UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതുസമൂഹമേ ലജ്ജിക്കൂ; കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത്

Avatar

നിലീന എസ്. ബലറാം

ഞങ്ങള്‍ ഊഴമിട്ട് പട്ടിണി കിടക്കാന്‍ തുടങ്ങിയിട്ട് 80 ദിവസങ്ങള്‍ കഴിയുന്നു. ഞങ്ങളെന്നാല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിവിധ വകുപ്പുകളിലെ പിജി, പി.എച്ച്.ഡി വിദ്യാര്‍ഥികള്‍. ആവശ്യം നിസാരം; ഞങ്ങളുടെ കിടപ്പാടം ഞങ്ങള്‍ക്ക് വിട്ടുതരിക. നെറ്റി ചുളിക്കാന്‍ വരട്ടെ. കേള്‍ക്കുന്നത്ര നിസാരമല്ല കാര്യങ്ങളുടെ കിടപ്പുവശം. പഠനം മുടങ്ങുമെന്നുള്ള അവസ്ഥ, പോലീസിന്റെ ഇടക്കിടക്കുള്ള അറസ്റ്റും ഭീഷണികളും, ഇതര വിദ്യാര്‍ഥി സംഘടനകളില്‍ നിന്ന് വിശിഷ്യാ എം.എസ്.എഫില്‍ നിന്നുള്ള അക്രമണം തുടങ്ങി നിരവധി കാര്യങ്ങളെയാണ് ഞങ്ങള്‍ ഈ സമരവുമായി ബന്ധപ്പെട്ട് നേരിട്ടുകൊണ്ടിരിക്കുന്നത്. അതില്‍ നിന്ന് തന്നെ ഇവിടെ കാര്യമായ കുഴപ്പങ്ങളെന്തൊക്കെയോ ഉണ്ടെന്ന് നമുക്ക് മനസിലാകേണ്ടതാണ്. അതിലേക്ക് കടക്കും മുന്‍പ് നമുക്ക് ഈ സമരത്തിലേക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുടെ തിരഞ്ഞെടുക്കപ്പെട്ട ഘടകമായ ഡി.എസ്.യു (ഡിപ്പാര്‍ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍)നെയും അതിനു നേതൃത്വം നല്‍കുന്ന എസ്.എഫ്.ഐയെയും നയിച്ചതെന്തെന്ന് നോക്കാം.

ഏതാണ്ട് മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അനുമതിയെന്ന പേരില്‍ ഒരു ഉത്തരവും കൈയ്യില്‍ പിടിച്ച് യൂണിവേഴ്‌സിറ്റിയിലെ സ്വാശ്രയ വിഭാഗം കായിക വിദ്യാര്‍ഥികള്‍ കാമ്പസിലെ റെഗുലര്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറുന്നതും അവിടെ താമസിച്ചിരുന്ന വിദ്യാര്‍ഥികളെ ബലം പ്രയോഗിച്ച് ഇറക്കി വിടാന്‍ ശ്രമിക്കുകയും ചെയ്തത്. സ്വാഭാവികമായും കാര്യങ്ങള്‍ സംഘര്‍ഷങ്ങളില്‍ കലാശിച്ചു. തുടര്‍ച്ചയായ അക്രമണങ്ങളുടെ ഭാഗമായി ഡി.എസ്.യു ചെയര്‍മാനായ സാനിബിനടക്കം ഗുരുതരമായ പരിക്കുകളേല്‍ക്കുകയുണ്ടായി. ഇത്തരം കാര്യങ്ങളില്‍ സഹികെട്ടാണ് യൂണിയന്റെ നേതൃത്വത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഉപരോധം പോലുള്ള സമര പരിപാടികള്‍ തുടങ്ങിയത്. ആദ്യ സമയങ്ങളില്‍ വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടുന്നവര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാവാതെ സമരങ്ങളെ പാതിരാത്രി വരെ നീട്ടിക്കൊണ്ട് പോവുക പതിവായിരുന്നു. 50-ഓളം വരുന്ന വിദ്യാര്‍ഥികളെ നേരിടാന്‍ 100-ലധികം പോലീസുകാരെ നിരത്തിയും സെക്യൂരിറ്റിക്കാരെക്കൊണ്ട് ഭീഷണിപ്പെടുത്തിയും വിദ്യാര്‍ഥികളെ പിരിച്ച് വിടുകയായിരുന്നു ഉദ്ദേശം. എന്നാല്‍ എല്ലാ തവണയും വിദ്യാര്‍ഥികള്‍ തങ്ങളുടെ ആവശ്യങ്ങളില്‍ കൃത്യമായി ഉറച്ചുനിന്നു. തുടര്‍ന്ന് അധികാരികള്‍ താല്‍ക്കാലികമായി ഈ ആവശ്യങ്ങള്‍ അംഗീകരിക്കുകയും തുടര്‍ന്ന് സമരം അവസാനിക്കുകയും ചെയ്യും. എന്നാല്‍ എല്ലാ തവണയും 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പ് ഇതേ അധികാരികള്‍ തന്നെ ഈ തീരുമാനങ്ങളെ അട്ടിമറിക്കുകയാണുണ്ടായത്. ഒരു തവണ എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായി കൈക്കൊണ്ട തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെടുകയുണ്ടായി. അന്ന് നടന്ന റെയ്ഡിന്റെ ഭാഗമായി ഹോസ്റ്റലില്‍ അനധികൃതമായി താമസിക്കുന്നവരുടെ കൈയ്യില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത സംഭവം ഉണ്ടായിട്ട് പോലുമാണിങ്ങനെ.

 

ഈയൊരവസ്ഥയിലായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു പുറമേ ലൈബ്രറി പിടിച്ചെടുത്ത് സമരം വ്യാപിപ്പിക്കാന്‍ ആരംഭിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ നിന്ന് അറസ്റ്റ് ചെയ്ത് നീക്കം ചെയ്യപ്പെട്ടതിനു ശേഷം ലൈബ്രറി കേന്ദ്രീകരിച്ച് പുതിയ തരത്തില്‍ സമരം മുന്നോട്ട് കൊണ്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്ത് പ്രശ്‌നം വന്നാലും ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ കാമ്പസ് അപ്രതീക്ഷിതമായും അനിശ്ചിതമായും അടച്ചിട്ട് വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്ന വൈസ് ചാന്‍സിലര്‍ക്കെതിരെ പഠനം നടത്തിക്കൊണ്ട് സമരം ചെയ്യാനായിരുന്നു തീരുമാനം. അങ്ങനെ ലൈബ്രറി കേന്ദ്രീകരിച്ച് ഒക്ക്യുപ്പൈ കാമ്പസ് എന്ന പ്രക്ഷോഭം ആരംഭിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലും തീരുമാനങ്ങള്‍ ആകാതെ വന്നപ്പോഴാണ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. സമരത്തില്‍ മുന്നോട്ട് വെക്കപ്പെട്ട പ്രധാന ആവശ്യങ്ങള്‍ താഴെ പറയുന്നവയായിരുന്നു.

 

1. 40 കിലോമീറ്ററിനകത്തുള്ളവരെയും മൂന്നുവര്‍ഷമായ ഗവേഷകരെയും ഹോസ്റ്റലില്‍ നിന്ന് കുടിയൊഴിപ്പിക്കാനുള്ള നടപടി അവസാനിപ്പിക്കുക.
2. പുരുഷ ഹോസ്റ്റലിന്റെ പുതിയ ബ്ലോക്ക് നിലവില്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് അനുവദിച്ചു നല്‍കുക.
3. സ്വാശ്രയ വിദ്യാര്‍ത്ഥികളുടെ താമസപ്രശ്‌നത്തിനുള്ള പരിഹാരം ചര്‍ച്ചയിലൂടെ കണ്ടെത്തി അവര്‍ക്ക് ഒഴിഞ്ഞുകിടക്കുന്ന ഏതെങ്കിലും കെട്ടിടം താല്‍ക്കാലിക ഹോസ്റ്റലായി അനുവദിക്കുക.
4. എഞ്ചിനീയറിംഗ് കോളജ് മാതൃകയില്‍ സ്വാശ്രയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകം ഹോസ്റ്റല്‍ നിര്‍മിക്കുക.
5. യൂണിവേഴ്സിറ്റി ഗ്രൌണ്ടിനോടു ചേര്‍ന്ന് സ്‌പോര്‍ട്‌സ് ഡോര്‍മിറ്ററി നിര്‍മിക്കുക.
6. മുരടിച്ചുപോയ ഡിപ്പാര്‍ട്ടുമെന്റുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുക. നാനോ ടെക്‌നോളജിയും കംപ്യൂട്ടര്‍ സയന്‍സുമടക്കം സ്വന്തമായി കെട്ടിടമില്ലാത്ത പഠനവിഭാഗങ്ങള്‍ക്ക് കെട്ടിടം നിര്‍മിക്കുക.
7. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടറെ അന്വേഷണ വിധേയമായി പുറത്താക്കുക. അദ്ദേഹത്തിന്റെ നിയമനവും അദ്ദേഹം നടത്തിയിട്ടുള്ള അഡ്മിഷനുകളും നിയമനങ്ങളും തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും അന്വേഷിക്കുക.
8. 2010-ലെ നാക് സംഘത്തിന്റെ നിര്‍ദേശം നടപ്പിലാക്കുക. ക്യാംപസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുക.
9. ഹോസ്റ്റലുകളുടെ ദുരവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക.
10. വനിതാ ഹോസ്റ്റല്‍ നിര്‍മാണത്തിലെ അഴിമതിമൂലം സര്‍വകലാശാലക്കുണ്ടായ നഷ്ടം വൈസ് ചാന്‍സിലറില്‍ നിന്ന് ഈടാക്കുക.

 

നിലവില്‍ ഒഴിഞ്ഞ് കിടക്കുന്ന മൂന്നു ഹോസ്റ്റലുകള്‍ യൂണിവേഴ്‌സിറ്റിയുടേതായി ഉണ്ടെന്നിരിക്കെ ഈ വിദ്യാര്‍ഥികളെ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലില്‍ തന്നെ താമസിപ്പിക്കണമെന്നു വാശി പിടിക്കുമ്പോല്‍ അതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വാശ്രയ വിഭാഗത്തില്‍ മറ്റ് ഡിപ്പാര്‍ട്‌മെന്റുകളിലെ വിദ്യാര്‍ഥികള്‍ കിടപ്പാടമില്ലാതെ കഷ്ടപ്പെടുമ്പോഴാണ് കായിക വിഭാഗത്തിനു മാത്രമായി ഇങ്ങനൊരു സൗകര്യമെന്നും ഓര്‍ക്കണം. മറ്റുള്ളവരൊന്നും വിസിയുടെയും കൂട്ടരുടെയും മുന്നില്‍ വിദ്യാര്‍ഥികളല്ലെന്ന് തോന്നുന്നു.

 

സാധാരണ വിദ്യാര്‍ഥികളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ട വിഭാഗമാണ് കായിക വിദ്യാര്‍ഥികളുടേത്. യൂണിവേഴ്‌സിറ്റിയുടെയും സംസ്ഥാനത്തിന്റെയും യശസ്സ് അന്താരാഷ്ട്ര തലങ്ങളില്‍ വരെ ഉയര്‍ത്തുന്ന ഈ താരങ്ങള്‍ക്ക് അതിനനുസരിച്ചുള്ള ഭക്ഷണവും താമസവുമുള്‍പ്പെടുന്ന സൗകര്യങ്ങളൊരുക്കേണ്ട ബാധ്യത യൂണിവേഴ്‌സിറ്റിയ്ക്കുള്ളതാണ്. ഇതിനായാണ് ഇവരില്‍ നിന്ന് (സ്വാശ്രയ വിഭാഗം) വന്‍ തോതിലുള്ള ഫീസ് ഈടാക്കുന്നത് തന്നെ. അതു മറച്ചുവെച്ച് കേവല രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി വിദ്യാര്‍ഥികളെ തമ്മിലടിപ്പിക്കുകയാണ് നിലവില്‍ യൂണിവേഴ്‌സിറ്റി അധികാരികള്‍ ചെയ്യുന്നത്.

ഇത് ഹോസ്റ്റല്‍ മുറികളുടെ പേരില്‍ ‘ചെക്കന്മാര്‍ തമ്മിലുണ്ടായ വെറുമൊരു തല്ല്’ അല്ല. കൃത്യമായ ആസൂത്രണത്തോടെ ഒരു ഭരണകൂടം പൊതുവിദ്യാഭ്യാസ വ്യവസ്ഥയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ആദ്യ പടിയാണ്. ഒരു സര്‍വകലാശാലയില്‍ സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളൊന്നും പാലിക്കാതെ അതിന്റെ ഉത്തരവാദിത്തം പൊതുവിദ്യാഭ്യാസ വ്യവസ്ഥയില്‍ പഠിക്കുന്നവരുടെ തലയില്‍ ചുമത്തുന്നതിന്റെ യുക്തിയെന്താണ്? സ്വാശ്രയ വിഭാഗമെന്നത് തന്നെ നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥിതിയുടെ പോരായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്. ഉദാരവത്കരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്തേക്ക് സ്വകാര്യ മൂലധന സംരംഭങ്ങള്‍ കടത്തിവിട്ടതിന്റെ ഭാഗമായാണ് ഇന്നീ അവസ്ഥയിലേക്ക് നാമെത്തി ചേര്‍ന്നതും.  അത് മറച്ചുവെച്ച് ഇരു വിഭാഗം വിദ്യാര്‍ഥികളും തുല്യരാണ് എന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. മൂവായിരവും മുപ്പതിനായിരവും തമ്മിലുള്ള വ്യത്യാസമുണ്ട് ഈ വിഭാഗങ്ങള്‍ തമ്മില്‍. സാമൂഹിക, സാമ്പത്തിക അരക്ഷിതാവസ്ഥയിലുള്ളവര്‍ക്കും തുല്യ അവസരം ലഭിക്കാനും ഉന്നത വിദ്യാഭ്യാസ രംഗത്ത് പര്യാപ്തത നേടാനുമായി ഗവണ്മെന്റ് നല്‍കുന്ന ആനുകൂല്യങ്ങള്‍ തുല്യമായി പങ്കുവെക്കണമെന്നാണ് നിങ്ങളുടെ വാദഗതിയെങ്കില്‍ സ്വാശ്രയ വിദ്യാര്‍ഥികളെന്തിന് അധികതുക ഫീസായി നല്‍കുന്നു?

 
ചക്കളത്തിപ്പോരിന്റെ ഭാഗമായാണെങ്കിലും താല്‍ക്കാലികമായെങ്കിലും വിദ്യാര്‍ഥികളോട് അനുഭാവം കാണിച്ചിരുന്ന ഭരണപക്ഷ സിന്‍ഡിക്കേറ്റ് മെംബര്‍മാരുള്‍പ്പെടുന്ന സിന്‍ഡിക്കേറ്റ് ഉപസമിതി തന്നെയാണ് ഞങ്ങളുടെ ഹോസ്റ്റലുകളെ കാലിത്തൊഴുത്തെന്ന് വിശേഷിപ്പിച്ചത്. അവിടേക്ക് എന്തടിസ്ഥാനത്തിലാണ് കൂടുതലാളുകളെ, അതും കൂടുതല്‍ ഫീസ് വാങ്ങി, അവര്‍ക്ക് കൃത്യമായ സൗകര്യങ്ങളൊരുക്കാന്‍ ബാധ്യതയുണ്ടെന്നിരിക്കെ, കയറ്റി വിടാന്‍ ശ്രമിക്കുന്നത്? അന്ന് അനുഭാവം കാണിച്ചെങ്കിലും പിന്നീട് ഇതേ മെംബര്‍മാര്‍ നല്ല വൃത്തികെട്ട രീതിയില്‍ തന്നെ കളംമാറിക്കളിച്ചു. ഒരു ചര്‍ച്ചക്കിടെ സമരത്തെ കായികമായി നേരിടണമെന്ന വിധത്തിലുള്ള ഭീഷണികള്‍ വരെ ഇവരുടെ ഭാഗത്ത് നിന്നുണ്ടായി.

 

ഇതിനിടക്കാണ് എം.എസ്.എഫ് കായികവിദ്യാര്‍ഥികളുടെ മൊത്തക്കച്ചവടം ഏറ്റെടുക്കുകയും സംഭവങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നീങ്ങുകയും ചെയ്തത്. സമരങ്ങളെ നിരോധിച്ച അധികാര വര്‍ഗത്തെ നേരിടാന്‍ ഫെസ്റ്റിവല്‍ ഓഫ് റെസിസ്റ്റന്‍സ് പോലൊരു സര്‍ഗാത്മക പ്രതിരോധോത്സവം നറ്റത്തി മാതൃക കാണിച്ച ഞങ്ങളെ തകര്‍ക്കാനായി നിരാഹാരം കിടക്കുന്ന സമരപ്പന്തലിനരികെ ഭക്ഷണം വിളമ്പി ‘ഭക്ഷണ സമരമെന്ന’ ആഭാസം നടത്തിയായിരുന്നു അവര്‍ പ്രതികരിച്ചത്. അഭൂതപൂര്‍വമായ ജനപിന്തുണയുമായി സമരം മുന്നോട്ട് നീങ്ങുകയും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനങ്ങളുമായി അണിചേരുകയും ചെയ്തതിനെ തുടര്‍ന്നാണ് എം.എസ്.എഫ് പ്രകോപനത്തിന്റെ പാതയിലേക്ക് നീങ്ങിയത്. പോസ്റ്ററുകള്‍ കീറിയും സമരാനുകൂലികളെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും അവര്‍ ഞങ്ങളെ സംയമനത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

 

അതിനിടയ്ക്ക് ഒരു എം.എസ്.എഫ്. നേതാവിന് കാമ്പസിനു പുറത്തുണ്ടായ ഏതോ സംഘര്‍ഷത്തില്‍ തല്ല് കിട്ടിയതിന്റെ പേരില്‍ കാമ്പസാകെ അക്രമം അഴിച്ച് വിടുകയുണ്ടായി. നിരായുധരായ വിദ്യാര്‍ഥികളെ കൊണ്ടുപോകാനായി ബറ്റാലിയനുമായി എത്താറുള്ള പോലീസ് എന്നാല്‍ ഈ സമയം ആറോ ഏഴോ പേരെ കാഴ്ചക്കാരായി നിയമിക്കുക മാത്രമാണ് ചെയ്തത്. ഞങ്ങളുടെ കണ്മുന്നില്‍ വെച്ച് എസ്.എഫ്.ഐയുടെ കൊടിമരവും കൊടികളും സമരവുമായി ബന്ധപ്പെട്ടുള്ള ബാനറുകളും കലാവസ്തുക്കളുമൊക്കെ അവര്‍ കത്തിക്കുകയും ഹോക്കിസ്റ്റിക്കും ഇരുമ്പ് പൈപ്പുകളും കുറുവടികളുമൊക്കെയായി പോലീസുകാരുടെ മുന്നില്‍ വെച്ച് തന്നെ ഭീഷണിപ്പെടുത്തുകയുമുണ്ടായി. ആഴ്ചകളോളം സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറി വിട്ട് വെളിയിലറങ്ങാന്‍ ആകാത്ത അവസ്ഥയായിരുന്നു. ഹോസ്റ്റലുകളിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ റൂമുകള്‍ തല്ലിത്തുറന്ന് ഭീഷണിപ്പെടുത്തിയും തല്ലിയും സമരത്തിനു പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. ഹോസ്റ്റലില്‍ പെയിന്റ് കൊണ്ട് ‘സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍’ എന്ന് എഴുതി വെച്ചു. സമരത്തില്‍ പങ്കെടുക്കുന്നവരുടെ സാധനങ്ങള്‍ എടുത്തുകൊണ്ട് പോവുകയും വാതിലുകള്‍ തകര്‍ക്കുകയും ചെയ്തു. സെനറ്റ് ഹാള്‍ മാര്‍ച്ചിനിടെ വാതിലിന്റെ ഒരു കഷ്ണം പൊട്ടിയതിന് ഞങ്ങളുടെ 10 സഖാക്കള്‍ക്കെതിരെ പി.ഡി.പി.പി പോലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ അതേ അധികാരികള്‍ ഇതിനു നേരെ പൂര്‍ണമായും കണ്ണടച്ചു. ഇത്രയൊക്കെ ആക്രമിക്കപ്പെടാനും അവഗണിക്കപ്പെടാനും ഞങ്ങളെന്ത് തെറ്റാണ് ചെയ്തതെന്ന് പറയാനുള്ള ബാധ്യതയെങ്കിലും ഭരണകൂടത്തിനുണ്ട്.

അന്താരാഷ്ട്ര നിലവാരമുള്ള ഒരു സര്‍വകലാശാലയാണ് സ്വപ്നമെന്ന് വിസി പല വേദികളിലും ആവര്‍ത്തിക്കുന്നത് കേട്ടിട്ടുണ്ട്. സന്തോഷം. അത്തരമൊരു സ്ഥാപനത്തില്‍ ഞാനുള്‍പ്പെടുന്ന സാധാരണക്കാര്‍ക്ക് പഠിക്കാന്‍ കഴിയുമെന്നുണ്ടെങ്കില്‍ അത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. പക്ഷെ അതിന് ആദ്യം വേണ്ടത് ബൗദ്ധികാന്തരീക്ഷമുള്ള, ആശയ സംവാദങ്ങള്‍ക്ക് വേദിയൊരുങ്ങുന്ന, സര്‍ഗാത്മക അന്തരീക്ഷമുള്ള ഒരു കാമ്പസല്ലേ? അത്തരമൊരു അക്കാദമിക് അന്തരീക്ഷം ഒരുക്കുന്നതിനു പകരം ലക്ഷങ്ങള്‍ ചിലവിട്ട് ഗെയ്റ്റ് പണിയുന്നു. ആര്‍ക്ക് വേണ്ടി? പരിമിതികളുടെ മതില്‍ക്കെട്ടുകള്‍ പൊളിച്ച് കളയാനാണ് വിദ്യാഭ്യാസം. അല്ലാതെ കൂടുതല്‍ ഗെയ്റ്റുകള്‍ പണിഞ്ഞ് സ്വയം തടവുകാരാവുകയല്ല വേണ്ടത്. വിസിയുടെ പരീക്ഷണ ശാലയില്‍ കൃത്രിമമായി വിളയിച്ചെടുക്കുന്ന കശുമാവിന്‍ തൈയ്യുകളാണ് വിദ്യാര്‍ഥികളെന്ന് കരുതിയെങ്കില്‍ തെറ്റി. അഗ്‌നിപര്‍വതങ്ങള്‍ ഉള്ളില്‍ കൊണ്ട് നടക്കുന്നവരാണ് ഓരോ വിദ്യാര്‍ഥിയും. പൊട്ടിത്തെറികള്‍ പ്രൊഡക്റ്റീവ് ആകണോ ഡിസ്ട്രക്റ്റീവ് ആകണോ എന്ന് തീരുമാനിക്കേണ്ടത് ഭരണാധികാരികളാണ്.

 

 

ഞങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ത്ത് എന്ത് കോണ്‍ക്രീറ്റ് വനമാണ് ഇവര്‍ ഞങ്ങള്‍ക്ക് നല്‍കാന്‍ പോകുന്നത്? അനാശാസ്യമെന്നും പറഞ്ഞ് ജൈവവൈവിധ്യമാര്‍ന്ന കാട് കത്തിച്ച് കളഞ്ഞു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാണിച്ചപ്പോള്‍ ഹോസ്റ്റലിനുള്ളില്‍ സിസിടിവി കാമറകള്‍ വെക്കാമെന്ന് പറഞ്ഞു. ‘പെണ്‍ചാവേറുകള്‍’ എന്നും പറഞ്ഞ് വിദ്യാര്‍ഥിനികള്‍ക്ക് വിസിയെ കാണുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ജയില്‍ പോലെ ബന്തവസാക്കി. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചു. മലബാറിലെ വിദ്യാഭ്യാസ മേഖലയുടെ നെടുംതൂണായി അറിയപ്പെടുന്ന ഒരു സര്‍വകലാശാലാ പരമാധികാരിയില്‍ നിന്നുമാണ് ഇത്തരം നടപടികള്‍ ഉണ്ടാകുന്നത് എന്ന് പറയുമ്പോള്‍ ഒരു വിദ്യാര്‍ഥിനി എന്ന നിലക്ക് നാണക്കേട് തോന്നുന്നു. ഇപ്പോള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അറസ്റ്റും പ്രതീക്ഷിച്ച് കൊണ്ടാണ് സമരം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പോലീസുകാര്‍ വന്ന് നിരാഹാരം അനുഷ്ഠിക്കുന്ന വിദ്യാര്‍ഥികള്‍ കിടക്കുന്ന കട്ടിലടക്കം എടുത്തുകൊണ്ടുപോയി. സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ഞങ്ങളെ ബലം പ്രയോഗിച്ച് മാറ്റേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് തന്നത്.

പ്രിയപ്പെട്ട പോലീസുകാരേ, നിങ്ങളോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. ഞങ്ങള്‍ക്ക് നിങ്ങളെ ഭയമില്ല. 80 ദിവസമായി ഞങ്ങളിലോരോരുത്തരായി വിശപ്പിനെ മറന്ന് ഊഴമിട്ട് മരിച്ച് കൊണ്ടിരിക്കുന്നുണ്ട്. ജീവിതം ആസ്വദിക്കേണ്ട ഈ സമയങ്ങളില്‍ ഞങ്ങളിത് ചെയ്യുന്നത് വരും തലമുറകള്‍ക്ക് വേണ്ടിക്കൂടെയാണ്. പൊതുവിദ്യാഭ്യാസ വ്യവസ്ഥ ഒരു സ്മാരകശിലായായി മാറുന്നത് തടഞ്ഞേ കഴിയുള്ളൂ എന്ന് ഉത്തമബോധ്യം ഞങ്ങള്‍ക്കുള്ളിടത്തോളം ഈ സമരത്തെ തടയാന്‍ നിങ്ങളണിഞ്ഞ പടച്ചട്ടകള്‍ മതിയാകാതെ വരും. ഞങ്ങളേറ്റ് വാങ്ങുന്ന ഓരോ അടിയും നാളെ നിങ്ങള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നങ്ങളായുയരും. 

 

(കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ജേര്‍ണലിസം വിദ്യാര്‍ഥിയാണ് നിലീന)

 

*Views are personal

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍