ്യം ഒരു തെരഞ്ഞെടുപ്പിലേക്കാണ് എടുത്ത് ചാടിയത്. അവിടെ കാര്യമായ സംഘടനാ പ്രവര്‍ത്തനം ഒന്നുമുണ്ടായിരുന്നില്ല. ആ തെരഞ്ഞെടുപ്പ് നടന്നതോടെ സംഘടനയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഒരു സംവിധാനം ഇല്ലാതെ കേരളത്തിലെ 15 മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ എന്തുണ്ടാകും എന്നത് നമുക്ക് ആലോചിച്ചാല്‍ അറിയാവുന്ന ഒരു കാര്യമാണ്. ആരാണ് തീരുമാനം എടുക്കേണ്ടത്. ഡല്‍ഹിയിലുള്ളവര്‍ക്ക് പോലും അറിയില്ലായിരുന്നു. എന്നിട്ടും മത്സരിച്ചു. പരമാവധി സീറ്റുകളില്‍ മത്സരിക്കാന്‍ ആയിരുന്നു അവിടെ നിന്ന് കൊടുത്ത നിര്‍ദ്ദേശം. അതു മണ്ടത്തരമായിരുന്നുവെന്ന് കെജ്രിവാള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ പരിചയക്കുറവ് ഉണ്ടായിരുന്നു എന്നത് ശരിയാണ്. 

അതിന്റെ പരിക്കുകള്‍ തീര്‍ത്തെടുക്കാന്‍ കുറെ സമയം വേണ്ടി വന്നു. യഥാര്‍ത്ഥത്തില്‍ സംഘടനയില്ലാതെ 15 മണ്ഡലങ്ങളില്‍ മത്സരിച്ചു. ഇവിടെ (കൊച്ചിയില്‍) 55000-ത്തോളം വോട്ടു കിട്ടി. അതൊക്കെ കിട്ടിയത് ആം ആദ്മി പാര്‍ട്ടിയുടെ സംഘടനയുടെ ഫലം കൊണ്ടല്ല. ഡല്‍ഹിയിലെ വിജയം കൊണ്ടുണ്ടായ ചലനം, പൊതുവേ അഴിമതിക്കെതിരായ വികാരം കൊണ്ടുള്ള വോട്ടാണ് കിട്ടിയത്.

നേരെ മറിച്ച് അതിനെ സംഘടനാ രൂപമാക്കി മാറ്റുകയെന്നത് വേറൊരു വര്‍ക്കാണ്. അതിനൊരു ഐഡിയോളജി, ഒരു ഫ്രെയിം വര്‍ക്ക്, കോഡ് ഓഫ് കണ്ടക്ട് അങ്ങനെ കുറെ കാര്യങ്ങള്‍ ഇതിനകത്ത് വരേണ്ടതുണ്ട്. ഒരു പാര്‍ട്ടിയായി മാറണം. ആം ആദ്മി ഒരു പാര്‍ട്ടിയായി മാറാന്‍ അത്തരത്തില്‍ താഴെ തട്ടിലെ സംഘടനാ പ്രവര്‍ത്തനം അനിവാര്യമാണ്. കാരണം ആം ആദ്മി പാര്‍ട്ടിയുടെ ഒരു പ്രത്യേകത ആം ആദ്മി ഒരു പുതിയ രാഷ്ട്രീയമാണ് എന്നതാണ്. താഴേത്തട്ടില്‍ നിന്ന് രൂപപ്പെടേണ്ട ഒരു രാഷ്ട്രീയം. നമ്മള്‍ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് കുറെ പറഞ്ഞെങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അധികാര വികേന്ദ്രീകരണത്തിലേക്ക് പോയില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുകളില്‍ നിന്ന് താഴേക്ക് തീര്‍ക്കുന്നവയാണ്. ഇത് അങ്ങനെയല്ല.

ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ പ്രവര്‍ത്തനത്തില്‍ നിന്ന് കേരളാ ഘടകത്തിന് പഠിക്കാനുള്ളതെന്താണ്‌?
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ജയിച്ചതു കൊണ്ട് കേരളത്തില്‍ ജയിക്കണം എന്നൊന്നുമില്ല. അങ്ങനെ ഡല്‍ഹിയിലെ കാറ്റടിച്ച് ജയിക്കേണ്ട ഒന്നല്ല ഇവിടെ. മറിച്ച് കേരളത്തിലെ ആം ആദ്മി പ്രവര്‍ത്തനം അത്രത്തോളമുണ്ടായാല്‍ മാത്രമേ കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി ജയിക്കുമെന്ന്‍ പറയാന്‍ ഒക്കൂ. ഡല്‍ഹിയില്‍ നിന്ന് നമ്മള്‍ ഒരുപാട് പഠിക്കാനുണ്ട്. കേരളത്തില്‍ കെജ്രിവാളുണ്ടാകണം എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഡല്‍ഹിയില്‍ നിന്ന് പഠിക്കുമ്പോഴും കേരളത്തില്‍ ആം ആദ്മിയുണ്ടാകും; കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്. കേരളത്തില്‍ കേരളത്തിന് യോജിച്ച തരത്തില്‍, അതുപോലൊരു കള്‍ച്ചര്‍ ഉണ്ടാകണം.

 

ഒരു കെജ്രിവാള്‍ വന്നാല്‍ കേരളത്തില്‍ ജയിക്കണം എന്നില്ല. കേരളത്തില്‍ കെജ്രിവാള്‍ ആകില്ല വേണ്ടത്. മറ്റൊരു നേതാവാകും ചിലപ്പോള്‍. ഇപ്പോള്‍, കേരളത്തില്‍ ആരാണ് സ്വീകാര്യന്‍ എന്ന് നേതാക്കളെ എടുക്കുമ്പോള്‍ അതിന് ചില മാതൃകകളുണ്ട്. എന്നാല്‍ അത് മുഴുവന്‍ ആപ്ലിക്കബിള്‍ അല്ല. എങ്കിലും ഞാന്‍ പറയുന്നത് അങ്ങനെയൊരു സ്ട്രക്ചറും ലീഡര്‍ഷിപ്പും കേരളത്തില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് എന്നെപ്പോലൊരു ആളുടെ മുന്നിലുള്ള ഒരു പ്രധാന പ്രതിസന്ധി. കാരണം, ജില്ലാ കമ്മിറ്റികളോ അതിനു താഴേയുള്ള മണ്ഡലം കമ്മിറ്റികളോ ഒന്നുമത്ര ഫങ്ഷണല്‍ അല്ല. അതുകൊണ്ട് ഒരു ക്യാംപെയ്ന്‍ നമ്മള്‍ പ്രഖ്യാപിച്ചാല്‍ അത് എല്ലായിടങ്ങളിലും എത്തിക്കാന്‍ കഴിയില്ല.

ഉദാഹരണത്തിന് കെ.എം മാണിക്കെതിരെ ഒരു ലക്ഷം ഒപ്പ് ശേഖരിക്കാന്‍ തീരുമാനിച്ചു. കുറെ ഒപ്പ് ശേഖരിച്ച് ഗവര്‍ണര്‍ക്ക് കൊണ്ടു കൊടുത്തു. അതൊരു വലിയ ക്യാംപെയ്ന്‍ ആക്കി മാറ്റാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ പോലെയുള്ള സംഘടനാ ശേഷി ആം ആദ്മി പാര്‍ട്ടിക്ക് ഇല്ല.

രണ്ടാമത്തെ പ്രശ്‌നം അത് ഇംബൈബ് ചെയ്യുന്ന ഒരു വോളന്റിയര്‍ സ്ട്രക്ചര്‍ ഉണ്ടാകണം. ആം ആദ്മി പാര്‍ട്ടി ഒരു കേഡര്‍ പാര്‍ട്ടിയുമല്ല; കോണ്‍ഗ്രസു പോലൊരു പാര്‍ട്ടിയുമല്ല. ആം ആദ്മിയില്‍ വര്‍ക്കര്‍ എന്നല്ല പറയുക വോളന്റിയര്‍ എന്നാണ്. വോളന്റിയര്‍ സ്ട്രക്ചറിലേക്ക് ഈ പാര്‍ട്ടിയെ കൊണ്ടുവരണം. കേരളത്തിന്റെ സാഹചര്യത്തില്‍ അത് നമുക്ക് ശരിക്ക് പരിചയമില്ല. ഞാന്‍ ഡല്‍ഹിയില്‍ നിന്ന് പഠിച്ച ഒരു കാര്യമതാണ്. തെരഞ്ഞെടുപ്പ് മാത്രമാണ് നമ്മുടെ നാട്ടിലെ പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജാഥ നടത്തുന്നു, പ്രകടനം നടത്തുന്നു, പ്രവര്‍ത്തനം നടത്തുന്നു. അതല്ല ആം ആദ്മിയുടെ രാഷ്ട്രീയം. ഇത്തവണ നാഷണല്‍ കൗണ്‍സില്‍ കഴിഞ്ഞിട്ട് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞൊരു കാര്യം 2019 നമ്മുടെ ടാര്‍ഗറ്റല്ല എന്നാണ്. ഡല്‍ഹിയില്‍ ജയിച്ച ശേഷം നടന്ന പല തെരഞ്ഞെടുപ്പുകളിലും ആം ആദ്മി പാര്‍ട്ടി മത്സരിച്ചിട്ടില്ല; ഹരിയാനയിലും മഹാരാഷ്ട്രയിലും ഒക്കെ. ബീഹാറില്‍ നിതീഷ് കുമാറിന് പിന്തുണ കൊടുക്കുക മാത്രമാണ് ചെയ്തത്. ഒരു സീറ്റില്‍ പോലും മത്സരിക്കേണ്ട എന്നായിരുന്നു തീരുമാനം. കാരണം, ഒന്ന് സഖ്യത്തില്‍ മത്സരിക്കുന്നതിനോട് ഞങ്ങള്‍ക്ക് താല്‍പര്യമില്ലായിരുന്നു എന്നതാണ്. സഖ്യത്തിന്റെ പ്രശ്‌നം എന്താണെന്ന് വച്ചാല്‍ നല്ല കാര്യങ്ങള്‍ക്ക് ഒപ്പം മറ്റുള്ളവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന മോശം കാര്യങ്ങള്‍ക്ക് നമ്മളും ഉത്തരം പറയണം എന്നതാണ്. നിതീഷ് കുമാറിന് പിന്തുണ കൊടുത്തത് നരേന്ദ്ര മോദിക്ക് എതിരായാണ്. ഒരു സെക്യുലര്‍, ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ് ദല്‍ഹിയില്‍ നടക്കുന്നത്.

എന്നാല്‍ പാര്‍ട്ടി പഞ്ചാബില്‍ മത്സരിക്കും. അക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. കാരണം അവിടെ ആം ആദ്മി പാര്‍ട്ടിക്ക് ബേസുണ്ട്. നമ്മള്‍ അവിടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെ വോളന്റിയര്‍മാരുണ്ട്. അതല്ലാതെ, തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നതാണ് രാഷ്ട്രീയം എന്ന് ധരിച്ച കുറെ ആളുകളെങ്കിലും ഈ പാര്‍ട്ടിയിലുണ്ട്. മറ്റു പാര്‍ട്ടികളിലുള്ളത് പോലെയല്ല, പല രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച് മടുത്തവരൊക്കെ ഉള്‍പ്പെടെ പലരൂപത്തില്‍ വന്നിട്ടുള്ള ആളുകളാണ് ഈ പാര്‍ട്ടിയിലുള്ളത്. ഒരുപാട് നല്ല ആളുകളുമുണ്ട്. ഞാന്‍ ഒരു രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച ആളാണ്. എന്നാല്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാതെ നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ കേരളത്തിലെ പൊളിറ്റിക്‌സില്‍ ഇടപെടാനുള്ള ഒരു ഓപ്പണിങ്ങ് വന്നു എന്ന കാരണം കൊണ്ടാണ് ഇതില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

ഇവിടെ രണ്ട് മുന്നണികളെ പറ്റിയും ആളുകള്‍ക്ക് വിരോധമുണ്ട്. എറണാകുളത്ത് 55000 വോട്ട് ലഭിച്ചത് യഥാര്‍ത്ഥത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ശക്തി കൊണ്ടോ സ്ഥാനാര്‍ത്ഥിയുടെ ശക്തി കൊണ്ടോ ആയിരുന്നില്ല. ഒരുപക്ഷേ എതിര്‍ സ്ഥാനാര്‍ത്ഥി മോശം ആയതു കൊണ്ടും നമുക്ക് വോട്ട് കിട്ടും. കേരളത്തിലെ പൊളിറ്റിക്‌സ് അങ്ങനെയാണ്. വളരെ സ്‌പെസിഫിക് ആയിട്ട്  പറഞ്ഞാല്‍ ഇവിടെ ഇടതുമുന്നണി നിര്‍ത്തിയ സ്ഥാനാര്‍ത്ഥി മോശമായിരുന്നു എന്നതാണ് അതിന്റെ കാരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലഭിച്ചില്ല… 
ആം ആദ്മി പാര്‍ട്ടി വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ വിശ്വസിക്കുന്നത് സ്ഥിരമായ വോട്ട് ബാങ്ക് ഇല്ല എന്ന്‍ തന്നെയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഒരു പരിമിതിയുണ്ട്. ഒരു പാര്‍ട്ടി എന്തുപറഞ്ഞാലും എന്തു ചെയ്താലും അതിന് വോട്ടു ചെയ്യുന്ന കുറെ ആളുകള്‍. എല്ലായിടത്തും അങ്ങനെയായിരുന്നുവെങ്കില്‍ ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി ജയിക്കില്ലായിരുന്നു. കാരണം അവിടെ ഉണ്ടായിരുന്നത് പരമ്പരാഗതമായി ഉറച്ചു പോയ കോണ്‍ഗ്രസ്, ബിജെപി മുന്നണി രാഷ്ട്രീയമായിരുന്നു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് എങ്ങനെയാണ് വോട്ട് ലഭിച്ചതെന്ന് പഠിച്ചാല്‍ മനസിലാകും. അവരാരും ആം ആദ്മി പാര്‍ട്ടി എന്ന നിലയില്‍ മാത്രം വോട്ട് ചെയ്തവരല്ല. ചിലപ്പോള്‍ മറ്റു രണ്ടു പേര്‍ക്കും എതിരായി വോട്ട് ചെയ്തവര്‍ ആകാം. ചിലപ്പോള്‍ ഇതൊരു പോസിറ്റീവ് ഓപ്പണിങ്ങ് എന്ന നിലയില്‍ വോട്ട് ചെയ്തവര്‍ ആകാം. അല്ലാതെ, ഇവരെല്ലാം ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യുമെന്ന് പറയാന്‍ പറ്റില്ല. കാരണം, 2014-15 കാലത്ത് മൂന്ന് തെരഞ്ഞെടുപ്പുകള്‍ ഡല്‍ഹിയില്‍ നടന്നു. മൂന്നു റിസള്‍ട്ടും വളരെ വ്യത്യസ്തമായിരുന്നു. അപ്പോള്‍ വോട്ടു ബാങ്ക് രാഷ്ട്രീയം പൊളിഞ്ഞുവെന്നത് വ്യക്തമാണ്. പ്രശ്‌നാധിഷ്ഠിതവും ആ ഘട്ടത്തിലെ ഒരു പാട് വിഷയങ്ങളും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നു. വോട്ട് ബാങ്കിന് അപ്പുറത്തേക്ക് ജനങ്ങളില്‍ നമുക്ക് എത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിയുന്നുവെന്നതാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയം.

നമുക്ക് ഏറ്റവും പ്രധാനം വോളന്റിയര്‍ സേനയാണ്. വോളന്റിയര്‍മാരാണ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ ശക്തി; വോട്ടര്‍മാരല്ല. വോട്ടര്‍മാര്‍ ശക്തിയാകുന്നത് എപ്പോഴാണ്? ഇവിടെ ത്രിതല തെരഞ്ഞെടുപ്പ് നോക്കൂ. ഗ്രാമ, ബ്ലോക്ക്, ജില്ലാ തലത്തില്‍ മൂന്നു പാര്‍ട്ടിക്കും വോട്ടു ചെയ്തവരുണ്ട്. അപ്പോള്‍ എന്തു വോട്ട് ബാങ്കാണുള്ളത്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് അപ്പുറം നമ്മള്‍ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരാണ് എന്ന് അറിഞ്ഞ് നമുക്ക് വോട്ടു ചെയ്യുന്നവര്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ വോട്ടാകുകയുള്ളൂ. പക്ഷേ തെരഞ്ഞെടുപ്പല്ലാതെ വേറെ ചില ജോലികളുമുണ്ട്. ആ പണി ചെയ്യുമ്പോള്‍ മാത്രമാണ് നമുക്ക് സ്വീകാര്യത ലഭിക്കുന്നത്.

നേരത്തെ പറഞ്ഞതു പോലെ അഴിമതി പ്രശ്‌നങ്ങളില്‍ ഇടപെടുന്നു. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടുന്നു എന്നതൊക്കെ പ്രധാനമാണ്. എനിക്ക് നല്ല ധൈര്യം ഉള്ള കാര്യം എന്താണെന്നു വച്ചാല്‍, കേരളത്തില്‍ കഴിഞ്ഞ 10-15 കൊല്ലമായി എന്നെപ്പോലൊരു ആള്‍ക്ക് രാഷ്ട്രീയ സംഘടനകളുടെ പിന്തുണയില്ലാതെ പ്രവര്‍ത്തിക്കാന്‍ ആകുന്നുണ്ട് എന്നതാണ്. അത് ഉണ്ടാകുന്നത് ആളുകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നു എന്നുള്ളത് കൊണ്ടാണ്. അത് മാലിന്യ വിഷയം ആകാം, ഭൂമിയേറ്റെടുക്കല്‍ ആകാം… ഈ വിഷയങ്ങള്‍ ഒക്കെ കഴിയുന്നത്ര പഠിക്കാന്‍ ശ്രമിക്കാറുണ്ട്. ഈ വിഷയങ്ങളില്‍ നിയമപരമായും അല്ലാതേയും ഉള്ള പോരാട്ടത്തില്‍ സഹായിക്കുകയും ചെയ്യുന്നു. ഇതൊരു വ്യക്തി എന്ന നിലയില്‍ എന്റെ അനുഭവമാണ്. അതിനര്‍ത്ഥം ജനങ്ങളുടെ കൂടെ, അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് കൂടെ നില്‍ക്കാന്‍ തയ്യാറായാല്‍ അവര്‍ കൂടെയുണ്ടാകും.

ഇടതിന്റെ സ്‌പേസാണോ അത്?
ഇനി ഞാനത് പറയില്ല. ഞാനത് പറയാത്തത് ആം ആദ്മി പാര്‍ട്ടിയുടെ ഭാരവാഹിയായത് കൊണ്ടാണ്. ഇതിനുമുമ്പ് ഞാനത് പറഞ്ഞിരുന്നു. ഇടതുപക്ഷം ശക്തമാണ് എന്ന് പറയുമ്പോഴും ഇടതുപക്ഷത്തിന്റെ സ്‌പേസ് എന്നു പറയുമ്പോഴും ഇടതുപക്ഷം ഇതില്‍ ഇടപെടുന്നില്ലല്ലോ. ഇടതുപക്ഷത്തിന് എവിടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇത്തരം വിഷയങ്ങളില്‍ അവര്‍ ഇടപെടാതെ ഇരിക്കുമ്പോഴാണ് അതുണ്ടായിട്ടുള്ളത്. എന്നെപ്പോലൊരു ആള്‍ ഇടതുപക്ഷവുമായി തെറ്റുന്നത് യഥാര്‍ത്ഥത്തില്‍ ലാവ്ലിന്‍ വിഷയത്തില്‍ അല്ല. കേരളത്തില്‍ നടക്കുന്ന നൂറുകണക്കിന് പ്രശ്‌നങ്ങളില്‍ അവര്‍ നിലപാട് എടുക്കുന്നില്ല. ഇപ്പോള്‍ ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച്, അതിവേഗ റെയില്‍ സംബന്ധിച്ച് തര്‍ക്കം നടന്നു കൊണ്ടിരിക്കുന്നു. ഇടതുപക്ഷത്തിന്റെ നിലപാട് എന്താണ്. ടോള്‍ വന്നപ്പോള്‍ ഇടതുപക്ഷത്തിന്റെ നിലപാട് എന്തായിരുന്നു? മാലിന്യത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാട് എന്താണ്. ഇടതുപക്ഷം നിലപാട് എടുക്കാത്ത സ്ഥലങ്ങളിലാണ് ജനകീയ സമരങ്ങള്‍ ശക്തമായി വന്നിട്ടുള്ളത്. ഞാന്‍ ഇടതുപക്ഷത്ത് നിന്ന കാലത്ത് ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടിരുന്നത് ഇടതുപക്ഷം ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കണം എന്നായിരുന്നു.

ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയാത്ത വിധം ഇടതുപക്ഷം ദുര്‍ബലമാണോ?
ഇടതുപക്ഷം ശക്തമാണ്, ദുര്‍ബലമാണ് എന്നൊക്കെ പറയുന്നത് ആപേക്ഷികമാണ്. ഞാനീ പോകുന്ന പല വിഷയങ്ങളിലും പല സമരങ്ങളിലും ഇടതുപക്ഷത്തിന്റെ ആളുകളെ കാണാറുണ്ട്. അതില്‍ വലിയ വൈരുദ്ധ്യം അവര്‍ക്കുണ്ടാകും. കാരണം അവര്‍ ഇരകളാക്കപ്പെടുന്ന ഇടത്ത് അവര്‍ക്ക് നില്‍ക്കണമല്ലോ. അതിവേഗ പാതയായാലും മാലിന്യമായാലും കുടിവെള്ളമായാലും ഇടതു, വലതില്ലാതെ അവര്‍ക്ക് നമ്മുടെ കൂടെ നില്‍ക്കേണ്ടി വരും; ജനങ്ങളെന്ന നിലയില്‍. 

 

ജനങ്ങളുടെ പ്രശ്‌നങ്ങളെ ആസ്പദമാക്കി പ്രവര്‍ത്തിക്കുന്നതാണ് അവരുടെ വിശ്വാസം നേടാന്‍ ആവശ്യമായിട്ടുള്ളത്. അങ്ങനെ അത് നേടിയാല്‍ ആം ആദ്മി പാര്‍ട്ടിക്ക് ഇപ്പോഴും കേരളത്തില്‍ സ്‌പേസുണ്ട്. എന്നാല്‍ അത് ചെയ്യാന്‍ ആളില്ല. അത് സി ആര്‍ നീലകണ്ഠനല്ല ചെയ്യേണ്ടത്. ആം ആദ്മി പാര്‍ട്ടിയല്ല ചെയ്യേണ്ടത്. അത് ചെയ്യിക്കാന്‍ കഴിയുന്ന വോളന്റിയര്‍ സേനയാണ് എന്റെ സ്വപ്നം. കൊല്ലത്ത് ഒരു ഖനന പ്രശ്‌നം ഉണ്ടെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചാല്‍ ഞാനല്ല പോകേണ്ടത്. ആം ആദ്മിയുടെ വോളന്റിയര്‍ അവിടെ പോയി പ്രശ്‌നം പഠിച്ച് നിലപാട് എടുക്കുന്നു. ആം ആദ്മി പാര്‍ട്ടി നിലപാട് എടുക്കുന്നു. എന്നുവച്ചാല്‍ സി ആര്‍ നീലകണ്ഠന്‍ മാത്രമല്ല നിലപാട് എടുക്കുന്നത്. അവിടെ അവര്‍ തൊപ്പി വച്ച് പോകണമെന്നില്ല. ഞാന്‍ പറയുന്നത്, ആം ആദ്മി പാര്‍ട്ടിയുണ്ടാക്കാന്‍ വേണ്ടി ആരും പോകുകയല്ല; അങ്ങനെ അങ്ങനെ ചെയ്യുകയുകയുരുത്. സാധാരണ ഇടതുപക്ഷം അങ്ങനെയാണ് ചെയ്യുന്നത്. ഒരിടത്ത് ഇടപെട്ടാല്‍ അവിടെ നമ്മുടെ ആളെ ഉണ്ടാക്കുകയെന്നതാണ്. എന്നാല്‍ ഞാന്‍ പറയുന്നത് ആളെയുണ്ടാക്കുകയല്ല. അവര്‍ നാളെ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്തു കൊള്ളണമെന്നില്ല. പക്ഷേ, നിങ്ങള്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ ആശ്രയിക്കാന്‍ ഒരാളുണ്ട് എന്ന് പറയുക. അങ്ങനയല്ലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വളര്‍ന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വളര്‍ന്ന് ആദ്യം പൊളിറ്റ് ബ്യൂറോയല്ലല്ലോ ഉണ്ടായത്. ക്ഷേത്രപ്രവേശനമടക്കമുള്ള സാമൂഹിക വിഷയങ്ങളില്‍ പി കൃഷ്ണപിള്ളയും എകെ ജിയും ഇഎംഎസും അടക്കം ഇടപെട്ടാണ് പാര്‍ട്ടി വളര്‍ന്നത്. ഒരു പക്ഷേ നമ്പൂതിരി യോഗക്ഷേമ സഭയില്‍ വരെ ഇഎംഎസിന് ഇടപെടേണ്ടി വന്നു. അങ്ങനെ നേടിയ വിശ്വാസ്യതയാണ് എകെജിയേയും പി കൃഷ്ണപിള്ളയേയും ഇഎംഎസിനേയും നേതാവാക്കിയത്. അവരെ നേതാവാക്കിയെന്നത് മാത്രമല്ല അവര്‍ പാര്‍ട്ടിയെ ബില്‍ഡ് ചെയ്യുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ ഇന്ന് ഇവിടെ അതിന് വേറൊരു സ്‌പേസുണ്ട്. രാഷ്ട്രീയത്തിന് അതീതമായി 90 ശതമാനം ആളുകളും പറയുന്നത് ഇവിടെ അഴിമതി കാര്യമായി നടക്കുന്നുവെന്നാണ്. ഇവിടെ അഴിമതി ഇന്റേണലൈസ് ചെയ്തിരിക്കുന്നു. ജാതിയിലും അതു തന്നെയായിരുന്നു. ജാതിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരും എന്താ പറഞ്ഞിരുന്നത്; അത് ശരിയാണെന്നാണ്. അവരാരും ജാതിക്കെതിരായ സമരത്തില്‍ ആര്‍ത്തലച്ച് വന്നില്ലല്ലോ. ഇരകള്‍ ആക്കപ്പെട്ടവര്‍ പോലും വിശ്വസിച്ചിരുന്നത് ഇതില്‍ നിന്ന് മോചനമില്ലെന്നാണ്. അവിടെയാണ് ഒരു സാമൂഹിക ശക്തിയുടെ പ്രസക്തിയുള്ളത്. നിങ്ങള്‍ക്കിതില്‍ നിന്ന് മോചനമുണ്ടെന്ന് പറയാന്‍ കേപ്പബിള്‍ ആയ ഒരു ലീഡര്‍ഷിപ്പ് വരുമ്പോള്‍ ജനങ്ങള്‍ അതിലേക്ക് മാറും. അയ്യന്‍കാളി വന്നപ്പോള്‍ കേരളത്തിലെ എല്ലാ പുലയരും അദ്ദേഹത്തിനൊപ്പം വന്നോ. ശ്രീനാരായണ ഗുരു വന്നപ്പോള്‍ കേരളത്തിലെ എല്ലാ പിന്നാക്കക്കാരും അദ്ദേഹത്തിനൊപ്പം വന്നില്ല. അവരില്‍ തന്നെ സംശയമുള്ളവര്‍ ഉണ്ടായിരുന്നു. ഇത് ശരിയാണോയെന്ന്. അത് അഴിമതിയുടെ കാര്യത്തിലും ഉണ്ട്. ക്യൂ നിന്നാല്‍ സമയം എടുക്കുമെങ്കില്‍ ക്യൂ നില്‍ക്കാതെ കിട്ടാനുള്ള വഴി നോക്കും. അഴിമതിയെന്നത് നമ്മുടെ ജീവിതത്തില്‍ പല മേഖലകളിലും ഉണ്ട്. ഇന്നിപ്പോള്‍ ആഗോളവല്‍ക്കരണത്തിന് എതിരായ പോരാട്ടം എന്ന് പറയുന്നു. ആഗോളവല്‍ക്കരണത്തിന് കടന്നു വരാനുള്ള ഏറ്റവും വലിയ വഴി അഴിമതിയാണ്. അഴിമതിയില്ലാതെ ഒന്നും നടക്കില്ലെന്ന തോന്നല്‍ വന്നിട്ടുണ്ട്.

അടുത്ത പത്ത് വര്‍ഷത്തേക്കുള്ള ആപിന്റെ വികസന അജണ്ട എങ്ങനെയായിരിക്കും?
കേരളത്തിന് അനുയോജ്യമായ വികസന അജണ്ട നമ്മള്‍ രൂപപ്പെടുത്തി വരുന്നതേയുള്ളൂ. അതിനൊരു സ്ട്രക്ചര്‍ ഉണ്ടായിട്ടുണ്ട്. ആ സ്ട്രക്ചര്‍ ഇതാണ്. ഒന്ന് കേരളത്തെ ബാധിക്കുന്ന സജീവമായ പ്രശ്‌നങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അഡ്രസ് ചെയ്യുന്നില്ല. ഒരു ഉദാഹരണം, കുടിവെള്ളം പോലൊരു വിഷയം. ഡല്‍ഹിയില്‍ എയര്‍പോര്‍ട്ടോ അതുപോലുള്ള മെഗാ വികസനത്തിലോ ഒന്നുമല്ലല്ലോ ആം ആദ്മി ഊന്നിയത്. എല്ലാവര്‍ക്കും വെള്ളം കൊടുക്കുക എന്നതായിരുന്നു അവര്‍ പ്രാമുഖ്യം കൊടുത്തത്. കേരളത്തില്‍ ഈ 3000 മില്ലിമീറ്റര്‍ മഴ പെയ്തിട്ടും 15 രൂപയ്ക്ക് കുപ്പിവെള്ളം വാങ്ങിക്കുടിക്കേണ്ടി വരുന്നില്ലേ തിരുവാതിര ഞാറ്റുവേലയ്ക്കും? കുപ്പിവെള്ളത്തിന് എതിരെ, ജലനാശത്തിന് എതിരെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി വന്നോ? വന്നില്ല. വന്നിട്ടില്ല. വരില്ല. ഞാന്‍ ആപ്പില്‍ വരുന്നതിന് മുമ്പ് കുപ്പിവെള്ളം ഒരു അജണ്ടയാക്കാന്‍ ഡി വൈ എഫ് ഐയോടും യൂത്ത് കോണ്‍ഗ്രസിനോടും ആവശ്യപ്പെട്ടതാണ്. അതിപ്പോ നമ്മളെന്താ ചെയ്ക, അത് വാങ്ങിച്ചു കുടിക്കാതെ പറ്റുമോ എന്നായിരുന്നു അവരുടെ പ്രതികരണം. അതിന്റെ ഒരു പൊളിറ്റിക്‌സിലേക്ക് അവര്‍ പോകുന്നില്ല. കുപ്പിവെള്ളത്തിന് ഒരു രാഷ്ട്രീയമില്ലേ. എല്ലാവര്‍ക്കും 250 ലിറ്റര്‍ വെള്ളം കൊടുക്കുക എന്ന് പറഞ്ഞാല്‍ അത് രാഷ്ട്രീയമാണ്. ഡല്‍ഹിയില്‍ അത് അരാഷ്ട്രീയ പ്രവര്‍ത്തനമല്ല. ചേരികളില്‍ താമസിക്കുന്നവര്‍ക്ക് വെള്ളമില്ല, പൈപ്പില്ല, പ്രശ്‌നങ്ങളൊക്കെയുണ്ട്. വൈദ്യുതി വില കുറയ്ക്കുക എന്നുള്ളത് ഒരു കാച്ചിങ് സ്ലോഗനല്ല. അവിടെ തണുപ്പുകാലത്തും ചൂടുകാലത്തും വൈദ്യുതിയില്ലാതെ ജീവിക്കാന്‍ പറ്റില്ല. ഇവിടെ അരമണിക്കൂര്‍ പവര്‍കട്ട് വന്നാല്‍ സീരിയല്‍ കാണാതിരിക്കും എന്ന പ്രശ്‌നമേയുള്ളൂ. അവിടെ അതല്ല. അവിടെ സര്‍വൈവ് ചെയ്യില്ല. ഒപ്പം സര്‍ക്കാര്‍ സ്‌കൂളുകളും പ്രൈമറി ഹെല്‍ത്ത് സെന്ററുകളുമാണ് ആം ആദ്മി മുന്നോട്ടു വയ്ക്കുന്നത്.

അജണ്ട എന്നത് സ്റ്റാറ്റിക് ആയതാണ്. നിരന്തമായി മാറി കൊണ്ടിരിക്കുന്നതല്ല. കേരളത്തില്‍ കുടിവെള്ളം മുതല്‍ മണ്ണും മാലിന്യവും വരെ പൊളിറ്റിക്കല്‍ അജണ്ടയാകണം. സിപിഐ(എം) പോലും ജൈവ കൃഷി ചെയ്തിട്ട് അത് തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞപ്പോള്‍ ഇല്ല. മണ്ണ് സംരക്ഷിക്കണമെങ്കില്‍ ആദ്യം ജൈവ കൃഷി ചെയ്യണം. വെള്ളം സംരക്ഷിക്കണം. അതായത് ഏതെങ്കിലും ഒരു പാര്‍ട്ടി കുറച്ചു കാലത്തേക്ക് കൃഷി ചെയ്യുന്നതല്ല. ആം ആദ്മി പാര്‍ട്ടി കൃഷി ചെയ്തു കൊടുക്കാം എന്നല്ല. ജൈവമായി കൃഷി ചെയ്യുന്ന ഒരു കള്‍ച്ചറിലേക്ക് കേരളത്തെ എത്തിക്കണം. അത് എത്ര കൊല്ലമായി കേരളത്തില്‍ ആവശ്യപ്പെടുന്ന അജണ്ടയാണത്. സിപിഐ(എം) ചെയ്യുന്നതിനെ ഞാന്‍ എതിര്‍ക്കുന്നില്ല. അവര്‍ ചെയ്യട്ടേ. ആം ആദ്മിയെ സംബന്ധിച്ചിടത്തോളം അതൊരു കള്‍ച്ചറാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ജൈവകൃഷി ചെയ്യുന്ന ഒരു പാട് സംഘടനകള്‍ കേരളത്തിലുണ്ട്. അവരെയൊക്കെ ഇതില്‍ ഉള്‍പ്പെടുത്തണം. കാരണം കുറെ കാലമായി ഇതില്‍ നില്‍ക്കുന്ന ആളുകളാണ്. അവരുടെ എക്‌സ്‌പെര്‍ട്ടൈസ് വളരെ പ്രധാനമാണ്. ആം ആദ്മി പാര്‍ട്ടി നാളെ പോയിട്ട് വയലേറ്റെടുത്ത് കൃഷി ചെയ്യുക എന്നതിന് അപ്പുറമാണ് ലക്ഷ്യമിടുന്നത്. ഇത്തരം പ്രസ്ഥാനങ്ങളെ ഒരിക്കലും രാഷ്ട്രീയ പാര്‍ട്ടികള്‍ സമീപിച്ചിട്ടില്ല. നമ്മള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ നിങ്ങളുമായി ഏത് തരത്തിലും സഹകരിക്കാമെന്നും സഹായിക്കാമെന്നും പറയും. പക്ഷേ അത് ജൈവ കൃഷിയില്‍ മാത്രമല്ല. ജൈവ കൃഷി വരുമ്പോള്‍ ഭൂമി വേണം.

ഭൂമി നിരന്തരമായി നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതു ചെയ്തുകൊണ്ട് നമുക്ക് ജൈവ കൃഷി അധിക കാലം മുന്നോട്ടു കൊണ്ടു പോകാന്‍ പറ്റില്ല. നെല്‍പ്പാടം നികത്തിക്കൊണ്ട് നിങ്ങള്‍ക്ക് നെല്‍കൃഷി സംരക്ഷിക്കാനാകില്ല. അപ്പോള്‍ അതിന് ഒരു ഭൂനയം രൂപീകരിച്ചേ പറ്റൂ. ഭൂനയവും ജൈവനയവും ആരോഗ്യനയവും കൃഷിനയവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ കാണാന്‍ കഴിയുന്ന സമഗ്രമായ ഒരു നയം വേണം. ഒരു സ്ഥലത്ത് ഭൂമി നശിപ്പിക്കുകയും മറുവശത്ത് കൃഷി ചെയ്യുകയും ചെയ്യുന്ന വൈരുദ്ധ്യം നമുക്ക് കാണാനാകും. പ്രാദേശികമായി ഭൂമി നശിപ്പിക്കുന്നതിന് എതിരെ സമരം ചെയ്താല്‍ രാഷ്ട്രീയ പാര്‍ട്ടികളാകും എതിര്‍ക്കാന്‍ മുന്‍നിരയില്‍. അവരു തന്നെയാകും അടുത്തയാഴ്ച ജൈവകൃഷി സംരക്ഷിക്കാന്‍ പോകുക. ഒരു സമഗ്രമായ സമീപനത്തിലേക്ക് എത്തണം. ഇതൊരു പരിസ്ഥിതി വിഷയമല്ല. എന്നെ സംബന്ധിച്ച് ഭൂമി സംരക്ഷിക്കുകയെന്നതും മാലിന്യ സംസ്‌കരണവും ഒന്നും പരിസ്ഥിതി വിഷയമല്ല. നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടത്, നമ്മുടെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ നാട്ടില്‍ പൈപ്പ് ഇട്ടു കൊടുക്കലാണ് നമ്മളെ സംബന്ധിച്ചിടത്തോളം കുടിവെള്ള വിതരണം. അതുകൊണ്ട് കാര്യമില്ല.

ഐഡിയോളജി എന്നത് മുദ്രാവാക്യമല്ല. ഐഡിയോളജി സമഗ്രമായ സമീപനമാണ്. ആ അര്‍ത്ഥത്തിലാണ് ഞാനത് കാണുന്നത്. നമ്മള്‍ ചെയ്യുന്നതിന് അപ്പുറത്ത് അബ്‌സ്ട്രാക്ട് ഐഡിയോളജി പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ നാട്ടില്‍ മാര്‍ക്‌സിസ്റ്റുകളുണ്ട്, ഗാന്ധിയന്‍മാരുണ്ട്, ലോഹ്യയിറ്റുകളുണ്ട്, സോഷ്യലിസ്റ്റുകളുണ്ട്… അങ്ങനെ പല ഐഡിയോളജിക്കാരുമുണ്ട്. പക്ഷേ, അവരുടെ പ്രവര്‍ത്തനവും ഐഡിയോളജിയും തമ്മില്‍ എത്രത്തോളം ബന്ധമുണ്ട് എന്ന് അന്വേഷിക്കുമ്പോഴാണ് വൈരുദ്ധ്യം മനസിലാകുന്നത്.

ഞാന്‍ ലോഹ്യയെ അങ്ങേയറ്റം ബഹുമാനിക്കുന്ന ആളാണ്. ഇന്ത്യയുടെ രാഷ്ട്രീയത്തിലെ ക്രീമായിട്ടുള്ള, അതിന്റെ ആന്തരികാര്‍ത്ഥം കണ്ടെത്തിയിട്ടുള്ള ഒരാളാണ് ലോഹ്യ. പക്ഷേ ലോഹ്യയിറ്റുകള്‍ എന്ന് പറഞ്ഞെത്തിയ ആളുകള്‍ എവിടെയെത്തിയെന്ന് നമുക്കറിയാം. ലോഹ്യയുമായി പ്രത്യേകിച്ച് ഒരു ബന്ധവുമില്ല. അത് വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണ ഗുരുവിനെ എടുക്കുന്നത് പോലെയാണ്. ശ്രീനാരായണ ഗുരുവും വെള്ളാപ്പള്ളിയും തമ്മില്‍ എന്തുബന്ധം എന്ന് ചോദിച്ചാല്‍ തര്‍ക്കിച്ചിട്ട് കാര്യമില്ല. ഒരു ബന്ധവുമില്ല. വെള്ളാപ്പള്ളിക്ക് ശ്രീനാരായണ ഗുരു ഒരു ഐക്കണ്‍ മാത്രം. അല്ലെങ്കില്‍ ഒരു ജാതിക്കാരെ സംഘടിപ്പിക്കാനുള്ള ഒരു സംഗതി മാത്രമാണ്.

 

നമുക്ക് ഐഡിയോളജി എന്ന് പറയുന്നത് എഴുതി വയ്ക്കപ്പെട്ട ഒന്നല്ല. ഞാന്‍ കരുതുന്നത് ഒരു ഐഡിയോളജിയും സ്റ്റാഗ്നന്റല്ല, ആകാന്‍ പാടില്ല എന്നാണ്. ഐഡിയോളജി ഡൈനാമിക്കും ഓര്‍ഗാനിക്കുമാകണം. സജീവവും ജൈവവുമാകണം. ഇത് ആം ആദ്മിക്ക് എത്രത്തോളം ചെയ്യാനാകും എന്നത് പുതിയ പരീക്ഷണമാണ്. കാരണം അത് പുതിയ സംവിധാനമാണ്. പുതിയ സ്ട്രക്ചറാണ്. ഡല്‍ഹിയില്‍ അവര്‍ മുന്നോട്ടു വച്ചത് വോട്ട് കാച്ചിങ്ങ് വിഷയമല്ല. അത് പൊളിറ്റിക്കലാണ്. എന്നോട് പലരും ചോദിച്ചു, ആം ആദ്മി ഇടതാണോ വലതാണോയെന്ന്. ഞാന്‍ ചോദിച്ചു, ഇടതാണോ വലതാണോ എന്ന് പറയുന്നത് ഞാന്‍ പറയുന്നതല്ലല്ലോ, ചെയ്യണതല്ലേ. സ്‌കൂള്‍ അഡ്മിഷന് ശുപാര്‍ശ പറയാന്‍ പാടില്ലെന്ന പുതിയ നിയമമാണ് ഡല്‍ഹിയിലുള്ളത്. കേരളത്തില്‍ അത് നടപ്പിലാക്കുമെന്ന് പറയാന്‍ ധൈര്യമുള്ള ആരെങ്കിലും ഉണ്ടോ. ഉണ്ടാകില്ല. ഇടതുപക്ഷവുമുണ്ടാകില്ല. അതല്ലേ ഏറ്റവും വലിയ ഇടതുപക്ഷ അജണ്ട.

കേരളത്തില്‍ സ്വാശ്രയ കോളേജില്ലേ, അണ്‍ എയ്ഡഡ് കോളെജില്ലേ. അത് വേണ്ടാന്നല്ല പറയുന്നത്. നിയന്ത്രണം വേണം. അവിടെ വലിയ തോതില്‍ കൊള്ള നടക്കുന്നുണ്ട്. അവിടത്തെ ജോലിക്കാരുടെ പ്രശ്‌നം. നിങ്ങള്‍ സര്‍ക്കാര്‍ അനുമതിയോടെ ഒരു സ്ഥാപനം നടത്തുമ്പോള്‍ ചില ചിട്ടകള്‍ അതില്‍ പാലിക്കണം. ഇപ്പോളിവിടെ സ്വാശ്രയ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളെജുകളില്‍ അഡ്മിഷനുള്ള മാനദണ്ഡം പോലും ആരും പാലിക്കുന്നില്ല. 50-50 എന്ന് പറഞ്ഞിട്ട് ഏത് അമ്പത് എന്നു പറയും. അതിന് കമ്മിറ്റികളുണ്ടാക്കി. എന്നിട്ടും ഒന്നും നടക്കുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതുമായി നേരിട്ട് ബന്ധമുണ്ട്. സിപിഐ(എമ്മി)നു പോലും സ്വാശ്രയ മെഡിക്കല്‍ കോളേജുണ്ട് കേരളത്തില്‍-പരിയാരം.

സ്വാശ്രയ മെഡിക്കല്‍ കോളേജിന് എതിരെയാണല്ലോ കൂത്തുപറമ്പ് സമരം നടത്തിയത്. ആ മെഡിക്കല്‍ കോളേജ് ഇപ്പോഴും സ്വാശ്രയം ആയിട്ടല്ലേ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ സിപിഐ(എമ്മി)നെ വിമര്‍ശിക്കുന്നുവെന്നല്ല പറയുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളേജിന് എതിരെ നടന്ന സമരത്തില്‍ അഞ്ചുപേര്‍ കൂത്തുപറമ്പില്‍ കൊല്ലപ്പെട്ടു. ആ സ്വാശ്രയ കോളേജ് കഴിഞ്ഞ എട്ടുകൊല്ലമായി നടത്തുന്നത് ജയരാജനാണ്. വൈരുദ്ധ്യമുണ്ടോ? ഇടതുപക്ഷമാണോ വലതുപക്ഷമാണോ അതൊക്കെ എന്ന്‍ ജനങ്ങള്‍ തീരുമാനിക്കട്ടെ. അത് തുറന്നു കാണിക്കേണ്ട ജോലി നമുക്കുണ്ട്. ആം ആദ്മിയെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ സ്റ്റെപ്പ് വയ്ക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് ഞങ്ങളിതിനെ കാണുന്നത്. ഇത്തരം വിഷയങ്ങളില്‍ ഞങ്ങള്‍ അവെയറാണ്.

 

താങ്കള്‍ ആം ആദ്മിയുടെ കണ്‍വീനറായി വന്നശേഷമുള്ള മാറ്റങ്ങളെന്താണ്?
ഇപ്പോള്‍ കണ്‍വീനര്‍ പദവി ഏറ്റെടുത്ത ശേഷം നമ്മളൊരു ഇടക്കാല സ്റ്റേറ്റ് ടീം ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങള്‍ ആദ്യമെടുത്ത വിഷയങ്ങളില്‍ ഒന്ന് ജേക്കബ് തോമസിന്റെ വിഷയമാണ്. ജേക്കബ് തോമസിന്റെ വിഷയം ഏത് രാഷ്ട്രീയ പാര്‍ട്ടി ഏറ്റെടുക്കും ഇവിടെ. ജേക്കബ് തോമസ് എന്ന വ്യക്തിയല്ല വിഷയം. അദ്ദേഹം കേരളത്തില്‍ ഉന്നയിച്ച കുറെ കാര്യങ്ങളുണ്ട്. ഫോര്‍ട്ടു കൊച്ചി ബോട്ടപകടം ഉണ്ടായി പത്തുപേര്‍ മരിച്ചു. ഇന്‍ലാന്‍ഡ് നാവിഗേഷനില്‍ അദ്ദേഹം ഉണ്ടായിരുന്നപ്പോള്‍ എടുത്ത ഒരു തീരുമാനം നടപ്പിലാക്കിയിരുന്നുവെങ്കില്‍ ആ ബോട്ടപകടം ഒഴിവാക്കാമായിരുന്നു. വളരെ ലളിതമായ ഒരു തീരുമാനമായിരുന്നു. ഇവിടെ അത് ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഈ ബോട്ടുകളുടെ അടിവശം പരിശോധിക്കണം. നമ്മുടെ വാഹനം പരിശോധിക്കുന്നത് പോലെ ബോട്ടുകളുടെ സേഫ്റ്റി പരിശോധിക്കണം. അതിനുവേണ്ടി ഒഴിഞ്ഞു കിടക്കുന്ന ജെട്ടികളുണ്ട്. അതേറ്റെടുത്ത് ബോട്ടുകളുടെ അടിഭാഗം പരിശോധിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടത്തെ സകല ട്രേഡ് യൂണിയന്‍കാരും കൂടെ എതിര്‍ത്തു. അത് വന്നില്ല. അത് വന്നിരുന്നുവെങ്കില്‍ ഫോര്‍ട്ടു കൊച്ചിയിലെ ബോട്ട് പൊളിഞ്ഞു പോകില്ലായിരുന്നു. അതിന്റെ അടിഭാഗം നോക്കിയിരുന്നുവെങ്കില്‍ പൊളിഞ്ഞു പോകുമെന്നത് അറിയാമായിരുന്നു. പരിശോധിച്ചില്ല. പത്ത് ജീവനാണ് പോയത്.

ഫയര്‍ ആന്റ് സേഫ്റ്റിയുടെ കാര്യം. ഒരു അപകടം ഉണ്ടാകട്ടെ അപ്പോഴേ അറിയയൂ. ചെന്നൈയില്‍ നമ്മള്‍ കണ്ടതാണ്. ഫയര്‍ എഞ്ചിന് ചെല്ലാന്‍ കഴിയുന്നില്ല. ഫയര്‍ എഞ്ചിന്‍ തീകെടുത്താന്‍ മാത്രമല്ല. ഒരാള്‍ കുഴിയില്‍ വീണു. അല്ലെങ്കില്‍ ഒരാള്‍ മുകളില്‍ നിന്ന് ചാടാന്‍ നില്‍ക്കുകയാണ്. അയാളെ രക്ഷിക്കേണ്ടത് ഫയര്‍ ഫോഴ്‌സിന്റെ ജോലിയാണ്. ഫയര്‍ ഫോഴ്‌സിന്റെ വണ്ടി അവിടെ എത്തേണ്ടേ. അതിനുള്ള ഗ്യാപ് വേണമെന്നല്ലേ ഫയര്‍ ആന്റ് സേഫ്റ്റിയുടെ ഒരു നിര്‍ബന്ധം. അതല്ലേ തള്ളിക്കളഞ്ഞത്.

മനുഷ്യജീവനെ വരെ ബാധിക്കുന്ന സീരിയസായ പ്രശ്‌നങ്ങള്‍ ഒരു വശത്ത്. ജേക്കബ് തോമസിനെ ന്യായീകരിക്കേണ്ട ജോലിയെനിക്കില്ല. പക്ഷേ,ഒരു ഓഫീസര്‍ ഇതാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞാല്‍ അത് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ അതിന് സര്‍ക്കാര്‍ കാരണം പറയണം. ജേക്കബ് തോമസിനെ പോലെ ഒരു ഓഫീസറെ പൊലീസ് ഹൗസിങ് കോര്‍പ്പറേഷന്റെ ചെയര്‍മാനായി ഇരുത്തുക എന്ന് പറഞ്ഞാല്‍ അതില്‍പ്പരം ഒരു ക്രിമിനല്‍ കുറ്റം വേറെയില്ല. കാരണം ഇത്ര കഴിവുള്ള ഉദ്യോഗസ്ഥനെ മാറ്റിനിര്‍ത്തേണ്ടതില്ല. ഋഷിരാജ് സിംഗിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇപ്പോള്‍ എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല. ഋഷിരാജ് സിംഗിന് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തും സഹിക്കേണ്ടി വന്നു. മൂന്നാറിലെ വിഷയവുമായി ബന്ധപ്പെട്ട എന്തെല്ലാം സഹിക്കേണ്ടി വന്നു. കോട്ടിട്ടവന്‍. കോട്ടിടാത്തവന്‍. മീശവച്ചവന്‍. എന്തെല്ലാം തെറി കേട്ടു. എന്നെ സംബന്ധിച്ചിടത്തോളം ഞാനിതില്‍ വാദിയല്ല. മൂന്നാറില്‍ സുരേഷ് കുമാറിന് എതിരെ ശിക്ഷാ നടപടി വന്നപ്പോള്‍ അന്ന് ഹൈക്കോടതി കെട്ടി വയ്ക്കാന്‍ പറഞ്ഞ തുക പബ്ലിക്കായി പിരിച്ചു കൊടുത്തയാളാണ് ഞാന്‍.

സുരേഷ് കുമാര്‍ അയാളുടെ വീട്ടിനുവേണ്ടി ചെയ്തതൊന്നുമല്ലല്ലോ. കേരളത്തിലെ ജനങ്ങള്‍ക്കാണ് മൂന്നാറിലെ പൊളിപ്പിക്കല്‍ വേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് മൂന്നാറുകാര്‍ക്കുമല്ല. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം കേരളത്തിലെ ജനങ്ങളുടെ വിഷയമാണ്. ഞാന്‍ ഇതിനെ പൊളിറ്റിക്കലായിട്ടാണ് കാണുന്നത്. അങ്ങനെ വരുമ്പോള്‍ ജേക്കബ് തോമസിന്റെ ഇഷ്യു വളരെ പ്രധാനമാണ്. ചര്‍ച്ച ചെയ്യേണ്ടതാണ്. 

രണ്ടാമത്തെ വിഷയം കേരള ക്രിക്കറ്റ് അസോസിയേഷന്റെ അഴിമതിയാണ്. ഇടക്കൊച്ചിയില്‍ സ്റ്റേഡിയത്തിനുവേണ്ടിയെന്ന് പറഞ്ഞെടുത്ത ഭൂമി എന്തിനാണെന്ന് ഇപ്പോഴും അറിയില്ല. ക്രിക്കറ്റ് വിഷയത്തില്‍ ഹിന്ദു എഴുതിയ ഒരു ലേഖനം ഉണ്ട്; വൈ ജെയ്റ്റ്‌ലി നൗ. കാരണമെന്താ. ഔട്ട്സൈഡര്‍ എന്‍ഡേഴ്‌സ് ദ ക്രിക്കറ്റ് എന്നാണ്. കെജ്രിവാള്‍ ഈസ് ആന്‍ ഔട്ട്‌സൈഡര്‍. ഇതിനുമുമ്പേ എന്തുകൊണ്ടാണ് ജെയ്റ്റ്‌ലിക്ക് എതിരെ നടപടി എടുക്കാത്തത്. യുപിഎയ്ക്ക് എടുക്കാന്‍ പറ്റുമോ. രാജീവ് ശുക്ലയും ശരദ് പവാറും ഇതിന്റെ കൂട്ടുകാരാണ്. കീര്‍ത്തി ആസാദിനെ പോലൊരു ബിജെപി എംപി എഴുതി നല്‍കിയിട്ടും യുപിഎ സര്‍ക്കാര്‍ മിണ്ടിയില്ല.

ലോധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പൊളിറ്റീഷ്യന്‍സിനെ ക്രിക്കറ്റില്‍ നിന്നും മാറ്റണം എന്ന് പറയുന്നുണ്ട്. ക്രിക്കറ്റ് കളിക്കാര്‍ വരണം. ക്രിക്കറ്റിനെ പറ്റി ബാറ്റെന്താ, ബോളെന്താ, സ്‌ക്വയര്‍ ലെഗ് എന്താ എന്നറിയാത്തവര്‍ അല്ലേ ഈ നില്‍ക്കുന്നവരെല്ലാം. ഇതിനെ പ്രൊഫഷണല്‍ ബോഡി എന്നാണ് പറയുന്നത്. ബിസിസിഐയും കെസിഎയും പ്രൊഫഷണല്‍ ബോഡിയാണ്. അത് ഏതെങ്കിലും രാഷ്ട്രീയ നേതാവിന് ഒഴിവ് കിട്ടുമ്പോള്‍ പോയിരിക്കാനുള്ള ഇടമല്ലല്ലോ. ക്രിക്കറ്റ് ഇന്ത്യയിലെ ജനങ്ങളെ സീരിയസ് ആയി ബാധിക്കുന്ന വിഷയമായി മാറിയിരിക്കുന്നു. ഇവിടുത്തെ സമ്പദ്വ്യവസ്ഥയെ, യുവജനങ്ങളെ, ചിന്താരീതികളെ ഒക്കെ ബാധിക്കുന്ന ഒന്നാണ്. സച്ചിന്‍ ദൈവവും ക്രിക്കറ്റ് മതവും എന്ന് പറഞ്ഞതു പോലെ ബാധിക്കുന്നുണ്ട്. ആ വികാരമാണ് ചൂഷണം ചെയ്യപ്പെടുന്നത്. ജെയ്റ്റ്‌ലിയായാലും ടി സി മാത്യുവായാലും അതാണ് കൊള്ളയടിക്കുന്നത്. അതുകൊണ്ടാണ് ക്രിക്കറ്റില്‍ ഇടപെടാന്‍ തീരുമാനിച്ചത്. ഞാന്‍ അറിഞ്ഞിടത്തോളം എല്ലാ നേതാക്കന്‍മാരും ടി സി മാത്യുവുമായി നല്ല ടേംസിലാണ്. ഇടതുപക്ഷവും വലതുപക്ഷവും ബിജെപിയുമടക്കം. ഇയാളെ എതിര്‍ത്തിരുന്ന ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ ഇയാള്‍ വൈസ് പ്രസിഡന്റായി. കേരള ക്രിക്കറ്റിലെ അഴിമതി ലോധ കമ്മിറ്റി പോലൊരു കമ്മിറ്റി അന്വേഷിക്കണം. ഡല്‍ഹിയില്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ വച്ചപോലെ.

ഇതുവരെ കെ സി എ വാദിച്ചിരുന്നത് പൊതുസ്ഥാപനം അല്ലെന്നാണ്. സുപ്രീം കോടതി അതുതള്ളി. അതുകൊണ്ടാണ് ആര്‍ടിഐ നടപ്പിലാക്കണം എന്ന് ലോധ കമ്മിറ്റി പറഞ്ഞത്. ഇപ്പോഴും ആര്‍ടിഐ ചോദിച്ചാല്‍ കെ സി എ തരില്ല. ഞങ്ങള്‍ക്ക് അത് ബാധകമല്ലെന്നാണ് അവര്‍ പറയുന്നത്. കെ സി എ പൊതുസ്ഥാപനം അല്ലെങ്കില്‍ നികുതിയിളവിന് പോകരുത്. സ്റ്റേഡിയം ഉണ്ടാക്കുന്നില്ലെങ്കില്‍ ഇടക്കൊച്ചിയിലെ ഭൂമി അവര്‍ തിരിച്ചു കൊടുക്കുകയല്ലേ വേണ്ടത്. അവിടത്തെ തണ്ണീര്‍ത്തടം നികത്തി വീടുവയ്ക്കല്‍ കെ സി എയുടെ പണിയല്ലല്ലോ. അതിനാണ് ശ്രമം. അതിനെയാണ് നമ്മള്‍ തടയുന്നത്. ഇവിടത്തെ ഒരു മുന്നണികള്‍ക്കും അതില്‍ ഒരു താല്‍പര്യവുമില്ല. അവരാരും കെ സി എയെ കുറിച്ച് മിണ്ടുന്നില്ല.

ടിസി മാത്യു അഴിമതി നടത്തിയോ ഇല്ലയോ എന്ന് ഞാനല്ല തീരുമാനിക്കേണ്ടത്. അതിന് ഇവിടെ ചില പ്രൊസീഡ്യറല്‍ ക്രമങ്ങളുണ്ട്. വിജിലന്‍സുണ്ട്. അന്വേഷണ കമ്മീഷന്‍ ആകാം. പക്ഷേ അന്വേഷിക്കണം. അത് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം.

ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ സമഗ്രമായി പഠിക്കണം. അതു ചെയ്യാന്‍ കഴിയുന്ന ഗ്രൂപ്പുകള്‍ ഉണ്ടാകണം. എന്റെ ശ്രമം സംഘടന കെട്ടിപ്പെടുക്കുക എന്നതാണ്. എല്ലാ ജില്ലയിലേയും പ്രവര്‍ത്തകരേയും കാണുന്നുണ്ട്. എന്ത് തര്‍ക്കം ഉണ്ടെങ്കിലും കണ്‍വീനര്‍ എന്ന നിലയില്‍ കാണാന്‍ ഞാന്‍ തയ്യാറാണ്.

പാര്‍ട്ടിയില്‍ ഇപ്പോള്‍ ഗ്രൂപ്പിസം ഒക്കെയില്ലേ?
അതൊക്കയുണ്ട്. അതൊക്കെ ഒരു പണിയുമില്ലാത്തത് കൊണ്ടല്ലേ. ഒരു പണിയുമില്ലാണ്ട് ഇരുന്നാല്‍ ഗ്രൂപ്പിസമല്ലാതെ വേറെ എന്താണ് ചെയ്യുക. അതാണല്ലോ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു പ്രശ്‌നം. നിങ്ങളുടെ മുന്നില്‍ ടാസ്‌ക് ഇല്ലെങ്കില്‍ നിങ്ങള്‍ വേറെ എന്താണ് ചെയ്യുക. പാര്‍ട്ടികള്‍ക്ക് ടാസ്‌ക് അല്ലേ ഉണ്ടാകേണ്ടത്. ജനങ്ങളുടെ ജീവിതത്തില്‍ ഇടപെടാതിരുന്നാല്‍ പിന്നെ ആര്‍ക്കും ഒന്നുമില്ല. ഒന്നും ചെയ്യാതെയും നേതാവിന് നേതാവായി ഇരിക്കാം എന്ന് ബോധ്യം വന്നാല്‍ നേതാവായി ഇരിക്കാം.

പാര്‍ട്ടിക്ക് ഘടന ഉണ്ടാക്കാന്‍ സാധിക്കാത്തത് സാറാ ജോസഫിന്റെ കഴിവ് കേടാണോ?
അത് സാറാ ജോസഫിന്റെ പരിമിതിയല്ല. അതിന്റെ സ്ട്രക്ചര്‍ ഫോം ചെയ്തത് അങ്ങനെയാണ്. കുറെ ആളുകള്‍ വരുന്നു, കുറെ ആളുകള്‍ പോകുന്നു. ആം ആദ്മിയെ ഫങ്ഷണല്‍ ആക്കുന്നതില്‍ ഞങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. അതില്‍ സാറാ ജോസഫിനെ മാത്രം കുറ്റം പറയാന്‍ പറ്റില്ല. ഞാനടക്കമുണ്ടായിരുന്ന കമ്മിറ്റിയുടെ വീഴ്ചയാണത്. അന്നത്തെ കമ്മിറ്റിക്ക് പരിമിതിയുണ്ടായിരുന്നു. ജനങ്ങളുടെ വിഷയങ്ങളില്‍ ഇടപെട്ടില്ല. മാണിയുടെ കേസില്‍ ഇടപെട്ടത് പോലെ മറ്റു പല കേസുകളിലും ഇടപെടാന്‍ പറ്റിയില്ല. അത് സംഘടനാപരമായ വീക്ക്‌നെസ്സാണ്. അത് രണ്ടും പരസ്പരം ബന്ധപ്പെട്ടതാണ്. നിങ്ങള്‍ വര്‍ക്ക് ചെയ്തില്ലെങ്കില്‍ സംഘടന മോശമാകും. സംഘടന മോശമായാല്‍ പിന്നെ വര്‍ക്ക് ചെയ്യാനാകില്ല. ക്യാംപെയ്‌നും സംഘടനയും വളരെ റിലേറ്റഡ് ആണ്. ക്യാംപെയ്ന്‍ മോശമായാല്‍ സംഘടന ഉണ്ടാകില്ല. സംഘടന ഇല്ലാതായാല്‍ ക്യംപെയ്‌നും ഉണ്ടാകില്ല. ഇപ്പോള്‍ നമ്മള്‍ അങ്ങനെ ഒരു സ്റ്റേജിലാണുള്ളത്. സി ആര്‍ നീലകണ്ഠന്‍ എന്ന വ്യക്തി വന്നതു കൊണ്ട് മാറ്റം ഉണ്ടാകും എന്നല്ല. കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവം നമ്മുടെ മുന്നിലുണ്ടല്ലോ. കഴിഞ്ഞ ഒരു വര്‍ഷം കുറച്ച് ഫ്രീ റണ്‍ ആയിട്ടാണ് പോയത്. ഫ്രീ റണ്‍ എന്ന് പറഞ്ഞാല്‍ വോളന്റിയേഴ്‌സ് തനിയെ വരും, പ്രവര്‍ത്തിക്കും എന്നൊക്കെയുള്ള വിശ്വാസമാണ്. കേരളത്തില്‍ ഒരു സംഘടനാ രീതി തന്നെയുണ്ടാകണം. വോളന്റിയേഴ്‌സിനെ വേണ്ടത്ര ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും ശരിയാണ്.

വിഷയങ്ങള്‍ ഉന്നയിക്കുന്നത് ആളുകളെ ആകര്‍ഷിക്കും. ഈ വിഷയങ്ങള്‍ നമ്മള്‍ പറഞ്ഞതിനു പിന്നാലെ ഒരുപാട് പേര്‍ നമ്മളെ വിളിച്ചിട്ടുണ്ട്. കേരളത്തില്‍ നിരവധി വിഷയങ്ങള്‍ ഉണ്ട്. പക്ഷെ ഏറ്റെടുക്കാന്‍ ആളില്ല. അതില്‍ ആം ആദ്മി ചെയ്തില്ലെന്ന പരാതിയുള്ളവരുണ്ട്. ഞാന്‍ സമ്മതിക്കുന്നു. ഈയൊരു കൊല്ലം കഴിഞ്ഞാലും പരാതിയുണ്ടാകും. ഒരുപക്ഷേ ഒരാളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഒരാള്‍ മുന്നില്‍ പോയില്ലെന്ന് വരാം. പക്ഷേ തെറ്റായ ഒരു തീരുമാനം എടുത്ത് ആളുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല.

ഇതൊരു കേഡര്‍ സംഘടനയല്ല. വോളന്റിയര്‍ സംഘടനയാണ്. കേഡര്‍ സംഘടനയല്ലാത്തിടത്തോളം താഴെ നിന്ന് ഓരോരുത്തരും അവര്‍ക്ക് ചെയ്യാവുന്നത് എന്താണെന്ന് അവര്‍ തീരുമാനിക്കണം. അല്ലാതെ മുകളില്‍ നിന്ന് നിങ്ങള്‍ സെക്രട്ടറിയാകൂ, നിങ്ങള്‍ പ്രസിഡന്റാകൂ എന്ന് പറയാനാകില്ല.

ടാസ്‌ക് മുകളില്‍ നിന്നല്ലേ കൊടുക്കാന്‍ സാധിക്കൂ?
ടാസ്‌ക് കൊടുക്കുക എന്നുള്ളത്, നമ്മള്‍ തീരുമാനിക്കുന്നത് പൊളിറ്റിക്കല്‍ ടാസ്‌കാണ്. അത് എങ്ങനെ ഇംപ്ലിമെന്റ് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് അതത് ജില്ലകളിലാണ്. ഇപ്പോള്‍ വോളന്റിയര്‍മാര്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ട്. ഇല്ലാന്ന് ഞാന്‍ പറയുന്നില്ല. അത് നമ്മള്‍ നിഷേധിച്ചിട്ട് കാര്യമില്ല. എന്നാല്‍ അതില്‍ വലിയൊരു കുറവ് വരുത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കാരണം നമ്മള്‍ അവരുമായി സംവദിച്ചു കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി മാസത്തില്‍ 14 ജില്ലകളിലേയും വോളന്റിയര്‍മാരേയും കാണുകയെന്നതാണ് ഞാന്‍ ടാര്‍ഗറ്റ് ഇട്ടിരിക്കുന്നത്. ജില്ലകളിലെ കണ്‍വീനര്‍മാരേയും ഉടക്കി നില്‍ക്കുന്നവരേയും വിളിക്കുന്നുണ്ട്. നിങ്ങള്‍ വോളന്റിയര്‍ ആണെന്ന് തീരുമാനിച്ചാല്‍ , ഇന്ന വര്‍ക്ക് നിങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞാല്‍ നിങ്ങളത് ചെയ്യണം. ചെയ്യാന്‍ പറ്റില്ലെന്ന് വച്ചാല്‍ ഒരു കുഴപ്പവുമില്ല. ഇതൊരു വോളന്റിയര്‍ സംഘടനയല്ലേ. നമുക്ക് നിര്‍ബന്ധിക്കാന്‍ പറ്റില്ല. പക്ഷേ വോളന്റിയര്‍ ആണെങ്കില്‍ മാത്രമേ, നിങ്ങള്‍ ചെയ്യുമെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു പൊസിഷനില്‍ ഇരിക്കാന്‍ പറ്റൂ. ഞാനിപ്പോള്‍ ഒരു പൊസിഷനില്‍ ഇരുന്നിട്ട് ഞാന്‍ ഒന്നും ചെയ്യാതിരുന്നാല്‍ ഞാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോകണ്ടേ? അങ്ങനെ ചെയ്തില്ലെങ്കില്‍ സംഘടന നശിക്കും. ആരേയും പുറത്താക്കില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. കാരണം പുറത്താക്കാന്‍ ഇവിടെ ആളില്ല. എന്റെ ടാര്‍ഗറ്റ് കേരളത്തില്‍ രണ്ടരലക്ഷം വോളന്റിയര്‍മാരാണ്. ഇപ്പോള്‍ അയ്യായിരത്തോളം വരും. അവിടേയും ചില പ്രശ്‌നങ്ങളുണ്ട്. ഒരുപാട് പേര്‍ ഓണ്‍ലൈന്‍ അംഗത്വം എടുത്തവരായുണ്ട്. അതിന്റെ ലിസ്റ്റ് വളരെ വലുതാണ്. ഈ മനുഷ്യരൊക്കെ ജീവിച്ചിരിപ്പുണ്ടോയെന്ന് തന്നെയറിയണ്ടേ. സച്ചിന്റേയും മഹാത്മാ ഗാന്ധിയുടേയും പേരിലൊക്കെയുണ്ട് അംഗങ്ങള്‍. നമുക്ക് അതിനെ നിയന്ത്രിക്കാന്‍ പറ്റില്ല. മിസ്ഡ് കോളടിച്ചാല്‍ ബിജെപി അംഗത്വം തരും. എന്നെ തിരിച്ചു വിളിച്ചാല്‍ എന്റെ പേര് വേറെ എന്തെങ്കിലും പറഞ്ഞു കൊടുക്കാലോ. അവര്‍ എഴുതി വയ്ക്കിലേ. അത് കറക്റ്റ് ആക്കുക എപ്പോഴെന്ന് അറിയാമോ. ഈ വര്‍ക്ക് വരുമ്പോഴാണ്. റാന്നിയില്‍ ഒരാള്‍ ആം ആദ്മിയില്‍ അംഗമാണ് എന്ന് പറഞ്ഞാല്‍ അവിടെ ഒരു വിഷയം ഉണ്ടാകുമ്പോള്‍ ആ മനുഷ്യന്‍ അവിടെ ഉണ്ടാകണം. കണ്ടില്ലെങ്കില്‍ അയാല്‍ അംഗമല്ല. അത് സ്‌ക്രൂട്ടിനി ചെയ്യും. ഈ പാര്‍ട്ടിക്ക് ഒരു സ്ട്രക്ചര്‍ ഫോം ചെയ്തു വരാനുണ്ട്. ഇപ്പോഴും 100 ശതമാനവും ഇങ്ങനെയാണ് സ്ട്രക്ചര്‍ എന്ന് എനിക്ക് പറയാനാകില്ല. കാരണം ഇതൊരു വോളന്റിയര്‍ സംഘടനയാണ്. ഇതിലൊരു പരീക്ഷണമുണ്ട്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ആം ആദ്മി ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി മാത്രമല്ല. അതിനൊരു പുതിയ ഘടനയുണ്ടെങ്കിലേ പ്രസക്തിയുള്ളൂ.

മറ്റേതെങ്കിലും ഒരു പാര്‍ട്ടിയെ പോലെ ആം ആദ്മി കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ട് ഒരുഫലവുമില്ല. മറ്റുള്ളവരൊക്കെ മോശമാണ് എന്നര്‍ത്ഥത്തിലല്ല പറയുന്നത്. ഇതിന്റെ ഫങ്ഷന്‍ അതല്ല. ഇതിന്റെ ഫങ്ഷന്‍ കേഡര്‍ പാര്‍ട്ടിയല്ല. ഇതിന്റെ ഫങ്ഷന്‍ ലൂസ് ആയിട്ടുള്ളതുമല്ല. വോളന്റയര്‍ സ്ട്രക്ചറിലേക്ക് എത്തിക്കുക എന്നത് വലിയ വെല്ലുവിളിയാണ്.

പക്ഷേ എനിക്കൊരു കോണ്‍ഫിഡന്‍സ് ഉണ്ട്. കണ്‍വീനര്‍ ആയതിനുശേഷം എനിക്ക് ലഭിക്കുന്ന ഫീഡ് ബാക്ക് അങ്ങനെയാണ്. പരമാവധി വോളന്റിയര്‍മാരുമായി ഞാന്‍ ഇന്ററാക്ട് ചെയ്യുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. വാട്‌സ് അപ്പുണ്ട്, ഫേസ് ബുക്കുണ്ട്. ഞാന്‍ ചാര്‍ജ്ജെടുത്തപ്പോള്‍ സംശയിച്ച പലരുമുണ്ട്. ഇയാള് ശരിയാകുമോയെന്ന്. ഇയാള്‍ക്ക് പ്രശ്‌നമുണ്ടോ എന്നൊക്കെ. ഞാന്‍ പറഞ്ഞു ഞാന്‍ ശരിയാകുമെന്ന് 100 ശതമാനം ഉറപ്പു നല്‍കിയിട്ടൊന്നുമല്ല വരുന്നത്. ഒരു പരീക്ഷണം. ആം ആദ്മി സ്ട്രക്ടചര്‍ തന്നെയൊരു പരീക്ഷണമാണ്.

ഗാന്ധിജിയുടെ ആത്മകഥയുടെ പേര് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നല്ലേ. അത് കൃത്യമാണ്. സാമൂഹിക പരീക്ഷണങ്ങളാണ് ആം ആദ്മി നടത്തുന്നത്. കാരണം വളരെ പെട്ടെന്ന് മാറുന്ന ഒരു സോഷ്യല്‍ സെറ്റപ്പാണുള്ളത്.

ആപ്പിനോട് ആളുകള്‍ക്ക് താല്‍പര്യം കുറഞ്ഞിട്ടുണ്ടോ?
താല്‍പര്യം കുറഞ്ഞിട്ടുണ്ടാകും. കാരണം എന്താണെന്നു വച്ചാല്‍ ഒന്നും ചെയ്യാതിരുന്നാല്‍ താല്‍പര്യം കുറയും. എന്താണിത് ഇതിന്റെ ഫങ്ഷന്‍ എന്നറിഞ്ഞാലല്ലേ ആളുകള്‍ക്ക് താല്‍പര്യമുണ്ടാകൂ. ഇവിടെ താല്‍പര്യം വന്നത് ഇവിടത്തെ വര്‍ക്ക് കൊണ്ടല്ലോ, ഡല്‍ഹി കൊണ്ടല്ലേ. ഡല്‍ഹിയിലെ താല്‍പര്യം ആര്‍ക്കും കുറഞ്ഞിട്ടില്ല. ഓഡ് – ഈവന്‍ വന്നതുപോലും സംശയിച്ചവര്‍ കേരളത്തില്‍ ഇപ്പോള്‍ അംഗീകരിച്ചിട്ടുണ്ട്. അതുപോലൊരു പരീക്ഷണം എവിടെയെങ്കിലും നടക്കേണ്ടതില്ലേ; വീ ഹാവ് ടു സ്റ്റാര്‍ട്ട് സംവെയര്‍.

എല്ലാ കാര്യത്തിനും ഡല്‍ഹിയെ ആണോ കേരളത്തിലെ ആം ആദ്മി പാര്‍ട്ടി ഉറ്റു നോക്കുന്നത്?
അല്ല. ചില ആശയങ്ങളുണ്ട്. ചില രീതികളുണ്ട്. പക്ഷേ അത് കേരളത്തിന് അനുയോജ്യമായ തരത്തില്‍ ഇംപ്ലിമെന്റ് ചെയ്യണം. അവരില്‍ നിന്നും ഞാനെടുക്കുന്നത്, ഒരു വോളന്റിയര്‍ പാര്‍ട്ടിക്കേ സാധ്യതയുള്ളൂ എന്നുള്ളതാണ്. അത് ഡല്‍ഹിയില്‍ നിന്നും എടുത്താണ്. ജനങ്ങളുടെ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് നിങ്ങള്‍ക്ക് പോകേണ്ടത്. വളരെ ഐഡിയോളജിക്കല്‍ ആയ തര്‍ക്കങ്ങളിലേക്കല്ല. 70-കളില്‍ എംഎല്‍ ഗ്രൂപ്പുകാര്‍ ചെയ്ത മണ്ടത്തരം ഉണ്ട്. ഞാന്‍ അതിലുണ്ടായിരുന്ന ആളാണ്. രാവിലേയും വൈകുന്നേരവും ചൈനയില്‍ ലിംഗ് പിയാവോ ശരിയാണോയെന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അവിടെ. അതിനേക്കാളൊക്കെ പ്രസക്തമായ വിഷയങ്ങളുണ്ട്. ആ വിഷയങ്ങളില്‍ ഇടപെട്ടാല്‍, അതില്‍ ഇടപെടാനുള്ള സ്‌പേസ് ഉണ്ടെന്ന് കണ്ടാല്‍ ഒരു രാത്രിയില്‍ ഡല്‍ഹിയില്‍ കണ്ടതു പോലെ ആളുകള്‍ ഓടിക്കൂടി ആം ആദ്മിയെ വിജയിപ്പിക്കും എന്നൊന്നും എനിക്ക് വിശ്വാസമില്ല. കേരളം വേറൊരു സ്ട്രക്ചറാണ്. അതിന് അനുയോജ്യമായ തരത്തില്‍ ആം ആദ്മി ഇവിടെ രൂപപ്പെടണം. അങ്ങനെ രൂപപ്പെടുമ്പോള്‍ സ്‌പേസ് ഉണ്ടോയെന്നതാണ് പ്രശ്‌നം. ആ സ്‌പേസ് ഉണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കാരണം, രണ്ടു മുന്നണികളോടും ബിജെപിയോടും തെരഞ്ഞെടുപ്പിനോടും വിരക്തിയുള്ള ആളുകളുണ്ട്. നോട്ടയ്ക്ക് വോട്ടു ചെയ്യുന്നവരെ മാത്രമല്ല ഞാന്‍ പറയുന്നത്. പിന്നെ തമ്മില്‍ ഭേദം എന്ന് പറയുന്നവര്‍ ഒരുപാടുപേര്‍ ഉണ്ട്. വോട്ടു ബാങ്ക് രാഷ്ട്രീയം പോലും പൊളിഞ്ഞുവെന്ന് ഞാന്‍ ഉദാഹരണം പറഞ്ഞത് അതുകൊണ്ടാണ്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നുണ്ടോ?
കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആലോചിച്ചിട്ടേയില്ല. വ്യക്തിപരമായി എനിക്ക് തോന്നുന്നത് അതിനുള്ള സമയം ഇനി ഇല്ലെന്നാണ്. കാരണം ജില്ലകളില്‍ സുദൃഢമായ സംഗതികളൊന്നും ഉണ്ടായിട്ടില്ല. ഇത് ചര്‍ച്ച ചെയ്തിട്ടുള്ള അഭിപ്രായമല്ല. അത്തരമൊരു സൃദൃഢമായൊരു സ്ട്രക്ചര്‍ രൂപപ്പെടുത്തി എടുക്കാന്‍ സമയമില്ല. ഞങ്ങള്‍ ഇവിടെയുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണ്ടേ. ഞങ്ങള്‍ തൊപ്പി വച്ചിട്ട് സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞ് അഞ്ചു തവണ വീട്ടില്‍ ചെന്ന് കേറീട്ട് കാര്യമില്ല. അത് ഞങ്ങളുടെ തന്നെ ചില സുഹൃത്തുക്കള്‍ക്ക് ബോധ്യംവന്നിട്ടില്ല. മറ്റു പാര്‍ട്ടികളും ഇതുപോലെ വീടുകളില്‍ കയറുന്നുണ്ട്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത്. തെരഞ്ഞെടുപ്പ് സമയത്ത് എത്ര വീട്ടില്‍ കയറിയെന്നതില്‍ കാര്യമില്ല. ഞങ്ങളുടെ വോളന്റിയര്‍മാര്‍ക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു, വീട്ടില്‍ ചെല്ലുമ്പോള്‍ വീട്ടുകാര്‍ സൗഹൃദപരമായിട്ടാണ് പെരുമാറിയത്. അങ്ങനെയേ പെരുമാറുകയുള്ളൂ. ആരെങ്കിലും പറയുമോ നിങ്ങള്‍ക്ക് വോട്ട് ചെയ്യില്ലെന്ന്. കെജ്രിവാള്‍ കൊള്ളാമെന്നൊക്കെ പറയും. പക്ഷേ അത് കേട്ടിട്ട് അവര്‍ നമുക്ക് വോട്ടു ചെയ്യുമെന്ന് വിശ്വസിക്കാനാകില്ല. എല്ലാപാര്‍ട്ടികളിലും അത്തരക്കാര്‍ ഉണ്ട്. ചില പാര്‍ട്ടികള്‍ക്ക് കണക്ക് തെറ്റിപ്പോകുന്നത് കണ്ടിട്ടില്ലേ. കേരളത്തില്‍ എസ്റ്റാബ്ലിഷ്ഡ് ആയ പാര്‍ട്ടികള്‍ക്കുപോലും കണക്കു തെറ്റിപ്പോകുന്നു. അരുവിക്കരയില്‍ പിണറായി വിജയന്‍ ഓരോ വീടുകയറി ലിസ്‌റ്റെടുത്തു, കണക്കെടുത്തു. അദ്ദേഹം പരിചയം ഇല്ലാത്ത ആളൊന്നുമല്ലല്ലോ. എന്നിട്ടെന്തു പറ്റി. കേരള രാഷ്ട്രീയത്തിലെ പരിണിതപ്രജ്ഞനായ സംഘാടകനാണ്. അദ്ദേഹത്തിനുപോലും അത് തെറ്റിയെങ്കില്‍ ഇതൊന്നുമില്ലാത്ത ആം ആദ്മിക്കാരനും തെറ്റും. പക്ഷേ അങ്ങനെയല്ല നമ്മള്‍ അതിനെ കാണേണ്ടത്. തെരഞ്ഞെടുപ്പ് കാലത്തല്ല നമ്മള്‍ അവിടെ ചെല്ലേണ്ടത്. തെരഞ്ഞെടുപ്പ് ഇല്ലാത്ത സമയത്താണ്. യുദ്ധകാലത്ത് പട്ടാളക്കാരന്റെ ജോലി എന്താണെന്ന് അറിയാം. എന്നാല്‍ സമാധാനകാലത്ത് പട്ടാളക്കാരന്റെ ജോലിയാണ് നിര്‍ണായകം. യുദ്ധകാലത്ത് പട്ടാളക്കാരന്റെ ജോലിയെപ്പറ്റി ആര്‍ക്കും തര്‍ക്കമില്ല.

മത്സരിച്ചില്ലെങ്കില്‍ ആര്‍ക്കെങ്കിലും പിന്തുണ കൊടുക്കുമോ?
അതിനുള്ള സാധ്യത കുറവാണ്. പിന്തുണയുടെ കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. നിതീഷ് കുമാറിന് പിന്തുണ കൊടുത്തത് പോലെ കേരളത്തില്‍ ഒരു പിന്തുണ വരാന്‍ സാധ്യത കുറവാണ്. അങ്ങനെയൊരു പൊളിറ്റിക്കല്‍ സ്ലോഗന്‍ ഇവിടെ വരുന്നില്ല. അതുപോലെ യുഡിഎഫിന് അഴിമതിയുണ്ട്. എന്നാല്‍ എല്‍ഡിഎഫ് അഴിമതിക്ക് എതിരെ എടുക്കുന്ന നിലപാട് കൂടെ പ്രശ്‌നമല്ലേ. ബിജെപിയും അഴിമതിക്കാരാണ്. അങ്ങനെ ബ്ലാങ്കറ്റായ ഒരു പിന്തുണ കൊടുത്താല്‍ നമ്മള്‍ അവിടത്തെ അഴിമതിക്കാരേയും പിന്താങ്ങേണ്ടി വരും. വള്‍നറബിള്‍ ആയ ഒരു ഘട്ടം വരികയും ആ ഘട്ടത്തില്‍ ആരെയെങ്കിലും പിന്താങ്ങണം എന്ന് തീരുമാനിക്കുകയും ചെയ്താല്‍ ചിലപ്പോള്‍ ചെയ്തുവെന്നു വരും. ഇപ്പോള്‍ ബീഹാറില്‍ ചെയ്തില്ലേ. ലാലു പ്രസാദ് യാദവ് ഉണ്ടായിട്ടും നിതീഷ് കുമാറിനെ പിന്താങ്ങിയില്ലേ. ലാലുവിന് പിന്തുണ കൊടുത്തതില്‍ പാര്‍ട്ടിയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. ലാലു അഴിമതി നടത്തിയതില്‍ ഇന്ത്യയിലേറ്റവും പേരുകേട്ട ഒരാളാണ്. അയാള്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആളാണ്. പക്ഷേ അവിടെ വലിയൊരു ടാര്‍ഗറ്റുണ്ടായിരുന്നു. നമുക്ക് അധികാരം കിട്ടാനല്ല. എന്നാല്‍ ആരുമായും സഖ്യത്തില്‍ ചേര്‍ന്ന് മത്സരിക്കില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മത്സരിക്കുകയാണെങ്കില്‍ 140 സീറ്റിലും ആം ആദ്മി പാര്‍ട്ടി ഒറ്റയ്‌ക്കേ മത്സരിക്കുകയുള്ളൂ. അത് ദല്‍ഹിയില്‍ നിന്നും പഠിച്ചിട്ടുള്ള ഒരു പ്രധാനപാഠമാണ്. സഖ്യവുമായി പോയാല്‍ ഒന്ന് പൂച്ച കലത്തില്‍ കഴുത്ത് വച്ചതു പോലെ ഇരിക്കും. രണ്ട് നമുക്ക് ഒന്നും ചെയ്യാനാകില്ല. അതാണ് നമ്മള്‍ വ്യത്യസ്തം എന്നു പറയുന്നത്.

വര്‍ഗീയത വരുമ്പോള്‍ അഴിമതിയെ രണ്ടാമതായി മാറ്റിവയ്ക്കാമെന്നാണോ?
വര്‍ഗീയത മാത്രമല്ല ബിജെപിയുടെ പ്രശ്‌നം. ഡല്‍ഹിയില്‍ നില്‍ക്കുന്നൊരു സര്‍ക്കാരുണ്ട്. ഡല്‍ഹി സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നോക്കണമല്ലോ ആം ആദ്മിയാദ്യം. നമ്മുടെ ഫസ്റ്റ് പ്രയോരിറ്റി ഡല്‍ഹി സര്‍ക്കാരാണ്. അതിനെതിരെ എത്ര ഫാസിസ്റ്റായ നയങ്ങളാണ് ബി.ജെ.പി നേതൃത്വം എടുക്കുന്നത്. ആ നയങ്ങള്‍ കൊണ്ടുതന്നെ ബിജെപിക്ക് എതിരായി നമുക്ക് നില്‍ക്കേണ്ടി വരും. ബിജെപി ഒരു സംസ്ഥാനത്ത് തോല്‍ക്കുക എന്നത് ഡല്‍ഹി സര്‍ക്കാരിന്റെ കൂടെ ആവശ്യമാണ്. നാളെ ബീഹാറില്‍ ലാലുവിനെതിരെയോ നിതീഷിനെതിരെയോ അഴിമതി ആരോപണം വന്നാല്‍ ആം ആദ്മി പാര്‍ട്ടി മിണ്ടില്ലെന്ന് അര്‍ത്ഥമില്ല. ഇവിടെ എല്‍ഡിഎഫിന് പിന്തുണ കൊടുത്താല്‍ ലാവ്ലിന്‍ കേസിലെ നിലപാട് പറഞ്ഞു കൊണ്ടേ ഞങ്ങള്‍ പിന്തുണ കൊടുക്കുകയുള്ളൂ. അഴിമതിക്കെതിരായ പോരാട്ടം നമ്മള്‍ തുടര്‍ന്നു കൊണ്ടു തന്നെ, പക്ഷേ ഒരു ചോയിസ് വേണ്ടി വന്നാല്‍ ആം ആദ്മി പാര്‍ട്ടി വോട്ടു ചെയ്യും.

കേരളത്തില്‍ അങ്ങനെയൊരു സാഹചര്യം ഉണ്ടോ?
ഇന്നുവരെ അങ്ങനെ ബോധ്യം വന്നിട്ടില്ല. ബിജെപി ജയിക്കരുതെന്ന് ഞങ്ങള്‍ക്ക് എന്തായാലും ആഗ്രഹമുണ്ട്. അതിനുള്ള സാഹചര്യം വളരെ കുറവാണെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. യുഡിഎഫ്, എല്‍ഡിഎഫ് തന്നെയണ് മത്സരത്തില്‍ വരാന്‍ സാധ്യത.

കേരളത്തില്‍ വര്‍ഗീയത വര്‍ദ്ധിച്ചു വരുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം
സംശയമില്ല. കേരളത്തില്‍ വര്‍ഗീയത വര്‍ദ്ധിച്ചു വരുന്നുണ്ട്. അത് രാഷ്ട്രീയ വര്‍ഗീയത മാത്രമല്ല. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ആചാരങ്ങളിലും കലകളിലും മാധ്യമങ്ങളിലും ഒക്കെ അത് വരുന്നുണ്ട്. അതിനെ ബിജെപി എന്നുമാത്രം അടയാളപ്പെടുത്താനും പാടില്ല. വര്‍ഗീയത സമം ബിജെപി എന്നിട്ടാല്‍ ബാക്കിയാരും വര്‍ഗീയരല്ലെന്ന് പറയേണ്ടി വരും. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍ ജാതിയും മതവും നോക്കുന്ന സെക്യുലര്‍ രാഷ്ട്രീയ പാര്‍ട്ടികളും വര്‍ഗീയതയെ സഹായിക്കുന്നില്ലെന്ന് പറയാന്‍ പറ്റുമോ.

അതാണ് ബിജെപിയും പറയുന്നത്
ബിജെപി പറയുന്നത് കൊണ്ട് ശരിയോ തെറ്റോ ആണെന്നല്ല. ബിജെപിയെന്നല്ല ആരുതന്നെ പറഞ്ഞോട്ടെ. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോല്‍ ജാതി, മത, ഉപജാതി, മതത്തിനകത്ത് ഉപമതവും നോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണ്ട എന്ന് തീരുമാനിക്കണ്ടേ. അത് ജനങ്ങളോട് ഇത്രയും ശക്തിയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു പഠിപ്പിക്കാന്‍ പറ്റണ്ടേ. ആം ആദ്മി പാര്‍ട്ടി ചെറിയ പാര്‍ട്ടിയാണ്. 70-ഉം 80-ഉം 120 കൊല്ലമൊക്കെയായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ ഉണ്ടല്ലോ ഇവിടെ. അവരല്ലേ അത് ബോധ്യപ്പെടുത്തേണ്ടത്; സെക്യുലര്‍ ആണെങ്കില്‍. അത് ബോധ്യപ്പെടുത്തുന്നതില്‍ അവര്‍ ജയിച്ചിട്ടുണ്ടോ. അത് വര്‍ഗീയതയെ സഹായിച്ചിട്ടുണ്ടോ. വിമര്‍ശനാത്മകമായി അവര്‍ അത് പരിശോധിക്കണം എന്നേ പറയാനുള്ളൂ.

താങ്കള്‍ ഏറെ ഫോളോ ചെയ്തിട്ടുള്ള വിഷയമാണ് ലാവ്ലിന്‍. ആ കേസിലെ ഇപ്പോഴത്തെ ഡെവലെപ്‌മെന്റുകള്‍ എങ്ങനെ കാണുന്നു?
സര്‍ക്കാര്‍ പൊളിറ്റിക്കലാണ്. അല്ലാന്ന് എനിക്ക് അഭിപ്രായമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ലാവ്ലിന്‍ കത്തിക്കുക, അതില്‍ നേട്ടം ഉണ്ടാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യാം. ഞാന്‍ പക്ഷേ അതില്‍ കാണുന്നത് സര്‍ക്കാര്‍ വൈകി ചെയ്തു എന്നാണ്. കാരണം രണ്ടു വര്‍ഷം കഴിഞ്ഞു വിധി വന്നിട്ട്. സിബിഐ തന്നെ ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് ഹര്‍ജി നല്‍കിയത്. അതും യുപിഎ സര്‍ക്കാരിന്റെ കാലത്തു പോലും സിബിഐ റിവിഷന്‍ ഫയല്‍ ചെയ്തില്ല. അതില്‍ തന്നെ ഞങ്ങള്‍ക്കൊക്കെ വിരോധം ഉണ്ടായിരുന്നു. നമ്മളത് സിബിഐയോട് ആവശ്യപ്പെട്ടിരുന്നതാണ്. കാരണം എന്താന്ന് വച്ചാല്‍ ആ കേസ് സിബിഐ കോടതി വിടുന്നത് വളരെ അത്യസാധാരണമായ സംഗതിയാണ്. ഒരു അഴിമതി കേസ് സിആര്‍പിസി 227 അനുസരിച്ച് വിടുക എന്നത് വളരെ അപൂര്‍വമാണ്. കാരണം സിഎജി അന്വേഷിച്ച കേസാണ്. സിഎജി ആണിതിന്റെ റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്. സിഎജി എന്നു പറഞ്ഞാല്‍ ലോക്കല്‍ പൊലീസ് അന്വേഷിക്കുന്നത് പോലെയല്ല. എക്‌സ്‌ചെക്കറിന് നഷ്ടമുണ്ടായിട്ടുണ്ട് എന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. എക്‌സ്‌ചെക്കറിന് നഷ്ടമുണ്ടായിരിക്കുമ്പോള്‍ എക്‌സ് ആണോ വൈ ആണോ കുഴപ്പം എന്ന് നോക്കേണ്ട. സംസ്ഥാന സര്‍ക്കാരിന് പൈസ പോയിട്ടുണ്ട്. ആര് സംസ്ഥാന സര്‍ക്കാര്‍ ആയാലും സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ നഷ്ടം തിരിച്ചു പിടിക്കേണ്ടത് സര്‍ക്കാരിന്റെ ജോലിയല്ലേ. ആ അര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ല, സിബിഐയും പ്രവര്‍ത്തിച്ചില്ല. ഒരു കേസ് സിബിഐ ബുദ്ധിമുട്ടി കൊടുത്തിട്ട് ഒരു കോടതി ഇങ്ങനെ തള്ളുമ്പോള്‍ സിബിഐ എന്തായാലും റിവ്യൂവിന് പോകേണ്ടതാണ്. അതില്‍പോലും സിബിഐ വളരെ താളമിട്ടു കളിച്ചു. അതുകൊണ്ടാണ് ചില സ്വതന്ത്ര പ്രവര്‍ത്തകര്‍ കേസിന് പോയത്. ഷാജഹാനും ഉണ്ണിത്താനുമൊക്കെ പോയത്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തില്ല. ഇപ്പോള്‍ സര്‍ക്കാരത് ചെയ്തത് തീര്‍ച്ചയായും പൊളിറ്റിക്കലായി അഡ്വാന്റേജ് കിട്ടാനാണ്. അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. കാരണം തെരഞ്ഞെടുപ്പിന് ഇനി മൂന്നു മാസമേയുള്ളൂ. അതു നില്‍ക്കുമ്പോഴും ഒരു കേസ് വേഗതത്തിലാക്കാന്‍ പാടില്ല എന്ന് പറയാന്‍ പറ്റില്ല. ഇത് രണ്ട് ആംഗിളില്‍ നോക്കാം. കേസ് വേഗത്തിലാക്കേണ്ടത് സാധാരണ ഗതിയില്‍ പ്രതികളുടെ ആവശ്യമാണ്. ഫെയര്‍ ട്രയലിന്റെ പ്രിന്‍സിപ്പിള്‍ അതാണ്. പിണറായി വിജയന്‍ തന്നെ കേസ് വേഗത്തിലാക്കണം എന്ന് പറഞ്ഞ് കോടതിയില്‍ പോയിട്ടുണ്ട്; അത് ന്യായമാണ്.

നിയമപരമായി നോക്കിയാല്‍ സര്‍ക്കാരിന് അവകാശമുണ്ട്. ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്നാണ് ചില ഭരണകക്ഷി നേതാക്കള്‍ പറഞ്ഞത്. ഞാന്‍ അതിലേക്ക് കടക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അഴിമതി കക്ഷി രാഷ്ട്രീയത്തിന് അതീതമായ ഒന്നാണ്. കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയില്‍ എത്ര നേതാക്കന്‍മാര്‍ കേരളത്തില്‍ അഴിമതിക്കാര്യത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 1957 മുതല്‍ അഴിമതി ആരോപണങ്ങള്‍ വന്നിട്ടുണ്ട്. ബാലകൃഷ്ണപിള്ള എന്ന ഒരാളൊഴിച്ച് കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാക്കളും അഴിമതിയില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. അതിനുള്ള പ്രധാന കാരണം ഇത് കക്ഷിരാഷ്ട്രീയവല്‍ക്കരിച്ചു എന്നുള്ളതാണ്. പിണറായി വിജയന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ അഴിമതി അന്വേഷിക്കേണ്ടതല്ലേ? സിഎജി ഉന്നയിച്ച ഒരു കാര്യം അതിന്റെ അന്തിമ വിചാരണയ്ക്ക് വിധേയമായി തീര്‍പ്പാക്കണം എന്നാണ് നമ്മള്‍ പറഞ്ഞിട്ടുള്ളത്. പിണറായി വിജയന്‍ പ്രതിയല്ലാതായാല്‍ ഒരുപക്ഷേ യുഡിഎഫിന് താല്‍പര്യമുണ്ടാകില്ല.

 

അഴിമതിക്ക് ശിക്ഷിക്കപ്പെടും എന്നുള്ള ചിന്ത ഇല്ലാത്തൊരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഞാന്‍ ഒരു രാഷ്ട്രീയ നേതാവാണെങ്കില്‍ ഏതെങ്കിലും ഒരു പക്ഷം എനിക്കുവേണ്ടി വാദിക്കും. പ്രശ്‌നത്തെ കക്ഷിരാഷ്ട്രീയമാക്കും. കക്ഷിരാഷ്ട്രീയമാക്കുന്നതോടെ അഴിമതി രക്ഷപ്പെടും. എനിക്ക് കോടതി വിധിയില്‍ ഏറ്റവും താല്‍പര്യമുള്ള കാര്യമതാണ്. ജസ്റ്റിസ് പി ഉബൈദിന്റെ വിധിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നതോ ഒരാള്‍ ജാഥ നയിക്കുന്നുവെന്നതോ അയാള്‍ മുഖ്യമന്ത്രിയാകുമെന്നതോ ഒന്നും ഒരു ക്രിമിനല്‍ കേസില്‍ ബാധകമല്ല. ക്രിമിനല്‍ കേസ് അതിന്റെ കാലത്തില്‍ നടക്കണം. മാത്രമല്ല നമ്മുടെ ക്രിമിനല്‍ കേസിനൊക്കെ പറ്റുന്ന ഒരു പ്രശ്‌നം വളരെ കാലപ്പഴക്കം കഴിഞ്ഞിട്ടാണ് അതിന്റെ റിവിഷന്‍ വരിക എന്നതാണ്. ഇപ്പോള്‍ ഹൈക്കോടതിയുടെ ലിസ്റ്റ് ഞാനെടുത്ത് നോക്കി. 2007-ലെ കേസുകളാണ് ഇപ്പോള്‍ ഹൈക്കോടതി റിവിഷനായി ചെയ്തു കൊണ്ടിരിക്കുന്നത്. അപ്പോള്‍ ന്യായമായും ഇതു വരാന്‍ 2020 ആകും. അപ്പോഴേക്കും ഈ കേസില്‍ ആര്‍ക്കെങ്കിലും താല്‍പര്യം ഉണ്ടാകുമോയെന്ന് അറിയില്ല. ഇടമലയാര്‍ കേസില്‍ എത്ര കൊല്ലം കഴിഞ്ഞിട്ടാണ് ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടത് എന്നുകൂടി നമ്മള്‍ ആലോചിക്കണം. ഒരു ക്ലര്‍ക്ക് 50 രൂപ വാങ്ങിയ കേസില്‍ ശിക്ഷിക്കപ്പെടും. പക്ഷേ കേരളം പോലെ അധികാരം മാറി മാറി വരുന്ന ഒരിടത്ത് അതുണ്ടാകില്ല. അതുകൊണ്ട് ഇത് വളരെ വേഗത്തില്‍ തീര്‍പ്പാക്കണം. യുഡിഎഫിന് ഗുണമുണ്ടോ എല്‍ഡിഎഫിന് ഗുണമുണ്ടോയെന്ന് ഒക്കെ രാഷ്ട്രീയം ചര്‍ച്ച ചെയ്യട്ടെ. ഇത് ആം ആദ്മിയുടേയും നിലപാടാണ്.

ലാവ്ലിന്‍ മാത്രമല്ല വേറെ എത്രയോ അഴിമതി കേസുകള്‍ കേരളത്തിലുണ്ട്. ആരോപണങ്ങളുണ്ട് വിജിലന്‍സ് കേസുകളുണ്ട്. ഇപ്പോള്‍ മാണിയുടെ കേസുണ്ട്. മാണിയുടെ കേസില്‍ ആദ്യം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോയത് ആം ആദ്മിയാണ്. ഇപ്പോഴും വിജിലന്‍സ് കോടതിയില്‍ വന്നപ്പോഴും ആദ്യം ചര്‍ച്ച ചെയ്തത് സാറ ടീച്ചര്‍ കൊടുത്ത ഹര്‍ജിയാണ്. ഇപ്പോഴും ഞങ്ങള്‍ പോയിട്ടുണ്ട്. കാരണം എന്താണെന്ന് വച്ചാല്‍ മാണിയുടെ കേസില്‍ പണം നേരിട്ട് കൈമാറിയെന്ന് ഒരാള്‍ പറയുന്ന ഒരു കേസാണ്. അപ്പോഴത് വേഗം വിചാരണ ചെയ്യണം. അഴിമതി നടത്തിയാല്‍ നിങ്ങള്‍ വേഗം പിടിക്കപ്പെടും എന്ന തോന്നലുണ്ടായാലേ അഴിമതി കുറയൂ. നമ്മുടെ നാട്ടില്‍ എന്താണ് പ്രശ്‌നം എന്നുവച്ചാല്‍ അയാള്‍ രാജി വച്ചാല്‍ നമ്മുടെ പ്രശ്‌നം തീര്‍ന്നു. മാണി രാജിവച്ചതോടെ മാണിയുടെ അഴിമതിയില്‍ ആര്‍ക്കും താല്‍പര്യമില്ലാതെയായി. രാഷ്ട്രീയത്തില്‍ അത് മതി. മാണി മന്ത്രിയാകാതിരുന്നാല്‍ മതി, പിണറായി വിജയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നാല്‍ മതി.

 

എന്നെ സംബന്ധിച്ചിടത്തോളം പിണറായി മത്സരിക്കണമോയെന്നത് അവരുടെ പാര്‍ട്ടിയെ സംബന്ധിച്ച തീരുമാനമാണ്. മറ്റൊരു പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ എനിക്ക് അതിലൊരു അഭിപ്രായമില്ല. നാളെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ആര് മത്സരിക്കണമെന്ന് സിപിഐ(എം) നേതാവ് പറഞ്ഞാല്‍ ഞങ്ങള്‍ സമ്മതിക്കുമോ, ഇല്ല. അതുകൊണ്ട് ആര് മുഖ്യമന്ത്രിയാകണം, ആര് ജാഥ നയിക്കണം എന്നൊക്കെ അവര്‍ തീരുമാനിച്ചോട്ടെ. വിഎസ് മത്സരിക്കണമോയെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഞാന്‍ പറയാറുണ്ട്; എനിക്കറിയില്ല. ഒരു കാലത്ത് ഞാന്‍ വിഎസിനുവേണ്ടി നിന്നിരുന്നു. ഇന്ന് ആം ആദ്മി പാര്‍ട്ടിയുടെ കണ്‍വീനര്‍ എന്ന നിലയ്ക്ക് മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അനുകൂലമോ പ്രതികൂലമോ അല്ല. അത് അവരുടെ ഇഷ്ടം. അത് ജനങ്ങള്‍ സ്വീകരിക്കുമോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേ. പക്ഷേ പ്രശ്‌നം ഇത് അഴിമതിയാണ്. കോണ്‍ഗ്രസിനെയോ സിപിഐ(എമ്മി)നെയോ യുഡിഎഫിനെയോ ബാധിക്കുന്ന പ്രശ്‌നമല്ല. അഴിമതിയെ അഴിമതി കേസായി മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയണം.

മാണി മുന്നണി മാറിയാലോ മത്സരിക്കുന്നില്ലെന്ന് പറഞ്ഞലോ കേസിന്റെ സ്ട്രക്ചര്‍ നമ്മുടെ നാട്ടില്‍ മാറും. അത് പാടില്ല. അഴിമതി അഴിമതി തന്നെയാണ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍