UPDATES

കോഴിക്കോട് കളക്ടറെ അനുകൂലിച്ച് സോഷ്യല്‍ മീഡിയ

അഴിമുഖം പ്രതിനിധി

കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത് നായര്‍ക്കെതിരെ ഡിസിസി പ്രസിഡന്റ് കെസി അബു നടത്തിയ ‘കോഴിക്കോട് കലക്ടര്‍ ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും അക്കൗണ്ട് തുറന്നു ഷൈന്‍ ചെയ്യുകയാണ്’ എന്ന പരാമര്‍ശം വിമര്‍ശനമേറ്റ് വാങ്ങുന്നു. സിപിഐഎമ്മിന്റെ ചട്ടുകമായാണ് കലക്ടര്‍ പ്രവര്‍ത്തിക്കുന്നത് എന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും ഈ വയസ്സുകാലത്ത് തന്നെക്കൊണ്ട് ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും പോകാന്‍ പറ്റില്ലെന്നും ഇന്നലെ അബു അഭിപ്രായപ്പെട്ടിരുന്നു. 

ജില്ലയിലെ കോണ്‍ഗ്രസ്സ് എംപി എംകെ രാഘവനും ഇതേ അഭിപ്രായമാണെന്ന് അബു പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്നും തനിക്ക് അതില്‍ പങ്കില്ലെന്നും രാഘവന്‍ പ്രസ്താവന നടത്തിയതോടെ കെസി അബു വെട്ടിലായി. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് അബു പ്രസ്താവന നടത്തിയതെന്ന് രാഘവന്‍ വിശദീകരിച്ചു. ഫേസ്ബുക്കിലും ഈ വിഷയം സംബന്ധിച്ച പ്രസ്താവന അദ്ദേഹം നടത്തിയിരുന്നു.തന്റെ അഭിപ്രായം പറയാന്‍ മറൊരാളെ ചുമതലപ്പെടുത്തിയിട്ടില്ല എന്നും കലക്ടര്‍ ജനസമ്മതനാണെന്നും അദ്ദേഹത്തിന്റെ മാന്യതയ്ക്ക് കോട്ടമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തേണ്ട ആവശ്യം തനിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇതിനുമുന്‍പും വിവാദപരാമര്‍ശങ്ങള്‍ ഇറക്കി മാധ്യമശ്രദ്ധ നേടിയിട്ടുള്ള ആളാണ് കെസി അബു. ബജറ്റ് അവതരണത്തെ തുടര്‍ന്ന് നിയമസഭയില്‍ നടന്ന കയ്യാങ്കളികളെ തുടര്‍ന്ന് കെസി അബു ജമീല പ്രകാശത്തിനു നേരെ നടത്തിയ അശ്ലീലചുവയുള്ള പരാമര്‍ശം രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. 

ഇതിനെതിരെ കോണ്‍ഗ്രസ് പ്രതിനിധികളും പ്രതികരിച്ചിരുന്നു.ഇന്നലത്തെ പ്രസ്താവനയില്‍ എംഎല്‍എ വി ടി ബല്‍റാമും കളക്ടറെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

കോഴിക്കോട് ജില്ലയില്‍ നടത്തിയ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് വളരെയധികം ജനപിന്തുണ ഏറ്റുവാങ്ങിയ ആളാണ് പ്രശാന്ത് നായര്‍. ഓപ്പറേഷന്‍ സുലൈമാനി പോലെയുള്ള പദ്ധതികള്‍ വന്‍ വിജയമാക്കി തീര്‍ക്കാന്‍ കാരണം കളക്ടരുടെ ജനപിന്തുണയും അതേസമയം സോഷ്യല്‍ മീഡിയ വഴി അദ്ദേഹം നടത്തിയ ഇടപെടലുകളും ആയിരുന്നു. ബസ്സുകളുടെ അമിതവേഗതയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിക്ക് മറുപടിയായി നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം നടത്തിയ നടപടികളും അവധി ഇല്ലേ എന്ന് ഫേസ്ബുക്ക് വഴി ചോദിച്ച വിദ്യാര്‍ഥിക്ക് നല്‍കിയ ഗോ ടു യുവര്‍ ക്ലാസ്സെസ് എന്ന രസകരമായ മറുപടിയും ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഇത്രമാത്രം കോലാഹലങ്ങള്‍ തന്നെച്ചൊല്ലി നടക്കുമ്പോഴും അതിനു സരസമായ മറുപടിയാണ് കലക്ടര്‍ നല്‍കിയത്. പടച്ചോനേ… എന്നിറ്റും ഞമ്മള് ഫോണ്‍ എടുക്കൂല്ലാന്നും, തിരിച്ച് ബിളിക്കൂല്ലാന്നും ഞമ്മടെ കെട്ട്യോളും കുട്ട്യോളും പറഞിക്കണ്’എന്നായിരുന്നു അത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍