UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ പൊലീസ് ക്യാമ്പിരിക്കുന്നിടം പണ്ടൊരു പുസ്തകശാലയായിരുന്നു

Avatar

എന്‍ എം സാലിഹ്

സമരം കേരളത്തിലെ ക്യാമ്പസുകള്‍ക്ക് പുത്തരിയല്ല. കാലിക്കറ്റ് സര്‍വകലാശാലയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. സമീപകാല ക്യാമ്പസ് സമര ചരിത്രത്തിലെ ഏറ്റവും സര്‍ഗാത്മകമായ സമരങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും മാസങ്ങളിലായി സാക്ഷ്യം വഹിച്ച ഈ സര്‍വകലാശാലയുടെ അക്കാദമിക് അന്തരീക്ഷത്തില്‍ ഇപ്പോള്‍ ഭീകരതയുടെ കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടിയിരിക്കുന്നു.

തേഞ്ഞിപ്പലത്തെ ദേശീയ പാത 17ല്‍ നിന്ന് പ്രവേശന കവാടവും കടന്ന് സര്‍വകലാശാല ക്യാമ്പസിലേക്ക് നീണ്ടു കിടക്കുന്ന റോഡ് നേരെ ചെന്നെത്തുന്നിടത്തു ഇന്നൊരു പൊലീസ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നു. സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗത്തിനു കീഴിലുള്ള ബുക്ക് ഷോപ്പിലെ കനപ്പെട്ട പുസ്തക കെട്ടുകള്‍ എടുത്തു മാറ്റി ഒഴിപ്പിച്ച ഈ കെട്ടിടത്തിലാണ് കേരളത്തിലാദ്യമായി, ഒരു പക്ഷേ രാജ്യത്തു തന്നെ ഒരു സര്‍വകലാശാലയ്ക്കകത്തു നിലയുറപ്പിച്ച സായുധ പൊലീസിന്റെ ക്യാമ്പ് ആസ്ഥാനം. മൂന്ന് പൊലീസ് വാനുകള്‍ ക്യാമ്പസില്‍ വിവിധയിടങ്ങളിലായി നിലയുറപ്പിച്ചിരിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, വനിതാ ഹോസ്റ്റല്‍ തുടങ്ങി സുപ്രധാന സ്ഥലങ്ങളിലായി സായുധ പൊലീസ് 24 മണിക്കൂറും ജാഗരൂകരായി നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ക്യാമ്പസിന്റെ ഏതു ഭാഗത്തേക്കും കുതിച്ചെത്താന്‍ കലാപ നിയന്ത്രണ വാഹനമായ ‘വജ്ര’യും ആവശ്യമായാല്‍ കൊണ്ടു വരും. മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് അടക്കം വിവിധ ക്യാമ്പുകളില്‍ നിന്നുള്ള 30 അംഗ സായുധ പൊലീസ് സംഘത്തെയാണ് ക്യാമ്പസില്‍ വിന്യസിച്ചിട്ടുള്ളത്. ഇവരുടെ ഭക്ഷണവും താമസവുമടക്കം എല്ലാ ചെലവും വഹിക്കുന്നതും സര്‍വ്വകലാശാല തന്നെ. പൊലീസിനെ വിളിച്ചു വരുത്തി ഇത്തരമൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പഴി കേട്ടു കൊണ്ടിരിക്കുന്ന വൈസ് ചാന്‍സലര്‍ ഡോക്ടര്‍ അബ്ദൂല്‍ സലാം 5.56 എം എം ഇന്‍സാസ് തോക്കുകളേന്തിയ അംഗ രക്ഷകരുടെ സംരക്ഷണത്തില്‍ ക്യാമ്പസിനടുത്തുള്ള വീട്ടില്‍ കഴിയുകയാണ്. സര്‍വകലാശാലയിലെ സാഹചര്യങ്ങള്‍ നേരിടാന്‍ തൊട്ടടത്തു തന്നെ ഒരു പൊലീസ് സ്‌റ്റേഷന്‍ ഉണ്ടായിരിക്കെ ക്യാമ്പസിന്റെ സുരക്ഷയ്ക്കും തന്റെ ജീവന്‍ രക്ഷിക്കുന്നതിനും സായുധ പൊലീസിനെ വിളിച്ചു കൊണ്ടു വന്ന് ക്യാമ്പസിനകത്ത് ഔട്ട്‌പോസ്റ്റ് ഉണ്ടാക്കി കൊടുത്ത ശേഷം ദിവസങ്ങളോളം അദ്ദേഹം വീടു വിട്ടിറങ്ങി ഓഫീസില്‍ പോലും വന്നിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അനിശ്ചിത കാലത്തേക്ക് ക്യാമ്പസില്‍ പൊലീസിനെ വിന്യസിക്കാന്‍ മാത്രം ഭീകരമായ എന്തു സംഘര്‍ഷ സാധ്യതയാണ് ക്യാമ്പസില്‍ ഇപ്പോള്‍ നിലവിലുള്ളത് എന്നതിന് ക്യാമ്പസിലെ ഒരു ഹ്രസ്വ സന്ദര്‍ശനത്തിന് മറുപടി തരാന്‍ കഴിയില്ല. എന്നാല്‍ അധികാരമേറ്റതു മുതല്‍ ജനാധിപത്യ സമര രീതികളെ ഏകാധിപത്യ മുഷ്‌ക കാണിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു വന്ന വിസിയാണ് ഈ ഉന്നത കലാലയത്തിന്റെ 47 വര്‍ഷത്തെ ചരിത്രത്തില്‍ കറുത്ത അധ്യായമായി മാറിയ ഇപ്പോഴത്തെ സാഹചര്യങ്ങളുണ്ടാക്കിയെടുത്തത് എന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും എതിരഭിപ്രായമില്ല. മൂന്നര വര്‍ഷം മുമ്പ് അധികാരമേറ്റതു മുതല്‍ ക്യാമ്പസിലുണ്ടായ നിരന്തര സരമങ്ങളില്‍ മിക്കതിലും വിസി ഒരു പക്ഷത്തും വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും മറു പക്ഷത്തുമായിരുന്നു. ഏകാധിപത്യ ഭരണ രീതിയും ഭ്രാന്തമെന്ന് തോന്നിക്കുന്ന അധികാര പ്രയോഗങ്ങളുമാണ് ഇവരെ സമരങ്ങളിലേക്ക് നിരന്തരം തള്ളിവിട്ടത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ അഞ്ചു മാസക്കാലമായി സര്‍ക്കാര്‍ ചെലവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംരക്ഷണം ആവശ്യപ്പെട്ട് സര്‍വകലാശാല ഡിപാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ നടത്തി വന്ന 152 ദിവസം നീണ്ട രാപ്പകല്‍ സമരവും 146 ദിവസം നീണ്ട നിരാഹാര സമരവും കഴിഞ്ഞ മാസം വിജയകരമായി ഒത്തു തീര്‍പ്പിലെത്തിയിരുന്നു. ക്യാമ്പസിലെ റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ അടക്കമുള്ള സൗകര്യങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാക്കുക, സ്വാശ്രയ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഹോസ്റ്റലും മറ്റു സംവിധാനങ്ങളും ഒരുക്കി കൊടുക്കുക, പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സ്വാശ്രയ ബിരുദ വിദ്യാര്‍ത്ഥികളെ റെഗുലര്‍ പിജി, ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ കുടിയിരുത്താന്‍ ഉത്തരവിറക്കിയതാണ് ഈ നീണ്ട സമരത്തിന് കാരണമായത്. സര്‍വകലാശാല രേഖകള്‍ പ്രകാരം ഗസ്റ്റ് ഹൗസ് അനക്‌സിലെ താല്‍ക്കാലിക ഹോസ്റ്റലില്‍ കഴിയുന്ന ഈ ബിരുദ വിദ്യാര്‍ത്ഥികളെ റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ താമസിപ്പിക്കുകയായിരുന്നു. അപേക്ഷിച്ചിട്ടും മുറി ലഭിക്കാതെ നിരവധി റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിനായി കാത്തു കെട്ടിക്കിടക്കുമ്പോഴായിരുന്നു ഇത്. ഇതു വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയെങ്കിലും സ്വാശ്രയ വിദ്യാര്‍ത്ഥികളെ ഗസ്റ്റ്ഹൗസ് അനക്‌സിലേക്കു മാറ്റാനും അധികൃതര്‍ തയാറായില്ല. ഇത് വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുകയും ഒടുവില്‍ നീണ്ട സമരത്തില്‍ കലാശിക്കുകയുമായിരുന്നു.

സ്വാശ്രയ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്നും പൊതുപണം ഉപയോഗിച്ചു നിര്‍മ്മിച്ച സൗകര്യങ്ങള്‍ എയ്ഡഡ് വിദ്യാര്‍ത്ഥികള്‍ക്കു മാത്രം അവകാശപ്പെട്ടതുമാണെന്നുമുള്ള ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തിയായിരുന്നു വിസി ഈ സമരത്തോട് മാസങ്ങളോളം മുഖം തിരിച്ചു നിന്നത്. സമര രീതികളുടെ സര്‍ഗാത്മകത കൊണ്ട് വേറിട്ടു നിന്ന ഈ സമരം കേരളത്തില്‍ വേണ്ടത്ര ചര്‍ച്ചയായതുമില്ല, അത് വെറുമൊരു ഹോസ്റ്റല്‍ സമരമായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. ഏതായാലും ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശ പ്രകാരം വിദ്യാര്‍ത്ഥികളുമായി ഒത്തു തീര്‍പ്പിലെത്തുകയും അവരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാമെന്ന് ഉറപ്പു നല്‍കുന്ന കരാറില്‍ വിസി, പ്രൊവിസി, രജിസ്ട്രാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവര്‍ ഒപ്പു വയ്ക്കുകയും ചെയ്തതോടെ സമരം വിജയിച്ച ആവശത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. എന്നാല്‍ വിവിധ കോണുകളില്‍ നിന്നുണ്ടായ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരു കബളിപ്പിക്കലിലൂടെ തൊട്ടടുത്ത ദിവസം തന്നെ ഈ കരാര്‍ വിസി മരവിപ്പിച്ചതോടെ സമരം മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കാനിരിക്കുകയായിരുന്നു.

ഇതിനിടെയാണ് സര്‍വകലാശാലയില്‍ കൊടികുത്തിവാഴുന്ന അഴിമതി ഒളിക്യാമറ ഓപറേഷനിലൂടെ പുറത്തു വരുന്നത്. തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കും നാടകീയ സംഭവങ്ങള്‍ക്കുമൊടുവിലാണ് വിസി ആവശ്യപ്പെട്ടതു പ്രകാരം മാര്‍ച്ച് 20ന് ക്യാമ്പസില്‍ 30 അംഗ സായുധ പൊലീസ് വിന്യസിക്കപ്പെട്ടത്. ഏറെ കാലമായി തന്റെ ജീവനു ഭീഷണിയുണ്ടെന്ന് നിരന്തരം പൊലീസിനോട് പരാതിപ്പെടുന്ന വിസി ക്യാമ്പസില്‍ പൊലീസ് രാജ് നടപ്പായതോടെ തന്റെ തനിനിറം പൂര്‍വ്വാധികം ശക്തിയോടെ പുറത്തെടുക്കുന്ന കാഴ്ചയാണ് കണ്ടത്.

അക്കാദമിക് സ്ഥാപനത്തിനകത്ത് പൊലീസ് സാന്നിധ്യമെന്നത് ലോകത്തൊരിടത്തും അംഗീകരിക്കപ്പെടുന്ന ഒന്നല്ല. നിവൃത്തിയില്ലാത്ത ഘട്ടങ്ങളില്‍ മാത്രമാണ് പൊലീസിന്റെ സഹായം തേടുക. അതും പരിമിതമായി മാത്രം. ക്യാമ്പസിലെ ക്രമസമാധാനത്തിന്റെ കടിഞ്ഞാന്‍ പൂര്‍ണമായും പൊലീസിനു വിട്ടുകൊടുക്കാന്‍ ഇതു വരെ ഒരു അക്കാദമിക് സ്ഥാപന മേധാവിയും തയാറായിട്ടില്ല. സ്ഥാപന മേധാവി ആവശ്യപ്പെട്ടാല്‍ മാത്രമാണ് പൊലീസ് ക്യാമ്പസില്‍ ഇടപെടുക. പ്രത്യക്ഷത്തില്‍ ശാന്തമായ അന്തരീക്ഷമാണെങ്കിലും ക്രമസമാധാന പാലനത്തിനും തന്റെ ജീവന്‍ രക്ഷിക്കാനും വിസി പൂര്‍ണാധികാരം പൊലീസിനു നല്‍കി ഒരു ഉത്തരവിറക്കിയിരിക്കുകയാണ്. ജനാധിപത്യ വ്യവസ്ഥയില്‍ നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങളെ പോലും ലംഘിച്ചാണ് നിയമസാധുതയില്ലാത്ത ഉത്തരവ് വിസി ഇറക്കിയിരിക്കുന്നത്. സിഐയുടെ നേതൃത്വത്തിലുള്ള ഈ പോലീസ് സംഘത്തിന് എപ്പോള്‍ വേണമെങ്കിലും ക്യാമ്പസിനകത്ത് ആരേയും കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും ദേഹ പരിശോധന നടത്താനുമുള്ള അധികാരവും പ്രത്യേക ഉത്തരവിലൂടെ നല്‍കിയിരിക്കുന്നു. ഇതു തീര്‍ത്തും നിയമ വിരുദ്ധമായ നടപടിയാണെന്ന് മുതിര്‍ന്ന ഒരു അധ്യാപകന്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലാ മജിസ്‌ട്രേറ്റിനോ ജില്ലാ കളക്ടര്‍ക്കോ സംസ്ഥാന സര്‍ക്കാരിനോ മാത്രമാണ് ഇത്തരമൊരു ഉത്തരവിറക്കാന്‍ അധികാരമുള്ളൂ. അതും വ്യക്തമായ കാര്യകാരണങ്ങള്‍ കാണിച്ചു മാത്രം. ഇല്ലാത്ത ഒരു അധികാരം ജനാധിപത്യ വ്യവസ്ഥയിലെ നിയമങ്ങള്‍ ലംഘിച്ചു കൊണ്ടാണ് വിസി പ്രയോഗച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അര്‍ഹരായവരെ തഴഞ്ഞ് ലക്ഷങ്ങള്‍ കോഴ വാങ്ങി പോക്കറ്റിലാക്കി നടത്തുന്ന നിയമനക്കഥ പുറത്തായതോടെ വിസിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐഎസ്എഫ്‌ഐ നേതൃത്വത്തില്‍ പ്രദേശ വാസികള്‍ പ്രതിഷേധമാര്‍ച്ചു നടത്തി. ആക്രമസക്തരായ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. സമരക്കാര്‍ വിസിയുടെ മുറിക്കു പുറത്ത് വാതിലും ജനലുകളും തകര്‍ക്കുകയും ചെയ്തു. ഇതിനിടെ മുറിക്കകത്ത് വിസി കുഴഞ്ഞു വീഴുകയും ചെയ്തതോടെ ഇതു മികച്ച ഒരവസരമായി മുതലെടുക്കപ്പെടുകയായിരുന്നു. പ്രതിഷേധക്കാര്‍ വിസിയുടെ മുറിയിലേക്കു പ്രവേശിക്കുകയോ അവര്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തൊടുകയോ പോലും ചെയ്യാതെ കുഴഞ്ഞു വീണ വിസിയുടെ പ്രകടനം നാടകമെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. ഈ സംഭവത്തെ തുടര്‍ന്ന് ക്യാമ്പസില്‍ യുദ്ധസമാന സാഹചര്യമാണെന്ന് ഭരണകൂടത്തെ വിശ്വസിപ്പിച്ചാണ് സായുധ പൊലീസിനെ വിസി ക്യാമ്പസിലെത്തിച്ചത്. ഭരണ കൂടത്തിന്റെ പിന്തുണയും അദ്ദേഹത്തിന് ഇതിനു ലഭിച്ചു. സിന്‍ഡിക്കേറ്റ് മെമ്പര്‍ ആയ ടി എന്‍ പ്രതാപന്‍ എം എല്‍ എ കൂടി സമ്മര്‍ദ്ദം ചെലുത്തിയാണ് പൊലീസ് ക്യാമ്പ് ഇവിടെ എത്തിച്ചതെന്നാണ് ക്യാമ്പസിനകത്തെ സംസാരം.

തന്റെ ജീവനു ഭീഷണിയുണ്ടെന്ന പരാതി ഡോക്ടര്‍ സലാം തരംകിട്ടുമ്പോഴെല്ലാം എടുത്തു പ്രയോഗിക്കുന്ന ഒരു ഉമ്മാക്കി മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ മുന്‍കാല ഔദ്യോഗിക ജീവതം അറിയുന്നവര്‍ പറയുന്നത്. കാര്‍ഷിക സര്‍ലകലാശാല ഡീന്‍ ആയിരിക്കെ ഉണ്ടായ വിദ്യാര്‍ത്ഥി സമരത്തെ അദ്ദേഹം തന്റെ ജീവനു ഭീഷണിയുടണെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചാണ് നേരിട്ടതത്രെ. കാലിക്കറ്റ് വിസിയായി അധികാരമേറ്റയുടന്‍ അദ്ദേഹം ചെയ്തതും ഇതാണ്. ഇവിടെ സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി ഒരു അനധ്യാപക സമരമുണ്ടായപ്പോഴാണ് വിസി തന്റെ ജീവനു ഭീഷണിയുണ്ടെന്ന് പരാതി വീണ്ടും പുറത്തെടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്യാമ്പസിനു 200 മീറ്റര്‍ പരിധിക്കുള്ളില്‍ എല്ലാ സമരങ്ങളും നിരോധിച്ചു കൊണ്ടുള്ള ഉത്തരവും അദ്ദേഹം ഹൈക്കോടതിയില്‍ നിന്നു സ്വന്തമാക്കി. ഈ പരാതിയില്‍ അദ്ദേഹം പ്രതിസ്ഥാനത്തു നിര്‍ത്തിയത് ക്യാമ്പസിലെ ഇടതു വലതു പക്ഷഭേദമില്ലാതെ വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം എല്ലാ യുണിയനുകളെയുമാണ്. ഈ സംഘടനകളുടെ വാദം പോലും കേള്‍ക്കാതെയാണ് ഉത്തരവുണ്ടായതും. പിന്നീടുണ്ടായ സമരങ്ങളേയെല്ലാം ഈ ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന പരാതിയുമായാണ് വിസി നേരിട്ടത്. ഉത്തരവ് നടപ്പാക്കുന്നതില്‍ പൊലീസിന് നിരന്തരം വീഴ്ച സംഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ വിസി പരാതി നല്‍കിയിട്ടുണ്ട്. ഒടുവില്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ഒരു സായുധ പൊലീസ് ക്യാമ്പ് തന്നെ സര്‍വകലാശാലയ്ക്കുള്ളിലെത്തിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു.

പൊലീസ് രാജ് നടപ്പിലാതോടെ തനിക്കെതിരെ രംഗത്തു വന്നവരെ തെരഞ്ഞുപിടിച്ച് സസ്‌പെന്‍ഡ് ചെയ്യുന്ന തിരക്കിലാണിപ്പോള്‍ വിസി. വിദ്യാര്‍ത്ഥി സമരത്തില്‍ സജീവമായ നാലു പേരെയാണ് ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. ഫോക്ലോര്‍ വകുപ്പിലെ അര്‍ഷാദ്, ജേണലിസം വകുപ്പിലെ സാനിയോ, ഹിസ്റ്ററി വകുപ്പിലെ സജിത്ത് സോമന്‍, ലൈബ്രറി സയന്‍സ് വകുപ്പിലെ സജ്‌ന എന്നിവരേയാണ് പുറത്താക്കിയത്. സമരമുഖത്ത് മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്ന ഗവേഷണ വിദ്യാര്‍ത്ഥി ജംഷിദ് അലിയെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് വിസി ഇറക്കിയ ഉത്തരവ് അദ്ദേഹം വൈരാഗ്യബുദ്ധിയോടെയാണ് നടപടികളെടുക്കുന്നത് എന്നതിന് മതിയായ തെളിവാണ്. കഴിഞ്ഞ ഡിസംബറില്‍ പാര്‍ക്കില്‍ നടന്ന ഒരു പരിപാടിക്കിടെ അദ്ദേഹത്തോട് ചോദ്യം ചോദിച്ചെന്ന കുറ്റം ചൂണ്ടിക്കാട്ടിയാണ് ജംഷിദ് അലിയെ പുറത്താക്കിയിരിക്കുന്നത്. ‘ഹോസ്റ്റലുകളിലേക്കുള്ള വഴികളും ലൈബ്രറിയിലെ ലേഡീസ് ടോയ്‌ലെറ്റും ഇരു്ട്ടില്‍ കിടക്കുമ്പോള്‍ വൈകുന്നേരം എട്ട് മണിക്ക് അടക്കുന്ന പാര്‍ക്കില്‍ എന്തിനാണ് ഇത്രയുമധികം വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്?’ എന്നായിരുന്നു ആ ചോദ്യം. ഇനിയും സസ്‌പെന്‍ഡ് ചെയ്യാനുള്ള വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും ഒരു പട്ടിക തന്നെ വിസി തയാറാക്കിയിട്ടുണ്ടെന്നാണ് പ്രതിഷേധവുമായി രംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ‘ഞങ്ങളേയും സസ്‌പെന്‍ഡ് ചെയ്യൂ’ എന്ന മുദ്രാവാക്യവുമായി വിദ്യാര്‍ത്ഥികള്‍ പുതിയൊരു സമരത്തിനുള്ള പുറപ്പാടിലാണിപ്പോള്‍.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍