UPDATES

ആദ്യം തകര്‍ക്കേണ്ടത് വലതുപക്ഷ ശക്തികളെയാണെന്ന തിരിച്ചറിവാണ് എഎസ്എ-എസ്എഫ്ഐ സഖ്യം: ശ്രീരാഗ് പൊയ്ക്കാടന്‍ സംസാരിക്കുന്നു

അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന് പറയുന്നത് രണ്ട് വലിയ സംഘടനകളുടെ സഖ്യങ്ങള്‍ തമ്മിലുള്ള ഒരു സഖ്യമാണ്.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഇന്ന് നടക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ (എഎസ്എ) പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശ്രീരാഗ് പി (ശ്രീരാഗ് പൊയ്ക്കാടന്‍) ദളിത് രാഷ്ട്രീയം, കാമ്പസുകളിലെ ജാതീയത, വിദ്യാര്‍ത്ഥി രാഷ്ട്രീയം, സംഘപരിവാര്‍ ഫാസിസം, അതിനെതിരേയുള്ള പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കുന്നു. ഒപ്പം എസ് എഫ് ഐ- എ എസ് എ സഖ്യത്തെക്കുറിച്ചും വിശദമാക്കുന്നു.

രോഹിത് വെമുലയുടെ ആത്മാഹുതിയ്ക്ക് ശേഷം, ജാതി ഒരു പ്രശ്‌നമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് കാമ്പസില്‍ സംഭവിച്ചുകൊണ്ടിരുന്നത്. ജാതി പ്രശ്‌നവത്കരിക്കേണ്ടത് ആവശ്യകതയാണെന്നും അത് അപകടകരമായ പ്രശ്‌നമാണെന്നും എത്രയും എളുപ്പത്തില്‍ പരിഹരിക്കേണ്ടതാണെന്നുമുള്ള തിരിച്ചറിവ് കാമ്പസ് സമൂഹത്തിനും വിദ്യാര്‍ഥി സമൂഹത്തിനും മറ്റ് സര്‍വകലാശാല സമൂഹത്തിനും പൊതുസമൂഹത്തിനുമൊക്കെ ബോധ്യപ്പെട്ടു എന്നുള്ളതാണ്. അതുപോലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നു പറയപ്പെടുന്ന ഇത്തരം ഇടങ്ങളില്‍ ജാതി എത്രത്തോളം പ്രാധാന്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന തിരിച്ചറിവ് കൂടിയാണ് രോഹിത് വെമുലയുടെ മരണത്തിന് ശേഷമുണ്ടായത്.

‘രോഹിത് ദളിതനല്ല’, ‘കള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി’ തുടങ്ങിയ നുണ പ്രചരണങ്ങള്‍ പടച്ചുവിട്ടുകൊണ്ടാണ് സംഘപരിവാര്‍ അതിനെ നേരിട്ടത്. മാധ്യമ സിന്‍ഡിക്കേറ്റ് വഴിയാണ് അവര്‍ അതിന് ശ്രമിച്ചത്. പക്ഷേ അവരുടെ പ്രചാരണം കാര്യമായി വിലപ്പോയില്ല; പൂര്‍ണമായി വിജയിച്ചുമില്ല. ഈയടുത്ത് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അപ്പറാവു ഒരു തെലുങ്ക് ചാനലിന് ഇന്റര്‍വ്യൂ നല്‍കി. അതില്‍ പോളിങ് ഉണ്ടായിരുന്നു. അപ്പറാവു പറയുന്നത് നുണയാണോ സത്യമാണോ എന്ന ചോദ്യത്തിന് 65ശതമാനം ആളുകളും അയാള്‍ പറയുന്നത് നുണയാണെന്ന് തന്നെ വോട്ടു ചെയ്തു. ആളുകള്‍ ഇപ്പോഴും ഈയൊരു പ്രശ്‌നത്തെ വളരെ സത്യസന്ധമായാണ് മനസ്സിലാക്കുന്നതെന്നാണ് അതില്‍ നിന്ന് മനസിലാകുന്നത്.

വിദ്യാര്‍ഥി പ്രതിരോധം ഇത്ര ശക്തമാവാന്‍ കാരണം ദളിത് സംഘടനകളുടെ സാന്നിധ്യം ഉണ്ടായിരുന്നതുകൊണ്ടാണ്. എ.എസ്.എ. 1993ലാണ് യൂണിവേഴ്‌സിറ്റിയില്‍ സംഘടന തുടങ്ങുന്നത്. കാര്യങ്ങള്‍ ആളുകളെ പറഞ്ഞ് മനസ്സിലാക്കാന്‍ ആയത് ഇരുപത്തഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. ജാതി ഒരു പ്രശ്‌നമാണെന്നും ജാതി ഉന്മൂലനം ലക്ഷ്യമാണെന്നും തരത്തിലുള്ള മുദ്രാവാക്യങ്ങളും ചര്‍ച്ചകളും സംവാദങ്ങളും ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാകത്തിലുള്ള ഒരു കാമ്പസ് കള്‍ച്ചര്‍ ഇവിടെയുണ്ട്. കാസ്റ്റ് എന്ന ഡിസ്‌കോഴ്‌സ് ഇവിടെ നിലനില്‍ക്കുന്നുണ്ടായിരുന്നു. 2005ന് ശേഷമാണ് എസ്.എഫ്.ഐ ഇവിടെ സംഘടന തുടങ്ങുന്നത്. അതിന് മുമ്പ് ഇവിടുത്തെ പ്രധാന സംഘടന എ.എസ്.എയാണ്.

വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ രാജ്യമെമ്പാടും
വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ പലയിടത്തും ആശാവഹമാണ്. എല്ലാവരുടേയും ലക്ഷ്യം ജനാധിപത്യം പുനഃസ്ഥാപിക്കുകയെന്നതാണ്. വിദ്യാര്‍ഥികളാണ് എല്ലാക്കാലത്തും ഓരോ രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷം നിര്‍ണയിച്ചിട്ടുള്ളത്. അത്തരത്തില്‍ കരുത്തുള്ള ഒരു മുന്നേറ്റം രാജ്യത്തിനകത്ത് സംഭവിക്കുന്നുണ്ട്. അത് ഇനിയും സംഭവിക്കുക തന്നെ ചെയ്യും. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) ആണെങ്കിലും ഡല്‍ഹി യൂണിവേഴ്‌സിറ്റി ആണെങ്കിലും അത് വേര്‍തിരിച്ച് പറയാനാവില്ല. വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുക എന്നത് ഫാസിസപ്രക്രിയകളുടെ ഭാഗമാണ്. ഫാസിസം അതിന്റെ എല്ലാ ശക്തിയുമപയോഗിച്ച് ഏറ്റവും കൂടുതല്‍ ചിന്തിക്കുന്ന സമൂഹത്തെ ഒതുക്കുകയും, ഇല്ലായ്മ ചെയ്യുകയും തളയ്ക്കുകയും ചര്‍ച്ചകള്‍ നടക്കുന്ന ഇടങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. ഇങ്ങനെയെല്ലാം ചെയ്തായിരിക്കും ഫാസിസം അതിന്റെ ആദ്യപടി രൂപപ്പെടുത്തുക. വിദ്യാര്‍ഥി സംഘടനകള്‍ പ്രതിരോധം തീര്‍ക്കുന്നില്ലെങ്കില്‍ ഫാസിസം അതിന്റെ പൂര്‍ണ രീതിയിലുള്ള പ്രവര്‍ത്തനം തുടങ്ങും.

"</p

‘രോഹിത് വെമുല’ സമരത്തില്‍ ഏതാണ്ടു മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തിട്ടുണ്ട്. വലതുപക്ഷ വിദ്യാര്‍ഥികള്‍ സ്വാഭാവികമായിട്ടും ഇത്തരം പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യാന്‍ തയ്യാറാവുന്നുമില്ല. ഇന്ത്യയുടെ കാമ്പസുകളില്‍ ജാതി ഒരു പ്രധാന ചര്‍ച്ചയായതിന്റെ ഭാഗം കൂടിയാണ് ഈയൊരു രാഷ്ട്രീയ വികാസമുണ്ടാകുന്നത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് 2014ല്‍ ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ് അസോസിയേഷന്‍ (ബാപ്‌സ) ജെഎന്‍യുവില്‍ ഉണ്ടാവുന്നതും. ജെഎന്‍യു വില്‍ ബാപ്‌സ പുതിയൊരു സംഘടനയായിരുന്നു. ഇന്ത്യയിലെ ആകെ ദളിത് രാഷ്ട്രീയത്തിന്റെ വികാസം നോക്കിയാല്‍ ബാപ്‌സ പുതിയ സംഘടനയല്ല. ബാപ്‌സ ഇന്ന് നേരിടുന്ന അവസ്ഥയെ മറികടന്ന സംഘടനയാണ് ബഹുജന്‍ ദളിത് വിദ്യാര്‍ഥികളുടെ പിന്തുണയോടെ, ഇടതിന്റേയോ വലതിന്റേയോ പിന്തുണയില്ലാതേ എ.എസ്.എയുടെ നേതൃത്വത്തിലുള്ള യു.ഡി.എ സഖ്യം 2014ല്‍ അധികാരത്തില്‍ വന്ന കാമ്പസ് കൂടിയാണ് ഹൈദരബാദ്. ആ ഒരു ഘട്ടം കഴിഞ്ഞ് പുതിയൊരു രാഷ്ട്രീയ വികാസം എങ്ങനെയായിരിക്കണമെന്നതിന്റെ ചര്‍ച്ചയിലാണ് ഞങ്ങള്‍. അത്തരം അന്വേഷണത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ സഖ്യം.

ജിഗ്നേഷ് മേവാനിയാണെങ്കിലും കനയ്യ കുമാറും ഉമര്‍ ഖാലിദുമാണെങ്കിലും യുവാക്കള്‍ മുന്നേറ്റങ്ങളിലൂടെ വരുന്നത് വളരെ പ്രതീക്ഷയുള്ള കാര്യമാണ്. യുവാക്കളാണ് എല്ലാം ഏറ്റെടുക്കേണ്ടതും രാഷ്ട്രത്തെ നയിക്കേണ്ടതും. പ്രത്യേകിച്ച് ഫാസിസ്റ്റ് കാലഘട്ടത്തില്‍.

സഖ്യവും വിജയസാധ്യതയും
സംഘടനകള്‍ ഒരുമിച്ച് വരുമ്പോള്‍ തന്നെ വിജയസാധ്യത വളരെ കൂടുതലാണ്. മറുവശത്ത് എബിവിപിയും മറ്റൊരു സംഘടനയുമായി സഖ്യമുണ്ടാക്കുന്നു. ഇപ്പുറത്ത് എട്ട് സംഘടനകള്‍ ഒന്നിച്ച് നില്‍ക്കുന്നു. എന്‍.എസ്.യു.ഐ ഒറ്റയ്ക്ക് മത്സരിക്കുന്നു. വിജയ സാധ്യതയുണ്ടെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പൊതുവില്‍ ഒരു വലതുപക്ഷ തരംഗം കാമ്പസില്‍ ഉണ്ട്. ബിജെപി ഭരിക്കുന്ന രാജ്യത്ത് ഒരു വിഭാഗമെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യുമെന്നത് പോലെ ഒരു ചെറിയ വിഭാഗം ആളുകള്‍ എബിവിപിയെ സംഘടിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും വിദ്യാര്‍ഥികള്‍ക്ക് ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തോട് പൊതുവില്‍ താത്പര്യമുണ്ട്.

വാസ്തവത്തില്‍ ഇപ്പോഴത്തെ സഖ്യം എസ്എഫ്‌ഐ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ഥി സംഘടനകളുടെയും കൂടി ആവശ്യമായിരുന്നു. ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്ന അവസ്ഥയില്‍ കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും അതിന് എഎസ്എ പോലുള്ള ഒരു വലിയ സംഘടനയുടേയും കൂടി ആവശ്യമുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് സഖ്യമുണ്ടാവുന്നത്. ഇതിനെ പലതരത്തില്‍ കാണേണ്ടതുണ്ട്. ഒന്ന്, വലതുപക്ഷ നയങ്ങള്‍ക്കെതിരെ, വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരേ രാജ്യത്തൊട്ടാകെ ചെറുതും വലുതുമായ പോരാട്ടങ്ങള്‍ നടക്കുന്നു. രണ്ട്, കാമ്പസിനകത്ത് ബിജെപി നിയന്ത്രിക്കുന്ന വി.സി. അപ്പാറാവു വലതുപക്ഷ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. മൂന്ന്, എ.എസ്.എ എന്ന സംഘടന രണ്ട് വര്‍ഷത്തോളമായി ബിജെപിയുമായി നേര്‍ക്കുനേര്‍ പോരാടുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഈ തിരഞ്ഞെടുപ്പിനേയും സഖ്യത്തേയും കാണേണ്ടത്. ഈ അവസ്ഥയില്‍ ഒരു കൂട്ടായ പ്രവര്‍ത്തനം, വിയോജിപ്പുകളോടുകൂടിയുള്ള യോജിപ്പ് ആണ് ആവശ്യം. ഇത് ഒരു രാഷ്ട്രീയ വികാസത്തിന്റെ, പക്വതയുടെ ഭാഗമാണ്.

പ്രധാനപ്പെട്ട പ്രശ്‌നം എന്നുപറഞ്ഞാല്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ശക്തികള്‍ ഒരു വശത്ത് നില്‍ക്കുമ്പോള്‍, ആ രാഷ്ട്രീയ കക്ഷിയെ തോല്‍പ്പിക്കാന്‍ പ്രത്യയശാസ്ത്രപരമായ തര്‍ക്കങ്ങള്‍ തത്കാലത്തേക്ക് മാറ്റിവക്കുകയാണ്. ആദ്യം നമ്മള്‍ തകര്‍ക്കേണ്ടത് വലതുപക്ഷ ശക്തികളെയാണെന്ന തിരിച്ചറിവിന്റെ കൂടി ഭാഗമാണ് സഖ്യം. ആ തിരിച്ചറിവ് നേടിയെടുത്ത രണ്ട് പ്രസ്ഥാനങ്ങളുടെ യോജിപ്പാണ് ഇത്. ഒപ്പംതന്നെ ചെറുതും വലുതുമായ ദളിത്, ബഹുജന സംഘടനകളും മുസ്ലിം സംഘടനകളും സഖ്യത്തിന്റെ ഭാഗമാണ്.

രോഹിത് വെമുലമാര്‍ക്കായുള്ള പോരാട്ടം
രോഹിത് വെമുലയ്ക്ക് നീതി ലഭിക്കാനായുള്ള പോരാട്ടത്തില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകളും വിദ്യാര്‍ഥികളും ഒത്തുചേര്‍ന്നിരുന്നു. ഇനി രോഹിത് ആക്ട് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങുകയെന്നതാണ് മുന്നിലുള്ള പ്രധാന ലക്ഷ്യം. ഇന്ത്യയിലെ കാമ്പസുകളില്‍ പഠിക്കാനെത്തുന്ന ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങളും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലേയും മറ്റ് സര്‍വകലാശാലകളിലേയും വിദ്യാര്‍ഥികള്‍ ചര്‍ച്ച ചെയ്ത് ഉണ്ടാക്കേണ്ടതാണ് ഈ ആക്ട്. വര്‍ഗീയ ശക്തികളെ ചെറുക്കുകയും വെല്‍ഫെയര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതും സഖ്യത്തിന്റെ അജണ്ടയാണ്.

പാനലിനെക്കുറിച്ച് പറയുകയാണെങ്കില്‍ ദളിതര്‍, ആദിവാസികള്‍, മുസ്ലീം വിഭാഗങ്ങളാണ് മത്സരിക്കുന്നവരെല്ലാവരും. അത് ഇത്തരം പ്രശ്‌നങ്ങളെ നേരിടുന്നതിനും പരിഹാരം കാണുന്നതിനും സഹായിക്കുമെന്നാണ് കരുതുന്നത്.

എസ്‌ഐഒയും ഇടര്‍ച്ചയും
വാസ്തവത്തില്‍ ഇത് രണ്ട് സഖ്യങ്ങള്‍ തമ്മിലുള്ള വലിയ ഒരു സഖ്യമാണിത്. അതുകൊണ്ടാണ് ഒരു സംഘടനയുടേയും പേര് വയ്ക്കാത്തത്. അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന് പറയുന്നത് രണ്ട് വലിയ സംഘടനകളുടെ സഖ്യങ്ങള്‍ തമ്മിലുള്ള ഒരു സഖ്യമാണ്. സഖ്യമെന്ന് പറയുമ്പോള്‍ തന്നെ ഐഡിയോളജിയെ അടിയറ വയ്ക്കുകയോ, അതില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യുകയെന്നല്ല. വ്യത്യസ്തതകള്‍ ഉള്ളപ്പോള്‍ തന്നെ ഒരു പൊതു പ്രശ്‌നത്തെ നേരിടാനുള്ളതായിരിക്കുമത്. വലിയ ലക്ഷ്യം മുന്നോട്ട് വച്ചിട്ടുള്ള സഖ്യമായതുകൊണ്ട് തന്നെ ഐഡിയോളജിക്കല്‍ ആയ പ്രശ്‌നങ്ങള്‍ പരസ്പരമുണ്ടാകാം. പക്ഷെ അതല്ല പ്രധാന പ്രശ്‌നം എന്നാണ് മനസിലാക്കേണ്ടത്. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതും അതല്ല. അത്തരം ചര്‍ച്ചകളില്‍ മുഴുകിപ്പോവുന്നതുകൊണ്ടാണ് വലതു ശക്തികള്‍ കൂടുതല്‍ കരുത്ത് പ്രാപിക്കുന്നത്. എത്രത്തോളം അംബേദ്‌കറൈറ്റാണ്, എത്രത്തോളം മാര്‍ക്‌സിസ്റ്റാണ്, അല്ലെങ്കില്‍ ഇസ്ലാമിക വിരുദ്ധരാണ്, മതമൗലിക വാദികളാണ് നിങ്ങള്‍ എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ വരികയും നമ്മള്‍ അതില്‍ മുഴുകിപ്പോവുകയും ചെയ്യുകയാണ്. സ്വാഭാവികമായിട്ടും ഒരു സഖ്യമാവുമ്പോള്‍ ചേര്‍ച്ചകളും ചേരായ്മകളുമെല്ലാം വരും. ഇക്കാര്യത്തില്‍ എഎസ്എയും എസ്എഫ്ഐയും വളരെ കൃത്യമായ നിലപാടെടുത്തിട്ടുണ്ട്.

"</p

ഇല്ലായ്മ ചെയ്യുന്നതിന് പുതുവഴികള്‍
എബിവിപിയും അതിന്റെ മാതൃസംഘടനയായ ബിജെപിയും മുന്നോട്ട് വക്കുന്ന അഖണ്ഡഭാരത രാഷ്ട്രീയവും ഹിന്ദു രാഷ്ട്രമെന്ന സങ്കല്‍പ്പവുമെല്ലാം കൃത്യമായി പരിശോധിക്കുകയും ചര്‍ച്ച ചെയ്യുകയും വേണം. വളരെ സങ്കീര്‍ണമായ ഒരു പ്രശ്‌നമാണത്. ഹിന്ദൂയിസത്തേയും ബ്രാഹ്മണിസത്തേയും വളരെ കൃത്യമായി വേര്‍തിരിക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അതിന്റെ ആവശ്യം വരുന്നത് ഈ പോസ്റ്റ് മോഡേണ്‍ കാപ്പിറ്റലിസ്റ്റ് കാലഘട്ടത്തിലാണ്. ഈ കാലത്തെ ഹിന്ദൂയിസത്തിന്റെ രൂപം എങ്ങനെയാണെന്ന് കണ്ടെത്തേണ്ടതുണ്ട്. അതിന്റെ പ്രവര്‍ത്തന രീതികള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. നമ്മള്‍ ഇപ്പോഴും മുസഫര്‍നഗറിലേത് പോലെ ഒരു കലാപമാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ കാപ്പിറ്റലിസ്റ്റ് ബ്രാഹ്മണിക്കല്‍ കാലഘട്ടത്തില്‍ ഇനി ഒരുപക്ഷേ അത്തരം കലാപങ്ങളായിരിക്കില്ല വരിക. പകരം ഡീമോണിറ്റൈസേഷന്‍ പോലുള്ള മൊത്തത്തില്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന പോലുള്ള നീക്കങ്ങളായിരിക്കും. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഒടുവിലുത്തെ യു.ജി.സി ഗസറ്റ്. ഗൈഡ്ഷിപ്പിന്റെ എണ്ണം കുറയ്ക്കുക എന്നാണ് ഗസറ്റ്. പക്ഷെ അതുവഴി സീറ്റ് വെട്ടിയ്ക്കുറക്കുക എന്നത് തന്നെയാണ് ഉദ്ദേശിക്കുന്നത്. അതിന്റെ അര്‍ഥമെന്ന് പറഞ്ഞാല്‍ രാജ്യത്ത് സ്വകാര്യ യൂണിവേവ്‌സിറ്റികള്‍ ഉണ്ടാവാന്‍ പോവുകയാണെന്നതാണ്. പൊതുവിദ്യാഭ്യാസം തകര്‍ക്കുക, കുത്തക മുതലാളിമാരെ പ്രോത്സാഹിപ്പിക്കുക തുടങ്ങി വളരെ സങ്കീര്‍ണമായ ഒരു രൂപമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വലിയ കലാപങ്ങള്‍ ഉണ്ടാവില്ല എന്നല്ല. പക്ഷെ അവര്‍ അതിന്റെ ഫോര്‍മാറ്റ് മാറ്റിയെന്നതാണ്.

അതിനെ എങ്ങനെ എതിര്‍ക്കും? ആ അന്വേഷണത്തിന്റെയും ഭാഗമാണ് ഇവിടുത്തെ സഖ്യം. അതിനുള്ള ആദ്യപടി എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുള്ളവര്‍ ഒരു പ്ലാറ്റ്‌ഫോമില്‍ വരികയും ഈയൊരു കാര്യം ചര്‍ച്ച ചെയ്യുകയും, ഇനി എന്ത് എന്ന് ആലോചിക്കുകയും ചെയ്യുന്ന ഒരു അവസ്ഥകൂടിയാണ് ഈ സഖ്യം.

കാമ്പസുകള്‍ക്ക് മാതൃകയാവുമോ സഖ്യം
ഇവിടെയുണ്ടായിരിക്കുന്ന സഖ്യം വരുംകാലങ്ങളില്‍ ഒരു മാതൃകയായിരിക്കുമെന്നതില്‍ സംശയമില്ല. അങ്ങനെയുണ്ടാവുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തിന്റെ ആവശ്യംകൂടിയാണ്. പല തുരുത്തുകളിലായി നിന്നിട്ട് കാര്യമില്ല. ഓരോ കാമ്പസിന്റെയും രാഷ്ട്രീയ അന്തരീക്ഷം വിലയിരുത്തിയാണ് ഇത് മറ്റ് കാമ്പസുകളിലേക്ക് സ്വീകരിക്കപ്പെടുമോ എന്നാലോചിക്കേണ്ടത്. ജെഎന്‍യുവിലെ കാമ്പസില്‍ ബാപ്‌സയെടുക്കുന്ന നിലപാടായിരിക്കാം അവര്‍ക്ക് അവരുടെ രാഷ്ട്രീയം സംസാരിക്കാന്‍ നല്ലത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എന്‍.എസ്.യു.ഐ വന്നു. അവിടെയും പുതിയ ചര്‍ച്ചകളും ചോദ്യങ്ങളും ഉണ്ടായി വരുന്നുണ്ട്. ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം ദളിത്, ബഹുജന്‍ മുന്നേറ്റങ്ങളുടെ ഒരു ഹബ്ബാണ് അത്. ദളിത് സംഘടനകള്‍ ഇത്ര ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സര്‍വകലാശാലയും ഇന്ന് ഇന്ത്യയിലില്ല.

സാഹചര്യങ്ങള്‍ക്കനുസരിച്ച് പക്വമായ തീരുമാനം വേണം
രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പക്വമായ തീരുമാനങ്ങളെടുക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ക്കാവണം. എങ്കില്‍ മാത്രമേ വലതുപക്ഷ ശക്തികളെ ചെറുത്ത് തോല്‍പ്പിക്കാനാവൂ. അംബേദ്കര്‍ മുന്നോട്ട് വച്ചിട്ടുള്ളത് മൂന്ന് തത്വങ്ങളാണ്. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം. ഈ മൂന്നിലും വിശ്വസിക്കുന്ന സംഘടനകളെല്ലാം ഒത്തുചേര്‍ന്ന് ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ ശക്തികളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കണം. ഇപ്പോള്‍ സഖ്യത്തിലുള്ള സംഘടനകളൊന്നും ജനാധിപത്യത്തിനെതിരല്ല. ഭരണഘടന മാറ്റിയെഴുതണമെന്ന് ആവശ്യപ്പെട്ട സംഘടനയെ മാറ്റി നിര്‍ത്തേണ്ടത് മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ആവശ്യമാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ, ഇന്ത്യന്‍ ജനതയെ മനസ്സിലാക്കാത്ത ഒരു സംഘടന ഒരു കാമ്പസിലും കാലുകുത്തിക്കാന്‍ വഴിവക്കരുത്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍