UPDATES

ന്യൂസ് അപ്ഡേറ്റ്സ്

#ForabetterFB: ഞങ്ങള്‍ക്ക് പറയാനുള്ളത്

Avatar

#ForabetterFB. സ്ത്രീകള്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഓണ്‍ലൈന്‍ അധിക്ഷേപങ്ങളും ഹിംസയും വിദ്വേഷ പ്രചരണവും വര്‍ദ്ധിചിരിക്കുന്ന സാഹചര്യത്തില്‍ അതിനെതിരെ ശക്തമായ ഓണ്‍ലൈന്‍ കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നു. എന്താണ് ഈ കാമ്പയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത് എന്നു വിശദീകരിക്കുകയാണ് ഓണ്‍ലൈന്‍ ഇടത്തില്‍ തങ്ങളുടെ സ്ത്രീപക്ഷ, ഫാസിസ്റ്റ് വിരുദ്ധ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയരായ ഒരു കൂട്ടം സ്ത്രീ എഴുത്തുകാര്‍. 

നജ്മ ജോസ്
ആശയവിനിമയത്തിനുള്ള ഏറ്റവും ശക്തമായ ഒരിടമായി ഫേസ്ബുക്ക് മാറിയിട്ടുണ്ട്. പക്ഷേ അതിനെ ഓണ്‍ലൈനിൽ സംഘം ചേർന്ന് ആക്രമിക്കാനും മറ്റുമായി ചിലർ ഉപയോഗിക്കുന്നത് നിർഭാഗ്യകരമാണ്. സാമൂഹ്യപരമായും രാഷ്ട്രീയപരമായും അധികാരം ഇല്ലാത്ത പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളാണ് ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകുന്നത്. ഓണ്‍ലൈൻ ആക്രമണങ്ങൾ എന്ന് പറഞ്ഞാൽ വ്യക്തികളുടെ സ്വകാര്യത ഹനിക്കപ്പെടുന്നതും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതും ആയ ആക്രമണങ്ങൾ എന്നാണ് ഉദ്ദേശിക്കുന്നത്. വ്യക്തികളുടെ സ്വകാര്യ ജീവിതം വരെ അധിക്ഷേപിക്കപ്പെടുന്ന തരത്തിൽ ആക്രമണങ്ങൾ ഉണ്ടാകുന്നത് വളരെ ആശങ്ക ഉളവാക്കുന്ന ഒരു ഡിജിറ്റൽ അവകാശ ലംഘനമാണ്. ഇതൊക്കെക്കൊണ്ട് തന്നെ ഫേസ്ബുക്ക് പോലൊരു മാധ്യമം സുതാര്യമായതും പ്രവർത്തനനിരതമായതുമായ പോളിസികൾ തന്നെ നിർമ്മിച്ച് അവരുടെ ഉപയോക്താക്കളുടെ സ്വകാര്യതയെയും അവകാശങ്ങളെയും സംരക്ഷിക്കേണ്ടത് ആനുകാലിക രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയമാണ്.

ഇഞ്ചിപ്പെണ്ണ് ​
സമൂഹത്തിലെ ഓരോ അടരുകളിലും പുരുഷാധിപത്യം ചൂഴ്ന്നു നിൽക്കുമ്പോൾ സാങ്കേതികത, ഗവേഷണം തുടങ്ങിയവ പുരുഷകേന്ദ്രീകൃതമാകുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുക സ്വാഭാവികമായും ബുദ്ധിമുട്ടാണ്. ഇപ്പോൾ നിസ്സാരമെന്ന് തോന്നുന്ന ഗർഭനിരോധന ഗുളികയുടെ ഗവേഷണത്തിന് മാര്‍ഗരറ്റ് സാംഗർ എന്ന ഒരു സ്ത്രീ ആക്റ്റിവിസ്റ്റിന്റെ നിതാന്ത പരിശ്രമം വേണ്ടി വന്നു. ഒരു സ്ത്രീയോ ഒന്നിലധികം സ്ത്രീകളുടെയോ പരിശ്രമത്തിലൂടെയേ സാങ്കേതികതയെ സ്ത്രീപക്ഷമാക്കാൻ സാധിക്കൂ. സാങ്കേതികതയുടെ അവിശ്വസനീയമായ വളർച്ച അതിജീവനത്തിന്റെ ഓരോ ചുവടിലും നമ്മെ തൊടുമ്പോൾ അവയെല്ലാം സ്ത്രീപക്ഷമാക്കി മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ കാമ്പയിൻ അതുകൊണ്ട് തന്നെ വളരെ വിലപ്പെട്ട ഒന്നായി മാറുന്നു.

ജിന ഡിക്രൂസ് ​
ഉപയോക്താക്കൾക്ക് പരസ്പരം ആശയങ്ങൾ പങ്കുവെയ്ക്കുവാനുള്ള സ്വതന്ത്ര അവകാശവും കൂടുതൽ സുതാര്യവും അതിരുകളില്ലാത്ത ഒരു ലോകവുമാണ് ഫേസ്ബുക്ക് അവരുടെ മിഷൻ പ്രസ്താവനയിൽ വാഗ്ദാനം ചെയ്യുന്നത്. അത്തരമൊരു ദൌത്യത്തോട്‌  തരിമ്പെങ്കിലും വിശ്വാസ്യതയോ പ്രതിബദ്ധതയോ ഫേസ്ബുക്കിനുണ്ടാവണം എന്ന് വിശ്വസിക്കുന്നവർക്ക് ഒത്തു ചേർന്ന് ശബ്ദം ഉയർത്താനുള്ള ഇടമാണ്  ഈ കാമ്പയിന്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാവുന്ന ഓണ്‍ലൈൻ ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കാനും ക്രിയാത്മകമായ പരിഹാരം  കണ്ടെത്താനുമുള്ള ഒരു സംവാദ വേദിയാകും ഈ കാമ്പയിന്‍ എന്ന് കരുതുന്നു. 

ജസീല ചെറിയവളപ്പില്‍
ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമമായി ഫേസ്ബുക്ക് വളർന്നു കഴിഞ്ഞു. ഏറ്റവും കൂടുതൽ ആളുകളുടെ അഭിപ്രായരൂപീകരണത്തെ സ്വാധീനിക്കുന്ന ഒറ്റ മാധ്യമമാണ് ഫേസ്ബുക്ക്. ആത്മപ്രകാശനത്തിനും ആശയപ്രചാരണത്തിനും ഇതുപോലെ ഒരു മികച്ച ഉപാധി സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വേറെയില്ല. ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രഷർ വാൽവായി ഫേസ്ബുക്ക് മാറിയിരിക്കുന്നു. അവഗണിക്കാനാവാത്ത ഒരു ശക്തി തന്നെയാണത്. യെല്ലോ പോലുള്ള സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റുകൾ സാങ്കേതികമായി പിന്നോക്കം നിൽക്കുന്ന അല്ലെങ്കിൽ നെറ്റുലകത്തിൽ സുഹൃത്തുക്കളില്ലാത്ത ആളുകൾക്ക് പ്രാഥമികമായ അംഗത്വം പോലും നൽകാതിരിക്കുമ്പോൾ ഫേസ്ബുക്ക് അക്കാര്യത്തിലൊക്കെത്തന്നെ വിശാലമായ സൗകര്യങ്ങളും സാധ്യതകളും നൽകുന്നുണ്ട്. ദളിതർ, സ്ത്രീകൾ, പലവിധ ന്യൂനപക്ഷങ്ങൾ എന്നിവരുടെ പ്രശ്നങ്ങൾക്ക് ഇത്രയേറെ ദൃശ്യത ലഭിച്ച മറ്റൊരു മാധ്യമമില്ല. അതിനാൽ തന്നെ ഈ മാധ്യമത്തെ തള്ളിക്കളഞ്ഞ് മറ്റൊന്നിലേക്ക് ചേക്കേറുക എന്ന ചില കോണുകളിൽ നിന്നുയർന്ന ആഹ്വാനങ്ങളെ ചെവിക്കൊള്ളാനാവില്ല തന്നെ.

അതോടൊപ്പം, ഹിന്ദുത്വവാദികളുടെയും വർഗ്ഗീയവാദികളുടെയും പുരുഷമേധാവിത്വവാദികളുടെയും സ്വവർഗ്ഗാനുരാഗവൈരികളുടെയും ശിശുപീഡകരുടെയും കൂട്ടുചേരൽ കൂടി ഫേസ്ബുക്ക് സാധ്യമാക്കിയിട്ടുണ്ട്. ഈ പറഞ്ഞ ഛിദ്രശക്തികളുമായി ജനാധിപത്യവാദികൾ നിരന്തരം സംവാദങ്ങളിലേർപ്പെട്ടുകൊണ്ടിരിക്കുകയാണ്. വാദങ്ങൾ പൊളിയുമ്പോഴോ കാപട്യം വെളിവാകുമ്പോഴോ ഇക്കൂട്ടർ എതിരാളിയെ ഫേസ്ബുക്കിൽ നിന്നും ഇല്ലായ്മ ചെയ്യാൻ ഹിംസാത്മകമായ മാർഗങ്ങൾ അവലംബിക്കുന്നതാണ് ഇപ്പോൾ പ്രീത ജിയുടെ കാര്യത്തിലെന്ന പോലെ പ്രശ്നമാകുന്നത്. ഹിംസയിലേക്കു നയിച്ച തർക്കം അസന്നിഹിതമാവുകയും പരാതി ഫേസ്ബുക്കിൻറെ അധികാരപരിധിയിലേക്ക് വരികയുമാണ് ഉണ്ടാകുന്നത്. എന്നാൽ ഏത് സന്ദർഭത്തിലായാലും തങ്ങൾ നൽകുന്ന ഇടം ഹിംസാത്മകമല്ലാത്തതായി നിലനിർത്താനുള്ള ഇടപെടലും പരിശ്രമവും ഫേസ്ബുക്കിൽ നിന്നുമാണ് ഉണ്ടാകേണ്ടത്. എന്നാൽ അത്തരത്തിൽ നീതി നടപ്പാക്കുന്നതിനു പകരം ആ ഹിംസകരുടെ താളത്തിനൊത്തു തുള്ളുകയും അതോടൊപ്പം തങ്ങളുടെ മാർക്കറ്റിംഗ് പോളിസി അതിനിടയിൽക്കൂടി ലാഭകരമായി നടപ്പിലാക്കുകയും ചെയ്യുക എന്ന കുതന്ത്രമാണ് ഫേസ്ബുക്ക് കൈക്കൊണ്ടിട്ടുള്ളത് എന്ന് ഇപ്പോഴുണ്ടായ സംഭവങ്ങൾ മാത്രം നിരീക്ഷിച്ചാൽ മനസിലാക്കാന്‍ സാധിക്കും.

ഫേസ്ബുക്ക് തന്ന ശൂന്യമായ സൈബറിടത്തെ ഇന്നത്തെ ഫേസ്ബുക്കാക്കി, ആളും പരസ്യവും നൽകി, സമ്പന്നമാക്കി മാറ്റിയത് ഇതിൻറെ ഉപയോക്താക്കളുടെ ശ്രമവും സമയവും പണവും ഓർമ്മകളും സമരങ്ങളും അനുഭവങ്ങളും ചർച്ചകളും കൂട്ടുകെട്ടുകളും ഫോട്ടോകളും വീഡിയോകളും ആഘോഷങ്ങളുമാണ്. അല്ലാതെ സുക്കർബർഗ് കുത്തിയിരുന്നെഴുതി നിറച്ചുണ്ടാക്കിയതല്ല ഫേസ്ബുക്ക്. അതിനാൽ തന്നെ ഇതിൻറെ ഘടനയും നിയമങ്ങളും നിർണയിച്ച, പകർപ്പവകാശം സ്വന്തമായുള്ള ഫേസ്ബുക്ക് ടീമിനോളം തന്നെ അവകാശങ്ങളും പ്രാധാന്യവും ഉള്ള വിഭാഗമാണ് ഫേസ്ബുക്ക് ഉപയോക്താക്കളും. പുത്തൻ കോളനിവത്കരണത്തിന് ശ്രമിക്കുന്നവരോട് അവർ ആരുതന്നെയായാലും പോരാട്ടം നടത്തുക എന്ന ധാർമ്മികമായ പാതയേ കൈക്കൊള്ളാനാവൂ. അതാണ് നീതിയുടെ വഴി, ശരിയുടേയും.

പ്രീത ജി പി 
നിലനിൽക്കുന്ന ഏതു ഇടത്തിൽ നിന്നും അതിന്റെ നിലപാടുകളോട് നമുക്ക് സമരം പ്രഖ്യാപിക്കാം. ഫേസ്ബുക്ക്‌ ഉപയോഗിച്ച് ഫേസ്ബുക്കിന് എതിരെ യുദ്ധം ചെയ്യുന്നു എന്ന് ചിലര്‍ പരിഹസിക്കുന്നു. നമ്മള്‍ അത് ഉപയോഗിക്കുന്നു എന്നിടത്തു തന്നെയാണ് നമുക്ക് അതിന്റെ നിലപാടുകളെ ചോദ്യം ചെയ്യാന്‍ ഉള്ള അവകാശം ഉള്ളത്. എല്ലാ കലഹങ്ങളും എക്കാലത്തും പെട്ടെന്നുള്ള ഒരു മാറ്റത്തിന് മാത്രം ആണോ? അതിനു കാരണമായ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ തന്നെയാണ് ആദ്യഘട്ട വിജയം എന്നത്. ഫേസ്ബുക്കിന്റെ റിയല്‍ നെയിം പോളിസി കേവലം നിഷ്കളങ്കം അല്ല എന്ന ചര്‍ച്ചകള്‍ ഒക്കെ കേവലം പ്രയോജനരഹിതം എന്ന് വിലയിരുത്താന്‍ കഴിയുമോ?

ഈ വിഷയത്തില്‍ ഫേസ്ബുക്കുമായി നടത്തിയ ചര്‍ച്ചയില്‍, ഫേസ്ബുക്കിന്റെ ഇന്ത്യന്‍ പ്രതിനിധി ചോദിച്ചത്, ജാതിപ്പേര് വച്ചാല്‍ എന്താണ് കുഴപ്പം എന്നാണ്. ആറു മാസം മുമ്പ് എന്റെ ID വേരിഫൈ ചെയ്തു പ്രീത ജി എന്നുതന്ന ഫേസ് ബുക്ക്‌ ഇപ്പോള്‍ അത് അനുവദിക്കാതിരുന്നത് കേവലമായ റിയല്‍ നെയിം പോളിസി അല്ല എന്നതിന്റെ തെളിവാണ് ജാതിപ്പേര് വച്ചാല്‍ എന്താണ് കുഴപ്പം എന്ന ഫേസ്ബുക്ക്‌ ഇന്ത്യന്‍ വക്താവിന്റെ  ചോദ്യം.

പാട്രിയാര്‍ക്കി മൂര്‍ദ്ധന്യാവസ്ഥയില്‍ നിലനില്‍ക്കുന്ന എല്ലാ സമൂഹങ്ങളിലും സാമൂഹിക നീതിയില്‍ പലപ്പോഴും സ്ത്രീവിരുദ്ധമായ കൈകടത്തല്‍ ഉണ്ടാകും. ഫേസ്ബുക്കിന്റെ നടത്തിപ്പുകൾ സ്ത്രീവിരുദ്ധം ആണ് എന്ന് പറഞ്ഞവരെ അൽഗോരിതം സ്ത്രീവിരുദ്ധമോ എന്നൊക്കെ പരിഹസിക്കുന്ന ചിലര്‍ക്ക് ഉപരിപ്ലവമായി അല്ലാതെ ആ വിഷയത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്നം.

എന്നെക്കാള്‍ നന്നായോ എന്നേക്കാള്‍ രൂക്ഷമായോ പ്രതികരിക്കുന്ന പ്രൊഫൈലുകൾ ഉണ്ടെന്നിരിക്കേ എനിക്ക് നേരെ ഉള്ള ആക്രമണം ഞാൻ സ്ത്രീ ആയതു കൊണ്ട് മാത്രമാണ്.  അപ്പോൾ സ്വാഭാവികമായും എന്റെ പ്രൊഫൈൽ നേരിടുന്നത് പാട്രിയാര്‍ക്കിയുടെ അസഹിഷ്ണുതയാണ്. ഫേസ്ബുക്ക് ഒരു പരിശോധനയും ഇല്ലാതെ എന്നെ ബ്ലോക്ക്‌ ചെയ്യുമ്പോൾ അത് ആ സിസ്റ്റത്തെ സഹായിക്കലാണ്. ഇത്തരം സമൂഹത്തിൽ നീതി എന്നത് അവരുടെ നിയമത്തിന്റെ ഭാഗം ആകാത്തിടത്തോളം കാലം അത് ആധിപത്യ അജണ്ടകള്‍ക്ക് സഹായകരമാകുകയും ചെയ്യുന്നു. അതേസമയം എന്റെ പേരില്‍ ഉണ്ടാക്കിയ ഹേറ്റ് പേജ് എന്നെ ഇന്‍സള്‍ട്ട് ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ച് ഞാൻ ഫേസ്ബുക്കിന് റിപ്പോർട്ട്‌ ചെയ്തു. അവർ പറയുന്നു അത് അവരുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരല്ല എന്ന്. അവിടെ സൂക്ഷ്മമായ ഒരു പരിശോധനയ്ക്ക് തയ്യാറാകാതെ വീണ്ടും ഫേസ്ബുക്ക്‌ അധിപത്യ അജണ്ടയെ സഹായിക്കുന്നു.

പിന്നീടു നടന്ന ചർച്ചകളിൽ ഫേസ്ബുക്ക്‌ സ്ത്രീവിരുദ്ധം അല്ല എന്ന് തെളിയിക്കാൻ നടന്ന കൂട്ട ID ബ്ലോക്ക്‌ ഉള്‍പ്പടെ എല്ലാം സ്ത്രീവിരുദ്ധ അജണ്ട തന്നെ. അതിൽ സ്ത്രീകളെ സഹായിക്കാൻ എത്തിയ പുരുഷന്മാരെ വരെ ബ്ലോക്ക്‌ ചെയ്തതും ഈ അധിപത്യ അജണ്ടയുടെ ഭാഗം ആയി തന്നെ വിലയിരുത്തേണ്ടി വരും. പുരുഷാധിപത്യം എങ്ങനെയാണ് പുരുഷന് കൂടി ദോഷകരമാകുന്നത് എന്ന് ഇത് കാണിച്ചുതരുന്നു.

കുഞ്ഞില മസ്സിലാമണി
​മൂന്നാം ലോകരാജ്യങ്ങളിലെ സ്ത്രീകളുടെ ഫേസ്ബുക്കിന് അത് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുകയും അവരുടെ പ്രശ്നങ്ങളെ അവരുടെ തന്നെ ഭാഷകളിൽ അഭിസംബോധന ചെയ്യാനും ഫേസ്ബുക്ക് തയ്യാറാകേണ്ടതുണ്ട്. ഒരു ഫാസിസ്റ്റ് ഭരണാധികാരത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് ഫ്രീഡം ഓഫ് സ്പീച്ച് നിരാകരിക്കുക എന്നത് അതേ ഫാസിസത്തോടൊപ്പം നില്‍ക്കലാണ്. സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റിയോ പ്രധാനമന്ത്രിയെപ്പറ്റിയോ പോസ്റ്റുകൾ പാടില്ല എന്ന അലിഖിത നിയമം ഒരു സോഷ്യൽ മീഡിയ മുന്നോട്ട് വയ്ക്കുമ്പോൾ അത് ശക്തമായിത്തന്നെ ചോദ്യം ചെയ്യേണ്ടതുണ്ട്. അതിലേക്ക് വേണ്ടുന്ന ആദ്യ പടിയാണ് ഈ കാമ്പയിന്‍. 

മായാ ലീല
​ഡിജിറ്റല്‍ ലോകത്തും യഥാർത്ഥ സമൂഹത്തിലെ പോലെ തന്നെ ജനാധിപത്യം ഉറപ്പാക്കേണ്ടതുണ്ട്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ പെരുമാറ്റങ്ങള്‍ സോഷ്യല്‍ മീഡിയയിലും തുടരുക എന്നത് അസഹനീയമാണ്. സമൂഹത്തില്‍ ഉള്ള ഓരോ വ്യക്തിയിലേക്കും കടന്നു ചെല്ലാന്‍ ബുദ്ധിമുട്ടുണ്ട്, പക്ഷേ സോഷ്യല്‍ മീഡിയയില്‍ അതില്ല. ഒട്ടനവധി ആള്‍ക്കാരെ നമ്മുടെ നിലപാടുകള്‍ അറിയിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ഈ മാധ്യമം ഒരു പുരോഗമനപരമായ വീക്ഷണത്തിലൂടെ മുന്നോട്ടു പോകാനും അതുവഴി സമൂഹത്തിലെ തന്നെ കാഴ്ചപ്പാടുകള്‍ മാറ്റാനും സാധിക്കും എന്ന് വിശ്വസിക്കുന്നു. ഫേസ്ബുക്ക് അവരുടെ കുത്സിത താത്പര്യങ്ങൾ പ്രകാരം ശരിയായ പേരുകൾ വയ്ക്കാൻ ഉപഭോക്താവിനെ നിർബന്ധിക്കുകയും വ്യക്തികളുടെ വിവരങ്ങളും മറ്റും അവർക്ക് അപ്‌ലോഡ്‌ ചെയ്തു കൊടുക്കണം എന്നും തിട്ടൂരം ഇറക്കുന്നതിന് വഴങ്ങിക്കൊടുക്കാൻ ആവില്ല. അധിക്ഷേപിക്കപ്പെടുന്ന വ്യക്തികൾക്ക്, ആക്രമിക്കപ്പെടുന്ന ഇരകൾക്ക് നീതി ലഭിക്കണം, അതിനുള്ള ബാധ്യത ഫേസ്ബുക്ക് എന്ന സ്ഥാപനത്തിനുണ്ട്. അവരതിൽനിന്നും ഒഴിഞ്ഞുമാറി നിൽക്കുകയും ഉത്തരവാദിത്തങ്ങളിൽനിന്ന് ഉഴപ്പുകയും ചെയ്യുകയാണ്. മലയാളമോ തമിഴോ ഒക്കെ പേജുകളിൽ വന്നാൽ അതിലെ ശരികേടുകൾ തിരിച്ചറിയാൻ ഫേസ്ബുക്ക് വലിയ തോതിലാണ് പരാജയപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു സ്ത്രീയെ ‘വെടി’ എന്നും ‘ശിഖണ്ഡി’ എന്നും വിളിച്ചാൽ പോലും അതിലെ പിശക് ഒന്നോ രണ്ടോ തവണ റിപ്പോര്‍ട്ട് ചെയ്തപ്പോൾ ഫേസ്ബുക്കിന് മനസ്സിലായില്ല. ആളുകള്‍ കൂട്ടം കൂട്ടമായി റിപ്പോർട്ട് ചെയ്തപ്പോൾ അതിന്റെ എണ്ണം നോക്കി മാത്രമാണ് പിന്നീട് നടപടികൾ ഉണ്ടായത്. ഇതൊക്കെ അങ്ങേയറ്റം ക്രിമിനൽ പ്രവർത്തികൾ വളർത്താൻ ഉപയോഗിക്കുന്നതരം അവസരങ്ങളാണ്. സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയ്ക്ക് ഫേസ്ബുക്ക് അവരുടെ പോളിസികൾ ഉപയോഗിച്ച് വളമിട്ടു കൊടുക്കുന്നു. സമൂഹത്തിന്റെ കീഴാളവിരുദ്ധതയ്ക്ക്, ഫാസിസ്റ്റ്‌ ആൾക്കൂട്ട നടപടികൾക്ക് ഫേസ്ബുക്ക് വഴിയൊരുക്കുന്നു. ഇതിനെയെല്ലാം ചെറുക്കാനും, ഇതിനെയെല്ലാം കുറിച്ചൊരു അവബോധം ആളുകളിൽ ഉണ്ടാക്കാനും ശ്രമിക്കുന്ന, അതിലേയ്ക്ക് ഉള്ള ഒരു ചെറിയ കാല്‍വെയ്പ്പാണ് ഈ കാമ്പയിന്‍.

അശ്വതി സേനന്‍
​പല മതത്തിലുള്ളവരും വ്യത്യസ്ത  താല്പര്യങ്ങളുള്ളവരും വിവിധ ആദർശങ്ങളിൽ വിശ്വസിക്കുന്നവരുമായ ഉപയോക്താക്കളാണ് ഫേസ്ബുക്കിൽ ഉള്ളത്. ഇവിടെ ചർച്ചയും വാഗ്വാദവും രസക്കേടും തർക്കങ്ങളും ഒക്കെ ഉണ്ടാവുന്നു. ഓണ്‍ലൈനിലൂടെ ആശയപ്രകടനം നടത്തുന്ന പലരും ആക്രമിക്കപ്പെട്ടതും വധിക്കപ്പെട്ടതും ജയിലിൽ അകപ്പെട്ടതും ഒക്കെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മൾ  കണ്ടതാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ സ്വന്തം ഐഡന്റിറ്റി വെളിവാക്കി പല വിഷയങ്ങളിലും അഭിപ്രായം പറയാൻ പലരും മടിച്ചെന്നു വരും, പ്രത്യേകിച്ച് majoritartian ആശയങ്ങളെ മുറുകെ പിടിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന ഇടങ്ങളിൽ. അവിടെ ന്യൂപക്ഷങ്ങൾക്ക്: സ്ത്രീകളാകട്ടെ, ദളിതരാട്ടെ, ലൈംഗീക ന്യൂനപക്ഷങ്ങളാകട്ടെ, കറുത്ത വർഗക്കരാകട്ടെ, whistle blowers ആകട്ടെ അവരുടെ വാക്കുകളുടെ സത്യസന്ധതയ്ക്ക് കൊടുക്കേണ്ടി വരുന്ന വില ചെറുതാവില്ല. എല്ലാതരത്തിലും സ്റ്റേറ്റ് ആളുകളെ നിരീക്ഷണത്തിന് വിധേയരാക്കാൻ ശ്രമിക്കുമ്പോൾ, ഓണ്‍ലൈൻ സോഷ്യൽ മീഡിയ ഇടങ്ങളും അതിനായി ശാഠ്യം പിടിക്കുന്നത്‌ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അനേകലക്ഷം ആളുകളുടെ ജീവിതമുഹൂർത്തങ്ങളും, രാഷ്ട്രീയ നിലപാടുകളും, സമരരീതികളും, സാഹിത്യ ഇടപെടലുകളും ഒക്കെ ആര്‍ക്കൈവ് ചെയ്യുന്ന ഫേസ്ബുക്കിന്റെ പല നയങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഫേസ്ബുക്കിന്റെ ന്യൂനപക്ഷ സ്ത്രീവിരുദ്ധ നയങ്ങൾ ചര്‍ച്ച ചെയ്യാനും അതിനു മാറ്റം വരുത്താനുമുള്ള ഒരു ശ്രമാണ് ഈ ഓണ്‍ലൈൻ സമരം. അതിനായി ഫേസ്ബുക്ക് തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത്. കിസ്സ്‌ ഓഫ് ലവ്വും, കല്യാണ്‍ സമരവും, ജാമിയ യുനിവേഴ്സിറ്റിയിലെ പെണ്‍കുട്ടികളുടെ സാനിട്ടറി പാഡ് സമരങ്ങളുമൊക്കെ മുഖ്യധാര മാധ്യമങ്ങൾ തിരസ്കരിച്ചപ്പോൾ ഓണ്‍ലൈൻ ഇടങ്ങളാണ് അവയെ നമുക്കിടയിൽ എത്തിച്ചത്. അതിനാൽ ഇത്തരത്തിലുള്ള ഇടങ്ങളുടെ നിലനില്പ്പ് അനിവാര്യമാണ്. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍