UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാലിക്കറ്റ് സര്‍വകലാശാല; അതിക്രമങ്ങള്‍ക്ക് പിന്നിലെ ‘രാഷ്ട്രീയം’ പറയാതെ വയ്യ

Avatar

ശരത് ലാല്‍ തയ്യില്‍

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവിചാരിതമായി സംഭവിച്ചവയല്ല. എം. എസ്. എഫ് എന്ന വിദ്യാര്‍ഥി സംഘടന കാമ്പസില്‍ ആധിപത്യം നേടാന്‍ യൂണിവേഴ്സിറ്റി അധികൃതരുടെ മൗനാനുവാദത്തോടെ പുറമേ നിന്നുള്ള അക്രമികളെയും കാമ്പസിലെ ഒരു വിഭാഗം വിദ്യാര്‍ഥികളെയും എന്തും ചെയ്യാന്‍ അധികാരം നല്‍കി ഉപയോഗിച്ചപ്പോള്‍ ഉണ്ടായ അനിവാര്യമായ അത്യാഹിതങ്ങളാണ്. അതുകൊണ്ടാണ് പരാതിപ്പെട്ട പെണ്‍കുട്ടികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്  എം.എസ്.എഫ് പ്രമേയം കൊണ്ടുവന്നതും, സെനറ്റ് പ്രമേയം പാസ്സാക്കിയതും.

ഒരു കാമ്പസിലെ വിദ്യാര്‍ഥികള്‍ നിരന്തരം ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ക്ക് വിധേയരാവുക. അതില്‍ പ്രതിസ്ഥാനത്ത് പലപ്പോഴും കൂടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ തന്നെയാവുക! പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കാതിരിക്കുക. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കുറച്ചുനാളായി കേള്‍ക്കുന്ന വാര്‍ത്തകള്‍ ഇത്തരത്തിലാണ്.

ഇതു കേള്‍ക്കുമ്പോള്‍, ഏതെങ്കിലും ഒരു കാലത്ത് കാമ്പസില്‍ പഠിച്ച, അല്ലെങ്കില്‍ കാമ്പസുമായി അടുത്ത ബന്ധമുള്ള ഒരാള്‍ മൂക്കത്ത് വിരല്‍വച്ചുപോകും. ഊഷ്മളമായ സൗഹൃദങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും വിളനിലമാവേണ്ട ഒരു കാമ്പസില്‍ നിന്ന് ഇപ്പോള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കാനിടയായ സാഹചര്യമെന്ത്? വിദ്യാര്‍ഥിനികള്‍ ഒന്നാകെ പരാതിപ്പെട്ടിട്ടും യൂണിവേഴ്സിറ്റി അധികൃതര്‍ നടപടികളെടുക്കാതിരുന്നത് എന്തുകൊണ്ട്? ഗതികെട്ട വിദ്യാര്‍ഥിനികള്‍ തങ്ങള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തെഴുതിയപ്പോള്‍ എം.എസ്.എഫ് എന്ന വിദ്യാര്‍ഥി സംഘടന പരാതിക്കാര്‍ക്കെതിരെ പ്രമേയം കൊണ്ടുവന്നതെന്തുകൊണ്ട്? യൂണിവേഴ്സിറ്റി സെനറ്റ് പ്രമേയം കണ്ണടച്ച് പാസാക്കിയതെന്തുകൊണ്ട്? ഇത്തരം നിരവധി ചോദ്യങ്ങള്‍ കാലിക്കറ്റിലെ വിദ്യാര്‍ഥിനികളുടെ പ്രശ്നത്തിലേക്ക് ശ്രദ്ധചെലുത്തുന്ന ഒരാളില്‍ കൗതുകത്തോടെ ഉയര്‍ന്നുവരും.

കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരുന്ന ഒരു അധിനിവേശപദ്ധതി ആസൂത്രകരുടെ കൈവിട്ടുപോയപ്പോള്‍ സംഭവിച്ച അത്യാഹിതങ്ങളാണ് കാലിക്കറ്റില്‍ നിന്ന് ഇന്ന് പലതരത്തില്‍ കേട്ടുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള നിരന്തര ലൈംഗിക ആക്രമണങ്ങളും, സദാചാര പൊലീസിങ്ങും, പുറത്തുനിന്നുള്ള ആളുകളുടെ ക്യാംപസിലേക്കുള്ള കടന്നുകയറ്റവും ഒക്കെ ഇതില്‍പെടും. എന്തായിരുന്നു അധിനിവേശ പദ്ധതി എന്നും, ക്യാംപസില്‍ ചിലര്‍ക്ക് എന്തും കാണിക്കാനുള്ള അധികാരം നല്‍കിയത് ആരൊക്കെ ചേര്‍ന്ന് എന്നും അറിയുന്നതിന് കുറച്ച് ചരിത്രം പറയണം.

വിരമിച്ച വി സി ഡോ. അബ്ദുല്‍ സലാം മുസ്ളിംലീഗ് നോമിനിയായി ആ സ്ഥാനത്തേക്ക് വരുന്നത് 2011ലാണ്. തികച്ചും ഏകാധിപത്യ രീതിയില്‍ മുന്നോട്ടുപോയ ഡോ. അബ്ദുല്‍ സലാമിന് ഏറ്റവും കൂടുതല്‍ പ്രതിഷേധം നേരിടേണ്ടി വന്നത് സ്വന്തം കാമ്പസില്‍ നിന്ന് തന്നെയായിരുന്നു. വിദ്യാര്‍ഥികളെ ശത്രുവായി പ്രഖ്യാപിച്ച വി സിയെ വിദ്യാര്‍ഥികളും ശത്രുവായി പ്രഖ്യാപിച്ചു. അതാണ് യാഥാര്‍ഥ്യം. കടുത്ത നിലപാടുകളിലൂടെയും അധികാരപ്രയോഗത്തിലൂടെയും പലപ്പോഴും അധ്യാപകരെയും ജീവനക്കാരെയും നിശ്ശബ്ദരാക്കിയ ഡോ. അബ്ദുല്‍ സലാമിന് വിദ്യാര്‍ഥികളില്‍നിന്ന് നിരന്തരം തിരിച്ചടികള്‍ നേരിട്ടു.

പാമ്പ് സമരം, വൈറ്റ് റോസ് സമരം, ഒക്യുപൈ ലൈബ്രറി സമരം, പിച്ചതെണ്ടല്‍ സമരം, രാപ്പകല്‍ വായനാ സമരം, ഫെസ്റ്റിവല്‍ ഓഫ് റെസിസ്റ്റന്‍സ് തുടങ്ങിയ സമരങ്ങള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കിയതും അതാത് സമയങ്ങളില്‍ കേരളം ചര്‍ച്ചചെയ്തതുമാണ്. ഈ സമരങ്ങളൊക്കെയും ഡോ. അബ്ദുല്‍ സലാമിന്‍റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ളവയായിരുന്നു. കാമ്പസ് സൗന്ദര്യവല്‍ക്കരണം പോലെ നിരവധി ഉപരിതല പദ്ധതികളുമായി സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ശ്രമിച്ച വി.സിക്ക് ഏറ്റവും വലിയ അടി നല്‍കിയത് ഇവിടുത്തെ വിദ്യാര്‍ഥികള്‍ തന്നെയാണ്. ഞാനിതാ 40 കോടിയുടെ ലാബ് നിര്‍മിക്കുന്നു, 25 ലക്ഷത്തിന്‍റെ കവാടം പണിയുന്നു എന്ന് ചാനലുകളില്‍ ഡോ. അബ്ദുല്‍ സലാം അട്ടഹസിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ ചുറ്റുമതിലില്ലാത്ത തങ്ങളുടെ ഹോസ്റ്റലുകളും കാലിത്തൊഴുത്തിനു സമാനമായ മുറികളും കാണിച്ചുകൊടുത്തു. ഇതിന്‍െറയൊക്കെ അരിശം വിദ്യാര്‍ഥികളോടും വിദ്യാര്‍ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എസ്.എഫ്.ഐയോടും ഡോ. അബ്ദുല്‍ സലാമിന് ഉണ്ടായിരുന്നു.

കാലിക്കറ്റ് കാമ്പസിലെ വിദ്യാര്‍ഥി യൂണിയന് വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നത് എസ്.എഫ്.ഐയാണ്. അവസാനം നടന്ന തെരഞ്ഞെടുപ്പിലും 80 ശതമാനത്തിലേറെ വോട്ട് നേടിയാണ് എസ്.എഫ്.ഐ യൂണിയന്‍ നിലനിര്‍ത്തിയത്. കെ.എസ്.യു, എം.എസ്.എഫ് മുതലായവയാണ് കാമ്പസിലെ മറ്റ് സംഘടനകള്‍. യൂണിവേഴ്സിറ്റി മുസ്ലിം ലീഗിന്‍റെ സര്‍വാധിപത്യത്തില്‍ ആയിരുന്നിട്ടും അവരുടെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫിന് ഒരു ചലനവുമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

കാമ്പസില്‍ എസ്.എഫ്.ഐക്കുള്ള മേധാവിത്വം ഇല്ലാതാക്കുക എന്നുള്ളത് ഡോ. അബ്ദുല്‍ സലാമിന്‍റെയും എം.എസ്.എഫിന്‍റെയും പൊതു ആവശ്യമായി മാറി. അതിന് കണ്ടത്തെിയ വഴിയാകട്ടെ, വിദ്യാര്‍ഥികളെ തമ്മിലടിപ്പിക്കുക എന്നതായിരുന്നു.

കാമ്പസില്‍ ഡോ. അബ്ദുല്‍ സലാമിന് കുഴലൂത്തുകാര്‍ ഉണ്ട് എന്നതരത്തിലുള്ള നിരീക്ഷണം നടത്തിയത് വിവാദമായ ഭൂമിദാന നടപടി റദ്ദാക്കികൊണ്ട് വിജിലന്‍സ് കോടതിയാണ്. ഡോ. അബ്ദുല്‍ സലാമും അദ്ദേഹത്തിന്‍റെ പ്രധാന കുഴലൂത്തുകാരനായ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലെ ഒരു അധ്യാപകനും പ്രാദേശിക ലീഗ് നേതൃത്വവുമാണ് ക്യാമ്പസില്‍ എസ്.എഫ്.ഐയുടെ മേധാവിത്വം ഇല്ലാതാക്കാന്‍ ഒരു പരസ്പരസഹകരണ പദ്ധതിയിട്ടത്. അതുപ്രകാരം കാമ്പസില്‍ എന്തു തോന്നിവാസവും കാട്ടാനുള്ള അധികാരം എം.എസ്.എഫിന് നല്‍കി. എംഎസ്.എഫിന് അംഗബലം തീരെ കുറവായിരുന്നു. ഇതിന് പരിഹാരമായി റെഗുലറും സ്വാശ്രയവുമുള്‍പ്പെടെ മുഴുവന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗങ്ങളിലെയും വിദ്യാര്‍ഥികളെ എം.എസ്.എഫിന് കീഴില്‍ അണിനിരത്തി. കായികവിഭാഗം അധ്യാപകന്‍ തന്നെയാണ് ഇതിനായി എല്ലാ നിര്‍ദേശവും നല്‍കിയിരുന്നത്. കാമ്പസിനു സമീപത്തെ ക്രിമിനല്‍ ബന്ധമുള്ള പ്രാദേശിക ലീഗ് പ്രവര്‍ത്തകര്‍ക്ക് കാമ്പസില്‍ എപ്പോള്‍ വേണമെങ്കിലും വരാനും എന്ത് അതിക്രമം കാണിക്കാനുമുള്ള ലൈസന്‍സ് നല്‍കി. ഇതോടെയാണ് കാലിക്കറ്റ് കാമ്പസ് നിരന്തര സംഘര്‍ഷ ഭൂമിയാകുന്നത്. ഹോസ്റ്റല്‍ സംഘര്‍ഷം ഉള്‍പ്പെടെ നിരവധി സംഘട്ടനങ്ങളും 146 ദിവസത്തെ നിരാഹാര സമരവും നടന്നത് ഈ സമയത്താണ്.

എം.എസ്.എഫുകാര്‍ വി.സിക്ക് തിരിച്ചും സഹായങ്ങള്‍ ചെയ്തുകൊടുത്തു. വി വിത്ത് വിസി എന്ന ഒരു സംഘടന തന്നെ ഉണ്ടാക്കി വിവാദങ്ങളില്‍ ഡോ. അബ്ദുല്‍ സലാമിന് പിന്തുണ നല്‍കിയത് എം.എസ്.എഫുകാരാണ്. എം.എസ്.എഫിന്‍റെ നേതൃത്വത്തില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ സ്വാശ്രയ വിദ്യാര്‍ഥികള്‍ റെഗുലര്‍ ഹോസ്റ്റലിലത്തെി വിദ്യാര്‍ഥികളെ ആക്രമിച്ചപ്പോള്‍ ആക്രമണത്തിന് വി.സിയുടെയും കായികവിഭാഗത്തിന്‍റെയും അനുവാദം ഉണ്ടായിരുന്നു. തങ്ങളുടെ അധ്യാപകന്‍ പറഞ്ഞിട്ടാണ് ഹോസ്റ്റലില്‍ കയറിയതെന്ന് കായികവിദ്യാര്‍ഥികള്‍ തന്നെ പിന്നീട് പറഞ്ഞിരുന്നു.

ഡോ. അബ്ദുല്‍ സലാം സ്ഥാനമൊഴിയുന്ന സമയത്ത് കാമ്പസില്‍ എവിടെയും ഒരു യാത്രയയപ്പ് ചടങ്ങ് പോലും സംഘടിപ്പിക്കപ്പെട്ടില്ല. അത്രക്ക് മടുത്തിരുന്നു കാമ്പസ് അദ്ദേഹത്തെ. വി.സി സ്ഥാനമൊഴിയുന്ന ദിവസം ചടങ്ങില്‍ പങ്കെടുത്തത് എം.എസ്.എഫുകാരും ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം വിദ്യാര്‍ഥികളും മാത്രമാണ്. റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും മറ്റും നേതൃത്വത്തില്‍ ഡോ. അബ്ദുല്‍ സലാമിന് യാത്രയയപ്പ് നല്‍കി സ്ഥലത്തെ ലീഗ് നേതൃത്വവും നന്ദി കാട്ടി.

കാമ്പസില്‍ അപ്പൊഴേക്കും കായികവിഭാഗം വിദ്യാര്‍ഥികളുടെ അക്രമങ്ങളും പുറത്തുനിന്നുള്ള ലീഗുകാരുടെ അഴിഞ്ഞാട്ടവും വര്‍ധിച്ചിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടന്നു. ലീഗുകാര്‍ കാമ്പസില്‍ കയറി ഹോസ്റ്റല്‍ ആക്രമിക്കുകവരെയുണ്ടായി. എന്ത് പ്രശ്നമുണ്ടായാലും ആയുധങ്ങളുമായി വരാന്‍ പുറത്ത് ക്രിമിനലുകളും, മൗനാനുവാദം നല്‍കാന്‍ യൂണിവേഴ്സിറ്റി അധികൃതരും ആയതോടെ എം.എസ്.എഫ് നേതൃത്വത്തില്‍ കായികവിദ്യാര്‍ഥികള്‍ ഭീകരാന്തരീക്ഷം തീര്‍ത്തു. കാമ്പസില്‍ അരക്ഷിതാവസ്ഥ വന്നതോടെ എസ്.എഫ്.ഐ പ്രതിരോധത്തിലുമായി. പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമങ്ങള്‍ അപ്പോഴേ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. ഇതിനെതിരെ പ്രതികരിച്ചാല്‍ പിന്നെ നേരിടേണ്ടിവരിക ആയുധങ്ങളെയാണ്.

2014 ഡിസംബറില്‍ മലയാളം രണ്ടാംവര്‍ഷം പഠിക്കുന്ന ഒരു വിദ്യാര്‍ഥിനിയോട് കായികവിഭാഗത്തിലെ ഒരാള്‍ കാന്‍റീനില്‍വച്ച് മോശമായി പെരുമാറി. വിദ്യാര്‍ഥിനി പ്രതികരിച്ചു. ഇതോടെ വിദ്യാര്‍ഥിനിക്ക് നേരെ കൂടുതല്‍ മോശമായ പെരുമാറ്റമുണ്ടായി. ബഹളമായി. ആ സംഭവത്തില്‍ എസ്.എഫ്.ഐ വിദ്യാര്‍ഥിനിക്കൊപ്പവും എം.എസ്.എഫ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ കായികവിഭാഗം വിദ്യാര്‍ഥിയോടൊപ്പവും നിലകൊണ്ടു. 

ഇത്തരത്തില്‍ അനവധി ഉദാഹരണങ്ങളുണ്ട്. എം.എസ്.എഫ് നേതൃത്വത്തിന് കീഴില്‍ കായിക വിദ്യാര്‍ഥികള്‍ക്ക് കാമ്പസില്‍ എന്തും കാട്ടാനുള്ള സ്വാതന്ത്ര്യം, പുറത്തു നിന്നുള്ളവര്‍ക്ക് കാമ്പസില്‍ എപ്പോള്‍ വേണമെങ്കിലും വരാനുള്ള അവസരം, ഇതാണ് സ്ഥിതി ഇത്രമേല്‍ ഗുരുതരമാക്കിയത്. പെണ്‍കുട്ടികള്‍ നല്‍കുന്ന പരാതികള്‍ അധികൃതര്‍ പരിഗണിക്കാതിരുന്നതും അക്രമികള്‍ക്ക് പ്രോത്സാഹനമായി.

കായികവിദ്യാര്‍ഥികള്‍ കാണിക്കുന്ന അക്രമങ്ങള്‍ കണ്ണടച്ച് ന്യായീകരിക്കുക എന്നത് പിന്നീട് എം.എസ്.എഫിന്‍റെ ബാധ്യതയായി മാറി. തുടക്കത്തില്‍ കൃത്യമായ പദ്ധതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയെങ്കിലും കായികവിദ്യാര്‍ഥികളും പുറത്തുനിന്നുള്ള അക്രമികളും പരിധിവിട്ട് അഴിഞ്ഞാടാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ എം.എസ്.എഫിന്‍െറയും കൈവിട്ടു. എം.എസ്.എഫ് കാമ്പസില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനായി ജില്ലാ നേതാക്കളെ വിവിധ കോഴ്സുകളില്‍ ചേര്‍ത്തിരുന്നു. കൃത്യമായ പ്രവര്‍ത്തനങ്ങളുമായി പോകുന്നതിനിടക്കാണ് കായികവിദ്യാര്‍ഥികളുടെ അതിരുവിട്ട പെരുമാറ്റങ്ങള്‍ നിരന്തരം പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്.

കാമ്പസിലെ വിദ്യാര്‍ഥിനികളുടെ സുരക്ഷയെക്കാള്‍ എം.എസ്.എഫ് മുന്‍തൂക്കം നല്‍കുന്നത് കായികവിഭാഗം വിദ്യാര്‍ഥികളെയും പുറത്ത് നിന്നുള്ള അക്രമികളെയും സംരക്ഷിക്കാനാണ്. തങ്ങളുടെ നിലനില്‍പ്പ് ഈ രണ്ട് കൂട്ടരെയും ആശ്രയിച്ചാണെന്ന് അവര്‍ക്ക് അറിയാം. അതുകൊണ്ടാണ് ഇപ്പോള്‍ ലൈംഗിക അതിക്രമം പോലെ ഗുരുതരമായ പരാതികള്‍ ഉയര്‍ന്നിട്ടും കുറ്റക്കാരെ പരസ്യമായി സംരക്ഷിക്കുക എന്ന ആത്മഹത്യാപരമായ നടപടിയെടുക്കാന്‍ എം.എസ്.എഫ് നിര്‍ബന്ധിതരായത്.

കാമ്പസിലെ അതിക്രമങ്ങള്‍ പ്രചാരണം മാത്രമാണ് എന്ന രീതിയില്‍ ക്ളാസ് കാമ്പയിനുകളും പോസ്റ്റര്‍ കാമ്പയിനുകളുമാണ് എം.എസ്.എഫ് തുടക്കത്തില്‍ സംഘടിപ്പിച്ചത്. എന്നാല്‍, ദുരിതങ്ങള്‍ നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ എം.എസ്.എഫിന്‍െറ ഈ വാദത്തെ പുച്ഛിച്ച് തള്ളി. പിന്നീടാണ് അക്രമികളെ സംരക്ഷിക്കാന്‍ സെനറ്റില്‍ എം.എസ്.എഫ് പ്രമേയം അവതരിപ്പിക്കുന്നത്. മുസ്ലിംലീഗിന് ആധിപത്യമുള്ള സെനറ്റ് ഇത്രയേറെ വിദ്യാര്‍ഥിവിരുദ്ധമായ പ്രമേയം പാസ്സാക്കി എം.എസ്.എഫിനെ പിന്തുണക്കുകയും ചെയ്തു.

സെനറ്റ് പ്രമേയം പാസ്സാക്കിയതോടെയാണ് കാലിക്കറ്റിലെ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടത്. പിന്നീട് എങ്ങനെയെങ്കിലും പ്രതിരോധിച്ച് നില്‍ക്കുക എന്നതായി എം.എസ്.എഫിന്‍െറയും കായിക വിദ്യാര്‍ഥികളുടെയും ലക്ഷ്യം. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും തടഞ്ഞു നിര്‍ത്തി ശല്യം ചെയ്തു എന്നും കാണിച്ച് പെണ്‍കുട്ടികള്‍ക്കെതിരേ പൊലിസില്‍ പരാതി വന്നു. ചീഫ് ജസ്റ്റിസിന് പരാതി കൊടുക്കാന്‍ നേതൃത്വം നല്‍കിയ പെണ്‍കുട്ടികള്‍ക്കെതിരെ കായിക വിഭാഗത്തിലെ ആണ്‍കുട്ടികള്‍ പരാതി നല്‍കിയത് തങ്ങള്‍ പരിശീലനം കഴിഞ്ഞ് വരുമ്പോള്‍ പെണ്‍കുട്ടികള്‍ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയെന്നും അശ്ളീല കമന്‍റ് അടിച്ചുവെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നുമൊക്കെയാണ്.!!

തങ്ങളുടെ പ്രശ്നങ്ങള്‍ യൂണിവേഴ്സിറ്റി അധികൃതര്‍ മുന്‍കൈയെടുത്ത് പരിഹരിക്കുമെന്ന വിദ്യാര്‍ഥിനികളുടെ പ്രതീക്ഷകളൊക്കെ നശിച്ചുകഴിഞ്ഞു. അതിനാലാണ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. സ്ത്രീപീഢനങ്ങള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണം നടക്കുന്ന രാജ്യത്ത്, ഇതാ ഞങ്ങള്‍ അതിക്രമങ്ങള്‍ക്കിരയാവുന്നു എന്ന് പറഞ്ഞ് 600ഓളം വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാവാത്തത് രാജ്യത്തിനു തന്നെ അപമാനമാണ്. അങ്ങനെയൊരു യാഥാര്‍ഥ്യം പുറംലോകത്തത്തെിച്ചു എന്നതിന്‍െറ പേരില്‍ വിദ്യാര്‍ഥിനികള്‍ക്കെതിരെ ഒരു സര്‍വകലാശാല സെനറ്റ് നടപടിയെടുക്കാന്‍ അനുമതി നല്‍കി എന്നത് അതിലേറെ അപമാനം. അക്രമികളില്‍ നിന്നുള്ള അപമാനവും, സംരക്ഷണം നല്‍കേണ്ട അധികൃതരില്‍ നിന്നുള്ള അപമാനവും ഇനിയും സഹിച്ച് കഴിയാനാവില്ല എന്നു തന്നെയാണ് കാലിക്കറ്റിലെ പെണ്‍കുട്ടികള്‍ സധൈര്യം പ്രഖ്യാപിക്കുന്നത്. കേവല രാഷ്ട്രീയ പക്ഷപാതിത്വങ്ങള്‍ക്കപ്പുറം അവര്‍ക്ക് നാം പിന്തുണ നല്‍കേണ്ടതുണ്ട്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍