UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാനിറ്ററി നാപ്കിനുകളുടെ നികുതി ഒഴിവാക്കണം: കോണ്‍ഗ്രസ് എംപിയുടെ പരാതി തരംഗമാകുന്നു

ഇതിനകം ഒപ്പുവച്ചത് രണ്ട് ലക്ഷത്തോളം പേര്‍

സാനിറ്ററി നാപ്കിനുകളുടെ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി സുസ്മിത ദേവ് കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കിയ പരാതി തരംഗമാകുന്നു. ഇതുവരെ രണ്ട് ലക്ഷത്തിലേറെ പേര്‍ ഈ പരാതിയില്‍ ഒപ്പുവച്ചു കഴിഞ്ഞു. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആരോഗ്യ മന്ത്രി ജെ പി നഡ്ഡ, വനിത-ശിശുസംരക്ഷണ വകുപ്പ് മന്ത്രി മനേക ഗാന്ധി എന്നിവര്‍ക്കാണ് പരാതി സമര്‍പ്പിച്ചത്.

ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് സുസ്മിത കേന്ദ്രമന്ത്രിമാര്‍ക്ക് പരാതി നല്‍കിയത്. സാനിറ്ററി നാപ്കിനുകള്‍ ആഡംബര വസ്തുക്കളല്ലാത്തതിനാല്‍ ഏകീകൃത നികുതി സംവിധാനമായ ജിഎസ്ടി ഏര്‍പ്പെടുത്തുമ്പോള്‍ നികുതി പൂര്‍ണമായി ഒഴിവാക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളെക്കൂടാതെ പാര്‍ലമെന്റ് അംഗങ്ങളും പരാതിയ്ക്ക് വന്‍ പിന്തുണയാണ് നല്‍കുന്നത്. പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി എംപി വരുണ്‍ ഗാന്ധി എന്നിവരും സാനിറ്ററി നാപ്കിനുകളുടെ ടാക്‌സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദ്, ജ്യോതിരാദിത്യ സിന്ധ്യ, പ്രതാപ് സിംഗം ബജ്വ എന്നിവരും പരാതിയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പുനരപയോഗിക്കാന്‍ കഴിയുന്നതും മണ്ണില്‍ നശിക്കുന്നതുമായ നാപ്കിനുകള്‍ വിപണിയിലിറക്കണമെന്നും സുസ്മ ആവശ്യപ്പെടുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ട പരിസ്ഥിതി, വൃത്തി ബോധവത്കരണം തന്റെ മണ്ഡലത്തില്‍ നിന്നു തന്നെ തുടങ്ങുമെന്നും സാധ്യമായ സ്ഥലങ്ങളിലെല്ലാം തന്നെ നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുമെന്നും സുസ്മിത പറഞ്ഞു. വര്‍ഷത്തില്‍ 12 മാസവും സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്ന വനിതകള്‍ നികുതി നല്‍കേണ്ടി വരും. 39 വര്‍ഷത്തോളം ഇത് തുടരേണ്ടി വരികയും ചെയ്യും. വനിതകള്‍ക്ക് അത്യന്താപേക്ഷിത വസ്തു എന്ന നിലയില്‍ ജിഎസ്ടി വരുമ്പോള്‍ സാനിറ്ററി നാപ്കിനുകളുടെ നികുതി പൂര്‍ണമായി ഒഴിവാക്കണം. ഇത് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, സ്വച്ഛഭാരത് പദ്ധതികള്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ 35.5 കോടി വനിതകളില്‍ 12 ശതമാനം പേര്‍ മാത്രമാണ് സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ 70 ശതമാനം വനിതകള്‍ക്കും സാനിറ്ററി നാപ്കിന്‍ എന്നത് ഇപ്പോഴും അപ്രാപ്യമാണ്. സാനിറ്ററി നാപ്കിനുകളുടെ അപ്രാപ്യത സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ ഹാജര്‍ കുറയ്ക്കുന്നു. തൊഴിലിടങ്ങളിലും വനിതകളുടെ സാന്നിധ്യത്തെ പ്രതികൂലമായി ഇത് ബാധിക്കുന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പരിസ്ഥിതി ബന്ധിതവും ആരോഗ്യകരവുമായ സാനിറ്ററി നാപ്കിനുകള്‍ക്ക് 100 ശതമാനം നികുതി ഒഴിവാക്കണം. ഇതോടെ സാധാരണക്കാര്‍ക്ക് ഇവ പ്രാപ്യമാക്കും. ഈ രംഗത്തെ ഉത്പാദകര്‍ക്കും ഇതു ഗുണകരമാകുമെന്നും ഗ്രാമീണ വനിതകള്‍ക്ക് തൊഴില്‍ സാധ്യതയും ഉണ്ടാക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ വനിതകളുടെ നല്ലതിനു വേണ്ടി താനിതില്‍ ഒപ്പു വെക്കുന്നുവെന്നാണ് പരാതിയില്‍ ഒപ്പുവച്ചുകൊണ്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ശ്രേഷ്ഠമായ തുടക്കം എന്നാണ് ബിജെപി എംപി വരുണ്‍ ഗാന്ധി പരാതിയില്‍ ഒപ്പുവെച്ച് അഭിപ്രായപ്പെട്ടത്. www.change.org എന്ന സൈറ്റിലാണ് പരാതിയില്‍ ഒപ്പുവയ്ക്കാനുള്ള അപേക്ഷ ഫോം ഉള്ളത്. ‘ആ ദിവസങ്ങള്‍ക്ക് നികുതി വേണ്ട, ആരോഗ്യകരമായ ആര്‍ത്തവം നികുതിയില്ലാത്ത പാഡുകള്‍’ എന്നതാണ് ഈ കാമ്പെയ്‌നിന്റെ പ്രചരണ വാചകം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍