UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിഷേധം ഫലം കാണുന്നു, അനുകൂല നടപടികളുമായി കാലിക്കറ്റ് സര്‍വ്വകലാശാല

അഴിമുഖം പ്രതിനിധി

സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പോലീസും കാലിക്കറ്റ് സര്‍വ്വകലാശാലയും കര്‍ശനനടപടികള്‍ സ്വീകരിക്കുന്നു. ഹോസ്റ്റലിലേക്കു പോകുന്ന വഴിയില്‍ വിദ്യാര്‍ഥിനികള്‍ക്കെതിരെ സ്ഫോടകവസ്തുക്കളെറിഞ്ഞ കായിക വിഭാഗം വിദ്യാര്‍ഥിയെ പുറത്താക്കിയും കാമ്പസിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുകയും ചെയ്തു. കൂടാതെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ കാമ്പസില്‍ അതിക്രമിച്ചു കയറിയ 25 ഓളം സാമൂഹ്യവിരുദ്ധരുടെ  സംഘങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുകയും ചെയ്തിരുന്നു. ഇവരെ പോലീസിന് കൈമാറുകയുണ്ടായിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് തലത്തിലും  സര്‍വ്വകലാശാല ആന്‍റി റാഗിംഗ് സെല്ലും നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് തീരുമാനം. തങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ രാഷ്ട്രപതി, ഗവര്‍ണര്‍, ചീഫ് ജസ്റ്റിസ് ,യുജിസി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു സര്‍വ്വകലാശാലയിലെ വനിതാ അധ്യാപകരുടെ സംഘം വൈസ് ചാന്‍സലറെ കണ്ട് ആശങ്കയറിയിക്കുകയും ചെയ്തിരുന്നു. ആവശ്യമായ സുരക്ഷാസംവിധാനം ഒരുക്കണമെന്നും  പരാതിയില്‍ നടപടിയുണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്കു പിന്തുണയുമായി സംസ്കാരിക രംഗത്തെ പ്രമുഖരും രംഗത്തെത്തിയിരുന്നു.

സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളുടെ കേരളമൊട്ടാകെ പ്രതിഷേധമുയര്‍ന്നിരുന്നു. ഷാളിടാത്ത പെണ്‍കുട്ടിയെ കാണുമ്പോള്‍ ”എനിക്ക് പലതും ചെയ്യാന്‍ തോന്നുന്നു” എന്നു പറയുന്നവര്‍, പാവാട ഇടുന്നവരോട് ”നിന്റെയൊക്കെ വീട്ടിലറിഞ്ഞോണ്ടാണോ ഇതൊക്കെ ഇടുന്നതെന്ന്” ചോദിച്ച് കുനിഞ്ഞ് നിന്ന് നീളമളക്കുന്നവര്‍, ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ ”സെക്‌സിന് അവൈലബിള്‍ ആണോ?” എന്ന് വഴിവക്കില്‍ നട്ടുച്ചയ്ക്ക് കാത്ത് നിന്ന് ചോദിക്കുന്നവര്‍, നഗ്നതാ പ്രദര്‍ശനം നടത്തുന്നവര്‍, അത് കണ്ട് പേടിച്ചോടുന്ന കുട്ടികളുടെ പുറകേ പോയി സ്വയംഭോഗം ചെയ്ത് കാണിക്കുന്നവര്‍, ഹോസ്റ്റലിനു വെളിയിലെ റോഡിലൂടെ തെറി പറഞ്ഞ് പോകുന്നവര്‍, പെണ്‍കുട്ടികളുടെ നേരെ സ്‌ഫോടക വസ്തു എറിയുന്നവര്‍, കാമ്പസിലെ പരിപാടികള്‍ക്കിടെ വന്ന് കമന്റടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുന്നവര്‍, ഹോസ്റ്റലിനു വെളിയില്‍ വാഹനം നിര്‍ത്തി വസ്ത്രമുരിയുന്നവര്‍ എന്നിങ്ങനെ ഇവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അനവധിയാണ്. ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ ശക്തമായി പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെയാണ് സര്‍വകലാശാല അനുകൂലമായ നിലപാടുകള്‍ക്കു തുടക്കമിട്ടത് .   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍