UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാലിക്കറ്റ് സര്‍വകലാശാലയില്‍ സാമൂഹിക ഇടപെടല്‍ ആവിശ്യം; തോമസ് ഐസക് എംഎല്‍എ

അഴിമുഖം പ്രതിനിധി

കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ പരിഹരിക്കാന്‍ സമൂഹത്തിന്റെ മൊത്തം ഇടപെടലുകള്‍ ക്ഷണിച്ച് തോമസ് ഐസക് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ വിഷയത്തില്‍ സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നതായും തോമസ് ഐസക് പ്രത്യാശ പ്രകടിപ്പിക്കുന്നു. വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യങ്ങളാണ് കോഴിക്കോട് സര്‍വകലാശാലയില്‍ നടക്കുന്നത്. പെണ്‍കുട്ടികളുടെ പരാതികള്‍ക്ക് അധികൃതര്‍ നിര്‍ദേശിക്കുന്ന പരിഹാരമാകട്ടെ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യം ഹനിക്കുന്നത്. പരാതിപ്പെടുന്നവരെ അധികാരം ഉപയോഗിച്ചു കീഴ്‌പ്പെടുത്താനുമാണ് സര്‍വകലാശാല അധികൃതര്‍ ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉത്തരവാദിത്വപ്പെട്ട വിദ്യാര്‍ത്ഥി സംഘടന തന്നെ തിരിഞ്ഞിരിക്കുന്നതും നിര്‍ഭാഗ്യകരമാണെന്നും തോമസ് ഐസക് പരിവേദനപ്പെടുന്നു.

തോമസ് ഐസക് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വിശ്വസിക്കാന്‍ പ്രയാസമുളള കാര്യങ്ങളാണ് കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നു കേള്‍ക്കുന്നത്. ചുറ്റുമതിലോ ആവശ്യമായ സുരക്ഷാക്രമീകരണമോ ഇല്ലാത്ത കാമ്പസില്‍ വിദ്യാര്‍ത്ഥിനികള്‍ നിരന്തരമായ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നു എന്നുളളത് പുതിയ പരാതിയല്ല. മുമ്പും പലതവണ ഉണ്ടായിട്ടുണ്ട്. 1997ല്‍ കുറച്ചു വിദ്യാര്‍ത്ഥിനികള്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഒരു അഭിഭാഷകയെ നിയോഗിച്ചിരുന്നു. കാമ്പസിലെ അരക്ഷിതാവസ്ഥയെക്കുറിച്ച് ശ്രീമതി സീമന്തിനിയുടെ വിശദമായ റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന പരാതിയ്‌ക്കൊരു ഒരു പുതുമയുണ്ട്. പരാതിപ്പെട്ടവരുടെ മേല്‍ നടപടിയെടുക്കാനാണ് സര്‍വകലാശാലാ സെനറ്റിന്റെ തീരുമാനം. നടപടിയ്ക്കു വേണ്ടി മുന്‍കൈയെടുത്തതാകട്ടെ ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫും.

കോഴിക്കോട് കാമ്പസ് തുറന്നു കിടക്കുന്നതുകൊണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് അരക്ഷിതാവസ്ഥയുണ്ടാകുന്നു എന്ന കാര്യം അവിതര്‍ക്കിതമാണ്. ഹൈക്കോടതി കമ്മിഷന്‍ തന്നെ ഇതുസമ്മതിച്ചിട്ടുളള കാര്യമാണ്. അന്ന് കമ്മിഷന്‍ പറഞ്ഞ പരിഹാരനടപടികളൊന്നും സ്വീകരിച്ചിട്ടുമില്ല.

ഈ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടാല്‍, ആ പരാതി മുഖവിലയ്‌ക്കെടുത്ത് അന്വേഷിക്കുകയാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ ചെയ്യേണ്ടത്. അതിനു പകരം പരാതിപ്പെട്ടവരെ അധികാരമുപയോഗിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയാണ്. അതിനു മുന്‍കൈയെടുക്കുന്നതോ, ഒരു വിദ്യാര്‍ത്ഥി സംഘടനയും. എത്ര അധഃപതിച്ചാലും ഇത്രയുമാകാന്‍ പാടുണ്ടോ?

കോഴിക്കോട് സര്‍വകലാശാലയെ ഏതാനും കുട്ടികള്‍, ജേണലിസം വിദ്യാര്‍ത്ഥിനിയായ നിലീനാശ്രീലതയുടെ നേതൃത്വത്തില്‍ എന്നെ വന്നു കണ്ടിരുന്നു. കാമ്പസിലെ സ്ഥിതിയെക്കുറിച്ച് അവരുടെ വിവരണം ഏതാണ്ട് ഇങ്ങനെയായിരുന്നു അസഹ്യമായ കമന്റടികള്‍ മൂലം പ്രഭാതസവാരിയ്ക്കു പോകാന്‍ പെണ്‍കുട്ടികള്‍ മടിക്കുന്നു. ‘എനിക്ക് പലതും ചെയ്യാന്‍ തോന്നുന്നു’ എന്നാണ് ഷാളിടാത്ത പെണ്‍കുട്ടിയോടുളള കമന്റടി. പാവാട ഇടുന്നവരോടാണെങ്കില്‍ ‘നിന്റെയൊക്കെ വീട്ടിലറിഞ്ഞോണ്ടാണോ ഇതൊക്കെ ഇടുന്നത്’ എന്നാവും. കമന്റടി മാത്രമല്ല, കുനിഞ്ഞു നിന്നു പാവടയുടെ നീളവുമളക്കും.

ഹോസ്റ്റലിലെ വിദ്യാര്‍ത്ഥി!നികളോട് ‘സെക്‌സിന് അവൈലബിള്‍ ആണോ?’ എന്ന് ചോദിക്കുന്നവരും കുറവല്ല. നഗ്‌നതാ പ്രദര്‍ശനം മാത്രമല്ല, കുട്ടികളുടെ മുന്നില്‍ പരസ്യമായ സ്വയംഭോഗവുമുണ്ട്. ഹോസ്റ്റലിനു പുറത്ത് സ്ഥിരമായ തെറിപ്പാട്ട്. ചിലര്‍ ഹോസ്റ്റലിനു വെളിയില്‍ വാഹനം നിര്‍ത്തി വസ്ത്രമുരിഞ്ഞു കാണിക്കും. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുടെ നേര്‍ക്ക് ഒരാള്‍ സ്‌ഫോടക വസ്തുവെറിഞ്ഞു. ക്യാമ്പസിലെ പരിപാടികള്‍ക്കിടെ കമന്റടിയും ദേഹോപദ്രവവും പതിവാണ്.

ഈ സ്ഥിതിവിശേഷത്തിനു പരിഹാരമായി യൂണിവേഴ്‌സിറ്റി അധികൃതരില്‍ ചിലര്‍ മുന്നോട്ടു വെയ്ക്കുന്ന പരിഹാരം പെണ്‍കുട്ടികളുടെ ഇപ്പോഴുളള സ്വാതന്ത്ര്യത്തിനു മേലുളള കൈയേറ്റമാണ്. പെണ്‍കുട്ടികള്‍ വൈകുന്നേരം ഹോസ്റ്റലിലേയ്ക്ക് തിരിച്ചെത്തേണ്ടുന്ന അവസാനസമയം നേരത്തെയാക്കുക, രാത്രി ലൈബ്രറിയില്‍ നിന്നു തിരിച്ചുവരവ് ബസിലാക്കുക, ഹോസ്റ്റല്‍ ജനാലകളെല്ലാം അടച്ചിടുക എന്നൊക്കെ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ വെയ്ക്കുന്നവര്‍ ഹൈക്കോടതി കമ്മിഷന്‍ ഒന്നര ദശാബ്ദം മുമ്പ് നല്‍കിയ റിപ്പോര്‍ട്ടൊന്നു മനസിരുത്തി വായിക്കട്ടെ.

മലയാളത്തിലെഴുതിയ മെമ്മോറാണ്ടമാണ് കുട്ടികള്‍ ഒപ്പിട്ടത്. ഗവര്‍ണര്‍ക്കും കോടതിയ്ക്കും കൊടുക്കാന്‍ തീരുമാനിച്ചതുകൊണ്ട് അത് ഇംഗ്ലീഷിലാക്കി. ഇതിനെയാണ് ഒപ്പു വാങ്ങിയ ശേഷം മെമ്മോറാണ്ടം മാറ്റിയെഴുതി എന്നു എംഎസ്എഫ് പ്രചരിപ്പിക്കുന്നത്. മെമ്മോറാണ്ടത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ അതിലുണ്ട് എന്നു പറഞ്ഞ് ഒപ്പിട്ടവരുടെ ഒപ്പു പിന്‍വലിപ്പിക്കാന്‍ കാമ്പയിന്‍ നടത്തുന്നു.

പീഡനത്തിന് ഇരയാകുന്നവര്‍ ഒരു മെമ്മോറാണ്ടം നല്‍കിക്കഴിഞ്ഞാല്‍ അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി അവ വസ്തുതാപരമാണോ എന്നു പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുന്നതിനു പകരം പ്രമേയം പാസാക്കി ഭീഷണിപ്പെടുത്തി ഇരകളുടെ വായ മൂടിക്കെട്ടാനുളള പരിശ്രമം പൊതുസമൂഹത്തോടുളള വെല്ലുവിളിയാണ്. കാമ്പസുകളിലെ ഈ സദാചാരപ്പോലീസുകളുടെ പോക്കിന് കടിഞ്ഞാണിട്ടേ തീരൂ. കോഴിക്കോട് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ നമ്മുടെ ഏവരുടെയും പിന്തുണ അര്‍ഹിക്കുന്നു. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍