UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഞ്ജുവാര്യര്‍ ചെങ്ങറയില്‍ വരുമോ? സി ആര്‍ നീലകണ്ഠന്‍ എഴുതുന്നു

Avatar

സി ആര്‍ നീലകണ്ഠന്‍

ചെങ്ങറ ഭൂസമരത്തിന്റെ 7-ആം വാര്‍ഷികമാണ് ഈ ആഗസ്റ്റ് 4-ന് ആഘോഷിക്കുന്നത്. 2007ആഗസ്റ്റ് നാലിന് ആരംഭിച്ച സമരം കേരളത്തിനു നല്‍കിയ, നല്‍കിക്കൊണ്ടിരിക്കുന്ന സന്ദേശമെന്താണ്? 1970-ല്‍ തന്നെ കേരളത്തില്‍ ഭൂപരിഷ്‌കരണം സമ്പൂര്‍ണമായി നടന്നുവെന്ന ഇടതു-വലതു മുന്നണികളുടെ അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ആ സമരം തുറന്നുകാട്ടിയ പ്രധാന സത്യം. ‘നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും’ എന്ന വാഗ്ദാനം നല്‍കി കര്‍ഷക സമരങ്ങളില്‍ അണിനിരന്ന യഥാര്‍ത്ഥ കര്‍ഷകരെ മണ്ണില്‍ പണിയെടുക്കുന്നവരെ) കര്‍ഷകത്തൊഴിലാളി എന്നു വിളിച്ച് വഞ്ചിച്ച സത്യമാണ് അത്. ഭൂമികിട്ടിയവര്‍ വിലപിക്കുന്നത് കൃഷിപ്പണി ചെയ്യാന്‍ ആളെ കിട്ടുന്നില്ല  അഥവാ കൊയ്യാനാളില്ല എന്നാണ്. പഴയ മുദ്രാവാക്യം (നമ്മള്‍ കൊയ്യും….) ഇവിടെ ലക്ഷ്യം കണ്ടില്ലെന്നതല്ലേ സത്യം. കൊയ്യാന്‍ കഴിയുന്നവര്‍ക്കല്ല ഭൂപരിഷ്‌കരണത്തിലൂടെ ഭൂമി കിട്ടിയത്. മറിച്ച് വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ മേല്‍ക്കൈ നേടിയ സാമൂഹ്യ വിഭാഗങ്ങള്‍ക്കാണ്. അല്‍പ്പമെങ്കിലും കായികാധ്വാനം നടത്തിയിരുന്നവര്‍ പോലും അത് നിര്‍ത്തി. ”കാര്‍ഷിക മുതലാളിയായി”. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രമനുസരിച്ച് ഉല്‍പാദനോപാധികളില്‍ (ഭൂമി, ഉപകരണങ്ങള്‍) യാതൊരു ഉടമസ്ഥതയുമില്ലാതെ അദ്ധ്വാനം വിറ്റ് ജീവിക്കുന്നവരാണ് തൊഴിലാളി.

ഈ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് കിട്ടിയത് നാമമാത്ര കുടികിടപ്പ്. ഗ്രാമങ്ങളില്‍ പരമാവധി 10 സെന്റ്, നഗരങ്ങളിലേക്കെത്തുമ്പോള്‍ അത് രണ്ട് സെന്റ്. ഈ വിഭാഗക്കാര്‍ 10 സെന്റ് മുതല്‍ അഞ്ച്, നാല്, മൂന്ന്, രണ്ട് തുടങ്ങി മുക്കാല്‍ സെന്റ് വരെയുള്ള ഭൂമിയില്‍ ഒതുങ്ങി. ഒന്നും കിട്ടാത്തവര്‍, റോഡ്, തോട്, പുറമ്പോക്ക്, ലക്ഷംവീട് തുടങ്ങി 26,000 കോളനികള്‍ കേരളത്തില്‍ രൂപപ്പെട്ടു. ഗള്‍ഫ് പണവും മറ്റും മൂലമുണ്ടായ സമൃദ്ധിയില്‍ ഇവര്‍ക്കു മെച്ചപ്പെട്ട കൂലി കിട്ടിയെന്നത് മറ്റൊരു കാര്യം. ഒപ്പം മേലനങ്ങുന്നത് അപമാനമാണെന്ന് സ്വന്തം കുട്ടികളെപ്പോലും പഠിപ്പിച്ച പുത്തന്‍ മദ്ധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഇതിനു കാരണമായി. പണം കിട്ടുകവഴി ഈ കോളനിവാസികളില്‍ നല്ലൊരു പങ്കും മനസ്സുകൊണ്ട് മദ്ധ്യവര്‍ഗ്ഗമായി. പട്ടികജാതിക്കാരായിരുന്നു കോളനികളില്‍ ബഹുഭൂരിപക്ഷവും. അതോടൊപ്പം തീര്‍ത്തും നിസ്വരും ഭൂരഹിതരുമായ മറ്റു സമുദായക്കാരും ചേര്‍ന്നു.

കേരളത്തില്‍ ഏറെ ശക്തിപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം,  ഗള്‍ഫ് ജോലി തുടങ്ങിയ മേഖലകളിലൊന്നും ഈ പട്ടികജാതികളുടെ പങ്ക് കാണാനായില്ല. (സൂക്ഷ്മമായ പഠനം ആവശ്യപ്പെടുന്ന മറ്റൊരു വിഷയമാണിത്). ഇതിനു കാരണം അവരുടെ കയ്യില്‍ മൂലധനമില്ലായിരുന്നു എന്നതു തന്നെ. മറുവശത്ത് ഭൂമിക്കെന്തു സംഭവിച്ചു? ഭൂമിയും കൃഷിയും പ്രധാന വരുമാനമാര്‍ഗമായി കാണാതിരുന്നവരുടെ കയ്യിലാണ് കൃഷിഭൂമി ചെന്നുപെട്ടത്. പ്രത്യേകിച്ചും നെല്‍പ്പാടങ്ങള്‍. ഈ പാടങ്ങളും ഒപ്പം നിലനില്‍ക്കുന്ന തണ്ണീര്‍ത്തടങ്ങളുമെല്ലാം ഈ വിഭാഗത്തിന് ഭൂമിയെന്ന ഒറ്റ ചരക്ക് മാത്രം. അതിനെ ഏതു രൂപത്തിലും മാറ്റുന്നതില്‍ തെറ്റില്ലെന്നവര്‍ കരുതി. ഗള്‍ഫ്-നാണ്യവിള മേഖലകളില്‍ നിന്നുവന്ന അധിക പണത്തിന്റെ സമ്മര്‍ദ്ദം ഏറ്റുവാങ്ങിയത് കേരളത്തിന്റെ മണ്ണായിരുന്നു. നെല്‍പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ ഇടനാടന്‍ കുന്നുകള്‍ മാത്രമല്ല, സഹ്യപര്‍വ്വതം വരെ അവര്‍ ഇളക്കി മറിച്ചു. പശ്ചിമഘട്ടം മുഴുവന്‍ പാറമടകളായി. നദികളൊക്കെ വറ്റിവരണ്ടു. പച്ചവെള്ളം (തിരുവാതിര ഞാറ്റുവേലയിലും) കുപ്പിയില്‍ വാങ്ങി കുടിക്കുന്നവരായി നാം മാറി.

ഇതിനിടയില്‍ മറ്റൊരു സത്യം കൂടി പുറത്തുവന്നു. തൊഴിലാളിവര്‍ഗ താല്‍പ്പര്യം സംരക്ഷിക്കാനെന്നപേരില്‍ (അഥവാ മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ മറവില്‍) ഭൂപരിധി നിയമത്തില്‍നിന്നും വന്‍കിട തോട്ടങ്ങളെ നാം ഒഴിവാക്കി. തോട്ടവിളകളാണെങ്കില്‍ അവ കൃഷിചെയ്യുന്ന ഭൂമിക്കു പരിധിയില്ല. ഒരാള്‍ക്ക് എത്ര ഭൂമിയും കൈവശം വക്കാം. തോട്ടങ്ങള്‍ വിഭജിക്കപ്പെട്ടാല്‍ ഉല്‍പ്പാദനക്ഷമത കുറയും എന്നായിരുന്നു വാദം. യഥാര്‍ത്ഥത്തില്‍ ഈ വാദം കൂടുതല്‍ ശരിയാകുമായിരുന്നത് നെല്‍പ്പാടങ്ങള്‍ക്കാണ്. നൂറു ഹെക്ടര്‍ നെല്‍പ്പാടത്തിന്റെ ഒരു ഭാഗത്തുനിന്ന് ഒന്നോ രണ്ടോ ഹെക്ടര്‍ നികത്തിയാല്‍ത്തന്നെ ആ പാടം മുഴുവന്‍ കൃഷിയോഗ്യമല്ലാതാകാം. (നീരൊഴുക്കും മറ്റും മാറിപോകാം). എന്നാല്‍ നെല്‍പ്പാടങ്ങളെ കണ്ടം തുണ്ടം വിഭജിച്ചു. തോട്ടങ്ങള്‍ നിലനിര്‍ത്തി. എന്നാല്‍ ഏറ്റവും പ്രധാന നാണ്യവിളയായ റബ്ബറിന്റെ കേരളത്തിലെ ഉല്‍പപാദന രീതിമാത്രം പരിശോധിച്ചാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യം ബോദ്ധ്യമാകും. മൊത്തം ഉല്‍പ്പാദനത്തിന്റെ 90 ശതമാനവും രണ്ടേക്കറില്‍ താഴെയുള്ള കൃഷിക്കാരുടേതാണ്.

ഇത്തരത്തിലുള്ള ഇളവുകള്‍ ഉപയോഗിച്ച് വന്‍തോതില്‍ ഭൂമി കൈവശംവച്ച പല എസ്റ്റേറ്റുകളും ഇന്നു വന്‍ നഷ്ടത്തിലാണ്. തൊഴിലാളിക്ക് ശരിയായി കൂലിപോലും കിട്ടുന്നില്ല. അവരുടെ ജീവിതാവസ്ഥ പരിതാപകരമാണ്. ശക്തമായ യൂണിയനുകള്‍ ഇവര്‍ക്കുണ്ട്. പക്ഷെ അതിന്റെ പ്രയോജനം തോട്ടമുടമകള്‍ക്കാണ് എന്നതാണ് സത്യം. തോട്ടങ്ങളില്‍ പലതും സര്‍ക്കാര്‍ പാട്ടക്കാലാവധി കഴിഞ്ഞവയാണ്. നാമമാത്ര പാട്ടത്തുക പോലും പതിറ്റാണ്ടുകളായി അടക്കാത്തതുമൂലവും പാട്ടഭൂമി (കരാര്‍ലംഘിച്ച്) മറിച്ചു വിറ്റതുമൂലവും ഇവരുടെ കരാറുകള്‍ റദ്ദായിരിക്കുന്നു. തന്നെയുമല്ല ഈ തോട്ടങ്ങളില്‍ മിക്കവയും പാട്ടക്കരാറിലുള്ളതിനേക്കാള്‍ ആയിരക്കണക്കിനേക്കര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും നിരവധി പഠനങ്ങള്‍ കാണിക്കുന്നു. ഈ ഭൂമികള്‍ അതത് സര്‍ക്കാരിനവകാശപ്പെട്ടവ തിരിച്ചുപിടിക്കാനും, അതില്‍ വനഭൂമിയുള്ളതൊഴിച്ചുള്ളവ, ഭൂരഹിത കര്‍ഷകര്‍ക്ക് കൃഷിഭൂമിയായി വിതരണം ചെയ്യാനും ആവശ്യപ്പെടുന്നതാണ് ചെങ്ങറ സമരം. അവര്‍ കയ്യേറിയത് ഹാരിസന്റെ ചെങ്ങറയിലെ ഭൂമിയിലാണ്. അവിടെ അധികഭൂമിയുണ്ടെന്നും അളക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചപ്പോഴാണ് സംയുക്ത ട്രേഡ് യൂണിയന്‍ എന്ന പേരില്‍ ഹാരിസന്റെ പണംപറ്റുന്ന നേതാക്കള്‍ ”ഉപരോധ”വുമായെത്തിയത്. പാവപ്പെട്ട സമരക്കാരെ മര്‍ദ്ദിക്കാനും ഉപദ്രവിക്കാനും അവരെ ഭക്ഷണവും വെള്ളവും മരുന്നുപോലും ലഭിക്കാതെ നശിപ്പിക്കാനുമാണ് ഈ നേതാക്കള്‍ ശ്രമിച്ചത്. കൂലിവാങ്ങി നടത്തിയ ഉപരോധം പൊളിഞ്ഞു പോയതില്‍ അത്ഭുതമില്ല. പത്തുപേര്‍ ജീവന്‍ നല്‍കേണ്ടി വന്നുവെങ്കിലും ചെങ്ങറയിലെ ജനങ്ങള്‍ പിടിച്ചു നിന്നു. ഏറെ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന്റെ വഴിതേടി. ഒമ്പതു ജില്ലകളിലായി ഇവര്‍ക്കു ഭൂമി നല്‍കാന്‍ തീരുമാനമായി. ഒരേക്കര്‍ മുതല്‍ 25 സെന്റ് വരെയാണു ഭൂമി നല്‍കുക. പക്ഷെ അവിടെയും കടുത്ത വഞ്ചന നടന്നു. എറണാകുളം, മലപ്പുറം ജില്ലകളില്‍ ഭൂമിലഭിച്ച ആറോളം കുടുംബങ്ങള്‍ക്കു മാത്രമേ അതു പ്രയോജനപ്പെട്ടുള്ളൂ. കൃഷി പോയിട്ട് മനുഷ്യവാസം പോലും സാധ്യമാകാത്ത ഭൂമിയാണ് മറ്റിടങ്ങളില്‍ നല്‍കിയത്. സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ വിശ്വസിച്ചിറങ്ങിയവരില്‍ വലിയൊരു പങ്കും വഞ്ചിക്കപ്പെട്ടു.

ബെസ്റ്റ് ഓഫ് അഴിമുഖം

കിഴക്കന്‍ ഗോദാവരി അപകടം കണ്ടില്ലേ കേരളത്തിലെ നേതാക്കളും അധികൃതരും? സി ആര്‍ നീലകണ്ഠന്‍ എഴുതുന്നു
മഞ്ജു എന്ന സൂപ്പര്‍സ്റ്റാറും സ്മിത എന്ന അശ്ലീല നടിയും
സ്വപ്നങ്ങളുടെ നോട്ടുപുസ്തകം മഞ്ജു വാര്യര്‍ വീണ്ടും തുറക്കുമ്പോള്‍
പത്തനംതിട്ട കലഞ്ഞൂരിലെ നടരാജന്‍ എന്ന ഭൂപ്രഭുവിന്‍റെ കഥ
പോഷകാഹാരത്തിന്റെ രാഷ്ട്രീയം

ചെങ്ങറയില്‍ സമരം തുടര്‍ന്നു. അവിടെ ഓരോ കുടുംബവും 50 സെന്റ് ഭൂമി വീതം അളന്നു തിരിച്ചെടുത്തു കൃഷി ചെയ്യുന്നു. സമ്പൂര്‍ണമായും ഭക്ഷ്യവിളകളാണവര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. അതും ജൈവകൃഷിയിലൂടെ തന്നെ. റബ്ബര്‍ കൃഷി ചെയ്തിരുന്ന കരഭൂമിയില്‍ നെല്‍കൃഷിപോലും  സാധ്യമാണെന്നവര്‍ തെളിയിച്ചു. കപ്പ, ചേന, വാഴ തുടങ്ങിയ കൃഷികളും വ്യാപിപ്പിച്ചു. ആഗസ്റ്റ് നാലിന് വാര്‍ഷികത്തിന്റെ ഭാഗമായി അവര്‍ നടത്തുന്ന പ്രകടനം ഈ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വഹിച്ചുകൊണ്ടാണ്. ഇതുവഴി നിലവിലുള്ള കേരള സമൂഹത്തിന് വലിയ ഒരു സന്ദേശമാണ് അവര്‍ നല്‍കുന്നത്. എന്താണ് ആ സന്ദേശം?

അതിന്റെ ഉത്തരം ലഭിക്കാന്‍ നമുക്ക് മുഖ്യധാരയിലേക്കു വരേണ്ടിയിരിക്കുന്നു. രാസവിഷങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിച്ച് കാന്‍സറും പ്രമേഹവും കിഡ്‌നി-കരള്‍ രോഗങ്ങളും അസ്വസ്ഥതയും കൊണ്ട് നട്ടംതിരിയുകയാണ് മലയാളി. വിഷമില്ലാത്ത പച്ചക്കറികളോ പഴങ്ങളോ ധാന്യങ്ങളോ (എന്തിന് പച്ചവെള്ളം പോലും) ലഭിക്കാത്തവരാണ് നാം. ആശുപത്രികള്‍ വളരെ വേഗം വളരുന്നു. ചികിത്സാ ചിലവ് പല മടങ്ങായി. അവയവദാനമാണത്രേ ഇന്നേറ്റവും വലിയ പുണ്യകര്‍മ്മം. അവയവമാറ്റം എത്രപേര്‍ക്കു താങ്ങാനാവുന്നതാണ്, അതിന്റെ ചിലവ് എത്രയാണ്, ലഭ്യത എങ്ങനെയാണ്, അതിലൂടെ നേരിടാവുന്നതാണോ ഇന്നത്തെ രോഗാതുരത, മനുഷ്യന്റെ അഴയവങ്ങളെ സ്‌പെയര്‍പാര്‍ട് പോലെ കാണുന്നത് ശരിയാണോ തുടങ്ങിയ നിരവധി സംശയങ്ങള്‍ അവിടെ നില്‍ക്കട്ടെ.

കാസര്‍കോട് മുതല്‍ തുടങ്ങിയ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം, ഇന്നു കേരളമാകെ പടര്‍ന്നിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ എന്ന രാസ കീടനാശിനി മാത്രമാണ് പ്രശ്‌നം, കീടനാശിനിയെന്ന സങ്കല്‍പ്പം തന്നെ ഹിംസാത്മകവും പ്രകൃതിവിരുദ്ധവുമല്ല എന്നു കരുതുന്നവരാണ് മധ്യവര്‍ഗ മലയാളി. (എന്‍ഡോസള്‍ഫാന്‍ തന്നെ ഒരു കുഴപ്പമില്ലാത്തതാണെന്ന് ഇന്നും വാദിക്കുന്ന ശാത്രീയ വിദഗ്ധന്മാരും ഉണ്ട്). തനിക്കിഷ്ടമില്ലാത്തവയെ ഉന്മൂലനം ചെയ്യുന്നതില്‍ തെറ്റില്ലെന്നതാണല്ലോ കീടനാശിനിയുടെ പ്രത്യയശാസ്ത്രം. നാം കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്ന കീടനാശിനികളുടെ പത്തിലൊന്നുപോലും കീടങ്ങള്‍ക്കേല്‍ക്കുന്നില്ലെന്നും ബാക്കിയുള്ളവ മണ്ണ്, വെള്ളം, വായു, ഇലകള്‍, പഴങ്ങള്‍, കീടങ്ങള്‍, മത്സ്യം, മാസ്യം, പാല് മുതലായവ വഴി മനുഷ്യരില്‍ത്തന്നെ തിരിച്ചെത്തുമെന്നും തിരിച്ചറിയാനുള്ള വിശേഷബുദ്ധി നമുക്കില്ലല്ലോ.

എന്തായാലും സ്വതവേ ഭീരുവായ മധ്യവര്‍ഗ്ഗ മലയാളി ഇപ്പോള്‍ ഏറെ ഭയചകിതരാണ്. കീടനാശിനിയില്ലാത്ത ഭക്ഷണം എവിടെ കിട്ടുമെന്നവര്‍ അന്വേഷിക്കുകയാണ്. പലേക്കറടക്കം നിരവധി പേര്‍ കേരളത്തില്‍ സ്വാഭാവിക കൃഷി (ഇതിനെ ജൈവകൃഷിയെന്നു തെറ്റായി വിളിക്കുന്നു. കൃഷി എന്നും ജൈവം തന്നെയാണ്) നടത്തുന്നുണ്ട്. അതൊക്കെ ഏറെ ബുദ്ധിമുട്ടുള്ളവയാണ്. ചില സിനിമാ താരങ്ങള്‍ കാര്‍ഷികവൃത്തിയെ മഹത്വവല്‍ക്കരിച്ചതുകൊണ്ടൊന്നും കാര്യമില്ല. മണ്ണില്‍ ഇറങ്ങാനോ വെയിലുകൊള്ളാനോ നാം തയ്യാറല്ല.

ഏറ്റവുമൊടുവിലാണ് മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യര്‍ മടങ്ങി വന്നതും ആ ചിത്രം ജൈവകൃഷിയുടെ പ്രചരണോപാധിയായതും. സ്ത്രീകള്‍ മുന്‍കയ്യെടുത്ത് ടെറസ്സിലും മറ്റുമായി അടുക്കളത്തോട്ടം ഉണ്ടാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോള്‍ കുടുംബശ്രീയുടെ ബ്രാന്‍ഡ് അംബാസിഡറായി മഞ്ജുവാര്യര്‍ എത്തിയിരിക്കുന്നു. നല്ലത്. ഏതു വിധേനയും രാസവിഷമില്ലാത്ത പച്ചക്കറികള്‍ നമുക്ക് ലഭിക്കുന്നത് നല്ലത് തന്നെ.

പക്ഷെ ഈ പ്രശ്‌നത്തിനുള്ള ശരിയായ പരിഹാരം ഇതല്ല. കേരളത്തിലെ വിവിധ മാഫിയകളുടെ (തോട്ടം, റിയല്‍ എസ്റ്റേറ്റ്) കൈവശമിരിക്കുന്ന അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കൃഷിചെയ്യാന്‍ തയ്യാറുള്ളവര്‍ക്കു നല്‍കണം. ചെങ്ങറയിലും തുടര്‍ന്ന് അരിപ്പയിലും സമരം നടത്തുന്നവരെ മാതൃകയാക്കണം. അത്തരക്കാര്‍ക്ക് കൃഷിഭൂമി നല്‍കണം. ചെങ്ങറക്കാര്‍ മുമ്പ് ആവശ്യപ്പെട്ടത്, തങ്ങള്‍ക്ക് പട്ടയം വേണ്ടെന്നാണ്. കുറച്ചുകാലത്തേക്ക് കൃഷിഭൂമി പാട്ടത്തിനു നല്‍കാനാണ്. തങ്ങള്‍ കൃഷി ചെയ്ത് ജീവിക്കും. ഒപ്പം കേരളത്തിലെ ജനങ്ങള്‍ക്ക് ശുദ്ധമായ ഭക്ഷണവും ലഭ്യമാക്കും എന്നവര്‍ പറഞ്ഞു. അന്നതാരും കേട്ടില്ല. ശുദ്ധഭക്ഷണം ലഭിച്ചാല്‍ അത് വികസനത്തിനു തടസ്സമാകും! ഭൂമി കൃഷി ചെയ്യാനുള്ളതല്ല, വികസനത്തിനുള്ളതാണ്. നിലവിലുള്ള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമംപോലും മാറ്റണമെന്നാണല്ലോ ഇപ്പോള്‍ വികസനപാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ആവശ്യം. തന്നെയുമല്ല രോഗികള്‍ കുറഞ്ഞാല്‍ ആശുപത്രികള്‍, ലാബുകള്‍, സ്‌കാനിങ് സെന്ററുകള്‍, മരുന്നു കമ്പനികള്‍ തുടങ്ങിയവ തകരും. അതും വികസന വിരുദ്ധമാണല്ലോ.

മഞ്ജുവാര്യരെന്ന നടിയെ ഏറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ഈ ലേഖകന് പറയാനുള്ളത് ഇതാണ് – അടുക്കളത്തോട്ടത്തിന്റെ പ്രചരണമല്ല, ചെങ്ങറയിലും അരിപ്പയിലും നടക്കുന്ന മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് മഞ്ജുവാര്യര്‍ ശ്രമിക്കേണ്ടത്. അതു കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കും. എന്തായാലും കഴിയുമെങ്കില്‍ ചെങ്ങറ സമരത്തിന്റെ ഏഴാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെങ്കിലും മഞ്ജുവാര്യര്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍