UPDATES

പബ്ലിക് ടോയ്‌ലെറ്റ്; പറഞ്ഞ വാക്കുപാലിക്കാന്‍ മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകുമോ? ഒരു തുറന്ന കത്ത്‌

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന പബ്ലിക് ടോയ്‌ലെറ്റ്;
യാഥാര്‍ത്ഥ്യമാക്കുക- #NotReadyToWaitForPublicToilets

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പിണറായി വിജയന്

സ്ത്രീകളുമായി മാത്രം ബന്ധപ്പെട്ട കാര്യം പുരുഷന്മാരോട് പറയരുത് എന്നാണ് നാട്ടുനടപ്പ്. അങ്ങ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയതിനാല്‍ തുറന്നു പറയാതെ വയ്യ. കാരണം പരിഹാരത്തിന്റെ മാന്ത്രിക വടി അങ്ങയുടെ കൈയ്യിലായതു കൊണ്ട് തന്നെ. പ്രധാനമന്ത്രി നരേന്ദ്രമോദി 500,1000 നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചു ജനങ്ങളെ വലിയ ക്യൂവില്‍ എത്തിച്ച ആദ്യ ആഴ്ച നടന്ന സംഭവമാണ്. അധ്വാനിച്ചുണ്ടാക്കിയ പൈസ ബാങ്കില്‍  നിന്നും പിന്‍വലിക്കാനായി നീണ്ട ക്യൂവിന്റെ ഒരറ്റത്ത് എന്റെ അടുത്ത സുഹൃത്തായ മുപ്പതുകാരി നിന്നു. ക്യൂ നീങ്ങി തുടങ്ങാന്‍ തന്നെ ഒരു മണിക്കൂര്‍ എടുത്തു. പിന്നെയും സമയം നീണ്ടു പോയി. മൂത്രശങ്ക കൂടി വന്നതോടെ പിന്നില്‍ നിന്നവരോട് അനുവാദം ചോദിച്ചു ടോയ്‌ലറ്റ് തിരക്കി നടന്നു വിഷമിച്ചു. ഒടുവില്‍ ഒരു വീട്ടില്‍ കയറി കാര്യം സാധിച്ചു. അങ്ങേയറ്റത്തെ വിഷമത്തോടെയാണ് അവള്‍ ഈ സംഭവം എന്നോട് പറഞ്ഞത്. അപ്പോഴാണ് തെരെഞ്ഞെടുപ്പിനു മുന്‍പ് അങ്ങ് നല്‍കിയ വാഗ്ദാനം ഓര്മ വന്നത്. അതുകൊണ്ടു തന്നെയാണ് തുറന്ന കത്ത് അങ്ങേയ്ക്കു അയക്കുന്നത്.

സ്ത്രീകളെ  ബാധിക്കുന്ന ചില അടിസ്ഥാന വിഷയങ്ങളായ പൊതു ശുചിമുറികള്‍, സ്ത്രീ സുരക്ഷ എന്നിവ തെരഞ്ഞെടുപ്പ് കാലത്ത് അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുകയും അവ ഇലക്ഷന്‍ മാനിഫെസ്‌റോയില്‍ ഉള്‍പ്പെടുത്തി അങ്ങ് ഒരു അനുകൂല അഭിപ്രായം പൊതുസമൂഹത്തിന്റെ  മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തതില്‍ ഞങ്ങള്‍ ഏറെ സന്തോഷിച്ചിരുന്നു. സ്ത്രീകളുടെ സന്തോഷ പ്രകടനം കൂടിയായിരുന്നല്ലോ ഈ സര്‍ക്കാരിന്റെ ഭൂരിപക്ഷം. ഇതേ തുടര്‍ന്ന് ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ധന മന്ത്രി ഡോ. തോമസ് ഐസക്ക് പൊതു ശുചിമുറികള്‍ക്ക് 50 കോടി വകവെച്ച് സൈബര്‍ ഇടങ്ങളിലെ പ്രചരണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുകയും ചെയ്തു.

ബജറ്റില്‍ വളരെ ശ്രദ്ധേയമായ കാര്യങ്ങളാണ് അദ്ദേഹം ഉള്‍പ്പെടുത്തിയത്. പെട്രോള്‍ പമ്പുകളിലും റസ്‌റ്റോറന്റുകളിലും പൊതു സ്ഥാപനങ്ങളിലും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുമെന്നതാണ് അവയില്‍ പ്രധാനം. കുടുംബശ്രീയുടെ മൈക്രോ സംരംഭമെന്ന നിലയിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ, സ്‌കൂളുകളില്‍ സ്ത്രീസൗഹൃദ ടോയ്‌ലെറ്റ്, സ്ത്രീക്ഷേമം ലക്ഷ്യമാക്കി പ്രത്യേക വകുപ്പ് എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ ഉള്‍പ്പെട്ട സ്ത്രീക്ഷേമത്തിനായി 91 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ ഇടങ്ങളിലെ മാധ്യമ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും പൊതുയിടങ്ങളില്‍ ശുചിമുറികള്‍ വേണമെന്ന ആവശ്യം ഉന്നയിക്കുകയും അവ അംഗീകരിക്കപ്പെടുകയും ചെയ്തതില്‍ വളരെ സന്തോഷമുണ്ട്. എന്നാല്‍ 100 ദിവസത്തെ കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടണം എന്ന ആഗ്രഹിച്ചിരുന്ന ഈ പദ്ധതി 6 മാസം കഴിഞ്ഞിട്ടും എങ്ങുമെത്താതെ ബഡ്ജറ്റിലെ പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നതില്‍ വളരെയധികം ഖേദവും കടുത്ത അമര്‍ഷവുമുണ്ട്. അങ്ങയിലും ഇടത് സര്‍ക്കാരിലും  അത്രയധികം പ്രതീക്ഷ കേരള ജനതയും ഞങ്ങള്‍ സ്ത്രീകളും അര്‍പ്പിച്ചിരുന്നു. അത് വെള്ളത്തില്‍ വരച്ച വരെയായി പോകരുത്. എല്ലാ ഭരണാധികാരികളെയും പോലെ അങ്ങും മാറരുത്.

പൊതു ഇടങ്ങളിലെ സ്ത്രീ സൌഹൃദ ടോയിലറ്റ്; പിണറായി വിജയന്‍റെ പ്രതികരണം

ഒരു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം പൊതുവിടങ്ങളില്‍ ശുചിമുറികള്‍ ഉണ്ടാക്കല്‍ മാത്രമല്ല എന്ന കാര്യം സമ്മതിക്കുന്നു. പക്ഷെ, വൃത്തിയുള്ള ശുചിമുറികളെങ്കിലും ഞങ്ങള്‍ക്ക് തരിക എന്ന സാമന്യ മര്യാദയെങ്കിലും അങ്ങയുടെ സര്‍ക്കാര്‍ കാണിക്കണം. പ്രഖ്യാപിച്ച പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഇതിനെ ഭരണകൂടം പൗരന് നല്‍കേണ്ട ദയാവായ്പ് ആയി കാണേണ്ടതില്ല, അവന്റെ അവകാശമാണ്. യാത്ര ചെയ്യാന്‍ ഭയമായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഒരു ബസ് സ്റ്റാന്‍ഡിലേയും മൂത്രപ്പുരകള്‍ ഉപയോഗയോഗ്യമല്ല. പൊതുവിടങ്ങളില്‍ ശുചിമുറികള്‍ കണികാണാനുമില്ല.

ഈയവസരത്തില്‍ ദില്ലി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ചില പദ്ധതികള്‍ അങ്ങയുടേയും ബഹുമാനപ്പെട്ട ധനമന്ത്രിയുടെയും ശ്രദ്ധയില്‍ പെട്ട് കാണും എന്ന കരുതട്ടെ. ഡല്‍ഹിയിലെ നഗരാതിര്‍ത്തികളിലെങ്കിലും യഥേഷ്ടം പൊതു ശൗചാലയങ്ങള്‍ ഉണ്ട്. മൂത്രപ്പുര അടുത്തുണ്ട് എന്ന് സൂചിപ്പിക്കും വിധം, മൂത്രപ്പുരയക്ക് സമീപ സ്ഥലങ്ങളിലെല്ലാം തന്നെ കൈചൂണ്ടി മാതൃകയിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ ബോര്‍ഡുകളും കാണാം. ഇത് കൂടാതെ ഡല്‍ഹിയിലും പ്രാന്ത പ്രദേശങ്ങളിലുമായി അര്‍ബന്‍ ഡെവലപ്‌മെന്റ് മിനിസ്ട്രി 5162 ശുചിമുറികള്‍ കണ്ടെത്തിക്കഴിഞ്ഞു. ഇതില്‍ 2300  എണ്ണം ഡല്‍ഹിയിലാണ്. ഇവയെ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഒരു ആപ്പായി ലോഞ്ച് ചെയ്യാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. പൊതു ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താവുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.

publictoilets

ഇത്രയധികം സൗകര്യങ്ങള്‍ ഒന്നുമില്ലെങ്കിലും വൃത്തിയുള്ള ഒരു മൂത്രപ്പുരയും ആര്‍ത്തവ കാലങ്ങളില്‍ സാനിറ്ററി പാഡ് മാറ്റുവാനുള്ള ഒരു മിനിമം സൗകര്യവും ലഭിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് അല്‍പ്പം ആശ്വാസം ലഭിച്ചേനെ. മൂത്രമൊഴിക്കാന്‍ നിവര്‍ത്തിയില്ലാതെ നട്ടം തിരിയുന്ന ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഏതെങ്കിലും തരത്തില്‍ അസുഖബാധിതരായവര്‍, കുഞ്ഞുങ്ങള്‍ എന്നിവര്‍ക്കു സമാധാനം കിട്ടുമായിരുന്നു. അണുബാധ ഒരു കൊടിയ ഭീഷണിയായി ഞങ്ങളെയെല്ലാവരെയും പിന്തുടരുന്നുണ്ട്. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ഇപ്പോഴും ഒരു ജനത  ആവശ്യപ്പെടണം യാചിക്കണം എന്ന അവസ്ഥ ഭീകരമാണ്.

ചരിത്രത്തില്‍ ആദ്യമായി രണ്ടു സ്ത്രീകള്‍ക്ക് മന്ത്രിസഭയില്‍ ഇടം നല്‍കിയ വ്യക്തിയാണ് അങ്ങ്. അതുകൊണ്ടു സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം ഉണ്ടാകുമെന്നും ആദ്യമാസങ്ങളില്‍ കാത്തു. ഒന്നുമുണ്ടായില്ല. ഒരു ഇടത് സര്‍ക്കാരില്‍ നിന്ന് ഇതല്ല ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ക്കൊപ്പം ഞങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാവും എന്ന പ്രതീക്ഷയിലാണ്  അങ്ങയെ ഭരണത്തിലേറ്റിയത്. ഞങ്ങളുടെ പ്രതീക്ഷ തകര്‍ക്കരുത്. അങ്ങയുടെ സര്‍ക്കാരില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസവും, പ്രതീക്ഷയും അണഞ്ഞു തുടങ്ങിയിരിക്കുന്നു. അങ്ങനെയാവരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലും. അതുകൊണ്ടു നാപ്കിന്‍ എരിച്ചു കളയാവുന്ന സൗകര്യത്തോടെ ആധുനിക ടോയ്‌ലെറ്റുകള്‍ പൊതുവിടങ്ങളില്‍ എത്രയും വേഗം സ്ഥാപിക്കാന്‍ നടപടി എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ

അമല ഷഫീക്

(വിദ്യാഭ്യാസ വിചക്ഷണയാണ് ലേഖിക )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അമല ഷഫീക്ക്

അമല ഷഫീക്ക്

ഇക്കണൊമിക്‌സ്‌, മാനേജ്‌മന്റ്‌ എന്നിവയിൽ ബിരുദാനന്തര ബിരുദം. നവ എഴുത്തുകാരികളുടെ കൂട്ടായ്മയായ 'ഫ്രം ദ ഗ്രനൈറ്റ്‌ ടോപ്‌`- അടുക്കളക്കപ്പുറം- ന്റെ കോ-ഓർഡിനേറ്റർ കൂടിയാണ്. മാനേജ്‌മന്റ്‌ രംഗത്ത്‌ ക്വാളിറ്റി കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍