UPDATES

വിദേശം

സിഖ് തീവ്രവാദത്തെക്കുറിച്ചുള്ള പരാമര്‍ശം കാനഡ ഔദ്യോഗിക രേഖയില്‍നിന്ന് നീക്കി; ഇന്ത്യയ്ക്ക് പ്രതിഷേധം

കാനഡയില്‍ പ്രബലരായ സിഖ് ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയെന്നാണ് സൂചന

സിഖ് തീവ്രവാദത്തെക്കുറിച്ചുള്ള പരാമര്‍ശം കാനഡ സര്‍ക്കാര്‍ ഔദ്യോഗിക രേഖകളില്‍നിന്ന് നീക്കി. കാനഡയില്‍ പ്രവര്‍ത്തിക്കുന്ന സിഖ് സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന. ഇതിനെതിരെ ഇന്ത്യ രംഗത്തെത്തി.

2018ലെ പബ്ലിക്ക് റിപ്പോര്‍ട്ട് ഓണ്‍ ദി ടററിസ്റ്റ് ത്രെറ്റ് എന്ന റിപ്പോര്‍ട്ടില്‍ നിന്നാണ് സിഖ് തീവ്രാവദത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കിയത്. പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോ വാന്‍കോവറില്‍ ഒരു സിഖ് പരിപാടിയില്‍ പങ്കെടുക്കുന്നിതിന് തൊട്ടുമുന്‍പാണ് സിഖ് തീവ്രവാദത്തൈക്കുറിച്ചുള്ള പരമാര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുതുക്കി പ്രസിദ്ധീകരിച്ചത്.

സിഖ് തീവ്രവാദത്തെക്കുറിച്ച് എട്ട് സ്ഥലങ്ങളിലും ഖാലിസ്താനെക്കുറിച്ചുള്ള ആറ് പരമാര്‍ശങ്ങളുമാണ് റിപ്പോര്‍ട്ടില്‍ നേരത്തെയുണ്ടായിരുന്നത്. ഇതിനെതിരെ സിഖ് സംഘടനകള്‍ രംഗത്തുവരികയും തെരഞ്ഞൈടുപ്പില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ലിബറല്‍ പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

കാനഡയില്‍ പ്രബലരാണ് വിവിധ സിഖ് സംഘടനകള്‍. ഇതാദ്യമായിട്ടായിരുന്നു സിഖ് തീവ്രവാദത്തെക്കുറിച്ചുളള പരാമര്‍ശം കാനഡിയിലെ രേഖയില്‍ വരുന്നത്.

‘സിഖ് തീവ്രവാദികളില്‍ നിന്നും അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊളള്ളുന്ന വ്യക്തികളില്‍ നിന്നുമുളള തീവ്രവാദ ഭീഷണി കാനഡ നേരിടുന്നുണ്ടായിരുന്നു’ എന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. അതോടൊപ്പം ‘ഖാലിസ്ഥാന്‍ വാദികളില്‍നിന്നുള്ള ഭീഷണി പരിമിതമാണെങ്കിലും കാനഡയിലെ ചിലര്‍ ഇത്തരം തീവ്രവാദ സംഘടനകളെ സഹായിക്കുന്നുവെന്നും’ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതാണ് പിന്നീട് നീക്കം ചെയ്തത്.

ഭീഷണി ഉണ്ടെന്ന് പുതുക്കിയ റിപ്പോര്‍ട്ടിലും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് ഏതെങ്കിലം സമുദായമായല്ല, പ്രത്യയശാസ്ത്രവുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് അതില്‍ പറയുന്നത്. എന്നാല്‍ മറ്റ് സമൂഹങ്ങളുമായി ബന്ധപ്പെട്ടുള്ള പരമാര്‍ശങ്ങള്‍ക്ക് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയിട്ടില്ല. സുന്നി, ഷിയ വിഭാഗങ്ങളുടെ തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അതേ പോലെ തുടരുന്നുണ്ട്.

സിഖ് സമൂഹത്തെക്കുറിച്ചുള്ള പരാമര്‍ശം നീക്കിയതിന് ശിരോമണി അകാലിദള്‍ (അമൃത്സര്‍) ചാപ്റ്റര്‍ നേതാവ് സുക്മീന്ദര്‍ സിംങ് കാനഡ സര്‍ക്കാരിന് നന്ദി പറഞ്ഞു.

ഇന്ത്യയുമായി മികച്ച ബന്ധം ആഗ്രഹിക്കുമ്പോഴും കാനഡയിലെ ഒരു വിഭാഗം ഖാലിസ്ഥാന്‍ വാദികളെ പിന്തുണയ്ക്കുകയാണെന്നാണ് ഇന്ത്യയുടെ ആരോപണം.

കാനഡയുടെ ജനസംഖ്യയില്‍ 1.4 ശതമാനമാണ് സിഖ് ജനസംഖ്യ. എന്നാല്‍ രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ സിഖ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്ല സ്വാധീനമാണുള്ളത്. കനഡ മന്ത്രിസഭയില്‍ നാല് സിഖുകാരാണുളളത്. ഖാലിസ്താന്‍ വാദത്തിന് ഇപ്പോഴും വേരുള്ള പ്രദേശമായാണ് കാനഡ കണക്കാക്കപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍