UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണിയാശാന് ഇനി മന്ത്രിപ്പണി; പിണറായി മന്ത്രിസഭയില്‍ ആദ്യ അഴിച്ചുപണി

Avatar

അഴിമുഖം പ്രതിനിധി

നിനച്ചിരിക്കാതെ പിണറായി മന്ത്രിസഭയില്‍ നടക്കുന്ന അഴിച്ചു പണി വ്യത്യസ്ത പ്രതികരണങ്ങളാണ് ഉളവാക്കുന്നത്. എംഎം മണി എന്ന പുതിയ മന്ത്രിയും ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന വകുപ്പ് മാറ്റങ്ങളും സജീവ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെക്കുക തന്നെ ചെയ്യും. നോട്ട് വിവാദവും ഇതേ തുടര്‍ന്ന് സഹകരണ മേഖല നേരിടുന്ന വലിയ പ്രതിസന്ധിയും സജീവ ചര്‍ച്ചയായി തുടരുന്നതിന് ഇടയില്‍തന്നെയാണ് പുതിയ മന്ത്രിയും വകുപ്പുതല മാറ്റങ്ങളും എന്നത് ശ്രദ്ധേയമാണ്.

ബന്ധു നിയമന വിവാദ പ്രശ്നത്തെ തുടര്‍ന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജന്‍ രാജി വെച്ച ഒഴിവിലേക്കാണ് ഇടുക്കി ജില്ലയില്‍ നിന്നുള്ള തലമുതിര്‍ന്ന പാര്‍ട്ടി നേതാവ് എംഎം മണിയെ ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി ശുപാര്‍ശ ചെയ്തത്. നിലവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് എംഎം മണി എന്ന മണി ആശാന്‍.

മണിയുടെ വകുപ്പ് നിലവില്‍ കടകംപള്ളി സുരേന്ദ്രന്‍ കയ്യാളുന്ന വൈദ്യുതി വകുപ്പ് ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കടകംപള്ളിക്ക് എസി മൊയ്തീന്‍ ഭരിക്കുന്ന സഹകരണം നല്‍കുമെന്നും ഇപി നോക്കി നടത്തിയിരുന്ന വ്യവസായ വകുപ്പ് മൊയ്തീന് നല്‍കുമെന്നുമൊക്കെയാണ് ലഭ്യമാകുന്ന വാര്‍ത്തകള്‍. കായികവകുപ്പും മൊയ്തീന് തന്നെയാകും.  ഈ വാര്‍ത്തകള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിട്ടില്ല. ഇപി ജയരാജന്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ നിര്‍ദ്ദേശിക്കുക മാത്രമാണ് സംസ്ഥാന കമ്മിറ്റി ചെയ്തതെന്നും വകുപ്പുകള്‍ തീരുമാനിക്കുന്ന കര്‍ത്തവ്യം ഭരണഘടനാപരമായി മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാണെന്നും കോടിയേരി പറഞ്ഞു. (സിപിഎമ്മിന്റെ കാര്യത്തില്‍ കമ്മിറ്റി തീരുമാനങ്ങള്‍ക്കാണ് സാധാരണ ഗതിയില്‍ പ്രാമുഖ്യം ലഭിക്കുക)

തല്‍ക്കാലം മന്ത്രിസഭയില്‍ നിന്നു മാറി നിന്ന ഇപി ജയരാജന്റെ മന്ത്രിസഭ പുനഃപ്രവേശനം ഇന്നത്തെ തീരുമാനത്തോടെ ഏതാണ്ട് അടഞ്ഞു. കണ്ണൂരില്‍ നിന്നും കൂടുതല്‍  മന്ത്രിമാര്‍ എന്ന ആക്ഷേപം പിണറായി മന്ത്രിസഭയുടെ രൂപീകരണ ഘട്ടത്തില്‍ തന്നെയുണ്ടായിരുന്നു. മുഖ്യമന്ത്രിയെ പിണറായിയെ കൂടാതെ ഇപി ജയരാജന്‍ , കെകെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, കോഴിക്കോട്ടാണ് താമസമെങ്കിലും കണ്ണൂര്‍ക്കാരന്‍ തന്നെയായ എകെ ശശീന്ദ്രന്‍ എന്നിവരും കാസര്‍ഗോഡ് നിന്നും ഇ ചന്ദ്രശേഖരനും കോഴിക്കോട് നിന്നു ടിപി രാമകൃഷണനും മലപ്പുറത്ത് നിന്നു കെടി ജലീലും പാലക്കാട് നിന്നു എകെ ബാലനും ഉള്‍പ്പെടുന്ന ഒരു വലിയ മന്ത്രിപ്പട പഴയ മലബാറില്‍ നിന്നു തന്നെ ഉണ്ടായപ്പോള്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു പോയ ഇടുക്കിക്ക് ഏറെ കാലത്തിന് ശേഷം മണിയാശാനിലൂടെ ഒരു ഇടതുപക്ഷ മന്ത്രിയെ കിട്ടുകയാണ്. 

എന്നാല്‍ സ്ഥാനത്തും അസ്ഥാനത്തും കയറി തോന്നിയതെന്തും വിളിച്ച് പറയുന്ന മണിയാശാന്‍റെ മന്ത്രിസ്ഥാനം പാര്‍ട്ടിക്കും മുന്നണിക്കും എത്ര കണ്ട് ഗുണം ചെയ്യുമെന്ന ചോദ്യവും ചില രാഷ്ടീയ നിരീക്ഷകര്‍ ഉന്നയിക്കുന്നുണ്ട്. വിസ്മൃതിയിലാണ്ട് പോയ അഞ്ചേരി ബേബി വധക്കേസ് വണ്‍ ടു ത്രീ ഫോര്‍ എന്ന ഒറ്റ പ്രസംഗത്തിലൂടെ പുറത്തുകൊണ്ടു വന്ന്‍ പാര്‍ട്ടിക്ക് ഏറെ ക്ഷീണം ഉണ്ടാക്കിയ വ്യക്തി കൂടിയാണ് മണി ആശാന്‍. ഇടുക്കിയുടെ മുത്ത് എന്നൊക്കെ അവിടത്തെ പാര്‍ട്ടിക്കാര്‍ വിളിക്കുമെങ്കിലും മുന്നണിയിലെ തന്നെ രണ്ടാം കക്ഷിയായ സിപിഐക്ക് മണിയാശാനെ അത്ര പിടുത്തം പോര. മണിയാശാന് തിരിച്ചും അങ്ങനെ തന്നെ. അടുത്തകാലത്ത് സിപിഐ മന്ത്രിമാരെക്കുറിച്ച് ആശാന്‍ നടത്തിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ പൊട്ടലും ചീറ്റലും ഇനിയും കെട്ടടങ്ങിയിട്ടില്ല. 

ഇങ്ങനെയൊക്കെയാണെങ്കിലും മലയോര ജില്ലയും തോട്ടം മേഖലയുമായ ഇടുക്കിയുടെ മനസറിയുന്ന നേതാവാണ് മണി ആശാന്‍. ഇടതു മുന്നണിക്ക് മറ്റെവിടെയും ലഭിക്കാത്ത പിന്തുണയാണ് ഇടുക്കിയിലെ ക്രൈസ്തവ സഭയും കര്‍ഷക സംഘടനയായ ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും നല്കിയത്. മണിയാശാന്‍റെ മന്ത്രിപദം ഇടുക്കി ജില്ലയ്ക്ക് പുതുജീവന്‍ പകരുമെന്ന ജോയ്സ് ജോര്‍ജ്ജ് എംപിയുടെ വാക്കുകള്‍ ഇത് സ്ഥിരീകരിക്കുന്നു.

വകുപ്പ് മാറ്റം സംബന്ധിച്ച് പല ഊഹാപോഹങ്ങളും പരക്കുന്നുണ്ട്. അതിലൊന്ന് എസി മൊയ്തീന്‍, ഇപി ജയരാജന്റെ അടുപ്പക്കാരന്‍ തന്നെയാണ് എന്നതാണ്. ഇപിയില്‍ നിന്നും വ്യവസായ വകുപ്പ് മൊയ്തീന്‍ ഏറ്റെടുക്കുമ്പോള്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കേണ്ട എന്നതാണു വിമര്‍ശകവാദം. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് വലിയ ആക്ഷേപങ്ങള്‍ക്കൊന്നും ഇടംകൊടുക്കാതെ സ്വന്തം വകുപ്പ് കൊണ്ട് നടന്ന മൊയ്തീനില്‍ നിന്ന്‍ പുതുതായി എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കാമെന്ന് കരുതുന്നു. വൈദ്യുതി മന്ത്രി ആയിരുന്ന കടകംപള്ളിയെ പുതുതായി ഏല്‍പ്പിക്കുന്നത് മൊയ്തീന്‍ ഭരിച്ചിരുന്ന സഹകരണമായിരിക്കും. നേരത്തെ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്‍റ് ആയിരുന്ന കടകംപള്ളിക്ക് ആ മേഖലയിലുള്ള പരിജ്ഞാനം സഹകരണ മേഖലയിലെ പ്രതിസന്ധി ഘട്ടത്തില്‍ ഉപകരിക്കുമെന്ന കണക്കുകൂട്ടലില്‍ ആകാം ഈ ഒരു നീക്കം. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍