UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി മന്ത്രിസഭയില്‍ സിപിഐഎമ്മില്‍ നിന്ന് 12 പേര്‍

അഭിമുഖം പ്രതിനിധി

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പുതിയ മന്ത്രിസഭയില്‍ സിപിഐഎമ്മില്‍ നിന്നും 12 പേര്‍ മന്ത്രിമാരാകും. ടിഎം തോമസ് ഐസക്, ഇപി ജയരാജന്‍, കെ കെ ഷൈലജ, എകെ ബാലന്‍, വികെസി മമദ് കോയ എന്നിവരുടെ കാര്യം ഉറപ്പായിക്കഴിഞ്ഞു. ഇടത് സ്വതന്ത്രനായി മത്സരിച്ച കെ ടി ജലീലിനും ഇത്തവണ മന്ത്രി സ്ഥാനം ലഭിച്ചേക്കും. പൊന്നാനിയില്‍ നിന്നും വിജയിച്ച ശ്രീരാമകൃഷ്ണന്‍, സിപിഐഎം മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി രാമകൃഷ്ണന്‍, കോട്ടയത്തു നിന്നും സുരേഷ് കുറുപ്പ്, ജി സുധാകരന്‍ എന്നിവരും സാധ്യത പട്ടികയിലുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ നിന്നും കടകംപള്ളി സുരേന്ദ്രനും മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സാധ്യത പട്ടികയിലുള്ള മറ്റ് എംഎല്‍എമാര്‍ തളിപ്പറമ്പില്‍ നിന്നും വിജയിച്ച ജെയിംസ് മാത്യു, ആലപ്പുഴയില്‍ എഎം ആരിഫ്, ഐഷാ പോറ്റി എന്നിവരാണ്. ഇന്ന് ചേരുന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗം ബിജി മോളെ മന്ത്രിയാക്കുന്ന കാര്യം തീരുമാനിച്ചാല്‍ ഐഷ പോറ്റിയുടെ സാധ്യത മങ്ങും. അതേസമയം, ടിപി രാമകൃഷ്ണന് പകരം എംഎം മണിയെ മന്ത്രിയാക്കണമെന്ന നിര്‍ദ്ദേശവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഒരു പക്ഷേ, സുരേഷ് കുറുപ്പോ എംഎം മണിയോ സ്പീക്കറാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സിപിഐയില്‍ നിന്നും പരിഗണിക്കപ്പെടുന്നവര്‍ വിഎസ് സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്‍, ബിഎസ് ബിജിമോള്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവരാണ്. ജെഎന്‍യു താരം മുഹമ്മദ് മുഹ്‌സീനെ മന്ത്രിയാക്കണമെന്ന വാദവും ശക്തമാണ്.

നിലവില്‍ സിപിഐയ്ക്ക് നാല് മന്ത്രിമാരെ നല്‍കാനാണ് സിപിഐഎം തീരുമാനം. അങ്ങനെ വരുമ്പോള്‍ ഘടകകക്ഷികളില്‍ നിന്നും മൂന്നു പേരടക്കം മൊത്തത്തില്‍ 19 അംഗ മന്ത്രിസഭയാകാനാണ് സാധ്യത. ഒറ്റ സീറ്റ് മാത്രം കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിസ്ഥാനം ഉറപ്പാണ്. ജെഡിഎസില്‍ നിന്നും മാത്യു ടി തോമസ് തന്നെയാകും മന്ത്രി. എന്‍സിപിയില്‍ നിന്നും എകെ ശശീന്ദ്രനോ തോമസ് ചാണ്ടിയോ എന്ന കാര്യത്തില്‍ ഒരു പക്ഷേ ഇന്ന് തന്നെ തീരുമാനമുണ്ടാകും. കേരള കോണ്‍ഗ്രസ് ബിയുടെ ഗണേശ് കുമാറിന് മന്ത്രി സ്ഥാനം ലഭിക്കാനിടയില്ല. ആര്‍എസ് പി എല്ലിനും സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിനും മന്ത്രി സ്ഥാനം ലഭിക്കാനിടയില്ല. കോര്‍പ്പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങള്‍ കൊണ്ട് തല്‍ക്കാലം തൃപ്തിപ്പെടേണ്ടി വരും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മുല്ലക്കര രത്‌നാകരനെയോ പി തിലോത്തമനെയോ സിപിഐ നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ട്. ന്യൂനപക്ഷ സൗഹൃദമാണ് മന്ത്രിസഭയെന്ന് കാണിക്കാന്‍ കൂടുതല്‍ മുസ്ലിം, ക്രിസ്ത്യന്‍ മുഖങ്ങളേയും ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍