UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാനവും ജീവനും സംരക്ഷിക്കാന്‍ 444 വിദ്യാര്‍ഥിനികളുടെ ചെറുത്തു നില്‍പ്പ്

Avatar

ഉണ്ണികൃഷ്ണന്‍ വി

‘സ്വാതന്ത്ര്യത്തോടും ആത്മാഭിമാനത്തോടും സുരക്ഷിതമായും ജീവിക്കാനുള്ള ഞങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തരുത്’- കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ പുറത്തിറക്കിയ നോട്ടീസിന്‍റെ അവസാന വാചകമാണിത്. ചില വിദ്യാര്‍ഥികളുടെയും സാമൂഹികവിരുദ്ധരുടെയും പീഡനം കാരണം പകല്‍സമയത്തുപോലും കാമ്പസിനുള്ളില്‍ കാലുകുത്താനാകാത്ത ഗതികേടിലാണ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍. ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമായി നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയില്‍ 80 ശതമാനത്തോളം പെണ്‍കുട്ടികളാണ്. ശാരീരികമായ ഉപദ്രവം അടക്കം നിരവധിയായ പീഡനങ്ങളാണ് ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. സ്ത്രീയുടെ അഭിമാനവും അവളുടെ സഞ്ചാരസ്വാതന്ത്ര്യവും ഇവിടെ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു. നിരവധി തവണ പരാതികളുമായി സര്‍വ്വകലാശാല അധികൃതരെ സമീപിച്ചെങ്കിലും ചെറുവിരല്‍ പോലും അനക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. യുജിസിയ്ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടികള്‍ ഒന്നും കൈക്കൊണ്ടിട്ടില്ല. 

ഒടുവില്‍ ഗത്യന്തരമില്ലാതെ ഇവര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. നംവംബര്‍ 9നു നടന്ന പുതിയ വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുന്ന ചടങ്ങില്‍ വച്ച് കൃഷ്ണവേണി എന്ന പെണ്‍കുട്ടിയോട് അശ്ലീലം കലര്‍ന്ന ഭാഷ ഉപയോഗിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അടുത്ത ദിവസങ്ങളില്‍  വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ പടക്കമെറിയുകയും ചെയ്തതിനെത്തുടര്‍ന്നാണ് കൂടുതല്‍ ശക്തമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകത വിദ്യാര്‍ഥിനികള്‍ തിരിച്ചറിയുന്നത്‌.

മുന്‍പ് നല്ല നിലയില്‍ പ്രവര്‍ത്തിച്ച കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് ഈ നിലവാരത്തകര്‍ച്ച ഉണ്ടാവാന്‍ കാരണം നിലവിലെ വൈസ് ചാന്‍സലര്‍ ഡോ.മുഹമ്മദ്‌ ബഷീര്‍, മുന്‍ വിസി ഡോ.അബ്ദുല്‍ സലാം എന്നിവര്‍ കൈകൊണ്ട നടപടികളാണ് എന്നുള്ള ആരോപണം പരക്കെ ഉയരുന്നുണ്ട്. ഈ കാലയളവിലാണ് പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചത് എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. 

ആര്‍ക്കും കയറിയിറങ്ങാവുന്ന കാമ്പസ്
ശല്യപ്പെടുത്തല്‍, അസഭ്യം പറയുക, നഗ്നതാ പ്രദര്‍ശനം, വാഹനങ്ങളിലെത്തി ലൈംഗികബന്ധത്തിനു നിര്‍ബന്ധിക്കുക, ഹോസ്റ്റലുകളിലേക്ക് അശ്ലീല പുസ്തകങ്ങളും സിഡികളും വലിച്ചെറിയുക,  ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വച്ച് ശാരീരികമായി കടന്നാക്രമണത്തിനുള്ള ശ്രമങ്ങള്‍ എന്നിങ്ങനെ സാമൂഹ്യ വിരുദ്ധ നടപടികളാണ് ഇവിടത്തെ വിദ്യാര്‍ത്ഥിനികള്‍ക്കു നേരിടേണ്ടി വരുന്നത്. ഏതു നിമിഷവും ലൈംഗിക പീഡനത്തിനിരയാകാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത് എന്ന് വിദ്യാര്‍ത്ഥിനികള്‍ ചൂണ്ടിക്കാട്ടുന്നു. 

കാമ്പസില്‍ ഒരു ദിവസം കടന്നുപോകുന്നത് ഭീതിദമായ ഒട്ടേറെ അനുഭവങ്ങളിലൂടെയാണെന്ന് പ്രതിഷേധത്തിന് മുന്‍നിരയില്‍ നില്‍ക്കുന്ന ഗവേഷക വിദ്യാര്‍ത്ഥിനി അനുപമ പറയുന്നു.

കാമ്പസില്‍ തന്നെയുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം കാലങ്ങളായി പുറത്തുള്ളവര്‍ക്കു തുറന്നുകൊടുത്തിരിക്കുകയാണ്. ഇവിടെയുള്ള ജിമ്മിലും സമാനമായ അവസ്ഥ തന്നെയാണ്. ഏതു സമയവും ആര്‍ക്കും വരാം, പോകാം. വിദ്യാര്‍ഥികള്‍ ആരെന്നോ പുറത്തുനിന്നു വരുന്നവര്‍ ആരെന്നോ പോലും തിരിച്ചറിയാന്‍ ആകാത്ത സാഹചര്യമാണ് എന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. ഇങ്ങനെ വരുന്നവരില്‍ പലരില്‍ നിന്നും ശാരീരികമായുള്ള അക്രമം നേരിടേണ്ടി വന്ന അവസ്ഥയുണ്ടായിട്ടുണ്ട് എന്നും വിദ്യാര്‍ഥിനികള്‍ കൂട്ടിച്ചേര്‍ക്കുന്നു.

പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാംപസിനുള്ളിലെ റോഡുകളിലൂടെ ആര്‍ക്കും സഞ്ചരിക്കാം. പേരിനൊരു ഗേറ്റുണ്ടെന്നതല്ലാതെ എത്തുന്ന വാഹങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്നോ എന്താവശ്യത്തിനാണ് കാമ്പസില്‍ പ്രവേശിക്കുന്നതെന്നോ അന്വേഷിക്കാന്‍ ആരും മെനക്കെടാറില്ല. കാര്യമായ സുരക്ഷാസംവിധാനം പോലുമില്ലാതെ ഒരു നാഥനില്ലാക്കളരി പോലെയാണ് കാലിക്കറ്റ് സര്‍വ്വകലാശാലാ കാമ്പസ് ഇന്ന്. അതുകൊണ്ടുതന്നെ മദ്യപാനികള്‍ക്കും സാമൂഹ്യവിരുദ്ധന്മാര്‍ക്കും സ്വൈര്യവിഹാരം നടത്താനുള്ള സൗകര്യം ഇവിടെ യഥേഷ്ടമുണ്ട്. ഇവരില്‍ ചിലര്‍ കാമ്പസില്‍ സദാചാരപോലീസും ആകാറുണ്ട്. പഠന ആവശ്യങ്ങള്‍ക്കായി കാമ്പസില്‍ വൈകിയും തങ്ങാറുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഇവരുടെ വക സാരോപദേശങ്ങള്‍ ലഭിക്കാറുണ്ട്. അതിരുകടക്കുമ്പോള്‍ പാദരക്ഷ ജീവനുകൂടി രക്ഷയാവേണ്ടുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ടെന്നു വിദ്യാര്‍ഥിനികള്‍ സാക്ഷ്യപ്പെടുത്തുന്നു. 

ഇതൊന്നും പോരാതെ കാമ്പസിലെ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുള്ള മഹാമനസ്കതയും വിസിമാര്‍ കാണിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഇവിടെ പുഷ്പഫലസസ്യ പ്രദര്‍ശനവും നടത്താറുണ്ട്. കൂടാതെ ഗവേഷക വിദ്യാര്‍ത്ഥികളുടെ ജീവരക്തമായ ലൈബ്രറിയും പുറത്തുള്ളവര്‍ക്കു കൂടി പ്രവേശനം നല്‍കി പബ്ലിക് ലൈബ്രറി ആക്കിമാറ്റാനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നു. വ്യാപകമായ പ്രതിഷേധം ഇതിനെതിരെ ഉയര്‍ന്നുവെങ്കിലും അധികൃതര്‍ പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. എന്നാല്‍ ഇതിനൊക്കെ ബലിയാടാവേണ്ടി വരുന്നത് വിദ്യാഭ്യാസം എന്ന ലക്‌ഷ്യം മാത്രം മുന്നില്‍ കണ്ട് കാമ്പസിലെത്തുന്ന വിദ്യാര്‍ഥിനികളാണ്. ഇവരുടെ ജീവിതം വച്ചാണ് സര്‍വ്വകലാശാല അധികൃതര്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത്. മാത്രമല്ല ഈ വിഷയത്തെ ഡിപ്പാര്‍ട്ട്മെന്റ്റുകള്‍ തമ്മിലുള്ള തര്‍ക്കം മാത്രമായി ഒതുക്കാനുള്ള ശ്രമവും അധികൃതര്‍ നടത്തുന്നു. വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. 

ഈ കാമ്പസില്‍ തന്നെയാണ് മാസങ്ങള്‍ക്ക് മുന്‍പ് വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കെന്ന പേരില്‍ ഒരു പോലീസ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നത് എന്നതാണ് വിരോധാഭാസം. വിസി ഡോ. അബ്ദുല്‍ സലാം സ്ഥാനമൊഴിഞ്ഞതോടെ അവരും പോയി. എന്നാല്‍ സര്‍വ്വകലാശാലയുടെ സമീപത്തായി പോലീസ് സ്റ്റേഷന്‍ ഉണ്ടെങ്കിലും അവര്‍ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാറില്ല. പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടികള്‍ സ്വീകരിക്കാതെ കൈമലര്‍ത്തുകയാണ് പോലീസ്. ഇത് പുറത്തുള്ളവര്‍ അകത്തു കയറുമ്പോഴുള്ള അവസ്ഥ. സര്‍വ്വകലാശാലയുടെ ഉള്ളില്‍ത്തന്നെയുണ്ട് ചില സാമൂഹ്യവിരുദ്ധര്‍.  

സര്‍വ്വകലാശാലയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തെക്കുറിച്ച് വളരെ മുന്‍പ് തന്നെ പരാതികള്‍ ഉണ്ടായിട്ടുണ്ട്. അടുത്തിടെ നല്‍കിയ രണ്ടു പരാതികളാണ് രേഖാമൂലം ഉള്ളതെങ്കിലും ഓറല്‍ പെറ്റീഷനുകളില്‍ നല്ലൊരു ശതമാനവും ഇവരെക്കുറിച്ചാണ് എന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. സ്വന്തമായി ഹോസ്റ്റല്‍ ഇല്ലാതിരുന്ന ഈ വിഭാഗം വിദ്യാര്‍ഥികളെ കാമ്പസിനു പുറത്തുള്ള ചെനയ്ക്കല്‍ എന്ന സ്ഥലത്തായിരുന്നു ഇവരെ തുടക്കത്തില്‍ താമസിപ്പിച്ചിരുന്നത്. ശല്യം അസഹ്യമായതുകാരണം സമീപവാസികള്‍ ഇടപെടുകയും ഇവിടെ താമസിച്ചവരെ പുറത്താക്കുകയുമായിരുന്നു. തുടര്‍ന്ന് ചെട്ടിയാര്‍മാട് എന്ന സ്ഥലത്തേക്ക് മാറ്റിത്താമസിപ്പിച്ചെങ്കിലും അവസ്ഥ സമാനമായിരുന്നു. സ്വന്തമായി ഹോസ്റ്റല്‍ ഉണ്ടായതിനു ശേഷം മാത്രമേ ഇനി പ്രവര്‍ത്തിക്കുകയുള്ളൂ എന്നു തീരുമാനമെടുത്ത് ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം താള്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു. യുജിസിയുടേതോ സര്‍വ്വകലാശാലയുടെതോ അംഗീകാരം ഇന്നും ഈ വിഭാഗത്തിനില്ല. എന്നാല്‍ അബ്ദുല്‍ സലാം വിസിയായി ചുമതലയേറ്റ സമയത്ത് ക്ലാസ്സുകള്‍ പുനരാരംഭിക്കുകയായിരുന്നു. 

മാസങ്ങള്‍ക്ക് മുന്‍പ് കാമ്പസില്‍ ഹോസ്റ്റലിനെച്ചൊല്ലിയുള്ള സമരം ഉണ്ടാവാനുള്ള കാരണവും റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലില്‍ ഇവരെ അനധികൃതമായി താമസിപ്പിച്ചതാണ്. വിശദീകരണമാവശ്യപ്പെട്ട സര്‍ക്കാരിനോടും കോടതിയോടും സര്‍വ്വകലാശാല വ്യക്തമാക്കിയത് അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നായിരുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്നത് അവര്‍ക്കു വേണ്ടിയുള്ള സ്ഥലത്തു തന്നെയാണെന്നുള്ള മറുപടിയാണ് അന്ന് അധികൃതര്‍ നല്‍കിയത്. ഇക്കാര്യം വിദ്യാര്‍ഥികളോടു നീതിപുലര്‍ത്തുന്ന ചില അധികൃതര്‍ ശരിവയ്ക്കുന്നു. യുജിസി നിയമങ്ങളും കോടതി ഉത്തരവുകളും പോലും പാലിക്കാതെയാണ് സര്‍വ്വകലാശാല തന്നിഷ്ടപ്രകാരം ഓരോ പരിഷ്കാരങ്ങളും നടപ്പിലാക്കുന്നത്.

കാറ്റില്‍ പറക്കുന്ന നിയമങ്ങളും ഉത്തരവുകളും
പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നുവെന്നു ചൂണ്ടിക്കാട്ടി വിദ്യാര്‍ഥിനികള്‍ 1997ല്‍ ചീഫ് ജസ്റ്റിസിനു കത്തു നല്‍കിയിരുന്നു. പരാതിയുടെ ഗൌരവം മനസ്സിലാക്കിയ കോടതി സ്വമേധയാ കേസെടുക്കുകയും അഡ്വ. സീമന്തിനിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ നാലു ദിവസം നീണ്ട അന്വേഷണവും ചര്‍ച്ചകളും നടത്തുകയും ചെയ്തിരുന്നു. കാമ്പസിലെ വിദ്യാര്‍ത്ഥിനികളുടെ അവസ്ഥ നേരിട്ടു ബോധ്യപ്പെട്ട കമ്മീഷന്‍ നടപ്പിലാക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കം കോടതിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ചുറ്റുമതില്‍ നിര്‍മ്മാണം, മുഴുവന്‍ സമയ സെക്യൂരിറ്റി സംവിധാനം, ലൈറ്റുകള്‍ സ്ഥാപിക്കുക എന്നിങ്ങനെ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ക്രമീകരണങ്ങള്‍ ഉടനടി നടപ്പിലാക്കണം എന്ന് സര്‍വ്വകലാശാലയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പറഞ്ഞതിനു ഘടകവിരുദ്ധമായ തീരുമാനങ്ങള്‍ നടപ്പിലാക്കിയതല്ലാതെ ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്ന ഒരു നിര്‍ദേശം പോലും പാലിക്കുകയുണ്ടായില്ല എന്ന് ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത കാണിക്കുന്ന ചില അധികൃതരും വിദ്യാര്‍ഥികളും സാക്ഷ്യപ്പെടുത്തുന്നു.

യുജിസി നിബന്ധനകള്‍ പലതും പാലിക്കാതെയാണ് സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്നതെന്നും ആരോപണങ്ങള്‍ ഉയരുന്നു. നാക് (എന്‍എഎസി) അംഗീകാരം അടുത്തിടെ കാമ്പസിനു നഷ്ടപ്പെട്ടിരുന്നു. വിദൂരപഠന കോഴ്സുകള്‍ നടത്താനുള്ള അംഗീകാരവും നഷ്ടപ്പെട്ടതോടെ അനവധി വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലായിരുന്നു. ഇതിനൊരു പരിഹാരം കണ്ടെത്താന്‍ സര്‍വ്വകലാശാല ശ്രമങ്ങള്‍ ഒന്നും നടത്തിയിട്ടുമില്ല. 

444 വിദ്യാര്‍ഥിനികള്‍ ഒപ്പിട്ട പരാതിയാണ് ചീഫ് ജസ്റ്റിസിനും ഗവര്‍ണര്‍ക്കും കൈമാറിയിരിക്കുന്നത്. കൂടാതെ ദേശീയതലത്തിലുള്ള ആന്റി റാഗിംഗ് മോണിറ്ററിംഗ് കമ്മിറ്റിക്ക് ഇവര്‍ നല്‍കിയ പരാതിയും യുജിസിക്ക് ലഭിച്ചിട്ടുണ്ട്. ടൈപ്പ് 3 എന്ന അത്യധികം ഗൌരവമേറിയത് വിഭാഗത്തില്‍പ്പെടുത്തിയാണ് കമ്മിറ്റി ഇവരുടെ പരാതി സ്വീകരിച്ചിരിക്കുന്നത്. സുരക്ഷാപ്രശ്നത്തില്‍ ശാശ്വതമായ പരിഹാരമുണ്ടാവുന്നതുവരെ ശക്തമായ പ്രതിഷേധനടപടികളുമായി  മുന്നോട്ടുപോകാന്‍ തന്നെയാണ് വിദ്യാര്‍ഥിനികളുടെ തീരുമാനം. തങ്ങളുടെ മാനത്തിനും ജീവനും ഹാനികരകമായ ഒന്നിനോടും വിട്ടുവീഴ്ചയില്ല എന്ന് അവര്‍ വ്യക്തമാക്കുന്നു.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍