UPDATES

“ഇവര്‍ ഞങ്ങളെ വഞ്ചിക്കുകയാണ്, ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്”; കേരള സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ആറാം ദിവസവും സമരത്തില്‍

സര്‍വകലാശാല അധികൃതരുടെ അശ്രദ്ധമൂലം ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യങ്ങള്‍ വരെ ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നിട്ടവര്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് വീണ്ടും പരീക്ഷയെഴുതിക്കുകയാണ് ചെയ്തത്.

അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം ആറാം ദിവസത്തിലേക്ക്. കൃത്യമായ മുന്നൊരുക്കങ്ങളും മൂല്യനിര്‍ണയവും ഇല്ലാതെ നടപ്പിലാക്കുന്ന ഇയര്‍ ബാക്ക് സിസ്റ്റം ഒഴിവാക്കണമെന്നും അക്കാദമിക്ക് കാര്യങ്ങളില്‍ കൂടുതല്‍ വിലയിരുത്തലിന് ശേഷം മാത്രമേ ഇന്റര്‍ണല്‍ മാര്‍ക്ക് മുതല്‍ ഇയര്‍ ബാക്ക് വരെയുള്ള ഏതൊരു നടപടിയും സ്വീകരിക്കാവൂ എന്ന ആവശ്യവുമാണ് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയ്ക്കു മുന്നില്‍ ഉയര്‍ത്തുന്നത്. കൃത്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷകളേയും തെറ്റായി പ്രസിദ്ധീകരിച്ച റിസള്‍ട്ടുകളെയും കുറിച്ചുള്ള പരാതികള്‍ കെടിയു വിദ്യാര്‍ഥികള്‍ തങ്ങളുടെ സമരത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളാ യൂണിവേഴ്‌സിറ്റി കഴിഞ്ഞാല്‍ കേരളത്തിലെ തന്നെ എറ്റവും വലിയ യൂണിവേഴ്‌സിറ്റിയാണ് കെടിയു. ഏകദേശം 152 എന്‍ജിനീയറിങ് കോളേജുകളിലായി ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ കെടിയുവിന് കീഴില്‍ പഠിക്കുന്നു. ഇതില്‍ 85 ശതമാനം  കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ദിവസങ്ങളായുള്ള സമരത്തില്‍ സജീവ പങ്കാളികളാണ്.

ആറ്റിങ്ങല്‍ ഐഎച്ച്ആര്‍ഡിയിലെ മൂന്നാം വര്‍ഷ ഇലക്‌ട്രോണിക് വിഭാഗം വിദ്യാര്‍ത്ഥി വിശാല്‍ കെടിയു വിദ്യാര്‍ത്ഥി സമരത്തെ കുറിച്ച് സംസാരിക്കുന്നു;

“2015 ബാച്ചിലാണ് ഞാന്‍ കേരള സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ഥിയായത്. അഡ്മിഷനു മുന്‍പ് സര്‍വകലാശാലയില്‍ നിന്നും കിട്ടിയ അക്കാദമിക് വിവരണങ്ങള്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതായിരുന്നു. ഇന്റേണല്‍ മാര്‍ക്കുകളുടെയും ക്രെഡിറ്റുകളുടെയും കാര്യത്തില്‍ യൂണിവേഴ്‌സിറ്റി കാണിച്ചുതന്ന പൊള്ളത്തരങ്ങള്‍ വിശ്വസിച്ചാണ് പഠനം തുടങ്ങിയത്. വിദ്യാര്‍ഥികളെ കബളിപ്പിക്കുവയാണ് കെടിയുവിന്റെ നയങ്ങള്‍.

ഞങ്ങളുടെ സമരം ഇപ്പോള്‍ അറിയപ്പെടുന്നത് ഇയര്‍ ബാക്ക് സിസ്റ്റം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള ഒരു സമരം എന്ന നിലക്കാണ്. ഈ സമരം ആവശ്യപ്പെടുന്നത് ഇയര്‍ ബാക് സിസ്റ്റം എടുത്തുകളയുക എന്നല്ല. ഇയര്‍ ബാക്ക് സിസ്റ്റം ഒരു യൂണിവേഴ്‌സിറ്റിയുടെ നല്ല മുഖഛായക്ക് അത്യാവശ്യമാണ്. പഠനം കഴിഞ്ഞ് ജോലിക്ക് അപേക്ഷിക്കുന്ന സമയത്ത് ഇയര്‍ ബാക്ക് സിസ്റ്റം ഉള്ള ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദ്ധധാരിയായ വിദ്യാര്‍ത്ഥി എന്നത് ഒരുപാട് ഗുണം ചെയ്യും. എന്നാല്‍ ശരിയായ വിലയിരുത്തലുകളുടെ അഭാവത്തില്‍ നടപ്പിലാക്കുന്ന ഇയര്‍ ബാക്ക് സിസ്‌റ്റേത്തോടാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. കെടിയുവിലെ സമര കഥകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയതാണ്.

"</p

ഒരു സെമസ്റ്ററില്‍ ഒരു വിദ്യാര്‍ത്ഥിയെ പരീക്ഷക്ക് ഇരുത്തുന്നതിന് ഒരുപാട് നിബന്ധനകളുണ്ട് കെടിയുവില്‍. ഇതില്‍ ‘ക്രെഡിറ്റ്’ എന്നൊരു സംവിധാനമുണ്ട്. അത് നമ്മുടെ അക്കാദമിക് പ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ വിലയിരുത്തി അധ്യാപകര്‍ നിശ്ചയിക്കുന്ന മാര്‍ക് സംവിധാനമാണ്. ഇപ്പോള്‍ ഈ മാര്‍ക്ക് 26 ആണ്. മുന്‍പ് 35 ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തതിനെ തുടര്‍ന്നാണ് 26 ആക്കിയത്. ഈ ക്രെഡിറ്റ് നേടാന്‍ കഴിയാത്തവരാണ് ഭൂരിഭാഗം കുട്ടികളും. അറ്റന്‍ഡന്‍സ് ഇതിനെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ഒരു സെമസ്റ്ററില്‍ ഓരോ വിഷയത്തിലും 75 ശതമാനംഅറ്റന്‍ഡന്‍സ് വേണം. എങ്കിലെ പരീക്ഷ എഴുതാന്‍ അനുവാദം കിട്ടൂ. വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടും മാനുഷിക പരിഗണന നല്‍കാത്ത ഒരു നടപടിയാണത്. അസുഖങ്ങള്‍ വരാം, അപകടങ്ങള്‍ പറ്റാം, ഒഴിച്ചു കൂടാനാവാത്ത ഒന്നോ രണ്ടോ പരിപാടികള്‍ വരാം. പക്ഷെ ആര്‍ക്കും ലീവെടുക്കാന്‍ പറ്റില്ല. 75 ശതമാനം തികയ്ക്കണമെങ്കില്‍ മരണ കിടക്കയില്‍ ആണെങ്കില്‍ പോലും നമ്മള്‍ ക്ലാസ്സില്‍ ഹാജരാകണം. അതാണ് ഈ സിസ്റ്റം.

ഇതിന്റെ പിന്തുടര്‍ച്ചയായാണ് ഇന്റേണല്‍ മാര്‍ക്ക് വരുന്നത്. അമ്പതില്‍ ഇരുപത്തിരണ്ടരയാണ് ഇന്റേണല്‍ മാര്‍ക്കിന്റെ മിനിമം യോഗ്യത. അതില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കില്ല. അറ്റന്‍ഡന്‍സ് ഇന്റേണല്‍ മാര്‍ക്കിനെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ഇതെല്ലാം തികച്ച് ഇരുപത്തി രണ്ടര മാര്‍ക്ക് നേടുന്നവരെ മാത്രമാണ് പരീക്ഷയ്ക്കിരുത്തുന്നത്. അങ്ങനെ മിടുക്കരില്‍ മിടുക്കരായ കുട്ടികളെ കൊണ്ട് മാത്രം എക്‌സാം എഴുതിപ്പിച്ചാണ് ഇവര്‍ 100 ശതമാനം വിജയമെന്ന് ആഘോഷിക്കുന്നത്. അതാണ് ഇതിനു പിന്നിലെ രഹസ്യം.

എന്റെ പരിചയത്തിലുള്ള ഒരു പെണ്‍കുട്ടി അപകടം പറ്റി രണ്ടാഴ്ച്ചയായി ആശുപത്രിയിലാണ്. അവര്‍ ഇപ്പോള്‍ ഇയര്‍ ബാക്കിന്റെ അവസ്ഥയിലാണ്. മറ്റു യൂണിവേഴ്‌സിറ്റികളിലെല്ലാം കണ്ടിന്വേഷന്‍ സംവിധാനവും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനുമതിയുമുണ്ട്. എന്നാല്‍ കെടിയുവില്‍ ഇത് രണ്ടുമില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മെഡിക്കല്‍ ലീവ് പോലും നല്‍കാന്‍ തയ്യാറാകാത്ത, മാനുഷിക മൂല്യങ്ങള്‍ പേരിനു പോലും ഇല്ലാത്ത ഒരു യൂണിവേഴ്‌സിറ്റി എന്നു തന്നെ വേണം പറയാന്‍. ഓരോ സെമസ്റ്ററിലും ഒരു സപ്ലി ചാന്‍സിനും ഒരു റെഗുലര്‍ ചാന്‍സിനുമാണ് ഒരു വിദ്യാര്‍ത്ഥിക്ക് നിലവില്‍ അനുവാദമുള്ളത്. എന്നാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായി ഞങ്ങള്‍ ചേരുന്ന സമയത്ത് കെടിയു തന്ന വാഗ്ദാനം രണ്ടു സപ്ലി ചാന്‍സ് ഉണ്ട് എന്നതായിരുന്നു. വീണ്ടും ഞങ്ങള്‍ കബളിക്കപ്പെട്ടു.

ഒരു സെമസ്റ്ററില്‍ റിസള്‍ട്ട് വന്നാല്‍ സ്വാഭാവികമായും അതില്‍ തോറ്റവരും പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടാത്തവരുമുണ്ടാകും. അത് തിരുത്താനുള്ള സംവിധാനമാണ് സപ്ലിമെന്ററി എക്‌സാമും റീവാല്യുവേഷന്‍ സിസ്റ്റവും. ഇതില്‍ റിസള്‍ട്ട് വന്നയുടന്‍ റീവാല്യുവേഷന്‍ നടത്തി മാര്‍ക്കില്‍ വ്യത്യാസമില്ല എങ്കില്‍ മാത്രമേ ഒരാള്‍ക്ക് സപ്ലി എക്‌സാമിന് അപേക്ഷിക്കേണ്ട കാര്യമുള്ളൂ. എന്നാല്‍ കെടിയുവില്‍ റീവാല്യുവേഷനു മുന്‍പ് സപ്ലി എക്‌സാമിന് അപേക്ഷിക്കാന്‍ മാത്രമാണ് സംവിധാനമുള്ളത്. അതുകൊണ്ട് തന്നെ ഇതിനു രണ്ടിനും അപേക്ഷിക്കാന്‍ എല്ലാവരും നിര്‍ബന്ധിക്കപ്പെടുന്നു. ഒരു സബ്ജക്റ്റിന്റെ സപ്ലീ എക്‌സാമിന് 600 രൂപയും റീവാല്യൂവേഷന് 200 രൂപയുമാണ് ചാര്‍ജ്. അങ്ങനെ വരുമ്പോള്‍ ഒരു സെമസ്റ്ററില്‍ ഒരു വിഷയത്തിന് നിര്‍ബന്ധമായും 800 രൂപ അടക്കേണ്ടി വരുന്നു. ഇതേ പോലെ എത്ര വിഷയങ്ങള്‍ പഠിക്കാനുണ്ട്…

"</p

നിയമപ്രകാരം റീവാല്യുവേഷന്‍ റിസള്‍ട്ടില്‍ മാര്‍ക്കില്‍ മാറ്റമുണ്ടെങ്കില്‍ അടച്ച പണം, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിക്ക് തിരിച്ചയച്ചു കൊടുക്കണം എന്നൊരു നിയമമുണ്ട്. എന്നാല്‍ ഇതുവരെ മാര്‍ക്കില്‍ വ്യത്യാസം വന്നവര്‍ക്ക് പണം തിരിച്ചു നല്‍കിയിട്ടില്ല. മാത്രമല്ല, തോറ്റ പല വിദ്യാര്‍ത്ഥികള്‍ക്കും റീവാല്യുവേഷനില്‍ എ പ്ലസ് കിട്ടിയ അനുഭവങ്ങളുമുണ്ട്. തോല്‍വിയും എ പ്ലസും തമ്മില്‍ ഏകദേശം 45 മാര്‍ക്കിന്റെ വ്യത്യാസമുണ്ട്. എങ്ങനെയാണ് 45 മാര്‍ക്കിന്റെ നോട്ട പിശക് അധ്യാപകര്‍ക്ക് വരുന്നത്? എന്തിനാണ് ഓരോ വിദ്യാര്‍ത്ഥിയും റീവാല്യൂവേഷന് നിര്‍ബന്ധിക്കപ്പെടുന്നത്? സര്‍വകലാശാലയോടുള്ള ഞങ്ങളുടെ ചോദ്യമാണ്.

പരീക്ഷ സംവിധാനങ്ങളെല്ലാം ഓണ്‍ലൈന്‍വത്കരിക്കാനുളള യൂണിവേഴ്‌സിറ്റിയുടെ ശ്രമമാണ് മറ്റൊന്ന്. ഇതിന്റെ ഭാഗമായി രണ്ടു വര്‍ഷം മുന്‍പ് ഒരു ഓണ്‍ലൈന്‍ മോക്ക് ടെസ്റ്റ് (മാതൃക പരീക്ഷ) നടത്തിയിരുന്നു. ‘മെറിറ്റ് ട്രാക്ക് ‘ എന്ന സ്വകാര്യ കമ്പനിയാണ് അത് ചെയ്തത്. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അതിന്റെ റിസള്‍ട്ട് വന്നിട്ടില്ല. പേപ്പര്‍ മൂല്യനിര്‍ണയം ‘ഒസീപിന്‍’ എന്ന, ടെക്‌നോപാര്‍ക്കിന്റെ വളരെ പോപ്പുലര്‍ ആയ ഒരു കമ്പനിക്കും നല്‍കി. അന്നവര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞത് എക്‌സാം കഴിഞ്ഞ് അഞ്ചു ദിവസം കൊണ്ട് റിസള്‍ട്ട്, അഞ്ചു ദിവസം കൊണ്ട് സപ്ലിമെന്ററി, പിന്നെ മാത്രം ഇയര്‍ ബാക്ക് എന്നാണ്. എന്നാല്‍ അതെല്ലാം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങിപോയി. പിന്നീട് അതിനെക്കുറിച്ചൊരു വിവരവും കിട്ടിയില്ല. പരീക്ഷയും മൂല്യനിര്‍ണയവും ഓണ്‍ലൈന്‍ ആക്കുന്നതിലും സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതിലും ഞങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ ഇതെല്ലാം കൃത്യമായ സമയത്തിനുള്ളില്‍ നടന്നില്ലെങ്കില്‍ ഇതുകൊണ്ടുള്ള പ്രയോജനമെന്താണ്?

സര്‍വകലാശാല അധികൃതരുടെ അശ്രദ്ധമൂലം ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യങ്ങള്‍ വരെ ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നിട്ടവര്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് വീണ്ടും പരീക്ഷയെഴുതിക്കുകയാണ് ചെയ്തത്. എന്നാല്‍ അതൊരു റെഗുലര്‍ പരീക്ഷയായി അവര്‍ അംഗീകരിച്ചതുമില്ല. അവരുടെ പിഴവ് മൂലം നടത്തിയ ആ പരീക്ഷയേയും അവര്‍ സപ്ലിമെന്ററി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. അതുകാരണം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സെമസ്റ്ററില്‍ അനുവദിച്ച ഒരു സപ്ലീ ചാന്‍സ് നഷ്ടമായി.

"</p

ചോദ്യ പേപ്പറുകള്‍ തയ്യാറാക്കുന്നതിലെ ക്രമക്കേടാണ് മറ്റൊന്ന്. ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് ഒരാള്‍, ഉത്തരസൂചിക തയ്യാറാക്കുന്നത് മറ്റൊരാള്‍. സ്വാഭാവികമായും ഇതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകും. അതിന്റെ ഫലം അനുഭവിക്കുന്നത് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥിയും. ഇതിലെ പ്രശ്‌നം ചൂണ്ടിക്കാണിച്ച് ഞങ്ങള്‍ യൂണിവേഴ്‌സിറ്റിയെ സമീപിച്ചെങ്കിലും അവര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.

കേരളത്തില്‍ ആദ്യമായി അക്കാദമിക്ക് കലണ്ടര്‍ കൊണ്ടുവന്ന യൂണിവേഴ്‌സിറ്റിയാണ് കേരള സാങ്കേതിക സര്‍വകലാശാല. എന്നാല്‍ അതുപ്രകാരമല്ല ഇത്രയും കാലം പ്രവര്‍ത്തനങ്ങള്‍ നടന്നത് എന്നുമാത്രം. ഗുരുതരമായ പാകപ്പിഴകളാണ് ഞങ്ങള്‍ക്ക് ആരോപിക്കാനുള്ളത്. ഇതെല്ലാം ഞങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. 2016-ല്‍ ട്രിനിറ്റി എന്‍ജിനീയറിങ് കോളേജിലെ ആകാശ് എന്ന വിദ്യാര്‍ത്ഥി ഇയര്‍ ഔട്ട് ആയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തിരുന്നു. ഒരു ക്രെഡിറ്റിന്റെ കുറവുമൂലമുണ്ടായ പ്രശ്‌നമാണത്. മാര്‍ക്കുകള്‍ എന്നതിലപ്പുറം ഒരുപാട് മാനസിക വിഷമങ്ങളാണ് ഞങ്ങള്‍ക്ക് ഇതുമൂലം അനുഭവിക്കേണ്ടി വരുന്നത്. മൊത്തം സിസ്റ്റത്തില്‍ ഉചിതമായ മാറ്റങ്ങള്‍ കൊണ്ടുവന്ന് യൂണിവേഴ്‌സിറ്റി പരിഹാരം കാണണം. ഇതുമാത്രമാണ് ഞങ്ങളുടെ ആവശ്യം.

വിദ്യാര്‍ത്ഥി സമരം എന്ന രീതിയിലാണ് ഈ സമരം ഞങ്ങള്‍ തുടങ്ങിവെച്ചത്. സെപ്റ്റംബര്‍ 28 ന് 1500 പേര്‍ അടങ്ങിയ ഒരു സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. അതില്‍ പോലീസ് ലാത്തി വീശുകയും കുറച്ചുപേര്‍ ആശുപത്രിയിലാവുകയും ചെയ്തിരുന്നു. പിന്നീട് കേരളത്തിലെ 142 എന്‍ജിനീയറിങ് കോളേജുകള്‍ ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ ബന്ദ് നടത്തി. ഇനിയും പരിഹാരം ഉണ്ടായില്ലെങ്കില്‍ ഡിസംബര്‍ നാലിന് കേരളവ്യാപകമായി വീണ്ടുമൊരു വിദ്യാഭ്യാസ ബന്ദ് നടത്തും. മിക്ക കോളേജുകളിലെയും അധ്യാപകരുടെ പൂര്‍ണ്ണ പിന്തുണ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. എല്ലാവരും ഈ അനാസ്ഥയില്‍ നിന്നുമൊരു മോചനം തന്നെയാണ് ആഗ്രഹിക്കുന്നത്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍