UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണു തുറക്കാന്‍ ഞങ്ങളുടെ ശവം കാത്തിരിക്കുന്നവരോട്

Avatar

നിലീന എസ് ബലറാം

പ്രബുദ്ധരെന്ന് സ്വയം അവകാശപ്പെടുന്ന ഒരു നാട്ടിലെ, അഞ്ചെട്ട് വിദ്യാര്‍ഥി സംഘടനകള്‍ പ്രവ്രര്‍ത്തിച്ച് രാഷ്ട്രീയ പ്രബുദ്ധമാക്കിക്കൊണ്ടിരിക്കുന്ന ഒരു കാമ്പസില്‍, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ലിംഗനീതിയെ കുറിച്ച് നിലവിളിച്ച് കൊണ്ടിരിക്കേണ്ട ഗതികേടുള്ള ഒരു പറ്റം വിദ്യാര്‍ഥിനികളില്‍ ഒരാളാണ് ഞാന്‍. ആണിനും പെണ്ണിനുമപ്പുറത്തേക്ക് ഈ കാമ്പസ് വളരാത്തതുകൊണ്ട് ഭിന്ന ലൈംഗികതയെ ക്ഷമാപണത്തോട് കൂടെ തന്നെ തല്‍ക്കാലം ഇവിടെ കണക്കിലെടുക്കുന്നില്ല.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസെന്ന ഞങ്ങളുടെ ഈ പ്രിയപ്പെട്ട കാമ്പസ് വാര്‍ത്തകളിലിടം നേടാത്ത സമയമില്ല. തികച്ചും ജനാധിപത്യ വിരുദ്ധനായ ഒരു വൈസ് ചാന്‍സലറുടെ ഭ്രാന്തന്‍ നയങ്ങളെ കുറിച്ചും അതിനെതിരായ പ്രതിരോധങ്ങളെ കുറിച്ചുമായിരുന്നു മുന്‍പ് വാര്‍ത്തകളെങ്കില്‍, ഇന്നത് കാമ്പസിലെ ബഹുഭൂരിപക്ഷം വരുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ്. ചുറ്റുമതില്‍ പോലുമില്ലാത്ത ഒരു കാമ്പസില്‍ പഠിക്കുന്നവരുടെ കഥ ആര്‍ക്കായാലും ഊഹിക്കാവുന്നതേ ഉള്ളൂ. അഞ്ചും എട്ടും കുട്ടികള്‍ ഒരു മുറിയില്‍ തിങ്ങി ഞെരുങ്ങി നില്‍ക്കുന്ന ഹോസ്റ്റലുകളും കാടുകയറി കിടക്കുന്ന പരിസരങ്ങളും ഇതിനു മുന്‍പും ചര്‍ച്ചയായതാണ്.

പുറത്ത് നിന്ന് വരുന്നവര്‍ക്ക് നിര്‍ബാധം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് നിലവിലെ കാമ്പസിന്റെ സാഹചര്യം. വൈകിട്ട് അഞ്ച് തൊട്ട് ഏഴ് വരെ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്ന പാര്‍ക്കാണ് ഇതില്‍ മിക്കവരും കാരണമായി ചൂണ്ടിക്കാണിക്കാറുള്ളതെങ്കിലും ഏഴ് മണിക്ക് ശേഷവും ഇവര്‍ക്ക് പൂര്‍ണമായും കാമ്പസില്‍ വിഹരിക്കാനുള്ള സാധ്യതകളുണ്ട്. ഇവിടെ താമസിച്ച് പഠിക്കുന്ന ഇവിടത്തെ വിദ്യാര്‍ഥിനികള്‍ക്ക് എട്ട് മണി എന്ന ഹോസ്റ്റല്‍ കര്‍ഫ്യു സമയം നിലനില്‍ക്കുന്ന ഒരു കാമ്പസിലാണ് ഇതെന്ന് ഓര്‍മ വേണം.

ഈ അപരിചിതരുടെയും കാമ്പസിലെ തന്നെ ചില പുരുഷ പ്രജകളുടെയും ‘ഇടപെടലുകള്‍’ കൊണ്ട് സമ്പന്നമാണ് ഇവിടത്തെ വിദ്യാര്‍ത്ഥിനികളില്‍ മിക്കവരുടെയും ജീവിതം. പ്രഭാത സവാരിക്ക് പോകുമ്പോള്‍ കേള്‍ക്കുന്ന അസഹ്യമായ കമന്റടി മുതല്‍ തുടങ്ങുന്നു ഇവിടത്തെ പ്രശ്‌നങ്ങളുടെ നീണ്ട നിര. ഷാളിടാത്ത പെണ്‍കുട്ടിയെ കാണുമ്പോള്‍ ”എനിക്ക് പലതും ചെയ്യാന്‍ തോന്നുന്നു” എന്നു പറയുന്നവര്‍, പാവാട ഇടുന്നവരോട് ”നിന്റെയൊക്കെ വീട്ടിലറിഞ്ഞോണ്ടാണോ ഇതൊക്കെ ഇടുന്നതെന്ന്” ചോദിച്ച് കുനിഞ്ഞ് നിന്ന് നീളമളക്കുന്നവര്‍, ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ ”സെക്‌സിന് അവൈലബിള്‍ ആണോ?” എന്ന് വഴിവക്കില്‍ നട്ടുച്ചയ്ക്ക് കാത്ത് നിന്ന് ചോദിക്കുന്നവര്‍, നഗ്നതാ പ്രദര്‍ശനം നടത്തുന്നവര്‍, അത് കണ്ട് പേടിച്ചോടുന്ന കുട്ടികളുടെ പുറകേ പോയി സ്വയംഭോഗം ചെയ്ത് കാണിക്കുന്നവര്‍, ഹോസ്റ്റലിനു വെളിയിലെ റോഡിലൂടെ തെറി പറഞ്ഞ് പോകുന്നവര്‍, പെണ്‍കുട്ടികളുടെ നേരെ സ്‌ഫോടക വസ്തു എറിയുന്നവര്‍, കാമ്പസിലെ പരിപാടികള്‍ക്കിടെ വന്ന് കമന്റടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുന്നവര്‍, ഹോസ്റ്റലിനു വെളിയില്‍ വാഹനം നിര്‍ത്തി വസ്ത്രമുരിയുന്നവര്‍ തുടങ്ങി ഞങ്ങള്‍ നേരിടുന്ന മനുഷ്യരും അവരുടെ വൈകൃതങ്ങളും അനവധിയാണ്. മിക്കതും പുറത്ത് പറയാനുള്ള മടിയില്‍ കുഴിച്ച് മൂടപ്പെടുന്ന പരാതികള്‍. ചിലതെങ്കിലും ”ഇതൊക്കെ പതിവല്ലേ!” എന്ന അപകടകരമായ പരിചിതത്വത്തിന്റെ ആനുകൂല്യം നേടുന്ന പ്രശ്‌നങ്ങള്‍.

ഇവയില്‍ പരാതിപ്പെട്ട ചില കാര്യങ്ങളിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പല സമയത്തും പരാതികളുടെ യഥാര്‍ഥ പകര്‍പ്പ് അധികൃതരുടെ കൈയ്യില്‍ നിന്നും കാണാതാവുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ദേഹോപദ്രവം ഉണ്ടായ പരാതിയിന്മേല്‍ പോലീസ് കേസെടുത്തപ്പോള്‍ അത് പൂവാലശല്യമായി മാറുകയും, നിരന്തരമായ ചോദ്യങ്ങളുടെ ഭാഗമായി അത് മാറ്റുകയും ചെയ്തു. ഇത്തരം അനുഭവങ്ങള്‍ സ്വാഭാവികമായും പരാതിക്കാരെയും കണ്ട് നില്‍ക്കുന്നവരെയും മാനസികമായി തളര്‍ത്തുക മാത്രമേ ചെയ്യുന്നുള്ളൂ.

എന്നിട്ടും പിടിച്ച് നിന്ന് പരാതിയിലുറച്ച് നില്‍ക്കുന്നവര്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ അതിഭീകരമാണ്. പെണ്‍കുട്ടികളല്ലേ.. കോടതി കയറി ഇറങ്ങലൊക്കെ വലിയ മിനക്കേടല്ലേ എന്ന ചോദ്യങ്ങള്‍… ”സൂക്ഷിച്ചോ…അവന്മാര്‍ നല്ല പണി തരും. വെറുതേ ഇമ്മാതിരി പരാതിക്കൊന്നും നില്‌ക്കേണ്ട” എന്ന സ്‌നേഹോപദേശങ്ങള്‍… ഇതൊക്കെ ഇങ്ങനെ വലിയ വിഷയമാക്കാന്‍ മാത്രമുണ്ടോ എന്ന് വളരെ നിഷ്കളങ്കമായി ചോദിച്ച് പരാതി കൊടുക്കുന്നവരെ മടുപ്പിക്കുന്നവര്‍.

പിന്നെങ്ങനെ ഈ പ്രശ്‌നങ്ങള്‍ പെട്ടെന്ന് ഇത്ര ഗുരുതരമായി അവതരിപ്പിക്കപ്പെട്ടു എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. മടുപ്പ്. ഏതെങ്കിലും ഒരു വിദ്യാര്‍ഥിനിയുടെ ശവം കണ്ടാല്‍ മാത്രമേ കണ്ണ് തുറക്കുകയുള്ളൂവെന്ന മട്ടില്‍ ഇരിക്കുന്ന ഇവിടത്തെ അവസ്ഥയോടുള്ള മടുപ്പ്. അങ്ങനൊരു ശവത്തിന്റെ ഭാവി ഞങ്ങള്‍ക്കാര്‍ക്കും വേണ്ടെന്നുള്ള കുറച്ചധികം പേരുടെ തീരുമാനം.

ആ തീരുമാനത്തിന്റെ ഫലമായാണ് നാനൂറിലധികം വിദ്യാര്‍ഥിനികളൊപ്പിട്ട ഒരു നിവേദനം സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും ചീഫ് ജസ്റ്റിസിനും അയച്ചിരിക്കുന്നത്. ഈ നിവേദനത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത് നാഷണല്‍ അക്രഡിറ്റേഷന്‍ ഏജന്‍സിയും സീമന്തിനി കമ്മീഷനും ഉള്‍പ്പെടെയുള്ള സമിതികള്‍ മുന്നോട്ട് വെച്ചിട്ടുള്ള കുറച്ച് നിര്‍ദേശങ്ങളാണ്.

പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ തന്നെ സുരക്ഷ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ഇത്തരം സമിതികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. (ഹോസ്റ്റലിനു ചുറ്റും തെറി പറഞ്ഞ് പോകുന്നവരെ പറ്റിയും രാത്രി പുറകേ വന്ന് സ്‌ഫോടകവസ്തു എറിഞ്ഞവരെ പറ്റിയും പരാതിപ്പെടാന്‍ പോയപ്പോള്‍ ”നിങ്ങള്‍ ജനാല തുറന്നിട്ടാണോ ഹോസ്റ്റലില്‍ ഇരിക്കുന്നത്?”, ”നിങ്ങള്‍ നേരം വൈകിയും പുറത്തിരുന്നതു കൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്?” തുടങ്ങിയ ചോദ്യങ്ങള്‍ കേട്ടതിന്റെ ഓര്‍മയിലാണ് സ്വാതന്ത്ര്യം ഹനിക്കാതെയുള്ള സംരക്ഷണം എന്ന് എടുത്ത് പറഞ്ഞിരിക്കുന്നത്.) ഏതൊരു ചെറിയ കോളേജിനു പോലും ഉണ്ടാകുന്ന ചുറ്റുമതില്‍ കാമ്പസിനു ആവശ്യമാണ്, പുറത്തു നിന്നുള്ളവരുടെ ഇടപെടലുകളെ കൃത്യമായി നിയന്ത്രിക്കാനുള്ള സംവിധാനം വേണം, പ്രാഥമിക കാര്യങ്ങളായ തെരുവു വിളക്കുകളും സെക്യൂരിറ്റി ജീവനക്കാരും ആവശ്യത്തിനു വേണം തുടങ്ങിയവ ഈ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ ഈ ഒപ്പുകള്‍, വാങ്ങുമ്പോള്‍ പറഞ്ഞിരുന്ന സുരക്ഷാ നിവേദനത്തിന്റെ ഭാഗമായല്ല, മറിച്ച് ഒരു പഠന വിഭാഗത്തിനെതിരായി എസ്.എഫ്.ഐക്കാര്‍ നല്കുന്ന നിവേദനത്തിന്റെ കൂടെയാണ് അയച്ചിരിക്കുന്നതെന്നുമുള്ള ഒരു വിചിത്രമായ അവകാശവാദമുന്നയിച്ച് വന്നിരിക്കുകയാണ് ഇതര വിദ്യാര്‍ത്ഥി സംഘടനകളായ എം.എസ്.എഫും കെ.എസ്.യുവും. വിവരാവകാശം പോലെ ഫലപ്രദമായ ഒരു നിയമം നിലനില്‍ക്കുന്ന രാജ്യത്താണ് എസ്.എഫ്.ഐക്കാര്‍ നാനൂറോളം വിദ്യാര്‍ത്ഥിനികളെ പറ്റിക്കുന്നുവെന്നാരോപിച്ച് ഇവര്‍ വേറെ ഒപ്പ് ശേഖരിക്കുന്നത്. എന്നാലീ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ പകപോക്കലുകളുടെ കേവലയുക്തികളില്‍ ഒതുങ്ങുന്ന ഒന്നല്ലെന്ന് മനസിലാക്കാത്ത ഇവരോട് സഹതാപമല്ലാതെ മറ്റൊന്നും തോന്നുന്നില്ല.

ജനാധിപത്യ പ്രക്രിയയായ കാമ്പസ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ പിന്താങ്ങുന്നവരാണ് ഇപ്പോള്‍ ”നിങ്ങള്‍ കലാപം നടത്തി മുതലെടുക്കരുത്” എന്ന് പോസ്റ്ററെഴുതുന്നത്. ഒന്നേ ചോദിക്കാനുള്ളൂ… കലാപങ്ങളെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? സ്വന്തം അവകാശങ്ങള്‍ക്കായി തൊഴിലിടങ്ങളില്‍ മുതല്‍ നിരത്തുകളില്‍ വരെ നിഴലുകളോട് പോലും നിരന്തരമായി പട വെട്ടേണ്ടി വരുന്ന ഒരു വിഭാഗത്തോടാണ് നിങ്ങള്‍ കലാപങ്ങളെ കുറിച്ച് സംസാരിക്കുന്നത്.

ലിംഗനീതി എന്നത് ആരുടെയൊക്കെയോ ഔദാര്യങ്ങളാക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒന്നിച്ച് ഇരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം അശ്ലീലമായി കാണുന്ന ഒരു സമൂഹത്തില്‍ ഇത് സ്വാഭാവികവുമാണ്. സ്വന്തം വഴിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് ലിംഗഭേദമില്ലെന്ന തിരിച്ചറിവ് നമ്മളില്‍ പലര്‍ക്കുമിന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. ആ തിരിച്ചറിവ് കാമ്പസുകളിലല്ലെങ്കില്‍ പിന്നെവിടെയാണ് ഉണ്ടാവേണ്ടത്?! ഈ തിരിച്ചറിവുകള്‍ക്ക് വേണ്ടിയാണ് ഞങ്ങളുടെ കലാപങ്ങളൊക്കെയും.

ഞങ്ങളെപ്പോലെയുള്ള ഒരു പാട് ജീവിതങ്ങള്‍ മറക്കപ്പെടാതിരിക്കാനാണ് ഈ ശ്രമങ്ങള്‍. അധികൃതരുടെ ഇത്തരം മറവികള്‍ക്കെതിരായാണ് ഇന്ന് കാമ്പസിലെ പെണ്‍കുട്ടികള്‍ ‘സമത്വം, സ്വാതന്ത്ര്യം,സുരക്ഷ’ എന്ന മുദ്രാവാക്യമുയര്‍ത്തി ”ആകാശം മുട്ടെ പരാതികള്‍” എന്ന പേരില്‍ ഒരു പ്രതീകാത്മക സമരം നടത്തിയത്. ഹൈഡ്രജന്‍ ബലൂണുകളില്‍ കെട്ടിയ പരാതികള്‍ ആകാശത്തേക്ക് പറത്തി വിട്ടത് അധികാരികളുടെ മറവിയെ പ്രതിനിധീകരിക്കാന്‍ വേണ്ടി മാത്രമല്ല…എന്നെങ്കിലും ഈ പരാതികള്‍ താഴേക്ക് പെയ്തിറങ്ങിയാല്‍ അത് പ്രളയത്തില്‍ കലാശിക്കുമെന്ന ഒരു മുന്നറിയിപ്പായിട്ടു കൂടെയാണ്.

മറവികള്‍ക്കെതിരായ ഓര്‍മകളുടെ കലാപമാണ് രാഷ്ട്രീയമെന്ന മിലന്‍ കുന്ദേരയുടെ വാക്കുകള്‍ ഇവിടെ കുറിക്കട്ടെ.

(കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് നിലീന)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍