UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാള്‍ട്ടന്‍ ടവേര്‍സ് പറയുന്നത് മരണത്തിന്‍റെ അനിശ്ചിതത്വത്തെക്കുറിച്ച്- സംവിധായകന്‍ സലില്‍ ലാല്‍ അഹമ്മദ്

Avatar

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘കാള്‍ട്ടന്‍ ടവേര്‍സി’ന്‍റെ സംവിധായകന്‍ സലില്‍ ലാല്‍ അഹമ്മദ് അഴിമുഖം പ്രതിനിധി അജിത്ത് ജി നായരുമായി സംസാരിക്കുന്നു.

കാള്‍ട്ടന്‍ ടവേര്‍സ് എന്ന പേര്
ഈ കഥ ഒരു യഥാര്‍ത്ഥ സംഭവം അടിസ്ഥാനമാക്കിയുള്ളതാണ്. അഞ്ചു വര്‍ഷം മുന്‍പ് ബാഗ്ലൂരില്‍ കാള്‍ട്ടന്‍ ടവേര്‍സ് എന്ന പേരുള്ള കോര്‍പ്പറേറ്റ് കെട്ടിടം കത്തി നശിച്ച് 9 പേര്‍ മരിച്ചിരുന്നു. അതാണ് പ്രചോദനം.  എന്‍റെ ഒരു സുഹൃത്ത് അതില്‍പെട്ട് ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ആയിരുന്നു. തീ പിടിക്കുന്ന സമയത്ത് ഞാനും അവിടെ ഉണ്ടായിരുന്നു.

മരണത്തിന് ശേഷം ഒരു വ്യക്തിയെ കണ്ടെത്താന്‍ കഴിയുമോ എന്ന ചോദ്യമാണല്ലോ ചിത്രം ഉയര്‍ത്തുന്നത്
ചെറുപ്പക്കാരനായ മകന്‍ മരിച്ചു പോകുന്ന ഒരു അച്ഛന്റെ കഥയാണിത്. മകന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഒരുപാടു  വര്‍ഷങ്ങള്‍ അവന്റെ മരണ ശേഷം കണ്ടെത്തുകയാണ്. ഒരു പുതിയ മകനെത്തന്നെ കണ്ടെത്തുകയാണ്. മരണമെന്നത്‌ ഒരു പ്രത്യേക അവസ്ഥ   മാത്രമാണ്. മകന്‍റെ വശത്ത്‌ നിന്നുള്ള ചിന്ത അച്ഛനെ മാറ്റിത്തീര്‍ക്കുകയാണ്. ഞാന്‍ ഇതിനു മുന്‍പ് രണ്ട് ഷോര്‍ട്ട് ഫിലിംസ് ചെയ്തിട്ടുണ്ട്. അതിലും മരണത്തിന്‍റെ അനിശ്ചിതത്വം സൂചിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ഈ പടം ഉള്‍പെടെയുള്ള മൂന്ന് ചിത്രങ്ങള്‍ മരണത്തിന്‍റെ ട്രിലോജിയാണ്.

മുന്‍കാല ചലച്ചിത്രാനുഭവങ്ങള്‍
ഞാന്‍ ബംഗ്ലൂരില്‍ ഐ.ടി മേഖലയില്‍ ആയിരുന്നു. പണ്ട് ഏറണാകുളത്ത്. താമസിച്ചിരുന്നപ്പോള്‍ അവിടുത്തെ ഇംഗ്ലീഷ് നാടകവേദികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ബംഗ്ലൂരില്‍ ജോലി കിട്ടിയപ്പോള്‍ കുറെയൊക്കെ വിട്ടുപോയി. പിന്നെ പത്തു വര്‍ഷം മുന്‍പ് വീണ്ടും അവിടുത്തെ സിനിമ രംഗവുമായി ഒക്കെ ബന്ധപ്പെട്ടു. പരിശീലന കളരികളില്‍ പങ്കെടുത്തു. ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു. ഇവിടുത്തെ സൈന്‍സ് ഫെസ്റ്റിവലില്‍ എന്‍റെ ഷോര്‍ട് ഫിലിമുകള്‍  പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മത്സര വിഭാഗത്തിലായിരുന്നു അത്. പൂനെയില്‍ നടന്ന ഒരു ഫെസ്റ്റിവലില്‍ നിന്നും അവാര്‍ഡ്‌ കിട്ടുകയുണ്ടായി. പിന്നെ 30 മിനിറ്റ് ഉള്ള ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു. അതിന് കല്‍ക്കത്തയില്‍ നിന്നും മികച്ച രണ്ടാമത്തെ ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡ്‌ കിട്ടി. അതു ആത്മവിശ്വാസം നല്‍കി.  അങ്ങനെ എന്‍റെ ഫുള്‍ടൈം ജോലി പാര്‍ട്ട്‌ടൈം ആക്കി. പിന്നീട് ഞാന്‍ എഴുതുന്ന തിരക്കഥകള്‍ ഒക്കെ ദേശിയ മത്സരങ്ങള്‍ക്ക് അയച്ചു കൊടുക്കാന്‍ തുടങ്ങി. ഈ പടത്തിന്റെയും തിരക്കഥ ഒരു മത്സരത്തിന്റെ രണ്ടാം റൌണ്ടിലെത്തിയതാണ്.

ലോകസിനിമയില്‍ സ്വാധീനിച്ചിട്ടുള്ള സംവിധായകര്‍
മക്മല്‍ബഫിന്റെ ഉള്‍പ്പെടെയുള്ള ഇറാനിയന്‍ സിനിമകള്‍ സ്വാധീനിച്ചിട്ടുണ്ട്. പിന്നെ കെന്‍ ലോച്ച്,മൈക്ക് ലീ തുടങ്ങിയ ബ്രിട്ടീഷ്‌ ചലച്ചിത്രകാരന്മാരും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. സാമൂഹിക യാഥാര്‍ഥ്യങ്ങളെ കുറിച്ചുള്ള സിനിമകളാണ്  ഇവരൊക്കെ ചെയ്യുന്നത്.

കാള്‍ട്ടന്‍ ടവേര്‍സിന്‍റെ തിയേറ്റര്‍ റിലീസ്
അതിനു വേണ്ടി ശ്രമിക്കുകയാണ്. ഈ സിനിമയ്ക്ക് ഒരു കൊമേര്‍ഷ്യല്‍ സാധ്യതയും കൂടിയുണ്ട്. ഇതൊരു ഡയറക്റ്റ് ഫിലിം ആണ്. ഈ സിനിമയുടെ കഥാ പശ്ചാത്തലത്തെ വളരെ വ്യത്യസ്തമായാണ് സമീപിച്ചിരിക്കുന്നത്. താരമൂല്യവും കൂടിയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു.

സ്വപ്നസിനിമ 
അങ്ങനെയൊരു സിനിമയെപ്പറ്റി ചിന്തിച്ചിട്ടില്ല. വലിയ ഒരു സെറ്റപ്പ് ഒന്നും ഇല്ലാതെ നമ്മുടെ ഒരു സിനിമ ചെയ്യാനാണ്  താത്പര്യം. സ്റ്റാറുകള്‍ ഇല്ലാതെ ചുരുങ്ങിയ ചിലവില്‍ മികച്ച ചിത്രങ്ങള്‍ ചെയ്യുകയാണ് ഉദ്ദേശ്യം.

അടുത്ത ചിത്രം 
അടുത്ത ചിത്രത്തിനായി എഴുതിയ സ്ക്രിപ്റ്റ് രണ്ടു ദേശീയ മത്സരങ്ങളില്‍ വിജയിട്ടുണ്ട്. അത് വിശാലമായി ചെയ്യണമെന്നതാണ് ഉദ്ദേശ്യം. താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ആ ചിത്രം ചെയ്യുന്നത്. അത് ഒരു  കൊമേര്‍ഷ്യല്‍ സിനിമ ആയിരിക്കും. അച്ഛനും മോളും തമ്മിലുള്ള ബന്ധമാണ് പ്രമേയം.

IFFKയില്‍ കണ്ട മികച്ച സിനിമ
‘ഡാന്‍സിംഗ് അറബ്സ്’ എന്ന ഇസ്രയേല്‍ സിനിമയാണ് കണ്ടതില്‍ ഏറ്റവും അധികം ആകര്‍ഷിച്ചത്. അടുത്ത കാലത്തിറങ്ങിയ ഇസ്രയേല്‍-പലസ്തീന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായിരുന്നു അത്. ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന്‍റെ രാഷ്ട്രീയത്തെ പുതിയ രീതിയില്‍ കാണാനാണ് ഈ ചിത്രത്തില്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്.

ഈ ചലച്ചിത്രോത്സവത്തില്‍ താങ്കള്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍
ഞാന്‍ വളരെ നാള്‍ മുതലേ IFFKയില്‍ വന്നുതുടങ്ങിയ ആളാണ്‌. അന്നത്തെ അപേക്ഷിച്ച് ഇന്ന് കാണാന്‍ വരുന്ന ചിലരുടെയെങ്കിലും മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. തിയേറ്ററിനുള്ളില്‍ കൂവല്‍, മൊബൈല്‍ ഫോണില്‍ സംസാരിക്കുക തുടങ്ങിയ പ്രവണതകള്‍ ഭാവിയില്‍ ഫെസ്റ്റിവലിന് ഗുണകരമാവില്ല. ഇന്റര്‍നാഷണല്‍തലത്തിലുള്ള ആളുകളൊക്കെ വിട്ടുനില്‍ക്കാനുള്ള സാദ്ധ്യതയിലേക്കാണ് ഇത് നയിക്കുക. അതുപോലെ സെക്സ് സീന്‍സ് ഉള്ള സിനിമകള്‍ക്ക് ആളുകള്‍ ഇടിച്ചു കയറുകയും അത്തരം രംഗങ്ങള്‍ വരുമ്പോള്‍ ഉച്ചത്തില്‍ ചിരിക്കുകയും അപശബ്ദങ്ങള്‍ ഉണ്ടാക്കുകയും കൈയടിക്കുകയുമൊക്കെ ചെയ്യുന്നു. ഇത്തരം പ്രവണതകള്‍ നല്ലതല്ല. വെളിയില്‍ പോയി മലയാളിയാണ് എന്നു പറയുന്നത് തന്നെ നാണക്കേടായിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍