UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനാധിപത്യം ഇവിടെ വെറും വാക്ക് മാത്രമാണ്; കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നുള്ള വാര്‍ത്തകള്‍

Avatar

സുഫാദ്  ഇ മുണ്ടക്കൈ

സമരകലുഷിതമാണ് ഇന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അക്കാദമികാന്തരീക്ഷം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കാമ്പസില്‍ അരങ്ങേറിയ സമരങ്ങള്‍ക്ക് കയ്യും കണക്കുമില്ല. പ്രതിഷേധ യോഗങ്ങള്‍, അനുരഞ്ജന ശ്രമങ്ങള്‍, ഭരണതല ഇടപെടലുകള്‍… സംഭവബഹുലമാണ് സര്‍വ്വകലാശാലയിലെ ഓരോ ദിനങ്ങളും. മുഖ്യമന്ത്രി വരെ ഇടപെട്ടു. ഈ സ്ഥിതി തുടര്‍ന്നാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രോജ്ജ്വലം പ്രഖ്യാപിച്ചു. ഒന്നും സംഭവിച്ചില്ല. കാര്യങ്ങളെല്ലാം അതേപടി തുടരുന്നു. അശാസ്ത്രീയമായ ഭരണപരിഷ്‌കാരങ്ങളും ഏകാധിപത്യ നിലപാടുകളും ജനാധിപത്യശീലങ്ങളോടും പ്രതികരണങ്ങളോടുമുള്ള അധികാരവര്‍ഗ്ഗത്തിന്റെ അസഹിഷ്ണുതയും നിര്‍ബാധം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. സമീപകാലത്ത് നടന്ന പല സമരങ്ങള്‍ക്കും പല രൂപവും ഭാവവുമായിരുന്നു. ചിലത് വിജയിച്ചു. ചിലത് പരാജയപ്പെട്ടു. മറ്റു ചില സമരങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

രണ്ടാം വൈറ്റ് റോസ് വിപ്ലവം
ഇടതുപക്ഷ ഗവേഷക വിദ്യാര്‍ഥി സഘടനയുടെ നേതൃത്വത്തില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ സമരമായിരുന്നു രണ്ടാം വൈറ്റ് റോസ് വിപ്ലവം. 1942ല്‍ ജര്‍മ്മനിയിലെ മ്യുണിച്ച് സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ ഹിറ്റ്‌ലര്‍ക്കെതിരെ നടത്തിയ സമരമാണ് The White Rose എന്ന പേരില്‍ ചരിത്ര പ്രസിദ്ധമായത്. സര്‍വകലശാലയിലെ ഗവേഷക വിദ്യാര്‍ഥികളോട് വൈസ് ചാന്‍സലര്‍ അനീതി കാണിച്ചു എന്ന് ആരോപിച്ചായിരുന്നു ഗവേഷകര്‍ അന്ന് സമരം ചെയ്തത്. പുതുതായി അപേക്ഷിക്കുന്ന ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഫെലോഷിപ്പ് വേണ്ട എന്ന് എഴുതിക്കൊടുത്താല്‍ മാത്രം ഗവേഷണത്തിന് അനുമതികൊടുക്കുക, സമരക്കാരുടെ ഫെലോഷിപ്പ് ബില്ലുകള്‍ പാസാക്കാതിരിക്കുക, ഗവേഷണ ആവശ്യങ്ങള്‍ക്കുവേണ്ടി പുറത്തു പോകുമ്പോള്‍ ഗൈഡിന്റേയോ, ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡിന്റേയോ അനുമതിക്കുമപ്പുറം വൈസ് ചാന്‍സിലറുടെ തന്നെ നേരിട്ടുള്ള സമ്മതം വേണം എന്ന കാര്‍ക്കശ്യം, രാത്രിസമയത്ത് ലൈബ്രറി പ്രവര്‍ത്തിക്കുമെങ്കില്‍ പോലും പെണ്‍കുട്ടികള്‍ ഇരുട്ടുന്നതിന് മുമ്പ് ഹോസ്റ്റലില്‍ കയറിയിരിക്കണം തുടങ്ങിയ തുഗ്ലക്ക് നയങ്ങള്‍ക്ക് ഒരറുതിയുമില്ലാത്ത അവസ്ഥയായിരുന്നു. ദിവസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ ചില നിലപാടുകളിലെങ്കിലും വിട്ടുവീഴ്ചയാകാം എന്ന് അധികാരവര്‍ഗ്ഗം ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

എസ് എഫ് ഐ യുടെ അനിശ്ചിതകാല നിരാഹാരസമരം
കാമ്പസിലെ അക്കാദമികാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും, പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ എസ് എഫ് ഐ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം 80 ദിവസം പിന്നിടുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള നിലപാടുകള്‍ക്കെതിരെ ഉയരുന്ന ചെറിയ പ്രതിഷേധങ്ങളോട് പോലും കാമ്പസ് അടച്ചിട്ടു കൊണ്ട് പ്രതികരിക്കുന്നതിനെതിരെ,സി എച്ച് ലൈബ്രറിയിലേക്കും മറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രറികളിലേക്കും പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതിനും പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനും പകരം കോടികള്‍ ചിലവഴിച്ച് സര്‍വ്വകലാശാല മോടി പിടിപ്പിക്കാന്‍ വെപ്രാളപ്പെടുന്ന അധികാരവര്‍ഗ്ഗത്തിനെതിരെയാണ് ഈ സമരം.

കുടില്‍ കെട്ടി സമരം
ഹോസ്റ്റല്‍ സമരം ഒത്തുതീര്‍പ്പാകാത്ത സാഹചര്യത്തിലാണ് എസ് എഫ് ഐ കുടില്‍കെട്ടി സമരം ചെയ്യാന്‍ തീരുമാനിച്ചത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, സര്‍വകലാശാലയുടെ 20 മീറ്റര്‍ ചുറ്റളവില്‍ ഹൈക്കോടതിയുടെ സമരനിരോധന ഉത്തരവുണ്ടെന്നും എന്നിട്ടും പോലീസ് ഇടപെടാത്തതിനാല്‍ പോലീസിനെ എതിര്‍കക്ഷി ചേര്‍ത്ത് കോടതി ഉത്തരവ് പാലിക്കപ്പെട്ടില്ലെന്ന് കാണിച്ച് രജിസ്ട്രാര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതിനെ തുടര്‍ന്ന് പോലീസ് സമരപ്പന്തല്‍ പൊളിച്ചുനീക്കുകയായിരുന്നു. 

പ്രതിരോധത്തിന്റെ ഉത്സവം
നിരാഹാര സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒത്തുതീര്‍പ്പാകാത്ത സാഹചര്യത്തില്‍, കോടതിവിധിയുടെ മറവില്‍ കാമ്പസില്‍ അടിയന്തിരാവസ്ഥ സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച്, കലാ, സാംസ്‌കാരിക പ്രവര്‍ത്തകരെ കാമ്പസിലെത്തിച്ചാണ് എസ് എഫ് ഐ പ്രതിരോധത്തിന്റെ ഉത്സവം തീര്‍ത്തത്. കവികളും കലാകാരന്മാരും ചലച്ചിത്ര പ്രവര്‍ത്തകരുമെല്ലാം ഐക്യദാര്‍ഡ്യവുമായി എത്തി. സിനിമാ സംവിധായകന്‍ അമല്‍ നീരദാണ് വര്‍ണ്ണ ബലൂണുകള്‍ ആകാശത്തേക്കു പറത്തി ഈ സര്‍ഗാത്മക സമരം ഉദ്ഘാടനം ചെയ്തത്.

യഥാര്‍ഥത്തില്‍ സെല്‍ഫ് ഫിനാന്‍സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസ-ഭക്ഷണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇത്തരത്തിലുള്ള സമരമുഖങ്ങളായി കലാശിച്ചത്. 100 കോടിയോളം വാര്‍ഷിക വരുമാനമുള്ള ഒരു സര്‍വ്വകലാശാല, സെല്‍ഫ് ഫിനാന്‍സിംഗ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ ഫീസിനത്തില്‍ ഈടാക്കുന്ന സര്‍വ്വകലാശാല അവര്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കുന്നതില്‍ വരുത്തിയ ഗുരുതരമായ വീഴ്ചയെ എങ്ങനെയാണ് ന്യായീകരിക്കാനാവുക? 311 പേര്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന ഹോസ്റ്റലില്‍ 295 പേര്‍ താമസിക്കുന്നുണ്ടെന്നും മെന്‍സ് ഹോസ്റ്റലിലെ വാര്‍ഡന്‍ തന്നെ രേഖാമൂലം സാക്ഷ്യപ്പെടുത്തുമ്പോഴാണ് നൂറോളം വരുന്ന വിദ്യാര്‍ത്ഥികളെ അധികമായി ഹോസ്റ്റലില്‍ പ്രവേശിപ്പിക്കണമെന്ന് വി സി നിര്‍ദ്ദേശിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്ത വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലും, ഗസ്റ്റ് ഹൗസിനോട് ചേര്‍ന്ന് മുന്‍പ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന ഹോസ്റ്റലും അടഞ്ഞ് കിടക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഉത്തരവുകള്‍ വരുന്നത് എന്നോര്‍ക്കണം. എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും തുല്യരാണെങ്കില്‍ റഗുലര്‍ ഫീസ് മാത്രം സെല്‍ഫ് ഫിനാന്‍സിംഗ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കിയാല്‍ മതിയാവില്ലേ? സെല്‍ഫ് ഫിനാന്‍സിംഗിലെ അധ്യാപകര്‍ക്ക് യു ജി സി സ്‌കെയില്‍ അനുസരിച്ച് ശമ്പളം നല്‍കാന്‍ സര്‍വ്വകലാശാല തയ്യാറാകുമോ? ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനടുത്തുള്ള കാന്റീനില്‍ തന്നെ എന്തുകൊണ്ട് ഭക്ഷണസൗകര്യം ഏര്‍പ്പെടുത്തിക്കൂടാ?

വി സിയും സിന്‍ഡിക്കേറ്റും വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തിയ അവസാന ചര്‍ച്ചയില്‍ വന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏറെക്കുറേ എല്ലാവരും അംഗീകരിച്ചതാണ്. സെല്‍ഫ് ഫിനാന്‍സിംഗ് വിദ്യാത്ഥികളെ ചുരുങ്ങിയ കാലത്തേക്ക് ഗസ്റ്റ് ഹൗസിനോട് ചേര്‍ന്ന കെട്ടിടത്തില്‍ താമസിപ്പിക്കുക എന്നും മെസ്സ് സൗകര്യം ഏര്‍പ്പെടുത്തുന്നത് വരെ നിലവിലെ മെന്‍സ് ഹോസ്റ്റലിലെ മെസ്സില്‍ നിന്നും ഭക്ഷണം കഴിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക എന്നതുമായിരുന്നു നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥിസംഘടന ഇതിനെ അനുകൂലിക്കുന്നതും മറുവിഭാഗം എതിര്‍ക്കുന്നതും കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്നു. യഥാര്‍ത്ഥത്തില്‍ വിട്ടുവീഴ്ച്ചാ മനോഭാവത്തിലൂടെ, സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാമായിരുന്ന ഒരു വിഷയം ഇത്രയും വഷളാക്കിയത് ആരാണ്? വിദ്യാര്‍ത്ഥികളെ തമ്മിലടിപ്പിച്ചു കൊണ്ട് കായികവിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സകലസൗകര്യങ്ങളോട് കൂടിയുള്ള ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതില്‍ നിന്നും തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറിയ അധികാരികള്‍ ഒടുവില്‍ വിദ്യാത്ഥികളുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായി 8.5 കോടി രൂപ പുതിയ ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ വകയിരുത്തിയിട്ടുണ്ട്.  എന്നാല്‍ മെന്‍സ് ഹോസ്റ്റലിലെ മെസ്സില്‍ നിന്നും സെല്‍ഫ് ഫിനാന്‍സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന കര്‍ക്കശ നിലപാടാണ് എസ് എഫ് ഐ സ്വീകരിച്ചിരിക്കുന്നത്. യു ജി സി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച നിലവിലെ ഹോസ്റ്റലില്‍ നിന്നും സ്വാശ്രയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിനെ എതിര്‍ക്കുന്ന എസ് എഫ് ഐ അതേ ഫണ്ടുപയോഗിച്ച് അവര്‍ക്ക് പുതിയ ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനെ എന്തുകൊണ്ട്  എതിര്‍ക്കുന്നില്ല എന്ന ചോദ്യമാണ് എതിര്‍ കക്ഷികള്‍ ചോദിക്കുന്നത്.

ഭക്ഷണ സമരം
മെന്‍സ് ഹോസ്റ്റലില്‍ നിന്നും കായിക വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കുന്നതിനെ എതിര്‍ക്കുന്ന എസ് എഫ് ഐ മറ്റൊരു തരത്തിലുള്ള അയിത്തം സൃഷ്ടിക്കുകയാണെന്ന് എം എസ് എഫും കെ എസ് യുവും അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നു. എം എസ് എഫ് ഇതിനെതിരെ ‘ഭക്ഷണസമരം’ എന്ന പേരില്‍ ഭക്ഷണം വിളമ്പി പ്രതിഷേധിക്കുകയാണുണ്ടായത്. ‘നിലവില്‍ മുന്നൂറില്‍ അധികം വിദ്യാര്‍ഥികളുള്ള ഹോസ്റ്റലില്‍ എല്ലാവര്‍ക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള സാഹചര്യമില്ല. എന്നാല്‍ ഇതിനു ബദലായി പ്രായോഗികമായ രണ്ട് നിര്‍ദേശങ്ങള്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ മുന്നിലുണ്ടായിരുന്നു. ഒന്ന്, രാവിലെ പത്തുമണിക്ക് മുന്‍പ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോകേണ്ടവര്‍ക്ക് പത്തുമണിക്കു മുന്‍പും മറ്റുള്ളവര്‍ക്ക് അതിനു ശേഷവും ഭക്ഷണം നല്‍കുക. രണ്ട്, ആവശ്യത്തിനുള്ള എല്ലാ സാധന സൗകര്യങ്ങളും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അവിടെത്തന്നെ ഒരുക്കാമെന്നതും. എന്നാല്‍ മെസ്സ് ഭരണം നടത്തുന്ന എസ് എഫ് ഐ ഇതിനോട് വൈമനസ്യം കാണിച്ചു. ഭക്ഷണം കഴിക്കാന്‍ സെല്‍ഫ് ഫിനാന്‍സിംഗ് വിദ്യാര്‍ഥികളെ സമ്മതിക്കാത്ത അവസ്ഥയുണ്ടായി’. എം എസ് എഫ് നിയോജക മണ്ഡലം സെക്രട്ടറി നവാസ് പറയുന്നു. എന്നാല്‍, ‘നിലവിലെ മെസ്സില്‍ നിന്നും കായിക വിദ്യാര്‍ഥികള്‍ക്ക് മതിയായ ഭക്ഷണം നല്‍കുക വഴി ഉണ്ടാവുന്ന ഭാരിച്ച തുകയുടെ ഉത്തരവാദിത്വം മറ്റ് ഭൂരിപക്ഷം വരുന്ന റെഗുലര്‍ വിദ്യാര്‍ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല’ എന്നാണ് സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍ ശാനിബ് പറയുന്നത്. സ്വാശ്രയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഹോസ്റ്റലും മെസ്സ് സൗകര്യവും ഒരുക്കികൊടുക്കുകയാണ് വേണ്ടത് എന്നതാണ് എസ് എഫ് ഐയുടെ അഭിപ്രായം. സ്വാശ്രയ വിദ്യാര്‍ഥികളൊട് തികഞ്ഞ അനീതി തന്നെയാണ് യൂണിവേഴ്‌സിറ്റി കാണിച്ചത്. ഇരുപത് വര്‍ഷത്തോളമായി ഭൗതിക സാഹചര്യങ്ങളൊരുക്കാതെ യൂണിവേഴ്‌സിറ്റി കാമ്പസില്‍ സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങിയിട്ട്. 

എം എല്‍ എ മാരുടെ സത്യാഗ്രഹം
സത്യാഗ്രഹസമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് നിന്നും മലപ്പുറത്ത് നിന്നുമായുള്ള 12-ഓളം എം എല്‍ എമാര്‍ തേഞ്ഞിപ്പാലത്ത് സത്യാഗ്രഹമിരുന്നു. ‘റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ യു ജി സി ഫണ്ടും, ഗവണ്‍മെന്റ് ഫണ്ടുമുപയൊഗിച്ച് നിര്‍മ്മിച്ച ഹോസ്റ്റലില്‍ നിന്നും റെഗുലര്‍ വിദ്യാര്‍ഥികളെ പുറത്താക്കി അവിടെ സ്വാശ്രയ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണമെന്ന പിടിവാശിയാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. പൊതുപണം ഉപയോഗിച്ച് സ്വകാര്യ മേഖലയെ സഹായിക്കുന്നതിനുള്ള വാണിജ്യവത്കരണ നീക്കമാണു ഇവിടെ നടക്കുന്നത്’, കോടിയേരി പറഞ്ഞു. ‘ഒരു വിദ്യാര്‍ഥി സമരം പോലും ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്ത ഒരു വിദ്യാഭ്യാസ മന്ത്രി എന്തിനാണ് ആ സ്ഥാനത്ത് തുടരുന്നത്? തന്റെ കണ്‍മുന്‍പില്‍ വിദ്യാര്‍ഥികള്‍ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോള്‍ കണ്ണും പൂട്ടിയിരിക്കാന്‍ വി സിക്കെങ്ങനെ കഴിയുന്നു? പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് ഒരു പരിഹാരമായില്ലെങ്കില്‍ നിയമസഭയിലും ഞങ്ങള്‍ ഈ വിഷയം കൊണ്ടുവരും’. വിവിധ ഇടതുപക്ഷ സംഘടനകളുടെ പ്രമുഖ നേതാക്കളെല്ലാം വന്നു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വന്നു. പലരും ചര്‍ച്ച നടത്തി. എന്നിട്ടും കാര്യങ്ങളെല്ലാം അതേപടി തുടരുന്നു. യൂണിവേഴ്‌സിറ്റി കാമ്പസിലെ സ്വാശ്രയ കോഴ്‌സുകളുടെ ഫീസ് കണ്ണുതള്ളുന്നതാണ്. വലിയ ഫീസുകള്‍ വാങ്ങി വഴിമാറി ചെലവഴിക്കുക എന്നല്ലാതെ ഇത്ര കാലമായിട്ടും സ്വാശ്രയ കോഴ്‌സുകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഇടതുപക്ഷവും കൂടി അംഗമായിട്ടുള്ള നമ്മുടെ സിന്‍ഡിക്കേറ്റിലെ മെംബര്‍മാര്‍ ഇതുവരെ തയ്യാറായില്ല എന്നത് ഗുരുതരമായ തെറ്റ് തന്നെയാണ് എന്നാണ് എസ് ഐ ഒ യൂണിവേഴ്‌സിറ്റി യൂണിറ്റ് പ്രസിഡ്ന്റ് അജ്മല്‍ വി പറയുന്നത്.

ജനകീയ ഇന്‍ട്രൊഡക്ഷന്‍ ഡേ
യൂണിവേഴ്‌സിറ്റി കാമ്പസിലെ ഇന്‍ട്രൊഡക്ഷന്‍ ഡേ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്‍സ് യൂണിയന്റെ നേതൃത്വത്തില്‍ കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും പങ്കെടുപ്പിച്ചാണ് നടത്താറുള്ളത്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി ഇത്തവണ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്‍സ് യൂണിയന്റെ ഭാഗമല്ലാത്തവര്‍ ഇറങ്ങിപ്പോകണമെന്ന് ഭാരവാഹികള്‍ പരിപാടിക്കിടെ അറിയിച്ചു. ഇതിലൂടെ പ്രകടമായത് കായിക വിദ്യാര്‍ഥികളോടുള്ള എസ് എഫ് ഐ യുടെ വിരോധമാണെന്ന് കെ എസ് യു വും, എം എസ് എഫും ആരോപിക്കുന്നു. എന്നാല്‍ ചിലര്‍ അക്രമമുണ്ടാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് തങ്ങള്‍ക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നത് എന്നാണ് എസ് എഫ് ഐ പറയുന്നത്. ഇതിനോടുള്ള പ്രതിഷേധ സൂചകമായി ‘വിവേചനങ്ങളില്ലാതെ ആനന്ദിക്കുക’ എന്ന ശീര്‍ഷകത്തോടെ എം എസ് എഫ് ജനകീയ ഇന്‍ട്രൊഡക്ഷന്‍ ഡേ സംഘടിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ഥികളെ ജയിലിലടച്ചത് എല്ലാം തകിടം മറിച്ചു
സമരം തുടങ്ങിയതിന്  ശേഷം കഴിഞ്ഞ ആഴ്ചയാണ് ഒരു സെനറ്റ് യോഗം നടന്നത്. സമരം അവസാനിപ്പിക്കുവാന്‍ എന്തെങ്കിലും പോംവഴി ഉരുത്തിരിഞ്ഞു വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ പ്രതികരണവും, അറസ്റ്റും ആ പ്രതീക്ഷകള്‍ക്കുമേലും കരിനിഴല്‍ വീഴ്ത്തി. ‘നേരത്തെതന്നെ സമരവിഷയം അടിയന്തിരമായി സെനറ്റ് യോഗത്തില്‍ അവതരിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മൂന്ന് മണിക്ക് വിഷയം ചര്‍ച്ചചെയ്യാം എന്ന് ഉറപ്പും തന്നു. എന്നാല്‍ രണ്ടേമുക്കാലോടുകൂടി ഞങ്ങളെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു’. എസ് എഫ് ഐ നേതാവ് ശാനിബ് പറയുന്നു.

ഉന്നതമായ അക്കാദമിക പാരമ്പര്യമുള്ള ഒരു സര്‍വ്വകലാശാല എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള വിവാദങ്ങളുടേയും സമരങ്ങളുടേയും കേന്ദ്രബിന്ദുവായിത്തീരുന്നത്? വി സിയുടേതായി അടുത്തിടെ വന്ന പല ഉത്തരവുകളും ഈ ചോദ്യത്തിന് അടിവരയിടുന്നതാണ്. ഗവേഷണത്തിനുള്ള യോഗ്യത പി ജിയില്‍ 55% മാര്‍ക്കില്‍ നിന്നും 50% ആക്കി കുറച്ച് ഗവേഷണത്തിന്റെ ഗൗരവം തന്നെ കുറച്ചു. വ്യായാമം പി ജി-ഡിഗ്രി വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയാണത്രെ! ദിവസത്തില്‍ ഒരു മണിക്കൂറും ഒരു അധ്യയന വര്‍ഷത്തില്‍ 80% പ്രവൃത്തി ദിനങ്ങളിലും വിദ്യാര്‍ത്ഥികള്‍ സ്വന്തം ആരോഗ്യപരിപാലനത്തിനായി ഇറങ്ങിയാല്‍ ഓരോ പേപ്പറിനും 5 മാര്‍ക്ക് വീതം സൗജന്യമായി നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇതിലെ മറ്റു മാനദണ്ഡങ്ങളെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നുമില്ല. സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ മദര്‍ പുരസ്‌കാരം സമീപകാലത്തെ വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു. ഏറ്റവും ഒടുവില്‍, സംഘപരിവാര്‍ പോഷക സംഘടനയായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ സമ്മേളനം നടത്താന്‍ സര്‍വ്വകലാശാലാ കാമ്പസ് തുറന്നു കൊടുക്കുകയാണ് അധികൃതര്‍ ചെയ്തത്. അക്കാദമിക് സെമിനാറുകള്‍ക്കും ചര്‍ച്ചകള്‍ക്കും മാത്രമായി അനുമതി നല്‍കപ്പെട്ടിരുന്ന കാമ്പസിലെ വേദികള്‍ ഇത്തരത്തിലുള്ള സംഘടനകള്‍ക്ക് മുന്‍പില്‍ തുറക്കപ്പെടുന്നതിലൂടെ കാലങ്ങളായി അനുവര്‍ത്തിച്ച് പോരുന്ന ഉദാത്തമായൊരു കീഴ്‌വഴക്കത്തെയാണ് ലംഘിക്കാന്‍ പോകുന്നത്.

പലപ്പോഴും സംഘര്‍ഷഭരിതമാകുന്നു നിലവിലെ ഹോസ്റ്റല്‍ അന്തരീക്ഷം. ആശയപരമായ ചേരിതിരിവും വാഗ്വാദങ്ങളും മിക്കവാറും കൈയ്യാങ്കളിയില്‍ കലാശിക്കുന്നു. സൗഹാര്‍ദപരമായ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് മങ്ങലേറ്റിരിക്കുന്നു. അത് മത, വര്‍ഗീയ ശക്തികള്‍ക്ക് കാമ്പസിനകത്ത് പ്രവേശിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനെ ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്പിക്കേണ്ടവര്‍തന്നെ പോരിലേര്‍പെടുമ്പോള്‍ കാമ്പസിനു നഷ്ടമാകാന്‍ പോകുന്നത് ഇക്കാലമത്രയും കാത്തുസൂക്ഷിച്ച് കൊണ്ടുനടക്കുന്ന ജനാധിപത്യ, മതേതര മൂല്യങ്ങളാണെന്നോര്‍ക്കണം.

അവകാശങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യമാണ്. അതുറപ്പ് വരുത്തേണ്ടത് എല്ലാ വിദ്യാര്‍ത്ഥി സംഘടനകളുടെയും ബാധ്യതയാണ്. വീഴ്ച വരുന്നുണ്ടെങ്കില്‍ അത് കലാലയ രാഷ്ട്രീയത്തിനേല്‍ക്കുന്ന മൂല്യച്യൂതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തെറ്റുകള്‍ തിരുത്തുക എന്ന ജനാധിപത്യ മര്യാദ പാലിക്കാന്‍ അധികാരികളും വിദ്യാര്‍ത്ഥി സംഘടനകളും തയ്യാറാകാത്തിടത്തോളം കാലം സമാധാനപൂര്‍ണ്ണമായ ഒരു അക്കാദമികാന്തരീക്ഷം യാഥാര്‍ത്ഥ്യമാവുകയില്ല. അരാഷ്ട്രീയത്തിന്റെയും കപടസദാചാരത്തിന്റെയും അക്കാദമികസ്വാതന്ത്ര്യധ്വംസനങ്ങളുടെയും കൂത്തരങ്ങായി കാലിക്കറ്റ് സര്‍വ്വകലാശാല മാറുന്നുവെങ്കില്‍ ഉത്തവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അധ്യാപകര്‍ക്കോ, അധികാരികള്‍ക്കോ, വിദ്യാര്‍ഥി സംഘടനകള്‍ക്കോ, രാഷ്ട്രീയ നേതാക്കള്‍ക്കോ സാധിക്കില്ല.

(കോഴിക്കോട് സര്‍വ്വകലാശാലയില്‍ ജേര്‍ണലിസം വിദ്യാര്‍ഥിയാണ് ലേഖകന്‍)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍