UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിഷേധിച്ചാല്‍ വ്യാജപരാതിയില്‍ കുടുക്കും; കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പുത്തന്‍ രീതികള്‍

അഴിമുഖം പ്രതിനിധി

തങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനികളെ കള്ളക്കേസില്‍ കുടുക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ശ്രമം. കായികവിഭാഗം വിദ്യാര്‍ഥികളെക്കൊണ്ട്നിര്‍ബന്ധപൂര്‍വ്വം പരാതി നല്‍കിയാണ് വിദ്യാര്‍ഥിനികളെ മാനസികമായി തളര്‍ത്താനും അധിക്ഷേപിക്കാനുമുള്ള ശ്രമം സര്‍വ്വകലാശാല ആരംഭിച്ചിരിക്കുന്നത്. ഇതിനോടകം രണ്ടു പരാതികള്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

കാമ്പസിനകത്തുവച്ച് ഭീഷണിപ്പെടുത്തുകയും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും കൂടാതെ റാഗിംഗ് നടത്താനൊരുങ്ങുകയും ചെയ്തു എന്നു കാട്ടിയാണ് ഒന്നാം വര്‍ഷ കായികവിഭാഗം വിദ്യാര്‍ഥികളായ റാഷിദ് കെ പി, അനൂപ്‌ എംഎ, മുഹമ്മദ്‌ മുര്‍ഷിദ് പി, ഐവിന്‍ എസ് എന്‍ എന്നിവര്‍ പരാതി നല്‍കിയിരിക്കുന്നത്. സഭ്യതയ്ക്കു നിരക്കാത്ത രീതിയില്‍ വിദ്യാര്‍ത്ഥിനികള്‍ തങ്ങളോടു സംസാരിക്കുകയും അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് ഇവരുടെ ആരോപണം. കായിക വിഭാഗം വിദ്യാര്‍ഥികള്‍ക്കെതിരെ പല പ്രവര്‍ത്തനങ്ങളും നടത്തുന്നതായും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജാതിപ്പേരു വിളിച്ച് അവഹേളിക്കാനും മാനസികമായി പീഡിപ്പിക്കാനും ശ്രമിച്ചു എന്നുള്ളതാണ് രണ്ടാമത്തെ പരാതി. കായികവിഭാഗത്തിലെത്തന്നെ വിദ്യാര്‍ഥികളായ മണികണ്ഠന്‍, രഞ്ജിത്ത് കുമാര്‍ എന്നിവരാണ് രണ്ടാമത്തെ പരാതി നല്‍കിയിരിക്കുന്നത്.

കാമ്പസില്‍ തങ്ങള്‍ക്കെതിരെയുണ്ടാവുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കുന്ന വിദ്യാര്‍ത്ഥിനികളുടെ പേരു വെളിപ്പെടുത്തരുത് എന്ന നിയമം നിലവിലിരിക്കെ സെനറ്റിൽ ഇവരുടെ  പേര് വിളിച്ച് പറഞ്ഞ് ഇവരെ മാനസികമായി പീഡിപ്പിക്കുകയാണ് സർവകലാശാല അധികാരികൾ.

വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികമായ അതിക്രമമുണ്ടായിട്ടുപോലും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സര്‍വ്വകലാശാലയ്ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ ചീഫ് ജസ്റ്റിസിനും ഗവര്‍ണ്ണര്‍ക്കും യുജിസിയ്ക്കും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികാരനടപടികളുമായി കാലിക്കറ്റ് സര്‍വ്വകലാശാല രംഗത്തെത്തിയത്.

പരാതി നല്‍കിയ വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടിയെടുക്കണം എന്ന എംഎസ്എഫ് പ്രമേയം പാസ്സാക്കുകയും കാമ്പസിലെ വിദ്യാര്‍ത്ഥിനികളുടെ സുരക്ഷ ഉറപ്പാക്കണമെന്നുള്ള ഗവേഷക പ്രതിനിധി സജിത് സോമന്‍ സമര്‍പ്പിച്ച പ്രമേയം സര്‍വ്വകലാശാല തള്ളുകയും ചെയ്തിരുന്നു. കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സ്റ്റാറ്റ്യൂട്ട് പ്രകാരം ഹയര്‍ അതോറിറ്റിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സര്‍വകലാശാലയ്ക്ക് അധികാരമില്ല എന്നുള്ള നിയമവും ലംഘിച്ചാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. 

    

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍