UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒന്നു പുറത്തിറങ്ങണമെങ്കില്‍ കാരണങ്ങള്‍ ഞാനെന്റെ നെറ്റിയില്‍ എഴുതി ഒട്ടിക്കണോ?

Avatar

രമാ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ ചെയ്യുന്ന പല കാര്യങ്ങളും നീലാഞ്ജന പോള്‍ എന്ന വിദ്യാര്‍ത്ഥിനിക്ക് അപ്രാപ്യമാകുന്നത് അവള്‍ ഇന്ത്യയിലെ ഒരു ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നു എന്നതുകൊണ്ടാണ്.

സുഹൃത്തുക്കളോടൊത്ത് വൈകി പുറത്തുപോകണമെന്ന് ആഗ്രഹിക്കുമ്പോഴോ, അര്‍ദ്ധരാത്രിവരെ പഠനത്തിനായി കാമ്പസ് ലൈബ്രറി ഉപയോഗിക്കുവാന്‍ ശ്രമിക്കുമ്പോഴോ അവള്‍ക്കതിന് കഴിയുന്നില്ല. കാരണം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വനിതാ ഹോസ്റ്റല്‍ നിയമങ്ങള്‍ അനുസരിച്ച് രാത്രി എട്ടിന് മുന്‍പ് എല്ലാ വിദ്യാര്‍ത്ഥിനികളും അവരവരുടെ മുറികളില്‍ ഉണ്ടായിരിക്കണമെന്നാണ്. 

എപ്പോഴെല്ലാം അവള്‍ പുറത്തുപോകുന്നുവോ അപ്പോഴെല്ലം ‘എങ്ങോട്ടു പോകുന്നു, കാണാന്‍ പോകുന്നയാളുടെ ഫോണ്‍ നമ്പര്‍ എത്രയാണ്, എപ്പോള്‍ തിരിച്ചുവരും’ തുടങ്ങിയ കുത്തിക്കുത്തിയുള്ള ചോദ്യശരങ്ങള്‍ വാര്‍ഡനില്‍നിന്നുമുണ്ടാകും- അവള്‍ പറയുന്നു. 

സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഒരു നഗരത്തില്‍ ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് സര്‍വകലാശാലാ അധികൃതര്‍ പറയുന്നത്.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഏര്‍പ്പെടുത്തുന്ന ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ അവളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റവും സഞ്ചാര സ്വാതന്ത്ര്യ ധ്വംസനവുമാണെന്ന് സൂചിപ്പിച്ചുകൊണ്ട് .നീലാഞ്ജന പോളും കൂട്ടുകാരും ‘തടവറകള്‍ തകര്‍ക്കുക’ എന്ന പേരില്‍ ഒരു കാമ്പയിന്‍ തന്നെ ആരംഭിച്ചിരിക്കുകയാണിപ്പോള്‍.

കഴിഞ്ഞ മാസം വിദ്യാര്‍ത്ഥികള്‍ രാത്രി വൈകി പ്രകടനവും പരാതികള്‍ കേള്‍ക്കാനായി പബ്ലിക് ഹിയറിങ്ങും ഒപ്പുശേഖരണവും ക്ലാസ്റൂം ചര്‍ച്ചകളും നടത്തിയിയിരുന്നു. തടവറകള്‍ തകര്‍ക്കുക, ഞാന്‍ ഇന്നുരാത്രി പുറത്താണ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഹോസ്റ്റല്‍ ചുമരുകളില്‍ ചുമര്‍ ചിത്രങ്ങളായി വരച്ചും അവര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.

അകാരണമായ ഈ നിശാനിയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ സ്ത്രീ സുരക്ഷയെ കുറിച്ച് പൊതു ചര്‍ച്ചയ്ക്കായി ഒരു ചോദ്യം ഉന്നയിക്കുന്നു – സ്ത്രീകളെ അകറ്റി നിര്‍ത്തിയാണോ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തേണ്ടത്?

‘എനിക്കൊന്ന് പുറത്തിറങ്ങണമെങ്കില്‍ അതിന്റെ കാര്യകാരണങ്ങള്‍ ഞനെന്റെ നെറ്റിയില്‍ എഴുതി ഒട്ടിക്കണമെന്നുണ്ടോ?’ നീലാഞ്ജന പോള്‍ പ്രകോപിതയായി ചോദിക്കുന്നു. ‘തോന്നുമ്പോഴൊക്കെ എന്റെ സുഹൃത്തുക്കളെ കാണാനും അവരോടൊത്ത് സമയം ചെലവഴിക്കാനും എന്തുകൊണ്ടെനിക്കാകുന്നില്ല? ഞാന്‍ തടവറയ്ക്കുള്ളിലാണോ?’

1800-ല്‍ അധികം ബലാത്സംഗ കേസുകള്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് നഗരം ഇപ്പോള്‍ അറിയപ്പെടുന്നത് ഇന്ത്യയുടെ റേപ്പ് ക്യാപിറ്റല്‍ എന്നാണ്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗീകാതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വര്‍ദ്ധിക്കുമ്പോഴും ഇവിടുത്തെ രാഷ്ടീയക്കാരും മതനേതാക്കളും എന്തിന് പോലീസുകാര്‍ പോലും സ്ത്രീകളുടെ വസ്ത്രധാരണത്തേയും സ്വഭാവത്തേയുമാണ് കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍, 2012-ല്‍, ഓടിക്കൊണ്ടിcpന്ന ബസ്സില്‍ യുവതി ക്രൂരമായി കൂട്ടബാലാത്സംഘത്തിനിരയായതിന് ശേഷം രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട പീഡന വിരുദ്ധ പ്രക്ഷോഭവും ഇന്ത്യയിലാകെ നടന്ന മറ്റു പ്രാദേശിക കാമ്പയ്നുകളും സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനെ തടയിടുന്നതിനെ എതിര്‍ത്തിട്ടുണ്ട്.

‘ഇന്ത്യയില്‍ ഒരു പുതു തലമുറ സ്ത്രീ മുന്നേറ്റം നാമ്പിടുന്നതാണ് നാമിപ്പോള്‍ കാണുന്നത’. സാമൂഹ്യ പ്രവര്‍ത്തകയായ കവിതാ കൃഷണന്‍ പറയുന്നു. ‘നവ സാമ്പത്തികാന്തരീക്ഷത്തില്‍ നിങ്ങളുടെ സ്ത്രീകളെ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും പറഞ്ഞയക്കുമ്പോള്‍ തന്നെ പാരമ്പര്യത്തിന്റെ പേരില്‍ അവരുടെ സ്വഭാവങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നിടത്താണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്’.

വര്‍ധിച്ചുവരുന്ന ലൈംഗീകാതിക്രമങ്ങളുടെ പ്രതികരണമെന്നോണം സ്ത്രീകള്‍ക്കുമാത്രമായൊരു സംസ്‌കാരം ഇന്ത്യയില്‍ രൂപപെട്ടിരിക്കുന്നു – സ്ത്രീകള്‍ക്കുവേണ്ടി മാത്രമുള്ള ബസ്സുകള്‍, കാബുകള്‍, യാത്രാസംഘങ്ങള്‍, മെട്രോയിലെ വനിതാ കോച്ചുകള്‍ എന്നിവ ഉദാഹരണം. പക്ഷെ, ആക്ടിവിസ്റ്റുകള്‍ ഇതിനെ തള്ളിക്കൊണ്ട്  ‘എന്തിനു ചുറ്റിക്കറങ്ങണം’ തുടങ്ങിയ ജനപ്രിയ കാമ്പയിനുകളുമായി രംഗത്ത് വരുന്നതാണ് കാണുന്നത്. ഏറെക്കുറേ പുരുഷാധിപത്യമുള്ള പൊതു ഇടങ്ങളില്‍ പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ ചുറ്റിത്തിരിഞ്ഞ് തങ്ങളുടെ ഇടങ്ങള്‍ തിരിച്ച് പിടിക്കാനാണ് ഇതാവശ്യപ്പെടുന്നത്.

‘രാത്രികളെ തിരിച്ചു പിടിക്കുക’ എന്ന ആഗോള പ്രസ്ഥാനത്തിന്റെ അലയൊലികളാണ് ഡല്‍ഹിയിലെ കാമ്പസുകളിലെ കാമ്പയിനുകളില്‍ കാണുന്നത്. ‘നഗരം സുരക്ഷിതമാകുന്നത് നേരം ഇരുട്ടിയാല്‍ പൊതു ഇടങ്ങളില്‍ നിന്ന് സ്ത്രീകളുടെ എണ്ണം കുറയ്ക്ക്മ്പോഴല്ല, മറിച്ച് കൂട്ടുമ്പോഴാണ്. എപ്പോഴാണ് അവര്‍ക്കിത് മനസ്സിലാവുക?’ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിനിയായ ഉത്സ സര്‍മിന്‍ ചോദിക്കുന്നു.

‘ഞങ്ങളെ കുഞ്ഞുങ്ങളെപ്പോലെ’ പരിചരിക്കരുത് എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി വിദ്യാര്‍ത്ഥികള്‍ ഈ മാസം ഒരു രാത്രി വൈകി നിരവധി ഹോസ്റ്റലുകളിലേക്ക് മാര്‍ച്ച് നടത്തി. അവര്‍ അവിടുത്തെ റൂള്‍ ബുക്കും ഗേറ്റിലെ ടൈം രജിസ്റ്ററുകളും കത്തിച്ചു.

‘ഞങ്ങള്‍ പുറത്തുപോകണമെന്നു പറയുമ്പോള്‍ അവര്‍ പറയും ഞങ്ങള്‍ കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുകയാണെന്ന്. ‘നിങ്ങളുടെ മകള്‍ വഴിതെറ്റിപോകും, അവള്‍ക്ക് രാത്രിനേരങ്ങളില്‍ ചുറ്റിക്കറങ്ങണമെന്ന് പറയുന്നു’ – അവര്‍ ഞങ്ങളുടെ രക്ഷിതാക്കളെ വിളിച്ചു പറയുമെന്ന് ഭീഷണിപ്പെടുത്തും.’ നീലാഞ്ജന പോള്‍ പറയുന്നു.

‘മിക്ക രക്ഷിതാക്കളും നിയന്ത്രണം ആവശ്യപ്പെടുന്നുവെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നത്. കോളേജുകളില്‍ തങ്ങളുടെ പെണ്മക്കള്‍ സുരക്ഷിതമായിരിക്കാന്‍ ഇത്തരം നിയമങ്ങള്‍ അനിവാര്യമാണെന്ന് രക്ഷിതാക്കള്‍ കരുതുന്നു. എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ അവര്‍ ഞങ്ങളോടാണ് ചോദിക്കുക.വിദ്യാര്‍ത്ഥിക്കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം വേണമെങ്കില്‍ ഞങ്ങളോട് ആവശ്യപ്പെടുന്നതിന് പകരം അവര്‍ രക്ഷിതാക്കളോട് പറയട്ടെ’. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ അറിയപ്പെടുന്ന കോളേജായ മിറാന്റാ ഹൗസിലെ പ്രിന്‍സിപ്പല്‍ പ്രതിഭാ ജോളി പറയുന്നു.

മതിലുകളില്ലാത്ത വിശാലമായ തുറന്ന കാമ്പസാണ് ഡല്‍ഹി യൂണിവേഴ്സിറ്റിയിലേത്. ‘അത്താഴത്തിന് ശേഷം നിങ്ങള്‍ക്ക് അങ്ങനെയങ്ങ് കറങ്ങി നടക്കാനൊന്നും പറ്റില്ല. വെളിച്ചമില്ലാത്ത നിരവധി പ്രദേശങ്ങളുണ്ടിവിടെ. വിദ്യാര്‍ത്ഥിനികള്‍ക്ക് ചിറകുകള്‍ നല്‍കുന്ന ഒരു വനിതാ കോളേജ് ആണ് ഞങ്ങളുടേത്. അല്ലാതെ ഇതൊരു ജയിലല്ല.’- ജോളി കൂട്ടിച്ചേര്‍ത്തു.

നഗരത്തിലെ സര്‍വ്വകലാശാലകളിലൊന്നായ ജാമിയ മില്ലിയ ഇസ്ലാമിയയില്‍ സുരക്ഷാകാരണങ്ങളാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് രാത്രി അനുവദിക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹോസ്റ്റല്‍ നിയമങ്ങള്‍ക്കെതിരെ സമരങ്ങള്‍ ആരംഭിക്കുന്നത്. പെട്ടെന്നുതന്നെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായി. കേവലം സോഷ്യല്‍ മീഡിയയില്‍ മാത്രമായി തുടങ്ങിയ പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയായിരുന്നു. നിയന്ത്രണങ്ങളുടെ സമാനകഥകളുമായി മറ്റു നഗരങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലെ പ്രക്ഷോഭകരുമായി ചേര്‍ന്നു.

കഴിഞ്ഞ ആഴ്ച്ച ഹൈദരാബാദിലെ ഉര്‍ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭം വിജയിക്കുകയും, തുടര്‍ന്ന് അവിടുത്തെ സമയ നിയന്ത്രണം വൈകീട്ട് 6:30ല്‍ നിന്നും രാത്രി 10 മണിയാക്കി മാറ്റുകയും ചെയ്തു. 

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ത്രീകള്‍ക്കുള്ള ശൗചാലയത്തിനും, സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ക്കും, കാമ്പസുകളില്‍ കൂടുതല്‍ തെരുവുവിളക്കുകള്‍ക്കും വേണ്ടി പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

‘സുരക്ഷയുടെ പേരില്‍ ഞങ്ങളുടെ സ്വാതന്ത്ര്യം എടുക്കരുത്’. ‘തടവറകള്‍ തകര്‍ക്കുക’ എന്ന ഞങ്ങളുടെ കാമ്പയിന്‍ ഇപ്പോള്‍ നടത്തുന്ന സുരക്ഷിത-കാമ്പസ് മുന്നേറ്റത്തിന്റെ ഭാഗമാണ്. കുറഞ്ഞ പക്ഷം രാത്രികളില്‍ ഞങ്ങളെ ലൈബ്രറിയെങ്കിലും ഉപയോഗിക്കാന്‍ അനുവദിക്കൂ. എന്തുകൊണ്ടാണ് ആണ്‍കുട്ടികള്‍ക്കുമാത്രം രാത്രി വൈകിയും ലൈബ്രറികള്‍ ഉപയോഗിക്കാന്‍ കഴിയുന്നത്?’ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനി അവന്തിക തിവാരി ചോദിക്കുന്നു.

വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ മടങ്ങിയെത്തേണ്ട സമയം യൂണിവേഴ്സിറ്റി മെട്രോ സ്റ്റേഷനില്‍ അവസാനത്തെ ട്രെയിനും വന്ന് 30 മിനുട്ട് നേരത്തേക്ക് നീട്ടണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

‘ഞാന്‍ ഈ നഗരത്തില്‍ പുതിയതാണ്. എനിക്കീ നഗരത്തെ കൂടുതല്‍ പരിചയപ്പെടണം. അതുകൊണ്ട് തന്നെ മടങ്ങിയെത്തേണ്ട സമയം ചുcpങ്ങിയത് 11 മണി വരെയെങ്കിലും നീട്ടിക്കിട്ടണം. മാത്രവുമല്ല, ഈ കുത്തുവാക്കുകളും ചോദ്യങ്ങളും അവസാനിപ്പിക്കണം. ഞനൊരു പ്രായപൂര്‍ത്തിയായ യുവതിയാണ്. വോട്ട് ചെയ്യാനുള്ള അവകാശം എനിക്കുണ്ട്.’ നിരഞ്ജന പോള്‍ പറയുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍