UPDATES

വൈറല്‍

പാക് പ്രധാനമന്ത്രിയുടെ മകളുടെ അഴിമതി തെളിയിച്ച ‘കാലിബ്രി’ ഫോണ്ട്

പാനമ രേഖകള്‍ വഴി ചോര്‍ന്ന അഴിമതിക്കേസില്‍ പെട്ടിരിക്കുകയാണ് മറിയം നവാസ്

‘കാലിബ്രി’ എന്ന ഒരു സാധാരണ ഫോണ്ടിന് ഒരു സര്‍ക്കാരിന്റെ അഴിമതിയെ പുറത്തുകൊണ്ടുവരാനുള്ള ശേഷിയുണ്ടോ? ഉണ്ടെന്നാണ് പാകിസ്ഥാനില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പുത്രി മറിയം നവാസ് പാനമ രേഖകള്‍ വഴി ചോര്‍ന്ന അഴിമതിക്കേസില്‍ പെട്ടുകിടക്കുകയാണ്. അവര്‍ക്ക് ലണ്ടനില്‍ വസ്തുക്കളുണ്ടെന്നും അത് ആദായനികുതി രേഖകളില്‍ കാണിച്ചിട്ടില്ലെന്നുമാണ് അവര്‍ക്കെതിരെയുള്ള ആരോപണം.

ഉടമ്പടി ഒപ്പുവച്ചത് 2006ലാണ് കാണിച്ചുകൊണ്ട് പിന്നീട് അവര്‍ ആ വസ്തുക്കളുടെ ‘യഥാര്‍ത്ഥ രേഖകള്‍’ എന്ന് അവകാശപ്പെട്ട് കുറച്ച് പേപ്പറുകള്‍ സമര്‍പ്പിച്ചു. എന്നാല്‍ ഇത് നല്ല ഗുണനിലവാരമുള്ള ഫോട്ടോകോപ്പികള്‍ മാത്രമായിരുന്നു. പാനമ പേപ്പറുകളെ കുറിച്ച് അന്വേഷിക്കുന്ന സംയുക്ത അന്വേഷണ സംഘം ഈ പേപ്പറുകള്‍ പരിശോധനയ്ക്കായി റാഡ്‌ലെ ഫോറന്‍സിക് ഡോക്യുമെന്റ് ലബോറട്ടറിയ്ക്ക് അയച്ചുകൊടുത്തു. ഫോറന്‍സിക് പരിശോധനയില്‍ ഇത് ഫോട്ടോസ്റ്റ് ആണെന്ന് വ്യക്തമായി. മാത്രമല്ല സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ടൈപ്പ് ചെയ്തിരിക്കുന്നത് ‘കാലിബ്രി’ ഫോണ്ടിലാണെന്നും ലബോറട്ടറിയിലെ ഫോറന്‍സിക് വിദഗ്ധന്‍ റോബര്‍ട്ട് ഡബ്ലിയു റാഡ്‌ലി കണ്ടെത്തി.

കഥയുടെ ട്വിസ്റ്റ് ഇവിടെയാണ്. കാലിബ്രി ഫോണ്ട് വാണിജ്യ അടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങിയത് 2007ല്‍ മാത്രമാണ്. ഇതോടെ നവാസ് ഷെരീഫിന്റെ മകളുടെ വാദങ്ങള്‍ പൊളിഞ്ഞു. ഏതായാലും മറിയം നവാസ് വ്യാജരേഖ ചമയ്ക്കുക മാത്രമല്ല അന്വേഷണത്തെ വഴിതിരിച്ചുവിടാനും ശ്രമിച്ചു എന്നാണ് പ്രത്യേക അന്വേഷണ സംഘം പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവം പാകിസ്ഥാന്‍ ട്വിറ്റര്‍ സമൂഹം ഏറ്റെടുത്തിരിക്കുകയാണ്. ‘വ്യാജവും കെട്ടിച്ചമച്ചതുമായ രേഖകള്‍’ ആരോപണ വിധേയ ഹാജരാക്കി എന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെക്കാള്‍, ഒരു ദേശീയ അഴിമതിയെ പുറത്തുകൊണ്ടുവരാന്‍ ഒരു സാധാരണ ‘ഫോണ്ടിന്’ എങ്ങനെ സാധിച്ചു എന്നതിനെ കുറിച്ചാണ് സാമൂഹ്യ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. സമനില തെറ്റിയ ചില ഷെരീഫ് അനുകൂലികള്‍ കാലിബ്രിയെ കുറിച്ചുള്ള വിക്കിപ്പീഡിയ പേജ് എഡിറ്റ് ചെയ്യാന്‍ കൂടി ശ്രമിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഏതായാലും 2017 ജൂലൈ 18 വരെ കാലിബ്രി പേജ് എഡിറ്റ് ചെയ്യുന്നത് വിക്കിപ്പീഡിയ തടഞ്ഞിരിക്കുകയാണ്. ഏതായാലും സംഭവത്തെ ആഘോഷിച്ചുകൊണ്ട് ട്വീറ്റുകളുടെ പെരുമഴയാണ് പാകിസ്ഥാനിലെ സാമൂഹ്യ മാധ്യമങ്ങളില്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍